പുലയനും പൂണൂലും ചില ഭാഷാശാസ്ത്ര ചിന്തകൾ

ഭൂരിപക്ഷം മനുഷ്യരിലും അബോധത്തിൽ സ്ഥിതിചെയ്യുന്ന ജാതിവെറി ഒന്നോ രണ്ടോ പേരിലൂടെ ശബ്ദമായി പുറത്തുവരുന്നു എന്നതാണ് യാഥാർത്ഥ്യം. ഇതൊരു സാമൂഹ്യ അവബോധമാണ്. ജാതീയ പാരമ്പര്യം കേരള സമൂഹത്തിൽ ഏൽപ്പിച്ച പരുക്ക് എത്രമാത്രം ദുരന്തമാണെന്ന് ബോധ്യപ്പെടാനാണ് ഇത്തരം വെളിപാടുകളെ നമ്മൾ ഏകകമായി എടുക്കേണ്ടത്.

കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴകം ജോലിക്ക് ഈഴവ വിഭാഗത്തിലുള്ള ഉദ്യോഗാർത്ഥിക്ക് ദേവസ്വം ബോർഡ് നിയമനം നൽകിയതിനെ ജാതിവിശുദ്ധി ഇല്ലായ്മ എന്ന പേരിൽ സവർണ്ണ വിഭാഗങ്ങൾ നിരാകരിച്ചതിന്റെ വാർത്തകൾ അവസാനിച്ചിട്ടില്ല. ജാതി എന്ന വിഷസർപ്പം പൂർവാധികം ശക്തിയോടെ ഇവിടങ്ങളിൽ ആകെ കെട്ടുപിണഞ്ഞു കിടക്കുന്നു എന്ന സൂചനയാണ് അത്തരം വ്യവഹാരങ്ങൾ നമ്മെ വീണ്ടും വീണ്ടും ബോധ്യപ്പെടുത്തുന്നത്. ഇരിങ്ങാലക്കുട യിലെ തന്നെ മറ്റൊരു ക്ഷേത്രത്തിൽ പൂജ ചെയ്യുന്ന നമ്പൂതിരി യുവാവ് കറുത്ത നിറമുള്ളതാണ് എന്നതിനാൽ പൂണൂലിട്ട പുലയൻ എന്ന വിളി കേൾക്കാൻ ഇടവന്നു എന്നത് കേരളത്തിൽ ഏറെ ചർച്ചയായ വാർത്തയാണ് .
ഒരു നമ്പൂതിരി യുവാവിന് , അതും ക്ഷേത്രത്തിൽ പൂജ ചെയ്യുന്ന പൂണൂലിട്ട നമ്പൂതിരി യുവാവിന് പൂണൂലിട്ട പുലയൻ എന്ന വിളി ഒരു തരത്തിലും സഹിക്കാനാവില്ല. കാരണം അയാളെ വിളിക്കാവുന്ന മലയാളത്തിലെ ഏറ്റവും വലിയ തെറിയാണത്. അനാചാരഭാഷ എന്ന ഹെഡിങ്ങിലും ജാതിത്തെറി എന്ന സബ്ഹെഡിങ്ങിലും വേണമെങ്കിൽ മലയാളം സർവകലാശാലക്കോ ഫോക് ലോർ അക്കാദമിക്കോ ഈ വിഷയം ഗവേഷണം ചെയ്യാവുന്നതാണ്. ലോകോത്തരമായ പ്രബന്ധമായിരിക്കുമത്. കാരണം ഇങ്ങനെയൊരു ഗവേഷണത്തിന് സാധ്യതയുള്ള ലോകത്തെ ഒരേയൊരു ദേശരാഷ്ട്രവും ഇന്ത്യ മാത്രമാണ്.

ലൈംഗികാവയവങ്ങളെ സൂചിപ്പിക്കുന്ന നാമപദവും ലൈംഗികവേഴ്ച്ച സൂചിപ്പിക്കുന്ന ക്രിയാപദവുമാണ് മിക്കവാറും തെറിയായി നിലനിൽക്കുന്നത്. സദാചാര നിഷ്ഠയിൽ അധിഷ്ഠിതമായ അഗമ്യഗമനങ്ങളുടെ സൂചനയും തെറിയായി മാറാറുണ്ട്. തെറിച്ചുവരുന്ന വാക്കാണ് തെറി. “യോനി ” തെറി ആവുകയില്ല എന്നാൽ യോനിയെ സൂചിപ്പിക്കുന്ന പ്രാദേശിക പദങ്ങൾക്ക് തെറിയാവാൻ കഴിയും. ലിംഗം തെറിയല്ല അവയുടെ കൊളോക്കിയൽ പര്യായങ്ങൾക്ക് മാത്രമേ തെറിയാവാൻ കഴിയുകയുള്ളൂ. “സംഭോഗം ” തെറിയല്ല , അതിന്റെ പ്രാദേശിക പദങ്ങൾ മുട്ടൻതെറിയാണ്. ഏത് ടോണിൽ പറയുന്നു എന്നതനുസരിച്ച് തെറിയുടെ ശക്തി കൂടിയുംകുറഞ്ഞുമിരിക്കും. ഇത് ഏതാണ്ട് എല്ലാ രാജ്യത്തും സമാനമായി നിലനിൽക്കുന്ന വസ്തുതയാണ്.
എന്നാൽ ഇന്ത്യയുടെ സവിശേഷത തെറിയക്കാള്‍ വലിയ തെറിയായി നിലനിൽക്കാൻ ജാതി വ്യവഹാരങ്ങളിലെ സവിശേഷഭാഷയ്ക്ക് ശേഷിയുണ്ട് എന്നതാണ്. അക്കാദമികമായ ഭാഷാശാസ്ത്രപഠനങ്ങളിൽ (ലിങ്ക്വിസ്റ്റിക്സ് ) ഇക്കാര്യം പിടികിട്ടിയിട്ടില്ല എന്ന് തോന്നുന്നു.

നമ്പൂതിരിമാരുടെ ഇടയിൽ പരസ്പരം കളിയാക്കാൻ കൊശവൻ എന്ന് വിളിക്കുന്നത് സർവ്വസാധാരണമാണ്. കോളേജിൽ പഠിച്ചിരുന്ന കാലത്ത് നമ്പൂതിരി വിഭാഗത്തിലുള്ള സുഹൃത്തുക്കൾ ക്യാമ്പസിൽ യാതൊരു സങ്കോചവുമില്ലാതെ ഇങ്ങനെ വിളിക്കുന്നത് കേട്ടിട്ടുണ്ട്. സുഹൃത്തിന്റെ ജാതി അറിയാതെ കൊശവൻ ജാതിയിലുള്ള ഒരു സുഹൃത്തിനെ കൊശവൻ എന്ന് കളിയാക്കാനായി വിളിച്ചപ്പോൾ ഒരാൾ പ്രയോഗിച്ച ഭാഷയുടെ ഉദ്ദേശ്യലക്ഷ്യം നിർജീവമായിപ്പോയത് പറഞ്ഞ് ഞങ്ങൾ അന്ന് ചിരിച്ചിട്ടുണ്ട്. തഹസിൽദാരുടെ അച്ഛൻ എന്ന തകഴിയുടെ കഥയിൽ നായർകാരണവർ തന്റെ കൊച്ചുമകനെ പുലയൻ എന്ന് വിളിക്കുന്നുണ്ട് ആ കഥയിലെ മരുമകൾ ഏറ്റവും കൂടുതൽ കയർക്കുന്നത് തന്റെ മകനെ ഭർത്താവിന്റെ അച്ഛൻ പുലയൻ എന്ന് വിളിച്ച് ആക്ഷേപിച്ചു എന്ന് പറഞ്ഞു കൊണ്ടാണ് ‘ വയലാറിന്റെ ഒരു കവിതയാണ് പുലയൻ ഇത്താപ്പിരി . ക്രിസ്തുമതം സ്വീകരിച്ചാലും ‘പുലയൻ, ചേർത്തു വിളിച്ചാൽ അയാളെ പുലയനായിരിക്കുന്ന അവസ്ഥയെക്കാൾ കൂടുതൽ ഇകഴ്ത്താൻകഴിയും എന്ന ഒരു ബോധ്യം ആ കവിതയിൽ ജീവിക്കുന്നുണ്ട്.
ഒരു പുലയനെ നോക്കി നമ്പൂതിരി എന്ന് വിളിച്ചാൽ കളിയാക്കലാവുകയില്ല. എന്നാൽ നമ്പൂതിരിയെ നോക്കി പുലയൻ എന്ന് വിളിച്ചാൽ കളിയാക്കലാവുന്നു. ഈഴവനായിരിക്കുന്ന ഒരു വ്യക്തിയെ പുലയൻ എന്ന് വിളിച്ചാൽ കളിയാക്കലായിമാറും. ജാതിവ്യവസ്ഥയുടെ സവിശേഷമായ ഭാഷാശാസ്ത്രമാണിത്. പുലയരടക്കമുള്ള ദളിത് സമുദായങ്ങളുടെ സാമൂഹിക ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ചതിനാൽ പോത്തേരി കുഞ്ഞമ്പു എന്ന തീയ്യവിഭാഗത്തിലുള്ള ജ്ഞാനിയെ പുലയൻ കുഞ്ഞമ്പു” എന്ന് കളിയാക്കപ്പെടുന്നത് ഈ ഭാഷാശാസ്ത്ര വ്യവസ്ഥയിലാണ്.പുലയരോടൊപ്പം പന്തിഭോജനം നടത്തിയതിനാൽ വിജ്ഞാന വർദ്ധിനിസഭ സഹോദരൻ അയ്യപ്പനെ പുലയൻ അയ്യപ്പൻ എന്ന് വിളിക്കുമ്പോഴും ഇതേ ഭാഷാശാസ്ത്രം പ്രവർത്തിച്ചിട്ടുണ്ട്. കറുത്ത നിറമുള്ള ഒരു നമ്പൂതിരിയെ “പൂണൂലിട്ട പുലയൻ ” എന്ന് കളിയാക്കാനായി വിളിക്കുമ്പോൾ യഥാർത്ഥത്തിൽ കളിയാക്കപ്പെടുന്നത് നമ്പൂതിരിയാണോ പുലയരാണോ എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്.

ഗംഗയെ ഓർക്കുന്നില്ലേ ?
അതെ മാടമ്പിള്ളിയിലെ ആ യഥാർത്ഥ മനോരോഗി ഗംഗ ? ഗംഗ പഴമയിലേക്ക് മുഴുകിച്ചേരുന്ന നാഗവല്ലിയോട് യാർ നീ………. എന്ന് മാടമ്പിള്ളിയിൽ ഭിഷഗ്വരപ്പണിക്കു വരുന്ന മറ്റൊരു മനോരോഗിയായ [ മന്ത്രവാദമാണ് മോഡേൺ മെഡിസിനേക്കാൾ മികച്ചത് എന്ന വാദമാണ് സണ്ണിയുടെ മനോരോഗമെന്ന് യാക്കൂബ് തോമസ് Yacob Thomas എഴുതിയിട്ടുണ്ട് ] സണ്ണി ചോദിക്കുമ്പോൾ നാഗവല്ലി തിരിച്ചു പ്രതികരിക്കുന്നത് ചണ്ഡാളാ……. ഉന്നെക്കൊന്ന്…… ഉൻ രക്തത്തെ കുടിച്ച് …… താണ്ഡവ നടനമാടപ്പോറേൻ …….. എന്നാണല്ലോ. അവിടെ തെറിച്ചുവന്നത് കഥയിലും തിരക്കഥയിലും മാത്രമല്ല നമ്മുടെ സാമൂഹ്യ ജീവിതത്തിലെയും മാലിന്യമായ ജാതിവെറി തന്നെയാണ്. ആദിരൂപം പ്രാപിച്ച കുലസ്ത്രീയുടെ സ്വത്വംപുറംചാടുന്ന ഭാഷ തന്നെയാണത്.ഗംഗ എന്നത് കുലസ്ത്രീയുടെ പോളീഷ്ഡ് മുഖമാണെങ്കിൽ നാഗവല്ലി എന്നത് ജാതിജീവിതമുള്ള കുലസ്ത്രീയുടെ ആദിരൂപമാണ്. പോളീഷെല്ലാം മാറ്റിവച്ച് നാഗവല്ലിയാവുന്ന സമയങ്ങളിൽ അഗമ്യഗമനം എന്ന ജന്മവാസനയോടൊപ്പം, ജാതിവെറിയെന്ന ആർജിതവാസനയും ചണ്ടാളാ …… എന്ന ആ ജാതിവിളിയിൽ തെറിച്ചുവരുന്നുണ്ട് . “ചണ്ഡ കർമ്മങ്ങൾ ചെയ്തവർ ചാവുമ്പോൾ ചണ്ഡാളനായി പുനർജനിക്കുന്നു” എന്ന പൂന്താന ഭാഷണം അവിടെ പ്രത്യക്ഷപ്പെടുന്നുണ്ട്.
വിദ്യാലയങ്ങളിലോ സർവ്വകലാശാലകളിലോ അല്ല, ഭാഷയുടെ ജൈവീകമായ തനി സ്വരൂപം വ്യക്തമാകണമെങ്കിൽ നാട്ടിൻപുറത്തും കവലയിലും കള്ള്ഷാപ്പിലുമൊക്കെ നടക്കാറുള്ള വഴക്കിന്റെ ഭാഷ ശ്രദ്ധിച്ചാൽ മതി. അത് പലപ്പോഴും ചുരുളി സിനിമയുടെ ഭാഷ ഓർമിപ്പിക്കും എന്നാൽ ചുരുളിയെന്ന സിനിമയിലെ ന്യൂനത അവർക്ക് മലയാളത്തെറിയുടെ ജാതിമുഖം അറിവില്ല എന്നതാണ്. ലൈംഗികച്ചുവയോടൊപ്പം ജാതിച്ചുവയും ചേർന്നാലേ മലയാളത്തെറിയുടെ തനിസ്വരൂപം ലഭ്യമാവൂ.ഡെക്കാമറൂൺ കഥകളിൽ ലൈംഗികത മാത്രമേയുള്ളൂ. എന്നാൽ മലയാളത്തെറിക്കഥകളിൽ ലൈംഗികതയെയും മറികടക്കുന്ന വീര്യംചേർക്കുന്നത് ജാതീയവാക്യങ്ങളാണ്.
നമ്പൂതിരി ലൈംഗികഫലിതങ്ങളിൽ ശൂദ്ര സ്ത്രീകളെയാണ് അവർ നിരന്തരം ഇകഴ്ത്തുക. (“ൻ്റ ശ്രീദേവ്യേ , നീയാ അഷ്ടാദ്ധ്യായി വായിച്ചങ്ങട് അർത്ഥം പറയ്യ്യ ” എന്ന കഥ ഓർക്കുക]
നായന്മാരും ഈഴവരും തമ്മിൽ വഴക്കുകൂടുമ്പോൾ ഈഴവർ നായരെ ചീത്തവിളിക്കുന്നത്
“നീ പോടാ കൊള്ളിയുന്തീ” എന്നാണ് മേൽത്തരം നായന്മാർ പലതരമുണ്ടെന്നും, അതിൽ ശവദാഹം നടത്തുന്ന നായർ മോശക്കാരൻ എന്നതാണ് അവിടത്തെ ഇകഴ്ത്തൽ.ദേഷ്യം മൂത്ത നായർ ഈഴവരെ തിരിച്ചു വിളിക്കുക “നീ പോടാ കൊട്ടീ ” എന്നാണ് . കള്ള് ചെത്തുമ്പോൾ കുലകൾ കൊട്ടിയുടച്ച് പരുവപ്പെടുത്താറുണ്ട്. ജാതിയോടു ചേർന്നുനിൽക്കുന്ന തൊഴിലാണ് അവിടെ പ്രവർത്തിക്കുന്നത്.കള്ള് ചെത്തുന്ന ഇതര ജാതിക്കാരെ അങ്ങനെ വിളിക്കുന്നത് കേട്ടിട്ടില്ല . ഇതര ജാതിക്കാർ പുലയരെ ചീത്ത വിളിക്കാൻ നാടി എന്ന് വിളിക്കാറുണ്ട്. പുലയരേക്കാൾ താഴ്‌ന്നതെന് അവർ കരുതുന്ന നായാടി ജാതിയെയാണ് അവിടെ പരിഹാസത്തിനായി ഉപയോഗിക്കുന്നത്. ശ്രേണീകൃതമായ ജാതിവ്യവസ്ഥയുടെ ഭാഷാശാസ്ത്രം അവിടെയും പ്രവർത്തിക്കുന്നുണ്ട്.തെറിയോടൊപ്പം വടുകൻ എന്ന് ചേർത്ത് ക്രിസ്ത്യാനിയെയും തെറിയോടൊപ്പം പോർക്കെന്ന് ചേർത്ത് മുസ്ലീങ്ങളെയും ഇകഴ്‌ത്താനുള്ള “മതത്തെറിയും ” പ്രാദേശിക “വഴക്കുഭാഷയിൽ ” രൂപപ്പെട്ടു കിടക്കുന്നു. ” ഇപ്പോൾ പരസ്യമായ വഴക്കുകൾ വീട്ടിലില്ല ” എന്ന് എസ് .ജോസഫിന്റെ കവിതയിൽ പറയുന്നതുപോലെ ഇപ്പോൾ പരസ്യമായ വഴക്കുകൾ നാട്ടിൻപുറങ്ങളിലില്ലായിരിക്കാം. ഇത്തരം പദപ്രയോഗങ്ങൾ പരസ്യമായി കുറഞ്ഞിട്ടുമുണ്ട്. അപ്പോഴും തങ്ങളോട് മോശം പ്രവർത്തിച്ചത് ഏത് ജാതിക്കാരനാണോ അയാളെ ചേർത്തുള്ള അടക്കംപറച്ചിലുകളിൽ ജാതിഭാഷയുടെ ആദിരൂപങ്ങൾ വീട്ടിലുംനാട്ടിലും നിലനിൽക്കുന്നുണ്ട്. അതിന്റെയൊരു ഉദാഹരണം മാത്രമാണ് “പൂണൂലിട്ട പുലയൻ ” എന്ന് തെറിച്ചു വന്ന സോഷ്യൽ മീഡിയാത്തെറി . ആ ചീത്തവിളിയുടെ ഓഡിയോ ചാനലുകൾ പുറത്തുവിട്ടിരുന്നു.

എത്രമാത്രം വെറുപ്പാണ് അവർ പുലയർ എന്ന ജാതിക്കുമേൽ നിലനിർത്തുന്നത് എന്നത് ആ ശബ്ദവിന്യാസം തന്നെ വെളിപ്പെടുത്തുന്നുണ്ട്. ഇത് ഏതെങ്കിലുമൊരു അഭിജാതസ്ത്രീയുടെ ശബ്ദം എന്ന് നമുക്ക് കുറച്ചു കാണാനാവുകയില്ല. ഭൂരിപക്ഷം മനുഷ്യരിലും അബോധത്തിൽ സ്ഥിതിചെയ്യുന്ന ജാതിവെറി ഒന്നോ രണ്ടോ പേരിലൂടെ ശബ്ദമായി പുറത്തുവരുന്നു എന്നതാണ് യാഥാർത്ഥ്യം. ഇതൊരു സാമൂഹ്യ അവബോധമാണ്. ജാതീയ പാരമ്പര്യം കേരള സമൂഹത്തിൽ ഏൽപ്പിച്ച പരുക്ക് എത്രമാത്രം ദുരന്തമാണെന്ന് ബോധ്യപ്പെടാനാണ് ഇത്തരം വെളിപാടുകളെ നമ്മൾ ഏകകമായി എടുക്കേണ്ടത്. അതുകൊണ്ടുതന്നെ പശുക്കൾക്ക് പശുത്വം ജാതിയായിരിക്കുന്നതുപോലെ
മനുഷ്യർക്ക് മനുഷ്യത്വമാണ് ജാതി
[മനുഷ്യാണാം മനുഷ്യത്വം ജാതി
ജാതി ഗോത്വം ഗവാം യഥാ ]
എന്ന ഗുരുദർശനം
നാം ആവുന്നത്ര ഉറക്കെ പറഞ്ഞുകൊണ്ടേയിരിക്കണം…….
(‪+91 85475 46530)

Author

126 Views
Scroll to top
Close
Browse Categories