വെള്ളാപ്പള്ളി നടേശൻ കേരളത്തിന് അവഗണിക്കാനാകാത്ത നേതാവ്:മന്ത്രി ബാലഗോപാൽ

എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും അമരക്കാരനായി 30 വർഷം പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശൻ കേരളത്തിന് അവഗണിക്കാനാകാത്ത നേതാവാണെന്ന് സംസ്ഥാന ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ അഭിപ്രായപ്പെട്ടു. കൊല്ലത്ത് നടന്ന സ്നേഹാദരവ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിന്റെ അമരത്ത് വെള്ളാപ്പള്ളി 30 വർഷം പൂർത്തിയാക്കുന്നത് ചരിത്രമാണ്. ആരംഭ കാലത്തെക്കാൾ ജനസമ്മതിയും അംഗീകാരവും വർദ്ധിപ്പിച്ചാണ് അദ്ദേഹം മുന്നോട്ട് പോകുന്നത്. അദ്ദേഹത്തെ എതിർക്കുകയും വിമർശിക്കുകയും ചെയ്യാം. ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നുവെങ്കിലും സ്വന്തം അഭിപ്രായം അദ്ദേഹം തുറന്നു പറയുന്നു. സാധാരണക്കാരുടെ ഭാഷയും സാധാരണക്കാരും പാവങ്ങളുമായുള്ള ആത്മബന്ധവുമാണ് അദ്ദേഹത്തിന്റെ കരുത്ത്. യോഗത്തിന്റെ ആദ്യ സെക്രട്ടറിയായി മഹാകവി കുമാരനാശാൻ 16 വർഷക്കാലം ഇരുന്നത് ഒരു റിക്കാർഡാണ്. അതിനെയാണ് വെള്ളാപ്പള്ളി മറികടന്നത്. പുതിയകാലത്തെ മാറ്റങ്ങൾ ഉൾക്കൊണ്ടാണ് അദ്ദേഹം വിദ്യാഭ്യാസ മേഖലയിൽ ഇടപെടുന്നത്. സംസ്ഥാനത്ത് ആദ്യമായി ഒരു കാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് വരുന്നത് എസ്.എൻ ട്രസ്റ്റിന്റെ കീഴിലുള്ള കൊട്ടിയം എസ്.എൻ പോളിടെക്നിക്കിലാണ്. അഞ്ചേക്കർ സ്ഥലമാണ് അതിനാവശ്യമായുള്ളത്. വിദ്യാഭ്യാസ മേഖലയിൽ പുതിയ ആശയം കൊണ്ടുവരാൻ മുൻപന്തിയിലാണെന്നതിന്റെ തെളിവാണത്. മുഖ്യമന്ത്രിയുടെ സമയം കിട്ടിയാലുടൻ അതിന്റെ ഉദ്ഘാടനം നടത്തും. വിദ്യാഭ്യാസവും വ്യവസായവും സമൂഹ പുരോഗതിക്ക് അനിവാര്യമാണെന്ന് ഗുരുദേവൻ പറഞ്ഞിരുന്നു. മഹാകവി കുമാരനാശാനും ഒരു വ്യവസായി ആയിരുന്നു. കൊല്ലത്ത് ശ്രീനാരായണ ഓപ്പൺ സർവകലാശാലയ്ക്കായി വാങ്ങിയത് തോമസ് സ്റ്റീഫൻ കമ്പനിയുടെ വക സ്ഥലമാണ്. ആ കമ്പനിയുടെ ഷെയറുണ്ടായിരുന്ന ആളാണ് മഹാകവി കുമാരനാശാൻ എന്നത് അടുത്തകാലത്താണ് താൻ അറിഞ്ഞത്. ഈ വർഷം തന്നെ ആ സ്ഥലത്ത് ആധുനികമായ രീതിയിലുള്ള കെട്ടിട സമുച്ചയം ശ്രീനാരായണ ഓപ്പൺ സർവകലാശാലയ്ക്കായി ഉയരുമെന്ന് മന്ത്രി പറഞ്ഞു.

നൂറ്റാണ്ട് കൊണ്ട് ഉണ്ടാകാത്ത വളർച്ച:
തുഷാർ വെള്ളാപ്പള്ളി
എസ്.എൻ.ഡി.പി യോഗത്തിനും എസ്.എൻ ട്രസ്റ്റിനും ഒരു നൂറ്റാണ്ട് കാലം കൊണ്ടുണ്ടാകാത്ത വളർച്ചയാണ് കഴിഞ്ഞ 30 വർഷം കൊണ്ടുണ്ടായതെന്ന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. 130 സ്ഥാപനങ്ങളാണ് നിലവിലെ നേതൃത്വം ആരംഭിച്ചത്. ഇന്നത്തെ നേതൃത്വം അധികാരത്തിൽ വരുമ്പോൾ എസ്.എൻ ട്രസ്റ്റിന്റെ സ്ഥാപനങ്ങളെല്ലാം വർഷങ്ങളായി റിസീവർ ഭരണത്തിലായിരുന്നു. സംഘടനാപപരമായും വ്യാവസായികമായും ഏറെ മുന്നേറ്റമുണ്ടായെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
ആരോടും വൈരമില്ലാത്ത നേതാവ്: എൻ.കെ പ്രേമചന്ദ്രൻ എം.പി
ഏത് ശത്രുവിനെയും എത്ര കടുത്ത അഭിപ്രായ വൈജാത്യമുള്ളവരെയും പരമ്പരാഗതമായി വൈരം മനസിൽ സൂക്ഷിക്കാതെ ചേർത്തുപിടിക്കുന്നതാണ് വെള്ളാപ്പള്ളി നടേശന്റെ പ്രത്യേകതയെന്ന് മുഖ്യപ്രഭാഷണം നടത്തിയ എൻ.കെ പ്രേമചന്ദ്രൻ എം.പി പറഞ്ഞു. വെള്ളാപ്പള്ളിയുടെ നയങ്ങളോടും നിലപാടുകളോടും പലർക്കും വിയോജിപ്പുണ്ടാകാം. വിയോജിക്കാനുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ കരുത്ത്. 1996 ൽ തികച്ചും യാദൃശ്ചികമായാണ് വെള്ളാപ്പള്ളി യോഗം, ട്രസ്റ്റ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് വന്നത്. പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 30 വർഷക്കാലം ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ അമരക്കാരനായി അഭിമാനത്തോടെ മുന്നോട്ട് നയിച്ചതാണ് അദ്ദേഹത്തിന്റെ പ്രവർത്തന മികവിന്റെ സാക്ഷ്യപത്രം. സംഘടനയും വിദ്യാഭ്യാസവും ആത്മീയതയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോയ ഗുരുവിന്റെ വീക്ഷണമാണ് ചടുലതയോടെ 30 വർഷമായി വെള്ളാപ്പള്ളിയും പിന്തുടരുന്നത്. അതാണദ്ദേഹത്തിന്റെ പ്രവർത്തന നേട്ടം. സാധാരണയായി വിദ്യാഭ്യാസ സ്ഥാപന മാനേജർമാരോട് അദ്ധ്യാപകർക്കും ജീവനക്കാർക്കും ശത്രുതാ മനോഭവമാണ്. അതിൽ നിന്ന് വ്യത്യസ്ഥമായ സാഹചര്യമാണ് വെള്ളാപ്പള്ളി സൃഷ്ടിച്ചിരിക്കുന്നത്. 30 വർഷം മുമ്പ് 3871 ശാഖകളുണ്ടായിരുന്ന എസ്.എൻ.ഡി.പി യോഗത്തിന് ഇന്ന് 7000 ഓളം ശാഖകളുണ്ട്. യോഗത്തിനും ട്രസ്റ്റിനുമായി 50 ഓളം സ്ഥാപനങ്ങൾ ഉണ്ടായിരുന്നിടത്ത് ഇന്ന് 150 സ്ഥാപനങ്ങളായി. ഒരു വ്യക്തിയുടെ സംഘാടക മികവിന്റെ ഉത്തമോദാഹരണങ്ങളാണിതൊക്കെയെന്ന് അദ്ദേഹം പറഞ്ഞു.
പറയേണ്ടത് പറയുന്ന സമയത്ത്
പറയുന്ന നേതാവ്: പി.സുന്ദരൻ

പറയേണ്ടത് പറയേണ്ട സമയത്ത് പറയേണ്ട രീതിയിൽ പറയുന്ന നേതാവാണ് വെള്ളാപ്പള്ളി നടേശനെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.സുന്ദരൻ പറഞ്ഞു. സങ്കടങ്ങളും പ്രശ്നങ്ങളുമായി ആര് സമീപിച്ചാലും ഹൃദയവിശാലതയോടെ ആര് സമീപിച്ചാലും ഹൃദയവിശാലതയോടെ സശ്രദ്ധം കേൾക്കുന്ന നേതാവാണ് വെള്ളാപ്പള്ളി. അദ്ദേഹത്തെ മതവിവേചനം സൃഷ്ടിക്കുന്ന ആളായി ചിത്രീകരിക്കാനാണ് രാഷ്ട്രീയക്കാരുടെ ശ്രമം. അത്തരം പ്രചാരണങ്ങൾക്കെല്ലാം ഒരാഴ്ചത്തെ ആയുസേ ഉണ്ടാകൂ. എസ്.എൻ.ഡി.പി യോഗ ചരിത്രത്തിൽ സുവർണ ലിപികളാൽ എഴുതിച്ചേർക്കപ്പെട്ടിരിക്കുകയാണ് വെള്ളാപ്പള്ളി നടേശൻ നയിച്ച 30 വർഷക്കാലമെന്നും അദ്ദേഹം പറഞ്ഞു.
കേരളം ശ്രദ്ധിക്കുന്ന അപൂർവം സ്വരം:
എം. നൗഷാദ് എം.എൽ.എ

ഇന്ന് കേരളം ശ്രദ്ധിക്കുന്ന അപൂർവം സ്വരങ്ങളിലൊന്നാണ് വെള്ളാപ്പള്ളി നടേശന്റേതെന്ന് എം.നൗഷാദ് എം.എൽ.എ അഭിപ്രായപ്പെട്ടു. ഒരു സംഘടനയുടെ അമരത്ത് 30 വർഷക്കാലം തുടർച്ചയായി പ്രവർത്തിക്കാൻ അസാമാന്യമായ നേതൃപാടവം ഉള്ളവർക്കേ കഴിയൂ. അദ്ദേഹം അമരത്ത് എത്തിയശേഷം ശാഖകളുടെയും യൂണിയനുകളുടെയും സ്ഥാപനങ്ങളുടെയും എണ്ണം വർദ്ധിച്ചുവെന്നും നൗഷാദ് പറഞ്ഞു.
അവഗണിക്കാനാകാത്ത
വ്യക്തി പ്രഭാവം: മേയർ

കേരളത്തിന് അവഗണിക്കാൻ കഴിയാത്ത വ്യക്തിപ്രഭാവമുള്ളയാളാണ് വെള്ളാപ്പള്ളി നടേശനെന്ന് കൊല്ലം മേയർ ഹണി ബഞ്ചമിൻ പറഞ്ഞു. സമുദായത്തെ ചേർത്ത് നിർത്തിയതാണ് അദ്ദേഹത്തിന്റെ വളർച്ചക്ക് കാരണം. അമരക്കാരനായി അദ്ദേഹം 30 വർഷം പൂർത്തിയാക്കുന്നുവെന്നതിൽ ശ്രീനാരായണ പ്രസ്ഥാനങ്ങൾക്ക് ഏറെ അഭിമാനിക്കാമെന്നും മേയർ പറഞ്ഞു.












