അവഗണന ചൂണ്ടിക്കാട്ടുമ്പോള്‍ മതവിദ്വേഷം പറഞ്ഞ് ആക്രമിക്കുന്നു

ഹരിപ്പാട്: സമുദായം നേരിടുന്ന അവഗണനകളും ദുഃഖങ്ങളും തുറന്നു പറയുമ്പോള്‍ മതവിദ്വേഷത്തിന്റെ പേരു പറഞ്ഞ് തന്നെ ആക്രമിക്കുകയാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. യോഗം ചേപ്പാട് യൂണിയൻ ശാഖ നേതൃത്വസംഗമം മുട്ടം ശ്രീരാമകൃഷ്ണാശ്രമം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാദ്ധ്യമങ്ങള്‍ യോഗത്തെ വേട്ടയാടുകയാണ്. ഒരു സംസ്ഥാനത്തും നടക്കാത്ത സംഭവങ്ങളാണ് മലപ്പുറത്ത് നടന്നിട്ടുള്ളത്. സാധാരണ മുഖ്യമന്ത്രിമാരാണ് മന്ത്രിമാരുടെ വകുപ്പ് തീരുമാനിക്കുന്നത്. എന്നാല്‍, ഉമ്മന്‍ചാണ്ടിയുടെ കാലത്ത് മലപ്പുറത്ത് മന്ത്രിമാരെയും വകുപ്പും പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസ് അടിമപ്പെട്ട് നിന്നതല്ലാതെ ഒരക്ഷരം പറഞ്ഞില്ല.
മലപ്പുറം കേന്ദ്രീകരിച്ച് സംസ്ഥാനം തന്നെ ഉണ്ടാക്കുമെന്ന് യൂത്ത് ലീഗ് പറഞ്ഞപ്പോള്‍ മതേതര ആളുകള്‍ ആരെങ്കിലും മിണ്ടിയോ? നാഴികയ്ക്ക് നാലുവട്ടം മതേതരത്വം പറയുന്ന മുസ്ലീംലീഗ്, മുസ്ലീം സമുദായത്തിന്റെ അവകാശങ്ങളും അധികാരങ്ങളും സംരക്ഷിക്കാന്‍ വേണ്ടിയുള്ളതാണെന്ന് സുപ്രീംകോടതിയില്‍ വഖഫ് വിഷയത്തില്‍ നല്കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുണ്ട്.
ഈഴവര്‍ക്ക് സംസ്ഥാനത്ത് ആകെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അത്രയും എണ്ണം മലപ്പുറം ജില്ലയില്‍ മാത്രം മുസ്ലീം സമുദായത്തിനുണ്ട്. കേരളം ഭരിക്കേണ്ടത് എങ്ങനെയെന്ന് മലപ്പുറത്ത് നിന്ന് പറയേണ്ട. മതപരിവര്‍ത്തനത്തിന്റെ പേരും പറഞ്ഞ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തപ്പോള്‍ ഇടതും വലതും ബി.ജെ.പി.യും ഉള്‍പ്പെടെ വാലിന് തീപിടിച്ച പോലെ ഓട്ടത്തിലായിരുന്നു. മിക്ക കോണ്‍ഗ്രസ്സുകാരും മലപ്പുറത്തുകാരെ തൃപ്തിപ്പെടുത്താനാണ് തന്നെ എതിര്‍ക്കുന്നത്. കോണ്‍ഗ്രസ്സിന് ഒറ്റയ്ക്ക് മത്സരിക്കാന്‍ ധൈര്യമുള്ള സീറ്റുകള്‍ ഇല്ല. തിരിച്ചറിവിന്റെ പാതയിലൂടെയാണ് ഇപ്പോള്‍ ഈഴവര്‍ സഞ്ചരിക്കുന്നത്. ജനാധിപത്യത്തിലുള്ള പങ്കാളിത്തം ഓരോ വാര്‍ഡിലും കണക്ക് പറഞ്ഞ് വാങ്ങിയെടുക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
യോഗം വൈസ്പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി സംഘടനാ വിശദീകരണം നടത്തി. ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സംഘടനാ സന്ദേശം നല്കി. യൂണിയന് പ്രസിഡന്റ് എസ്. സലികുമാര്‍ സ്വാഗതവും, സെക്രട്ടറി എന്‍. അശോകന് നന്ദിയും പറഞ്ഞു. വൈസ്പ്രസിഡന്റ് ഡി. കാശിനാഥന്, യോഗം ഡയറക്ടര്‍ ബോര്‍ഡംഗങ്ങളായ എം.കെ. ശ്രീനിവാസന്, ഡി. ധര്മ്മരാജന്, യൂണിയന് കൗണ്‍സിലര്‍മാരായ തൃക്കുന്നപ്പുഴ പ്രസന്നന്, അയ്യപ്പന് കൈപ്പള്ളില്‍, അഡ്വ. യു. ചന്ദ്രബാബു, എസ്.ജയറാം, പി.എന്‍. അനില്‍കുമാര്‍, ബിജു പത്തിയൂര്‍, രഘുനാഥ്, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ ബിനു കരുണാകരന്, ചിത്രാംഗദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.






