രാഷ്ട്രീയമേതായാലും അര്‍ഹമായത്നേടിയെടുക്കാനുള്ള ആര്‍ജ്ജവുണ്ടാകണം

കായംകുളം: രാഷ്ട്രീയത്തില്‍ ഈഴവന് അവസരമില്ലാതായെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. യോഗം കായംകുളം യൂണിയന്റെ നേതൃത്വത്തില്‍ നടന്ന ശാഖാ നേതൃത്വസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വോട്ട്ബാങ്കായി സംഘടിച്ച് ഒരു സമുദായം രാഷ്ട്രീയാധികാരം ഹൈജാക്ക് ചെയ്യുന്നു.
മലപ്പുറമെന്ന് മിണ്ടിപ്പോയാല്‍ പ്രതിപക്ഷം തന്നെ ചീത്തപറയും. തൊഴിക്കുകയും ചെയ്യും. അത് തന്നോടുള്ള വിരോധം കൊണ്ടല്ല. ലീഗിനെ സുഖിപ്പിക്കാനുള്ള തന്ത്രമാണ്.

രാഷ്ട്രീയമേതായാലും അര്‍ഹമായത് നേടിയെടുക്കാനുള്ള ആര്‍ജ്ജവുണ്ടാകണം. അവഗണനയുടെ കണക്ക് പറയുമ്പോള്‍ ജാതി പറയുന്നെന്ന് ആക്ഷേപിക്കും. മതശാസനകളനുസരിച്ച് സര്‍ക്കാര്‍ ഭരിക്കണമെന്നും, അല്ലാത്ത പക്ഷം ഭരിപ്പിക്കില്ലെന്നുമാണ് ചിലരുടെ ഭീഷണി. പാര്‍ട്ടി ഏതായാലും കാലങ്ങളായി തല്ലുകൊള്ളാനും രക്തസാക്ഷികളാകാനും വിധിക്കപ്പെട്ടവരാണ് ഈഴവര്‍. ഇനി അതു പാടില്ല. ഏത് രാഷ്ട്രീയത്തിലായായും അര്‍ഹമായത് ചോദിച്ച് വാങ്ങാനുള്ള തന്റേടമുണ്ടാകണം. ഇക്കാര്യത്തില്‍ മലപ്പുറത്തുകാരെ കണ്ടു പഠിക്കണം. ജാതി പറയുന്നവരാണ് ഇന്ന് മിടുക്കന്മാര്‍. മതേതരത്വം പറയുന്നവര്‍ മണ്ടന്‍മാരും. ആലപ്പുഴയില്‍ മുമ്പ് ഈഴവസമുദായത്തിന് എത്ര എം.എല്‍.എ. മാരുണ്ടായിരുന്നെന്നും ഇപ്പോഴെത്രയുണ്ടെന്നും ചിന്തിക്കണം. ജനസംഖ്യാനുപാതികമായി ഭരണപങ്കാളിത്തമില്ലാത്തതിനാല്‍ ഈഴവര്‍ക്ക് തൊഴിലുറപ്പിലാണ് പ്രാതിനിധ്യം. ഇതര സമുദായങ്ങളില്‍ നിന്ന് തൊഴിലുറപ്പ് പദ്ധതിയില്‍ എത്ര പേരുണ്ടെന്ന് ചിന്തിക്കണമെന്നും വെള്ളാപ്പള്ളിനടേശന്‍ പറഞ്ഞു.

യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഭദ്രദീപ പ്രകാശനം നടത്തി. സംഘടനാസന്ദേശവും നല്‍കി. കായംകുളം യൂണിയന്‍ സെക്രട്ടറി പി. പ്രദീപ്‌ലാല്‍ സ്വാഗതവും യോഗം വൈസ്പ്രസിഡന്റ് തുഷാര്‍വെള്ളാപ്പള്ളി സംഘടനാ വിശദീകരണം നടത്തി. കായംകുളം യൂണിയന്‍ പ്രസിഡന്റ് വി.ചന്ദ്രദാസ് നന്ദിപറഞ്ഞു.

Author

42 Views
Scroll to top
Close
Browse Categories