അവഗണനയുടെ നടുവിലും ആക്രമിക്കുന്നു

ചെങ്ങന്നൂര്‍: അവഗണനയുടെ നടുവിലും മതവിദ്വേഷത്തിന്റെ പേരും പറഞ്ഞ് ആക്രമിക്കുകയാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ചെങ്ങന്നൂര്‍ യൂണിയന്റെ ശാഖാ നേതൃത്വ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുന്‍ മുഖ്യമന്ത്രി ആര്‍. ശങ്കറിന്റെ കാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ യോഗത്തിന് കിട്ടിയിട്ടുണ്ട്. പിന്നീട് ആരും സഹായിക്കുന്നില്ല. ഈഴവര്‍ക്ക് സംസ്ഥാനത്ത് ആകെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അത്രയുമെണ്ണം മലപ്പുറം ജില്ലയില്‍ മാത്രം മുസ്ലീം സമുദായത്തിനുണ്ട്. മുസ്ലീംലീഗില്ലാതെ യു.ഡി.എഫിനും ന്യൂനപക്ഷ വോട്ടില്ലാതെ എല്‍.ഡി.എഫിനും നിലനില്‍പ്പില്ല. ഈഴവര്‍ മറ്റ് സമുദായങ്ങളുടെ കണ്ണിലെ കരടാണ്. ബാബറി മസ്ജിദ്, നിലയ്ക്കല്‍ പ്രശ്‌നങ്ങളില്‍ മറ്റ് സമുദായങ്ങള്‍ക്ക് ഒപ്പം നിന്നതാണ് ഈഴവ സമുദായം.
സാമ്പത്തിക അടിത്തറ ഭംഗിയാക്കാന്‍ വേണ്ടിയാണ് മൈക്രോഫിനാന്‍സ് തുടങ്ങിയത്. സമുദായത്തില്‍ ഉള്ളവര്‍ തന്നെ അത് തകര്‍ക്കാന്‍ ശ്രമിച്ചു. എസ്.എന്‍. യൂണിവേഴ്‌സിറ്റി തുടങ്ങിയിട്ടും വി സി യായി സമുദായക്കാരെ നിയമിച്ചിട്ടില്ല. കേരളത്തില്‍ നിന്ന് 9 എം.പി. മാരെ എടുത്തതിലും സമുദായത്തിലെ ആരെയും പരിഗണിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.
യോഗം വൈസ്പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി സംഘടനാ വിശദീകരണം നടത്തി. യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സംഘടനാ സന്ദേശം നല്‍കി. യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റർ സുരേഷ് പരമേശ്വരന്‍ സ്വാഗതവും അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം രാജേഷ് സദാനന്ദന്‍ നന്ദിയും പറഞ്ഞു. യോഗം കൗണ്‍സില്‍ അംഗം സന്ദീപ് പച്ചയില്‍, യോഗം ഇന്‍സ്‌പെക്ടിംഗ് ഓഫീസര്‍ എസ്. രവീന്ദ്രന്‍ എഴുമറ്റൂര്‍, പന്തളം യൂണിയന്‍ പ്രസിഡന്റ് അഡ്വ. സിനില്‍ മുണ്ടപ്പള്ളി, അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം പി.ഡി. ഷാജി എന്നിവര്‍ പങ്കെടുത്തു.






