യോഗത്തെ തകര്‍ക്കാനുള്ള ശ്രമം നടക്കില്ല

തുഷാര്‍വെള്ളാപ്പള്ളി സംഘടനാ വിശദീകരണം നടത്തുന്നു.
പാലാ: ഏതാനും മാസങ്ങള്‍ക്കുള്ളില്‍ എസ്.എന്‍.ഡി.പി. യോഗത്തിന്റെയും അതുകഴിഞ്ഞ് യൂണിയനുകളുടെയും തിരഞ്ഞെടുപ്പ് നടത്തുമെന്ന് യോഗം വൈസ്പ്രസിഡന്റ് തുഷാര്‍വെള്ളാപ്പള്ളി പറഞ്ഞു. പ്രാതിനിധ്യ വോട്ടവകാശ കേസ് മാത്രമേ ഇപ്പോള്‍ നിലവിലുള്ളു. ഇതില്‍ കൃത്യമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം കൊടുത്തു. രാമപുരത്ത് മീനച്ചില്‍-കടുത്തുരുത്തി യൂണിയന്‍ ശാഖാ നേതൃത്വ സംഗമത്തില്‍ സംഘടനാതല വിശദീകരണം നല്‍കുയായിരുന്നു അദ്ദേഹം.
എങ്ങനെയെങ്കിലും എസ്.എന്‍.ഡി.പി യോഗത്തെ തകര്‍ക്കുക എന്നതാണ് ചിലരുടെ ഉദ്ദേശ്യം. അത് നടക്കാന്‍ പോകുന്നില്ല. ആയിരക്കണക്കിന് കേസുകളാണ് ചിലര്‍ കീഴ്‌കോടതി മുതല്‍ സുപ്രീംകോടതി വരെ കൊടുത്തിട്ടുള്ളത്. പക്ഷേ ഇന്നേ വരെ ഒരു കോടതിയിലും യോഗത്തിനോ, നേതാക്കള്‍ക്കോ എതിരായി ഒരു ഉത്തരവ് എന്നല്ല, ഒരു കമന്റ് പോലും ഉണ്ടായിട്ടില്ല. ക്രൈംബ്രാഞ്ച്, ഇ.ഡി. തുടങ്ങി സി.ബി.ഐ. വരെ രാജ്യത്തെ അന്വേഷണ ഏജന്‍സികളെല്ലാം ഈ പരാതികളെക്കുറിച്ച് അന്വേഷിച്ചു. ഒന്നുമുണ്ടായില്ല. കേരളത്തിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയോ മറ്റേതെങ്കിലും ഒരു സമുദായത്തിന്റെയോ യോഗ നേതാക്കന്മാരാരും ഇത്രയധികം അന്വേഷണത്തെ നേരിടേണ്ടി വന്നിട്ടുണ്ടാവില്ല. യോഗത്തെ തകര്‍ക്കുക എന്നുള്ള ചിലരുടെ പൂതി ഇതോടെ നടക്കാതെ വന്നു. പന്തീരായിരം കോടിയോളം രൂപാ മൈക്രോഫിനാന്‍സിലൂടെ വിതരണം ചെയ്തതില്‍ ചുരുക്കം ചിലയിടങ്ങളില്‍ അപാകതകള്‍ ഉണ്ടായിട്ടുണ്ട്. അതിന് ഉത്തരവാദികളായവര്‍ക്കെതിരെ കേസുകളുണ്ടാവുകയും അവര്‍ക്കെതിരെ സംഘടനാതല നടപടികള്‍ സ്വീകരിക്കുയും ചെയ്തു. ഇപ്പോഴത്തെ യോഗം ഭരണനേതൃത്വം അധികാരത്തിലേറുമ്പോള്‍ കേവലം അമ്പത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നതെങ്കില്‍ കഴിഞ്ഞ മുപ്പത് വര്‍ഷം കൊണ്ട് സ്‌കൂളുകള്‍, കോളേജുകള്‍, ഹോസ്റ്റലുകള്‍, ഓഡിറ്റോറിയങ്ങള്‍ തുടങ്ങി നൂറ്റിമുപ്പതില്‍പരം പുതിയ സ്ഥാപനങ്ങള്‍ പണിതുയര്‍ത്താനായി. വിദേശരാജ്യങ്ങളില്‍ നിന്ന് പണം വരുന്ന സംഘടനയല്ല യോഗം. ലഭിച്ച സംഭാവനകള്‍ കൃത്യമായി ഉപയോഗിച്ചു കൊണ്ടാണ് ഇത്രയധികം സ്ഥാപനങ്ങള്‍ സൃഷ്ടിച്ചതെന്നും തുഷാര്‍ പറഞ്ഞു.






