ജീവകാരുണ്യം ജീവിതമാക്കി ശലഭ

എസ്.എന്‍ ട്രസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അദ്ധ്യാപികയായി തുടരുമ്പോള്‍ ശമ്പളം വാങ്ങി കുടുംബം പുലര്‍ത്തല്‍ മാത്രമല്ല തന്റെ നിയോഗമെന്ന് തിരിച്ചറിഞ്ഞ് ജീവകാരുണ്യത്തിന്റെ പാതയിലൂടെ സഞ്ചരിക്കുകയാണ് ശലഭ ജ്യോതിഷ്

മന്ത്രി ആർ .ബിന്ദുവിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങുന്നു

അറിയപ്പെടുന്ന നർത്തകിയും മികച്ച അദ്ധാപികയുമായിരിക്കെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ അശരണരും നിരാലംബരുമായ നിരവധി മനുഷ്യർക്ക് അത്താണിയായി മാറിയ ശലഭ ജ്യോതിഷിന് നാടിന്റെ അംഗീകാരം. തൃപ്രയാര്‍ ടെമ്പിള്‍ റോഡില്‍ പരേതനായ ഇയ്യാനി തോട്ടുങ്ങല്‍ ശങ്കരനാരായണന്റേയും ഗൗരി ടീച്ചറുടെയും മകളായ ശലഭ ജ്യോതിഷ്, നൂറുകണക്കിന് നിര്‍ദ്ധനർക്ക് മുന്നോട്ട് പോകാനുള്ള വഴികാട്ടിയായി
ചെറുപ്പത്തിലെ നൃത്തം പഠിച്ചെങ്കിലും 30 വയസ്സിനു ശേഷമാണ് കുച്ചുപ്പുടി, മോഹിനിയാട്ടം, ഭരതനാട്യം, വീണ, കീബോര്‍ഡ് എന്നിവയെല്ലാം അഭ്യസിച്ച് കലാവേദികളില്‍ ചുവടുറപ്പിക്കുന്നത്. എം.എസ്.സി സുവോളജിയും സെറ്റും ബി.എഡും പാസായ ശേഷം നാട്ടിക എസ്.എന്‍ ട്രസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അദ്ധ്യാപികയായി തുടരുമ്പോള്‍ ശമ്പളം വാങ്ങി കുടുംബം പുലര്‍ത്തല്‍ മാത്രമല്ല തന്റെ നിയോഗമെന്ന് തിരിച്ചറിഞ്ഞു. സ്‌കൂളിലെ എന്‍.എസ്.എസ്. കോ ഓർഡിനേറ്ററായി സജീവമായപ്പോള്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമെല്ലാം അണിചേര്‍ന്നു.
രണ്ടു വര്‍ഷം മുമ്പ് തൃപ്രയാര്‍ എ.കെ.ജി കോളനിയിലെ ഒരു വീട്ടമ്മയുടെ വീട് ജപ്തിയിലാണെന്ന് അറിഞ്ഞപ്പോള്‍ ശലഭ പണം സ്വരൂപിക്കാന്‍ രംഗത്തിറങ്ങി. ജപ്തി ഒഴിവായി. പിന്നീട് വീട് വെയ്ക്കാനായി ശ്രമം. എന്‍എസ്എസ് പ്രോഗ്രാം ഓഫീസറുടെയും കുട്ടികളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് തണലേകി. സേവാഭാരതിയുടെ നേതൃത്വത്തില്‍ സുരേഷ് ഗോപി തന്നെ ‘ഗോവിന്ദം’എന്ന് പേരിട്ടു വീട് നിര്‍മ്മിച്ചു നല്‍കി. വീടിന്റെ താക്കോല്‍ദാനം സുരേഷ് ഗോപി നിര്‍വഹിച്ചു. പുതിയ വീട്ടിലേക്ക് കൃഷ്ണവിഗ്രഹവുമായി പ്രവേശിച്ച സുരേഷ്‌ഗോപി നിലവിളക്ക് കൊളുത്തി പാലുകാച്ചല്‍ നടത്തി. എസ്.എന്‍ ട്രസ്റ്റ് സ്‌കൂളിലെ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ശലഭയുടെ ജീവകാരുണ്യപാതയിലെ കനല്‍വെട്ടമായിരുന്നു അത്.
തൃപ്രയാര്‍ കാളക്കൊടുവത്ത് വീട്ടില്‍ സന്തോഷിന് ജപ്തി നടപടികളെ പേടിക്കാതെ സമാധാനമായി സ്വന്തം വീട്ടില്‍ ഉറങ്ങാനുളള അവസരമൊരുക്കിയതും ശലഭജ്യോതിഷും എന്‍.എസ്.എസ് വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ്. പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം തണല്‍ ഭവന പദ്ധതിയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സന്തോഷിന് വീടിന്റെ ആധാരം മുഴുവന്‍ കുടിശ്ശികയും തീര്‍ത്ത് കൈമാറിയത്.
വിദ്യാര്‍ത്ഥികള്‍ ചലഞ്ചിലൂടെ പണമുണ്ടാക്കിയാണ് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ തൃപ്രയാര്‍ ബ്രാഞ്ചിലെ ലേല നടപടി നേരിടുന്ന വീടിന്റെ ആധാരം മുഴുവന്‍ കുടിശ്ശികയും തീര്‍ത്ത് കൈമാറിയത്. എന്‍എസ്എസ് വളണ്ടിയര്‍മാര്‍ വീണ്ടെടുത്ത ആധാരം ജില്ലാ കളക്ടറായിരുന്ന വി.ആര്‍. കൃഷ്ണതേജ എത്തിയാണ് കൈമാറിയത്. ജില്ലാ കളക്ടര്‍ എന്‍എസ്എസ് യൂണിറ്റിന്റെ പ്രവര്‍ത്തനത്തെ അഭിനന്ദിക്കുകയും ചെയ്തു മകന്‍ മരിച്ച ശേഷം നിരാലംബയായ ദമയന്തിയുടെ വീട് എട്ടു ലക്ഷത്തിനാണ് പണിതു നല്‍കിയത് ഉന്നതവിദ്യാഭ്യാസ മന്ത്രി ബിന്ദുവാണ് ഈ വീട് കെമൊറാനെത്തിയത്
ഈ വീടുപണി ഏറ്റെടുത്തു നടത്തുന്നതിനിടെ സ്വന്തം സ്‌കൂളിലെ ഒരു കുട്ടിയുടെ കാന്‍സര്‍ ബാധിതനായ കുടുംബത്തിന്റെ വീട് ജപ്തിയാണെന്നറിഞ്ഞ് മുഴുവന്‍ തുകയും അടച്ച് ജപ്തി ഒഴിവാക്കി കൊടുത്തു.

ലഹരിക്കെതിരെ പോരാട്ടം
വിദ്യാര്‍ത്ഥികളിലും യുവജനങ്ങളിലും കൂടി വരുന്ന ലഹരി ഉപയോഗത്തിനെതിരെ ചലച്ചിത്രനടി അപര്‍ണ്ണ ബാലമുരളിയുടെ പിതാവ് ബാലമുരളി സംഗീതമൊരുക്കുന്ന പാട്ടുമായാണ് ശലഭ രംഗത്തിറങ്ങുന്നത്. വരുന്ന അദ്ധ്യയനവര്‍ഷത്തില്‍ ഫ്‌ളാഷ് മോബുമായി വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ശലഭ ടീച്ചറും രംഗത്തെത്തും.
പൊലീസിന്റെ ലഹരിവിരുദ്ധ ക്യാമ്പയിനുകളിലും ഫ്‌ളാഷ് മോബുകളിലും ശലഭ ടീച്ചറും എന്‍.എസ്.എസ് ടീമും സജീവമായിരുന്നു. ഭിന്നശേഷിക്കാര്‍ക്ക് കിടക്കയും വീല്‍ചെയറും അടക്കമുളള നിരവധി സഹായങ്ങള്‍ നല്‍കിയും ശ്രദ്ധേയയായി. ഓണത്തിനോട് അനുബന്ധിച്ച് ഓണ്‍ലൈനില്‍ ഭിന്നശേഷിക്കാര്‍ക്കും പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്കുമായി ഓള്‍ കേരള പാട്ടു മത്സരം നടത്തുകയുണ്ടായി. പങ്കെടുത്ത എല്ലാവര്‍ക്കും തന്നെകാഷ് അവാര്‍ഡ് കൊടുക്കുകയും ചെയ്തു. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്ക് കാല്‍ ലക്ഷം രൂപയും സാധനങ്ങളും നല്‍കിയ ശലഭ ജ്യോതിഷ്, നിര്‍ദ്ധനര്‍ക്ക് എന്നും തണല്‍മരമായി നിലകൊണ്ടു. എസ് എന്‍ ട്രസ്റ്റിലെ എന്‍എസ്എസ് യൂണിറ്റിന്റെ കീഴില്‍ പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്കായി ഹോസ്പിറ്റല്‍ ബെഡ്, ഇയര്‍ ബെഡ് വീല്‍ചെയര്‍ വാക്കിംഗ് സ്റ്റിക്ക് കൈമാറാനും ജപ്തി ചെയ്ത ആധാരം തിരിച്ചെടുത്തത് കൈമാറാനും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശന്‍ എത്തിയത് ധന്യനിമിഷമായി .
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കലാഭവന്‍ മണി സ്മാരക പുരസ്‌കാരം ശലഭ ജ്യോതിഷിനായിരുന്നു. വിദ്യാര്‍ത്ഥിയുടെ വീട് ജപ്തിയാണെന്നറിഞ്ഞു ബിരിയാണി ചലഞ്ച് ഉള്‍പ്പെടെയുള്ള വൈവിധ്യങ്ങളായ പ്രവര്‍ത്തനങ്ങളിലൂടെ ഫണ്ട് സമാഹരിക്കുകയും ആ കുട്ടിയുടെ വീട് ജപ്തിയി ല്‍ നിന്ന് ഒഴിവാക്കുകയും ചെയ്തതാണ് അവാര്‍ഡിന് അര്‍ഹയാക്കിയത്. കലാഭവന്‍ മണിയുടെ സ്മരണയ്ക്കായി രൂപീകരിച്ച കലാഭവന്‍ മണി മെമ്മോറിയല്‍ അവാര്‍ഡ് എറണാകുളം കലൂരില്‍ വച്ചാണ് വിതരണം ചെയ്തത്. ജീവകാരുണ്യ രംഗത്ത് തനതായ വഴി അടയാളപ്പെടുത്തിയ തൃപ്രയാര്‍ സ്‌നേഹത്തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് മദര്‍ തെരേസയുടെ സ്മരണാര്‍ത്ഥം നല്കിവരുന്ന സ്‌നേഹത്തണല്‍ജീവകാരുണ്യ പുരസ്‌കാരവും ശലഭ ടീച്ചര്‍ക്കായിരുന്നു.
കര്‍മ്മശ്രേഷ്ഠ പുരസ്‌ക്കാരം, മലയാള പുരസ്‌കാരംകേരളകൗമുദിപുരസ്‌കാരം തുടങ്ങിയവയും ലഭിച്ചു. ഡിഫ്ത്തീരിയക്കെതിരേ തെരുവുനാടകം കളിച്ചു ശ്രദ്ധേയമായതോടെ അന്നത്തെ വിദ്യാഭ്യാസമന്ത്രിപ്രൊഫ.സി.രവീന്ദ്രനാഥില്‍ നിന്ന്പ്രത്യേക പുരസ്‌കാരം ഏറ്റുവാങ്ങിയിരുന്നു. മണപ്പുറം വയോജനക്ഷേ മസമിതിയുടെ സി. കെ. ചന്ദ്രപ്പന്‍ സ്മാരക പുരസ്‌കാരവും കേരള പുരസ്‌കാരവും തേടിയെത്തി.
നൃത്തമാണ് എന്നും ആവേശം. രാത്രി വൈകിയും നൃത്തം പരിശീലിക്കും. അയ്യന്തോളില്‍ ഗുരു മിത്രാവിന്ദയുടെ കീഴിലായിരുന്നു നൃത്തം പഠിച്ചത്. ഷീജ വലിയാലുക്കല്‍ രാജലക്ഷ്മി എന്നിവരുടെ കീഴില്‍ ഭരതനാട്യവും അഭ്യസിച്ചു. ഭര്‍ത്താവ്പ്രശസ്തക്രിമിനല്‍ അഭിഭാഷകനായ വി. ആര്‍ ജ്യോതിഷും മക്കള്‍ ഡല്‍ഹി എയിംസില്‍ നിന്ന് എം.ബി.ബി.എ.സ് പൂര്‍ത്തിയാക്കിയ ജിത്തു ജ്യോതിഷും ബി.ബി.എ പൂര്‍ത്തിയാക്കി എല്‍.എല്‍.ബിയ്ക്ക് പഠിക്കുന്ന ജിഷ്ണു ജ്യോതിഷും ശലഭയുടെ പ്രവര്‍ത്തനവഴികളില്‍ ശക്തിയാകുന്നു.
മനേഷ് ശങ്കര്‍ (സേവനംഎസ്എന്‍ഡിപിയോഗംഅഡ്‌ഹോക്കമ്മിറ്റിഅബുദാബിയൂണിയന്‍ചെയര്‍മാന്‍, എയര്‍ക്രാഫ്റ്റ് എഞ്ചിനീയര്‍ – എത്തിഹാദ് എയര്‍വേയ്‌സ് എഞ്ചിനീയറിംഗ് അബുദാബി, എ ക്ലാസ്സ് ട്രസ്റ്റീ ആന്‍ഡ് ഡയറക്ടര്‍ ശ്രീ നാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മാഞ്ഞാലി പറവൂര്‍), ശരേഷ് ശങ്കര്‍ (ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍), ഡോ.ഹിതേഷ് ശങ്കര്‍ (ഫോറന്‍സിക് വിഭാഗം മേധാവി, മഞ്ചേരി മെഡിക്കല്‍ കോളേജ്), രാകേഷ് ശങ്കര്‍ (ബിസിനസ് തൃപ്രയാര്‍) എന്നിവരാണ് സഹോദരങ്ങള്‍. ഏകസഹോദരിയുടെ വഴികളില്‍ വെളിച്ചമായി അവരുമുണ്ട്.

Author

131 Views
Scroll to top
Close
Browse Categories