ചരിത്രം കുറിച്ച സ്നേഹാദരം
എസ്. എൻ.ട്രസ്റ്റിന്റെയും എസ്. എൻ.ഡി.പി യോഗത്തിന്റെയും അമരത്ത് 30 വർഷം പൂർത്തിയാക്കുന്ന വെള്ളാപ്പള്ളി നടേശന് കൊല്ലത്ത് ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിലിന്റെയും
ശ്രീനാരായണ ഗുരു റിട്ട. ടീച്ചേഴ്സ് കൗൺസിലിന്റെയും സംയുക്താഭിമുഖ്യത്തിൽ പ്രൗഢഗംഭീരമായ സ്നേഹാദരവ്

ചരിത്രം ഉറങ്ങുന്ന കൊല്ലം നഗരം, ആഗസ്റ്റ് 23 ന് മറ്റൊരു ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചു. എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും അമരക്കാരനായി വിജയകരമായ മൂന്ന് പതിറ്റാണ്ടുകൾ പിന്നിട്ട വെള്ളാപ്പള്ളി നടേശന് ശ്രീനാരായണ സ്ഥാപനങ്ങളിലെ അദ്ധ്യാപകരും അനദ്ധ്യാപകരും ചേർന്ന് നൽകിയ പ്രൗഢോജ്ജ്വല സ്വീകരണവും ആദരവും സമാനതകളില്ലാത്ത മുഹൂർത്തമാണ് സമ്മാനിച്ചത്. സംഘാടനത്തിലും പങ്കാളിത്തത്തിലും മികവ് കാട്ടിയ സ്നേഹാദരത്തിൽ പങ്കാളികളായത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ അദ്ധ്യാപകരും അനദ്ധ്യാപകരും കൂടാതെ വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ഭാരവാഹികളും പ്രവർത്തകരും. എസ്.എൻ.ഡി.പി യോഗം, ട്രസ്റ്റ് ആസ്ഥാനങ്ങൾക്കും ശ്രീനാരായണഗുരുവിന്റെ നാമധേയത്തിലുള്ള ഏറ്റവും വലിയ കലാലയമായ കൊല്ലം എസ്.എൻ കോളേജിന്റെയും എസ്.എൻ കോളേജുകളുടെ സ്ഥാപകനായ ആർ.ശങ്കറിന്റെ തലയുയർത്തി നിൽക്കുന്ന പ്രതിമയുടെയും വിളിപ്പാടകലെ, കേരളത്തിന്റെ സിംഹഗർജ്ജനമായിരുന്ന സി.കേശവന്റെ നാമധേയത്തിലുള്ള ടൗൺഹാളിൽ തിങ്ങി നിറഞ്ഞ ജനസഞ്ചയത്തിന്റെ അകമ്പടിയിലായിരുന്നു വെള്ളാപ്പള്ളി നടേശനുള്ള സ്നേഹാദരം. ഹാൾ നിറഞ്ഞു കവിഞ്ഞ് പുറത്തേക്കും നീണ്ട ജനസഞ്ചയത്തിന്റെ ആഹ്ളാദാരവങ്ങൾക്കിടെയാണ് ജനനായകൻ ആദരവ് ഏറ്റുവാങ്ങിയത്. എസ്.എൻ.ഡി.പി യോഗത്തിന്റെയും ട്രസ്റ്റിന്റെയും കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചരിത്രത്തിൽ ഇതാദ്യമായി അദ്ധ്യാപകരും അനദ്ധ്യാപകരും ഒരുമിച്ച് ചേർന്ന് തങ്ങൾ ജോലിചെയ്യുന്ന സ്ഥാപനങ്ങളുടെ അമരക്കാരന് സ്നേഹാദരം സമ്മാനിച്ചതും മറ്റൊരു ചരിത്ര മുഹൂർത്തമാണ് കുറിച്ചിട്ടത്. കേരളത്തിന് വടക്ക് കണ്ണൂർ മുതൽ തെക്ക് ചെമ്പഴന്തി വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 99 ശതമാനം ജീവനക്കാരും പങ്കെടുത്തുവെന്ന അപൂർവതയും ചടങ്ങിന് മാറ്റേകുന്നതായി. സ്നേഹാദരവ് ഏറ്റുവാങ്ങാൻ പത്നീസമേതനായി എത്തിയ വെള്ളാപ്പള്ളിയെ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ സംഘാടകർ സ്വീകരിച്ചാനയിച്ചു. എസ്.എൻ ട്രസ്റ്റ് ബോർഡംഗം കൂടിയായ പ്രീതിനടേശൻ ഭദ്രദീപ പ്രകാശനം നടത്തിയതോടെ ചടങ്ങുകൾക്ക് സമാരംഭം കുറിച്ചു. മന്ത്രി കെ.എൻ ബാലഗോപാൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. എൻ.കെ പ്രേമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. യോഗം വൈസ് പ്രസിഡന്റ് സംഘടനാ സന്ദേശം നൽകി. എം.നൗഷാദ് എം.എൽ.എ, കൊല്ലം മേയർ ഹണി ബഞ്ചമിൻ, എന്നിവർ സംസാരിച്ചു. ശ്രീനാരായണഗുരു എംപ്ലോയീസ് കൗൺസിൽ കോ ഓർഡിനേറ്റർ പി.വി രജിമോൻ, സംസ്ഥാന സെക്രട്ടറി ഡോ.ആർ.വി സുമേഷ്, വൈസ് പ്രസിഡന്റ് ജെ. ബിജു, ജോയിന്റ് സെക്രട്ടറി നവീൻ ഭാസ്ക്കർ, പ്രോഗ്രാം കൺവീനർ ഡോ.കെ.വി സനൽകുമാർ, എസ്.ആർ.സി കൊല്ലം മേഖലാ പ്രസിഡന്റ് ഡോ. ആർച്ച അരുൺ, ശ്രീനാരായണ ഗുരു എംപ്ലോയീസ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ഡോ.എസ് വിഷ്ണു, ശ്രീനാരായണ ഗുരു റിട്ട. ടീച്ചേഴ്സ് കൗൺസിൽ സംസ്ഥാന ചെയർമാൻ പ്രൊഫ. വി.എസ് ലീ എന്നിവർ സംസാരിച്ചു. സ്നേഹാദരവ് സമ്മേളനത്തിന് മുന്നോടിയായി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പ്രീതി നടേശനും ടൗൺ ഹാളിനു മുന്നിലെ സി.കേശവൻ സ്മാരകത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തി.








