നല്ല വ്യക്തികള്‍ മുന്നില്‍ നിന്ന് നയിക്കുമ്പോള്‍ നല്ല കാര്യങ്ങള്‍ സംഭവിക്കും
വെള്ളാപ്പള്ളിനടേശന്റേത് മികച്ച നേതൃപാടവം,
സമുദായം മുന്നേറുന്നു: ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

തിരുവനന്തപുരം: നല്ല വ്യക്തികള്‍ മുന്നില്‍ നിന്ന് നയിക്കുമ്പോള്‍ നല്ല കാര്യങ്ങള്‍ സംഭവിക്കുമെന്നും അതാണ് വെള്ളാപ്പള്ളി നടേശനിലൂടെ കാണുന്നതെന്നും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പറഞ്ഞു. യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് 30 വര്‍ഷം പൂര്‍ത്തിയാക്കിയ വെള്ളാപ്പള്ളി നടേശന്സ്നേഹാദരവും എസ്.എന്‍.ഡി.പി യോഗം ശിവഗിരി യൂണിയന് മന്ദിരത്തിന്റെ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
വെള്ളാപ്പള്ളിനടേശന്റേത് മികച്ച നേതൃപാടവമാണ്. വലിയ സമൂഹത്തെയാണ് അദ്ദേഹം നയിക്കുന്നത്. 30 വര്‍ഷം തുടര്‍ച്ചയായി ഒരു സംഘടനയെ നയിക്കുക എന്നത് ചെറിയ കാര്യമല്ല. സമുദായത്തിലെ ദുര്‍ബലരായ ജനങ്ങള്‍ക്ക് ധൈര്യത്തോടെ മുന്നോട്ട് പോകാനുള്ള ആത്മവിശ്വാസമാണ് അദ്ദേഹം നല്‍കുന്നത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തന ഫലമായി സമുദായം മുന്നേറുകയാണ്. ശ്രീനാരായണഗുരുവിന്റെ പാരമ്പര്യമാണ് വെള്ളാപ്പള്ളി നടേശന് പിന്തുടരുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. ശ്രീനാരായണഗുരുവിനെ എന്തിനെക്കാളും ഉപരിയായി ബഹുമാനത്തോടെയാണ് ബിജെപിയുടെ പൂര്‍വ രൂപമായ ജനസംഘം കണ്ടത്.അത്തരമൊരു പാരമ്പര്യമാണ് ജനസംഘത്തിനുള്ളത്.
ദൈവത്തിന്റെ അവതാരമാണ് ശ്രീനാരായണഗുരു. എവിടെ അധര്‍മ്മം ഉണ്ടാകുന്നുവോ അവിടെ ധര്‍മ്മം പുനഃസ്ഥാപിക്കാന്‍ എത്തുമെന്ന് ഭഗവാന് ശ്രീകൃഷ്ണന് പറഞ്ഞതുപോലെ ശ്രീനാരായണഗുരു അവതാരമെടുത്ത് വിവേചനം അടക്കമുള്ള അധര്‍മ്മത്തെ ഇല്ലാതാക്കി. മനുഷ്യത്വം എന്ന ധര്‍മ്മം നടപ്പാക്കി. വിവേചനമില്ലാതെ എല്ലാവര്ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാനും ഐക്യത്തോടെ ജീവിക്കാനുമുള്ള അവസരം അദ്ദേഹത്തിന്റെ പ്രവര്‍ത്തനഫലമായി കൈവന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.
മന്ത്രി വി.എന്‍. വാസവന് അദ്ധ്യക്ഷനായിരുന്നു. വെള്ളാപ്പള്ളി നടേശന് ഗവര്‍ണര്‍ ഉപഹാരം സമ്മാനിച്ചു. പുഷ്പകിരീടവും വാളും ഹാരവും അണിയിച്ച് യൂണിയന് നേതാക്കാള്‍ വെള്ളാപ്പള്ളി നടേശനെ ആദരിച്ചു. എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതിനടേശന്‍ ഭദ്രദീപം തെളിയിച്ചു.
മൂന്നു പതിറ്റാണ്ടു കാലം ശ്രീനാരായണ പ്രസ്ഥാനങ്ങളെ നേര്‍വഴിക്കു നയിക്കുവാന്‍ സാധിച്ച വ്യക്തിത്വത്തിനുടമയാണ് വെള്ളാപ്പള്ളി നടേശനെന്ന് അനുഗ്രഹപ്രഭാഷണം നടത്തിയ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു. അടൂര്‍ പ്രകാശ് എം.പി, അഡ്വ. വി. ജോയി എം.എല്‍.എ. എന്നിവര്‍ സംസാരിച്ചു. യൂണിയന് പ്രസിഡന്റ് ബി. ജയപ്രകാശന്‍ സ്വാഗതവും സെക്രട്ടറി അജി എസ്.ആര്.എം. നന്ദിയും പറഞ്ഞു.






