ശ്രീനാരായണഗുരു മഹാനിഘണ്ടു
വിവാഹകര്‍മ്മം:
ഗുരു കാര്‍മ്മികനായി നടന്നതായിരുന്നു കൊല്ലം പരവൂര്‍ സ്വദേശി കരുണാകരന്റെയും ജര്‍മ്മന്‍ യുവതി മാര്‍ഗരറ്റിന്റെയും വിവാഹം. വിദേശത്തുവെച്ചു പരിചയമായ അവര്‍ ഒരുമിച്ചു ജീവിക്കാന്‍ ആഗ്രഹിച്ചുവെങ്കിലും കരുണാകരന്റെ വീട്ടുകാര്‍ എതിര്‍ത്തു. കരുണാകരന് ശിവഗിരിയിലെത്തി ഗുരുവില്‍ അഭയം പ്രാപിച്ചു. രണ്ടു സംസ്കാരങ്ങള്‍ ഏകമാകുന്ന കാര്യമല്ലെ, നമുക്കു നടത്തിക്കളയാം എന്നായി ഗുരു. താമസിയാതെ അടുത്തൊരു ദിവസം ഗുരു കാര്‍മ്മികനായി ഇരുവര്‍ക്കും വരണമാല്യം നല്കി.
വിവാഹവിധി:
വിവാഹത്തിന്റെ പരിഷ്കരിച്ച സമ്പ്രദായം ഗുരു വിഭാവനം ചെയ്തത് വിവേകോദയം മാസിക പ്രസിദ്ധം ചെയ്തിരുന്നു. അതു താഴെ ഉദ്ധരിച്ചു ചേര്‍ക്കുന്നു.
ഓം ശ്രീ ശാരദാംബയൈ നമഃ
1) വിവാഹവേദിയുടെ വലതുഭാഗത്ത് വിളക്കും നിറനാഴിയും വയ്ക്കുക. അല്പം ഇടത്തുമാറി മുന്‍വശത്ത് ഇലയിട്ട് നെല്ലും പച്ചരിയും പൂവും നിറച്ച്, അതില്‍ ദര്‍ഭപ്പുല്ല് വിരിച്ച്, അതിന്മേല് കലശം കമിഴ്ത്തുക.
2) ഹോമത്തോടുകൂടിയോ കൂടാതെയോ ഗണപതി പൂജയും പീഠപൂജയും കഴിച്ച് കലശം മലര്‍ത്തി ശുദ്ധീകരിച്ച്, ഗന്ധജലം നിറച്ച പുഷ്പാക്ഷതങ്ങള്‍ ഇട്ട്, മുകളില്‍ വെറ്റിലവച്ച്, നാളികേരംകൊണ്ട് അടച്ച് വയ്ക്കുക.
3) പിന്നെ, പുഷ്പതാലങ്ങളെടുത്ത് (പുരോഹിതന്) ലക്ഷ്മീനാരായണന്മാരെ സങ്കല്പിച്ച്, ആവാഹിച്ച്, നാളികേരത്തിന്മേല്‍ അര്‍പ്പിച്ച് ലിപിന്ന്യാസവും അംഗന്ന്യാസവും ചെയ്ത് പൂജിക്കുക.
4) അനന്തരം ത്രിമധുരം നിവേദിച്ച് പ്രസന്നപൂജ കഴിച്ച് മൂലമന്ത്രംകൊണ്ട് പുഷ്പാജ്ഞലി ചെയ്ത് ദേവതാ പ്രസാദം വരുത്തുക.
5) പിന്നെ, വധൂവരന്മാര് കുളിച്ച്, വസ്ത്രാലങ്കാരങ്ങള്‍ ധരിച്ച് വേദിയുടെ മുമ്പില്‍വന്ന് ദേവതകളെയും ഗുരുജനങ്ങളെയും സഭയെയും വന്ദിച്ചുകൊണ്ട് ഇടത്തുഭാഗത്തുള്ള (പ്രത്യേകം പീഠമിട്ട് കോടി വിരിച്ചിട്ടുള്ള) സ്ഥാനങ്ങളില്‍ പുരോഹിതന്റെ ആജ്ഞ പ്രകാരം, യഥാക്രമം ഇടവും വലവുമായി ഇരിക്കുക.
6) അപ്പോള്‍ വധുവിന്റെ പിതാവോ, പിതൃസ്ഥാനീയനോ കുളിച്ച് ശുദ്ധവസ്ത്രം ധരിച്ച് വന്ന് വധുവിന്റെ വലത്തേ കൈപിടിച്ച്,
ശുഭേ തിഥൗ ധര്മ്മപ്രജാസമ്പദ്ധയേ ഏകവംശകുലോത്താരണായവരസ്യ പിതൃഋണമോചനായ ച കന്യകാദാനമഹംകരിഷ്യേ’ എന്ന് സങ്കല്പം പറഞ്ഞു.
കന്യാം കനകസമ്പന്നാം സര്‍വ്വാഭരണഭൂഷിതാം
ദാസ്യാമി വിഷ്ണുവേ തുഭ്യം ബ്രഹ്മലോക ചികീര്‍ഷയാ
വിശ്വംഭരാ സര്വ്വഭൂതാഃ സാക്ഷിണ്യഃ സര്‍വ്വദേവതാഃ
ഇമാം കന്യാം പ്രദാസ്യാമി പിതൃണാം താരണായ ച”
ഈ മന്ത്രം ചൊല്ലി വരന്റെ വലത്തെ കയ്യില്‍ സമര്‍പ്പിക്കുക.
7) വരന്, ‘ശുഭേ തിഥൗ ധര്മ്മപ്രജാ സമ്പത്യര്ത്ഥംസ്ത്രീയമുദ്വഹേ’ എന്നു പറഞ്ഞ് സ്വീകരിക്കുക.
8) പിന്നെ, വധു പുരോഹിതന് ദക്ഷിണകൊടുത്ത് പുഷ്പമാല വാങ്ങി വരന്റെ കണ്ഠത്തില് ഇടുക. വരന് ദക്ഷിണകൊടുത്ത് മംഗല്യസൂത്രം വാങ്ങി,
‘ മംഗല്യതന്തുനാനേന മമജീവനഹേതുനാ
കണ്ഠേ ബധ്നാമി സുഭഗേ ത്വം ജീവശരദാം ശതം’
എന്ന മന്ത്രം ചൊല്ലി വധുവിന്റെ കണ്ഠത്തില് ബന്ധിക്കുക.
9) അനന്തരം വധൂവരന്മാര് അന്യോന്യം കൈപിടിച്ചുകൊണ്ട് മൂന്നുപ്രാവശ്യം വേദിയെ പ്രദക്ഷിണം ചെയ്യുക. അപ്പോള്‍ സദസ്യര്‍ അരിയും പൂവും ദമ്പതിമാരുടെ ശിരസ്സിലിട്ട് ആശിസ്സു പറയുക.
10) വധൂവരന്മാര് പൂര്വ്വസ്ഥാനത്തില് വന്നുനിന്ന് സഭയെ വന്ദിച്ചുകൊണ്ട് ഗൃഹത്തിലേക്ക് പോവുക.
പ്രാമാണിത്തവിളംബരത്തിനായി ധാരാളം ജനങ്ങളെ വിവാഹവേദിയില്‍ ക്ഷണിച്ചുകൂട്ടുന്ന ഏര്പ്പാടവസാനിപ്പിച്ച് എത്രപേര്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കണമെന്ന് ഗുരു നിര്‍ദ്ദേശിച്ചിട്ടുള്ളത് ഇപ്രകാരമാണ്:
‘ ഒരു വിവാഹത്തിന് കൂടിയാല്‍ പത്തുപേര്‍ മാത്രമേ ആകാവൂ. വധൂവരന്മാര്, അവരുടെ മാതാപിതാക്കള്‍, ദമ്പതികളുടെ ഓരോ സഖികള്‍, ഒരു പുരോഹിതന്, ഒരു പൗരപ്രമാണി ഇപ്രകാരം പത്തുപേര്‍.’
വിവേകോദയം:
എസ് എന്‍ ഡി പി യോഗത്തിന്റെ മുഖമാസികയായി തുടങ്ങി. 1079 മേടം 30 ന് ആദ്യലക്കം. മാസികയ്ക്ക് വിവേകോദയം എന്നു പേരു നല്‍കിയത് ശ്രീനാരായണഗുരു തന്നെയാണ്. ഗോവിന്ദന് ബി.എ., ബി.എല്‍ ആയിരുന്നു പ്രഥമ പത്രാധിപര്‍. പിന്നീട് കുമാരനാശാന് പത്രാധിപരായി ദീര്‍ഘനാള്‍ തുടര്‍ന്നു. താലികെട്ട് മുതലായ അനാചാരങ്ങള്‍ക്കെതിരെ ശക്തമായ പ്രവര്‍ത്തനം നടത്തി. രാഷ്ട്രീയ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും വ്യവസായശീലങ്ങള് വളര്‍ത്തുന്നതിനും യത്നിച്ചു. ഈഴവരുടെ ഗസറ്റ് എന്ന് കളിയായും കാര്യമായും വിശേഷിപ്പിക്കപ്പെട്ടു.
വില്പത്രം: (ഒസ്യത്ത് കാണുക.)
വിഷ്ണ്വഷ്ടകം: ഗുരു രചിച്ചത്. വിഷ്ണുവിനെ ഭജിക്കുന്ന എട്ടു പദ്യങ്ങള്‍ സംസ്കൃതത്തിലെഴുതിയ കൃതിയാണ് വിഷ്ണ്വഷ്ടകം.

വീണപൂവ്:
1907 ഡിസംബറില്‍ മിതവാദിയിലും പിന്നീട് ഭാഷാപോഷിണിയിലും പ്രസിദ്ധീകരിച്ചു. പാലക്കാട് ജൈനമേട്ടിലെ വിനയചന്ദ്രഗൗഡ എന്നയാളുടെ വീട്ടില്‍ താമസിക്കെ കുമാരനാശാൻ രചിച്ചത്. മുറ്റത്ത് വീണുകിടക്കുന്ന മുല്ലപ്പൂവുകളുടെ കഷ്ടസ്ഥിതിയും ശ്രീനാരായണഗുരുവിന്റെ രോഗാവസ്ഥ നല്കിയ മനോവിഷമവും ചേര്‍ന്നാണ് രചനാപ്രേരണയെന്ന് പറയപ്പെടുന്നു. ഒരു പൂവിന്റെ ജനിമൃതിചക്രത്തെ ആഖ്യാനം ചെയ്ത കാവ്യം മനുഷ്യജീവിതത്തിന്റെ തന്നെ നശ്വരതയെ കവിതയിലൂടെ ഓര്‍മ്മിപ്പിക്കുന്നു. ”വീണപൂവ് ഒരു ജീവിത നിരൂപണമാണ്” എന്നു ഗുരു അഭിപ്രായപ്പെട്ടു.
വെങ്കിടേശസ്വാമി:
ഉള്ളൂര്‍ സുബ്രഹ്മണ്യക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്നു. തിരുക്കുറല്‍, തൊല്ക്കാപ്പിയം, നാന്നൂല്‍, ചിലപ്പതികാരം, ഹര്‍ഷചരിതം, മാഘം എന്നിവ ഗുരു, വെങ്കിടേശസ്വാമികളില് നിന്നാണ് പഠിച്ചത്.
വെളുത്തേരി കേശവന് വൈദ്യര് :
പെരുനെല്ലി കൃഷ്ണന് വൈദ്യരും വെളുത്തേരി കേശവന് വൈദ്യരും വാരണപ്പള്ളിയില്‍ ഗുരുവിന്റെ സഹപാഠികളായിരുന്നു. ജീവിതാന്ത്യം വരെ ആ ബന്ധം തുടര്‍ന്നു. തിരുവനന്തപുരം മണക്കാട്ടുതോട്ടം ഈശ്വരപത്മനാഭന്റെയും ജാനകിയമ്മയുടെയും മകനായി 1033 ല്‍ ജനിച്ചു. പഠിച്ചുയര്‍ന്നു കലയിലും ശാസ്ത്രത്തിലും പ്രശസ്തനായി. പതിനഞ്ചോളം കൃതികള്‍ രചിച്ചു. ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ 1055 ല്‍ അഭിജ്ഞാനശാകുന്തളം വിവര്‍ത്തനം ചെയ്തു. കേരളവര്‍മ്മകോയിത്തമ്പുരാന്റെ വിവര്‍ത്തനത്തിനും മുന്‍പായിരുന്നു ഇത്. തിരുവിതാംകൂര്‍ കൊട്ടാരം വൈദ്യനായിരുന്നു.
വേദം:
വിദ് ധാതുവില്‍ നിന്നുണ്ടാകുന്നത്. അറിവ് എന്നര്‍ത്ഥം. നാലു വേദങ്ങളാണ് ആര്‍ഷഭാരതത്തിന്റെ അടിസ്ഥാനം. ഋക്, യജുസ്, സാമം, അഥര്‍വ്വം എന്നിവയാണ് ചതുര്‍വ്വേദങ്ങള്‍.






