ടിപ്പുവിന്റെ പടയോട്ടവും മാപ്പിള ലഹളയും സ്വാതന്ത്ര്യ സമരമാക്കുന്നു

റാന്നി: ടിപ്പുവിന്റെ പടയോട്ടവും മാപ്പിള ലഹളയും ഇന്ന് സ്വാതന്ത്ര്യസമരമായി ചിത്രീകരിക്കപ്പെടുകയാണെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. റാന്നി യൂണിയന്റെ ശാഖാനേതൃത്വസംഗമത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊള്ളയും കൊലയും മതപരിവര്‍ത്തനവും വ്യാപകമായി നടന്ന ലഹളയുടെ നേര്‍ ചിത്രമാണ് കുമാരനാശാന്‍ എഴുതിയ ദുരവസ്ഥ. ശ്രീനാരായണ ഗുരു സര്‍വമത സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഇടയായ സാഹചര്യമെന്തെന്ന് നാം മനസ്സിലാക്കണം. സാമൂഹ്യനീതിയും സമുദായനീതിയും നടപ്പിലാക്കണമെന്ന് പറയുമ്പോള്‍ വെള്ളാപ്പള്ളി നടേശന്‍ മുസ്ലീം വിരോധിയും വര്‍ഗിയവാദിയുമാണെന്ന് പ്രചരിപ്പിക്കുന്നു എസ്.എന്‍.ഡി.പി യോഗം സമരസംഘടനയാണ്. വൈക്കം സത്യാഗ്രഹവും നിവര്‍ത്തന പ്രക്ഷോഭവുമെല്ലാം നടത്തിയ ചരിത്രം ഈ സംഘടനയ്ക്കുണ്ട്. അര്‍പ്പണ മനോഭാവത്തോടെയും ഊര്‍ജ്ജസ്വലതയോടെയും സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടും സംഘടിതവും കൂട്ടായ പ്രവര്‍ത്തനത്തിലൂടെയും മാത്രമേ പുരോഗതിയിലേക്ക് മുന്നേറാന്‍ കഴിയൂ .-വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. യോഗം വൈസ്പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി സംഘടനാ സന്ദേശം നല്‍കി. ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. യൂണിയന്‍ കണ്‍വീനര്‍ അഡ്വ. മണ്ണടി മോഹനന്‍ സ്വാഗതവും ശാഖാ യോഗം പ്രസിഡന്റ് സി.ജി. വിജയകുമാര്‍ നന്ദിയും പറഞ്ഞു.






