കൊല്ലത്തിന്റെ സാമ്പത്തിക തിലകക്കുറിയായി അർബൻ ബാങ്ക്
ദേശസാൽകൃത ബാങ്കുകൾ വ്യാപകമാകുന്നതിനും എത്രയോ കാലം മുമ്പേ തന്നെ കൊല്ലത്തിന്റെ സാമ്പത്തിക സ്പന്ദനമറിഞ്ഞ് സാധാരണക്കാരന്റെയും ഇടത്തരക്കാരന്റെയും സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ഏറ്റവും ഉത്തരവാദിത്വത്തോടെ പ്രവർത്തിച്ച് നവതി പിന്നിടുന്നൊരു ബാങ്കിംഗ് സ്ഥാപനമുണ്ട് കൊല്ലത്ത്. കേരളത്തിലെ ബാങ്കിംഗ് രംഗത്തെ മുത്തശ്ശി എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന കൊല്ലം സഹകരണ അർബൻ ബാങ്ക്

തെക്കൻ കേരളത്തിന്റെ വാണിജ്യ, വ്യാവസായിക തലസ്ഥാനമാണ് കൊല്ലം. കരിമണലിനും കശുഅണ്ടിക്കും തടി സ്ലോട്ടിനും തഴപ്പായക്കും ഒപ്പം കേരളത്തിന്റെ മേൽവിലാസം കടൽ കടത്തിയ നഗരമെന്ന പദവിയും കൊല്ലത്തിന് സ്വന്തം. ഒരുകാലത്ത് തെക്കൻ കേരളത്തിലെ ഏറ്റവും വലിയ മൊത്തവ്യാപാര കേന്ദ്രമായിരുന്ന കൊല്ലത്ത് വന്നാൽ ഇന്നും ചിന്നക്കടയിലും ‘മണിമേട’യിലും നഗരവീഥികളിലുമെല്ലാം ആ പഴമയുടെ പാരമ്പര്യം ‘കൊല്ലം കണ്ടവനില്ലം വേണ്ടെന്ന’ പഴഞ്ചൊല്ലിനെ അനുഭവവേദ്യമാക്കും. എറണാകുളം ജില്ല കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വരുമാനം നൽകുന്ന ജില്ല കൊല്ലം ആണെന്ന് 2021ലെ കേരള എക്കണോമിക് സർവെയിൽ പറയുന്നുണ്ട്. തെക്കൻ കേരളത്തിലെ ഏറ്റവും വലിയ റെയിൽവെ സ്റ്റേഷൻ, ആദ്യ ഷോപ്പിംഗ് മാൾ, ആദ്യ മൾട്ടിപ്ലക്സ്, ആദ്യ വിമാനത്താവളം, കേരളത്തിലെ ആദ്യത്തെ പേപ്പർ മിൽ, കേരളത്തിൽ ഏറ്റവും കൂടുതൽ മത്സ്യബന്ധന തുറമുഖങ്ങളുള്ള ജില്ല, കേരളത്തിലെ ഏറ്റവും വലിയ മത്സ്യബന്ധന തുറമുഖം… അങ്ങനെ കൊല്ലത്തിന്റെ പെരുമയും ഗരിമയും പറയാൻ ഒട്ടേറെയുണ്ട്.
ജില്ലയുടെ സാമ്പത്തിക വളർച്ചയിൽ നിർണായകമായ പങ്ക് വഹിക്കുന്ന ബാങ്കിംഗ് മേഖലയെക്കുറിച്ച് പറയാതെ കൊല്ലത്തിന്റെ പാരമ്പര്യ വിവരണത്തിന് പൂർണത കൈവരില്ല. ദേശസാൽകൃത ബാങ്കുകൾ വ്യാപകമാകുന്നതിനും എത്രയോ കാലം മുമ്പേ തന്നെ കൊല്ലത്തിന്റെ സാമ്പത്തിക സ്പന്ദനമറിഞ്ഞ് സാധാരണക്കാരന്റെയും ഇടത്തരക്കാരന്റെയും സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിൽ ഏറ്റവും ഉത്തരവാദിത്വത്തോടെ പ്രവർത്തിച്ച് നവതി പിന്നിടുന്നൊരു ബാങ്കിംഗ് സ്ഥാപനമുണ്ട് കൊല്ലത്ത്. കേരളത്തിലെ ബാങ്കിംഗ് രംഗത്തെ മുത്തശ്ശി എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന കൊല്ലം സഹകരണ അർബൻ ബാങ്ക് അതിന്റെ പ്രവൃത്തിപഥത്തിലെ ജൈത്രയാത്ര ആരംഭിച്ചിട്ട് നീണ്ട 90 വർഷമായി. സ്വാതന്ത്ര്യ ലബ്ധിക്കും മുമ്പേ, അതായത് 1935 ൽ സ്ഥാപിതമായ ബാങ്ക് കാലത്തിന്റെ മാറ്റത്തിനൊപ്പം വളർന്ന് പന്തലിച്ച് ഇന്ന് ഇന്ത്യയുടെ പരമോന്നത ബാങ്കായ റിസർവ് ബാങ്കിന്റെ അംഗീകാരം നേടിയെന്നത് തന്നെ ഏറ്റവും മികച്ച അംഗീകാരമാണ്.
1935 ൽ സ്ഥാപിതമായെങ്കിലും 1975 ഏപ്രിൽ 29 നാണ് ബാങ്കിംഗ് റഗുലേഷൻ ആക്ടിലെ വ്യവസ്ഥകൾക്കനുസരിച്ച് റിസർവ് ബാങ്കിന്റെ പൂർണ നിയന്ത്രണത്തിലെത്തിയത്. 1986 ൽ ആർ.ബി.ഐ ലൈസൻസ് ലഭിച്ച ബാങ്ക് ഇന്ന് 2000 കോടിയുടെ ഇടപാടുകൾ കൈകാര്യം ചെയ്യുന്ന ബൃഹത് സ്ഥാപനമായി മാറി. 2023- 24 സാമ്പത്തിക വർഷം 0 ശതമാനം നെറ്റ് എൻ.പി.എ യും 14.82 ശതമാനം മൂലധന നീക്കിയിരിപ്പും 8 കോടി രൂപ അറ്റാദായവുമായി ശക്തമായ സാമ്പത്തിക അടിത്തറയോടെയാണ് പ്രവർത്തിക്കുന്നത്. ആരംഭം മുതലേ നഷ്ടത്തിന്റെ കണക്കെന്തെന്നറിയാത്ത അർബൻ ബാങ്ക്, ഇന്ന് ഷെയർ ഉടമകൾക്ക് 10 ശതമാനം ലാഭവിഹിതം ഓരോ വർഷവും നൽകുന്നുവെന്നതു തന്നെ സുതാര്യവും സ്തുത്യർഹവുമായ പ്രവർത്തനത്തിന്റെ മകുടോദാഹരണമാണ്. 2023- 24 സാമ്പത്തിക വർഷം 1.50 കോടി രൂപയാണ് ഇങ്ങനെ ലാഭവിഹിതമായി ഓഹരി ഉടമകൾക്ക് നൽകിയത്. പുതിയ സാമ്പത്തിക വർഷം ഇതിൽ കൂടുതൽ നൽകാനാണ് ഭരണസമിതിയുടെ ശ്രമം. ബാങ്കിന്റെ മൂലധന പര്യാപ്തത നിയമപരമായി 12 ശതമാനം വേണ്ടിടത്ത് നിലവിൽ 16 ശതമാനം ആയി വർദ്ധിപ്പിക്കാൻ കഴിഞ്ഞത് ഭരണസമിതിയുടെ നേട്ടമായാണ് വിലയിരുത്തുന്നത്. സംസ്ഥാനത്ത് ആകെയുള്ള 58 അർബൻ ബാങ്കുകളിൽ പ്രവർത്തന മികവിലും വിശ്വാസ്യതയിലും മുന്നിൽ നിൽക്കുന്ന ചുരുക്കം ബാങ്കുകളിലൊന്നാണ് കൊല്ലം അർബൻ ബാങ്ക്.

സാമ്പത്തിക ഭദ്രതയും മികവുറ്റ നടത്തിപ്പും
കൊല്ലം ജില്ലയുടെ സാമ്പത്തിക വളർച്ചയിൽ നിർണായക പങ്ക് വഹിക്കുന്ന അർബൻ ബാങ്ക്, റിസർവ് ബാങ്ക് നിഷ്ക്കർഷിച്ച എല്ലാ മാനദണ്ഡങ്ങളും പാലിച്ച് സാമ്പത്തിക ഭദ്രതയും മികവുറ്റ പ്രവർത്തനവും നേടിയ ബാങ്ക് (Financially sound and well managed bank) എന്ന പദവിയിൽ എത്തിയത് ബാങ്കിനെ സംബന്ധിച്ച് അഭിമാനാർഹമായ നേട്ടമാണ്. മൂലധന പര്യാപ്തത, തുടർച്ചയായ ലാഭം, റിസർവ് ബാങ്കിന്റെ നിർദ്ദേശങ്ങൾ പൂർണമായി പാലിക്കൽ, ശക്തമായ സാമ്പത്തിക അടിത്തറ, പ്രൊഫഷണൽ ഡയറക്ടർമാർ ഉൾക്കൊള്ളുന്ന ഭരണസമിതി, കാര്യക്ഷമവും സുതാര്യവുമായ പ്രവർത്തനം, നിഷ്ക്രിയ ആസ്തി 3 ശതമാനത്തിൽ താഴെ (നിലവിൽ 0 ശതമാനം), കോർ ബാങ്കിംഗ് സംവിധാനം തുടങ്ങി റിസർവ് ബാങ്ക് ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും പൂർണമായും പാലിച്ചതിനുള്ള അംഗീകാരമാണിത്. 2024 ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മൂന്ന് എക്സലൻസ് അവാർഡുകൾ നേടിയ ബാങ്കിന് അടുത്തിടെ ഗോവയിലും ഡൽഹിയിലും നടന്ന ചടങ്ങുകളിൽ വച്ച് പ്രവർത്തന മികവിനുള്ള രണ്ട് അംഗീകാരം കൂടി ലഭിച്ചു. ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തി പ്രവർത്തനം മെച്ചപ്പെടുത്തിയതിനുള്ള ഫ്രോണ്ടിയർ ഇൻ കോ- ഓപ്പറേറ്റീവ് ബാങ്കിംഗ് അവാർഡാണ് (FCBA) ഗോവയിൽ നിന്ന് ലഭിച്ചത്. സൈബർ സുരക്ഷയ്ക്കുള്ള ‘SKOCH’ പുരസ്ക്കാരമാണ് ഡൽഹിയിൽ നിന്ന് ലഭിച്ചത്. ദേശസാൽകൃത ബാങ്കുകൾക്കും പുത്തൻ തലമുറയിലെ പ്രമുഖ ബാങ്കുകൾക്കും മാത്രം ലഭിക്കുന്ന ഈ പുരസ്ക്കാരം കേരളത്തിൽ നിന്ന് ലഭിച്ചത് കൊല്ലം അർബൻ ബാങ്കിന് മാത്രമാണ്. ഷെഡ്യൂൾഡ് ബാങ്ക് പദവിയിലേക്കെത്തുകയാണ് ബാങ്കിന്റെ അടുത്ത ലക്ഷ്യമെന്ന് ചെയർമാൻ അഡ്വ. കെ.ബേബിസണും എം.ഡി ആർ.ശ്രീകുമാറും പറഞ്ഞു.

പുരോഗതിയിലേക്ക് നയിച്ചത്
കോൺഗ്രസിന്റെ ഏറ്റവും സമുന്നത നേതാവ്, മുൻ ആക്ടിംഗ് മുഖ്യമന്ത്രി, മുൻ ധനകാര്യമന്ത്രി, മുൻ കെ.പി.സി.സി പ്രസിഡന്റ്, മികച്ച സഹകാരി എന്നീ നിലകളിലെല്ലാം കേരളത്തിന്റെ പൊതുസമൂഹത്തിൽ നിറഞ്ഞു നിന്ന അഡ്വ. സി.വി പത്മരാജനാണ് 1969 മുതൽ നീണ്ട 55 വർഷക്കാലം അർബൻ ബാങ്കിന്റെ ചെയർമാനായിരുന്ന് ബാങ്കിനെ ഇന്നത്തെ നിലയിലേക്കും സാമ്പത്തിക ഭദ്രതയിലേക്കും എത്തിക്കുകയും ചെയ്തതെന്നത് ഏവരും സമ്മതിക്കുന്നതാണ്. സ്വന്തം ഹൃദയം പോലെ കാത്തുസൂക്ഷിച്ച അദ്ദേഹത്തിന്റെ കരുതലും കണിശതയുമാണ് കൊല്ലം അർബൻ ബാങ്കിനെ കേരളത്തിലെ ഏറ്റവും തിളക്കമാർന്ന സഹകരണ പ്രസ്ഥാനമാക്കി മാറ്റിയത്. സഹകരണ പ്രസ്ഥാനങ്ങളിൽ പലതും കെടുകാര്യസ്ഥതയിലും അഴിമതിയിലും ആണ്ട് വിശ്വാസ്യത കളഞ്ഞുകുളിച്ചപ്പോൾ പത്മരാജൻ വക്കീലിന്റെ ജാഗ്രതയാണ് അർബൻ ബാങ്കിനെ കളങ്കമേതുമേൽക്കാതെ സംരക്ഷിച്ചത്. സമാനതകളില്ലാത്തതും അസൂയാർഹവുമായ നേട്ടം കൈവരിച്ചതും അദ്ദേഹത്തിന്റെ കർക്കശമായ ഇച്ഛാശക്തിയിൽ നിന്നായിരുന്നു. കേരള രാഷ്ട്രീയത്തിൽ മുഖ്യമന്ത്രിയുടെയും മന്ത്രിയുടെയും ചുമതലയടക്കം വഹിച്ച സന്ദർഭങ്ങളിലും പത്മരാജൻ വക്കീൽ അർബൻ ബാങ്കിന്റെ അമരക്കാരനായുണ്ടായിരുന്നു. 2024 ഒക്ടോബർ 13 ന് ഇപ്പോഴത്തെ ഭരണസമിതിയെ ചുമതലകൾ ഏൽപ്പിച്ച ശേഷം വിശ്രമ ജീവിതത്തിലേക്ക് കടന്ന അദ്ദേഹം ഇക്കഴിഞ്ഞ ജൂലായ് 16 ന് അന്തരിച്ചപ്പോൾ ബാങ്കിനുണ്ടായത് തീരാനഷ്ടമാണ്. പദവി ഒഴിഞ്ഞ് വിശ്രമത്തിലായിരുന്നപ്പോഴും ഏത് നിർണായക തീരുമാനവും കൈക്കൊള്ളുന്നതിനു മുമ്പ് ഇപ്പോഴത്തെ ഭരണസമിതി അദ്ദേഹത്തിന്റെ ഉപദേശം തേടുമായിരുന്നു.
പത്മരാജൻ വക്കീൽ
പ്രതിവർഷം 300 കോടിയുടെ വായ്പ
ജില്ലയുടെ കാർഷിക, സാമ്പത്തിക, വാണിജ്യ, വ്യാവസായിക വളർച്ചയിൽ നിർണായക പങ്ക് വഹിക്കുന്ന അർബൻ ബാങ്ക് ഓരോ വർഷവും 300 കോടിയിലധികം രൂപയാണ് വിവധ മേഖലകളിൽ വായ്പയായി നൽകുന്നത്. ചെറുകിട, ഇടത്തരം സംരംഭങ്ങൾ, സ്റ്റാർട്ടപ്പുകൾ, വനിതാ സംരംഭങ്ങൾ, ഗ്രാമീണ വ്യവസായങ്ങൾ എന്നിവയ്ക്ക് റിസർവ് ബാങ്കിന്റെ മാർഗ്ഗനിർദ്ദേശ പ്രകാരം 3 ശതമാനം വരെ പലിശ ഇളവോടെ നൽകുന്ന വായ്പകളുടെ ഗുണഭോക്താക്കളിൽ ഏറെയും സാധാരണക്കാരാണ്. മുൻഗണനാ മേഖല വായ്പകൾക്ക് 1.5 ശതമാനം വരെ പലിശ ഇളവ് നൽകും. ഭവന വായ്പ, (ഗൃഹജ്യോതി), ബിസിനസ് വായ്പ, വ്യക്തിഗത വായ്പകൾ, വാഹന വായ്പ, സ്വർണ്ണപണയ വായ്പ, കാഷ് ക്രെഡിറ്റ്, ഓവർ ഡ്രാഫ്റ്റ്, സ്വയംസഹായ സംഘങ്ങൾക്കുള്ള വായ്പകൾ തുടങ്ങിയ എല്ലാ സാമ്പത്തിക ആവശ്യങ്ങൾക്കും സാധാരണ പലിശ നിരക്കിലാണ് വായ്പ നൽകുന്നത്.
നിക്ഷേപം, ഒരു വീട്ടിൽ എല്ലാവർക്കും അക്കൗണ്ട്
ഒരു വീട്ടിൽ ഒരാൾക്ക് മാത്രമല്ല, എല്ലാവർക്കും ബാങ്ക് അക്കൗണ്ട് എന്ന പദ്ധതി വിജയകരമായി നടപ്പാക്കുന്ന ബാങ്ക്, സ്ഥിരനിക്ഷേപങ്ങൾക്ക് 8.5 ശതമാനം വരെ പലിശ നൽകുന്നുണ്ട്. 5 വർഷ കാലാവധിയിൽ നിക്ഷേപിക്കുന്ന തുകയ്ക്ക് പ്രതിവർഷം 10. 45 ശതമാനം വാർഷിക വരുമാനമാണ് ബാങ്ക് ഉറപ്പു നൽകുന്നത്. എൻ.ആർ.ഇ അക്കൗണ്ടുകൾ, CASA നിക്ഷേപങ്ങൾ, പെൺകുട്ടികളുടെ വിവാഹാവശ്യത്തിനുള്ള മംഗല്യനിധി, കുട്ടികളുടെ വിദ്യാഭ്യാസാവശ്യത്തിനുള്ള വിദ്യാജ്യോതി തുടങ്ങിയ നിക്ഷേപ പദ്ധതികളും നടപ്പാക്കിയിട്ടുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെയും പുതിയ സംരംഭകരെയും ലക്ഷ്യമിട്ട് കുറഞ്ഞ പലിശനിരക്കിൽ എസ്.എച്ച്.ജി, എം.എസ്.എം.ഇ വായ്പകളും സാമ്പത്തിക സാക്ഷരതയും ഫിനാൻഷ്യൽ ഇൻക്ളൂഷൻ പ്രോഗ്രാമും ബാങ്ക് ഏറ്റെടുത്ത് നടത്തുന്നുണ്ട്.

കെ.പി.സി.സി സെക്രട്ടറി, മുൻ പി.എസ്.സി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച അഡ്വ. കെ.ബേബിസൺ ചെയർമാനും ആർ.ശ്രീകുമാർ എം.ഡി യുമായുള്ള ഭരണസമിതിയാണ് ഇപ്പോൾ ബാങ്കിനെ നയിക്കുന്നത്. കേരളബാങ്കിന്റെ മുൻ ഡെപ്യൂട്ടി ജനറൽ മാനേജരായിരുന്ന ആർ. ശ്രീകുമാറിന്റെ കഴിവുകൾ കണ്ടറിഞ്ഞ് ആ സ്ഥാനത്തു നിന്ന് രാജിവയ്പിച്ച് അർബൻ ബാങ്കിന്റെ എം.ഡി സ്ഥാനത്തേക്ക് കൊണ്ടു വന്നതും പത്മരാജൻ വക്കീലായിരുന്നു. മയ്യനാട് വലിയവിളാകം കുടുംബാംഗമായ അഡ്വ. കെ ബേബിസണും ശൂരനാട് സ്വദേശിയായ ആർ. ശ്രീകുമാറും മറ്റു ഡയറക്ടർ ബോർഡംഗങ്ങളും ഏക മനസോടെ പത്മരാജൻ വക്കീൽ തെളിച്ച അതേ പന്ഥാവിലൂടെയാണിന്ന് അർബൻ ബാങ്കിനെ മുന്നോട്ട് നയിക്കുന്നത്. തന്റെ കാഴ്ചപ്പാടിലും ലക്ഷ്യത്തിലും നിന്ന് അണുവിട മാറാതെ അർബൻ ബാങ്കിനെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ ഇവർക്ക് കഴിവും പ്രാപ്തിയും ഉണ്ടെന്ന ഉത്തമവിശ്വാസത്തിലാണ് പത്മരാജൻ വക്കീൽ ഇവർക്ക് ചുമതലകൾ കൈമാറിയതെന്ന് നിസ്സംശയം പറയാം. എം.ഡി ശ്രീകുമാർ എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ യൂണിയൻ പ്രസിഡന്റ് കൂടിയാണ് . ബാങ്കിംഗ് നിയമങ്ങൾ അനുശാസിക്കും വിധം തിരഞ്ഞെടുക്കപ്പെട്ട 13 അംഗ ഡയറക്ടർ ബോർഡാണ് അർബൻ ബാങ്കിന്റെ ഭരണനിർവഹണം നടത്തുന്നത്. ഇവരിൽ 7 പേർ വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധരായ പ്രൊഫഷണലുകളാണെന്നതും ശ്രദ്ധേയമാണ്. എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡംഗങ്ങളായ രണ്ടു പേരും ബാങ്ക് ഡയറക്ടർ ബോർഡിലുണ്ട്. മുണ്ടയ്ക്കൽ പി.ജി സലിംകുമാറും പി.വി അശോക് കുമാറും. തുടർച്ചയായി 9-ാം തവണ എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സലിംകുമാർ ദീർഘ കാലം മുണ്ടയ്ക്കൽ ഉദയമാർത്താണ്ഡപുരം എസ്.എൻ.ഡി. പിയോഗം ശാഖാ ഭാരവാഹി ആയിരുന്നു.
ആധുനികവത്ക്കരണം
ബാങ്കിംഗ് രംഗത്തെ നൂതന സാങ്കേതിക വിദ്യകളെല്ലാം അതത് കാലങ്ങളിൽ പ്രാവർത്തികമാക്കിയ പാരമ്പര്യമാണ് കൊല്ലം സഹകരണ അർബൻ ബാങ്കിന്റേത്. 1935 ൽ സ്ഥാപിതമായ ബാങ്കിന് കൊല്ലം താലൂക്കിൽ 15 ശാഖകളുണ്ട്. ഏതൊരു പുതുതലമുറ ബാങ്കുകളോടും ആരോഗ്യകരമായി മത്സരിക്കാൻ കഴിയുന്ന എല്ലാ സംവിധാനങ്ങളുമുണ്ട്. ആധുനിക സാങ്കേതിക വിദ്യ, വൈവിദ്ധ്യമാർന്ന ഉല്പന്നങ്ങൾ, സാമൂഹ്യസേവനം, ശക്തമായ സാമ്പത്തിക അടിത്തറ എന്നിവയിലൂടെ വിജയകരമായ മുന്നേറ്റമാണ് നടത്തുന്നത്. പുതുതലമുറ ബാങ്കുകൾക്കും ദേശസാൽകൃത ബാങ്കുകൾക്കും സമാനമായ കോർബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ്, സി.ടി.എസ് ക്ളിയറിംഗ്, റുപെ കാർഡ്, ആർ.ടി.ജി.എസ്, നെഫ്റ്റ്, എൻ.എ.സി.എച്ച്, യു.പി.ഐ, ഐ.എം.പി.എസ്, ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ നൽകുന്ന ബാങ്കിന് 9 എ.ടി.എം കൗണ്ടറുകളുണ്ട്. എല്ലാ രേഖകളും ശരിയാണെങ്കിൽ 24 മണിക്കൂറിനകം വായ്പ അനുവദിക്കുന്ന സംവിധാനവും ബാങ്കിന്റെ പ്രത്യേകതയാണ്. കൊല്ലം വൈ.എം.സി.എ റോഡിലാണ് ബാങ്കിന്റെ മെയിൻ ശാഖ പ്രവർത്തിക്കുന്നത്. ഇവിടെത്തന്നെ മറ്റൊരു സായാഹ്ന ശാഖയും പ്രവർത്തിക്കുന്നു.
ലേഖകന്റെ ഫോൺ: 9446564749






