ഐതിഹാസികം ഈ സംവരണ തീരുമാനം
എന്തുകൊണ്ടും എടുത്തുപറയേണ്ട ചരിത്രപരമായ തീരുമാനം തന്നെയാണ് സംവരണകാര്യത്തില്‍ സുപ്രീംകോടതി ചീഫ്ജസ്റ്റിസ് ബി.ആര്‍ ഗവായ് കൈക്കൊണ്ടിരിക്കുന്നത്. സുപ്രീംകോടതിയിലെയും, ഹൈക്കോടതികളിലെയും മറ്റുമുള്ള ജഡ്ജിമാരുടെ നിയമനത്തില്‍ ഇന്നല്ലെങ്കില്‍ നാളെ പട്ടികജാതി – പട്ടികവര്‍ഗ്ഗ- പിന്നാക്ക സംവരണം നടപ്പിലാക്കേണ്ടിവരുമെന്നുള്ള കാര്യത്തില്‍ തര്‍ക്കമില്ല. മഹാഭൂരിപക്ഷത്തിന്റെ വികാരത്തെ അടിച്ചമര്‍ത്താന്‍ വളരെക്കാലം ഒരു ഭരണാധികാരിക്കും കഴിഞ്ഞെന്ന് വരികയില്ല.
നീതിന്യായ രംഗത്തു പുതിയ ചരിത്രമെഴുതി സുപ്രീംകോടതിയില്‍ പിന്നാക്ക,പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കു സംവരണം. ജുഡീഷ്യല്‍ ഇതര ജീവനക്കാരുടെ സ്ഥാനക്കയറ്റം, നേരിട്ടുള്ള നിയമനം എന്നിവയിലാണ് പരമോന്നതകോടതി സംവരണ നയം അംഗീകരിച്ചത്. പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള രണ്ടാമത്തെ ചീഫ് ജസ്റ്റിസ് കൂടിയായ ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായിയുടെ നേതൃത്വത്തിലാണ് തീരുമാനം. കഴിഞ്ഞ മാസം 23 മുതലാകും സംവരണത്തിനു പ്രാബല്യം. ജഡ്ജി നിയമനങ്ങളില്‍ സംവരണം ബാധകമല്ല.

ഇതു പ്രകാരം സുപ്രീംകോടതിയിലെ ജുഡീഷ്യല്‍ ഇതര വിഭാഗങ്ങളില്‍ 15 ശതമാനം തസ്തികകള്‍ പട്ടിക ജാതി വിഭാഗത്തില്‍ നിന്നുള്ളവര്‍ക്കായി നീക്കിവയ്ക്കും. പട്ടികവര്‍ഗ്ഗവിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് 7.5 ശതമാനം സംവരണം. രജിസ്ട്രാര്‍, സീനിയര്‍ പെഴ്‌സണല്‍ അസിസ്റ്റന്റ്, അസിസ്റ്റന്റ് ലൈബ്രേറിയന്‍, ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റ്, ചേംബര്‍ അറ്റന്‍ഡന്റ് തുടങ്ങിയ തസ്തികകളിലാണു സംവരണം.
സുപ്രീംകോടതിയിലും സാമൂഹിക നീതി വേണമെന്നും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സമീപനമുണ്ടാകണമെന്നുള്ള നിലപാടുകാരനാണു ചീഫ് ജസ്റ്റിസ് ഗവായ്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഹൈക്കോടതികളിലും ഇതിനകം സംവരണം ഏര്‍പ്പെടുത്തിയിരിക്കെ സുപ്രീം കോടതി മാത്രം എന്തിനു മാറിനില്‍ക്കുന്നു വെന്ന് ജസ്റ്റിസ് ഗവായ് ചോദിച്ചിരുന്നു. ദളിത് പശ്ചാത്തലമുള്ള ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായ് കേന്ദ്രസംവരണചട്ടം മാനദണ്ഡമാക്കിയാണ് ഈ നടപടി സ്വീകരിച്ചത്. സുപ്രീംകോടതിയുടെ കഴിഞ്ഞ 75 വര്‍ഷത്തെ ചരിത്രത്തിനാണ് ഇതോടെ വഴിത്തിരിവായത്. സംവരണം പൂര്‍ണ്ണമായി നടപ്പിലാക്കുമ്പോള്‍ സുപ്രീംകോടതിയുടെ ആഭ്യന്തരഭരണത്തില്‍ ചുരുങ്ങിയത് 600 ജീവനക്കാര്‍ എസ് സി/എസ് റ്റി വിഭാഗക്കാരായി ഉണ്ടാവും.
ഒഴിവുകളില്‍ അപേക്ഷ ക്ഷണിക്കുന്നതും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതും റിക്രൂട്ട്‌മെന്റ് രജിസ്ട്രാര്‍ ആണ്. സ്ഥാനക്കയറ്റവും അപ്രകാരമാണ്. അന്തിമപട്ടികയും നിയമന ഫയലും ചീഫ് ജസ്റ്റിസ് കണ്ട് അംഗീകരിക്കണം. ജീവനക്കാരുടെ മോഡല്‍ റോസ്റ്ററില്‍ ഇനി മൂന്ന് കാറ്റഗറി ഉണ്ടാവും എസ് സി, എസ് റ്റി, അണ്‍ റിസര്‍വ്ഡ്. റോസ്റ്ററില്‍ അപാകതയുണ്ടെങ്കില്‍ അത് തിരുത്താന്‍ ജീവനക്കാര്‍ക്ക് റിക്രൂട്ട്‌മെന്റ് രജിസ്ട്രാര്‍ക്ക് നിവേദനം നല്‍കാം.
പട്ടികജാതി-പട്ടികവര്‍ഗ്ഗ സംവരണം ഏര്‍പ്പെടുത്തിയ സുപ്രീംകോടതി പിന്നാക്ക സംവരണം ഏര്‍പ്പെടുത്താതിരുന്നതിനെ സംബന്ധിച്ച് വ്യാപകമായ ആക്ഷേപമുണ്ടായി. ഈ പിന്നാക്ക വികാരം മാനിച്ചുകൊണ്ടായിരിക്കും പെട്ടെന്ന് തന്നെ സുപ്രീംകോടതി പിന്നാക്കസംവരണം ഏര്‍പ്പെടുത്തികൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. സ്റ്റാഫ് നിയമനത്തിലും പ്രമോഷനിലും ഒ ബിസി വിഭാഗങ്ങള്‍ക്ക് സുപ്രീംകോടതി സംവരണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. 1961 ലെ സുപ്രീംകോടതി ഓഫീസര്‍മാരുടേയും സേവകരുടേയും (സേവന വ്യവസ്ഥകളും പെരുമാറ്റ വ്യവസ്ഥകളും) നിയമങ്ങളില്‍ ഭേദഗതിവരുത്തിയാണ് സംവരണം നല്‍കിയത്.

കേന്ദ്ര വ്യവസ്ഥകള്‍ക്ക് അനുസരിച്ചായിരിക്കും സംവരണതോത്. കാലാകാലങ്ങളില്‍ കേന്ദ്രം വരുത്തുന്ന മാറ്റങ്ങളും ഈ ജീവനക്കാര്‍ക്കും ബാധകമായിരിക്കും. സുപ്രീംകോടതിയിലെ ഏത് തസ്തികയ്ക്കും ഇതേ സംവരണനയം ബാധകമാകും. കേന്ദ്ര ശമ്പളസ്‌കെയിലും തുടരും. ആവശ്യമെങ്കില്‍ ഈ നയത്തില്‍ ഭേദഗതി വരുത്താനോ, പരിഷ്‌കരണങ്ങള്‍ വരുത്താനോ, ഒഴിവാക്കലുകള്‍ വരുത്താനോ ചീഫ്ജസ്റ്റിസിന് അധികാരമുണ്ട്.
ഭരണഘടനയുടെ ആര്‍ട്ടിക്കിൾ 146 ലെ വ്യവസ്ഥ (2) പ്രകാരം നല്‍കിയ അധികാരങ്ങള്‍ ഉപയോഗിച്ച് സംവരണം ഏര്‍പ്പെടുത്തി ചീഫ് ജസ്റ്റിസ് ബി.ആര്‍.ഗവായ് ജൂലായ് നാലിന് വിജ്ഞാപനം പുറപ്പെടുവിക്കയായിരുന്നു. ഇതിനായി പുതിയ ചട്ടം 4(എ) ഉള്‍പ്പെടുത്തി. പട്ടികജാതി, പട്ടികവര്‍ഗം മറ്റ് പിന്നാക്ക വിഭാഗങ്ങള്‍, ശാരീരിക വെല്ലുവിളി നേരിടുന്നവര്‍, മുന്‍ സൈനികര്‍, സ്വാതന്ത്ര്യസമരസേനാനികളുടെ ആശ്രിതര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് ഷെഡ്യൂളില്‍ വ്യക്തമാക്കിയ വിവിധ വിഭാഗങ്ങളിലേക്കുള്ള നേരിട്ടുള്ള നിയമനത്തില്‍ സംവരണം ലഭിക്കുമെന്ന് സുപ്രീംകോടതിയുടെ വിജ്ഞാപനത്തില്‍ പറയുന്നു.
ഇവരുടെ തസ്തികയ്ക്ക് അനസൃതമായ ശമ്പള സ്‌കെയില്‍പോലുള്ള കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന നിയമങ്ങള്‍, ഉത്തരവുകള്‍, വിജ്ഞാപനങ്ങള്‍ എന്നിവയ്ക്കും ചീഫ് ജസ്റ്റിസ് കാലാകാലങ്ങളില്‍ വ്യക്തമാക്കിയേക്കാവുന്ന പരിഷ്‌കരണങ്ങള്‍, വ്യതിയാനങ്ങള്‍ ഒഴിവാക്കലുകള്‍ എന്നിവയ്ക്കും വിധേയമായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു. ജീവനക്കാരുടെ സര്‍വ്വീസുമായി ബന്ധപ്പെട്ട് ഭരണഘടനയിലെ അനുച്ഛേദം 146(2) ചീഫ് ജസ്റ്റിസിന് നല്‍കിയിരിക്കുന്ന അധികാരമാണ് ജസ്റ്റിസ് ഗവായ് ഇതിന് ഉപയോഗപ്പെടുത്തിയത്.
ചരിത്രവിധികള്‍ പുറപ്പെടുവിക്കുന്ന സ്ഥാപനത്തിന് അത് നടപ്പിലാക്കേണ്ടതുണ്ട് എന്ന നിലപാടാണ് ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ് സ്വീകരിച്ചത്. കോടതിയുടെ തത്വങ്ങള്‍ അവയുടെ പ്രയോഗത്തിലും പ്രതിഫലിക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി. 1956 ല്‍ ഡോ.ബി.ആര്‍ അംബേദ്ക്കറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ദളിത് വിഭാഗത്തിലെ അരലക്ഷത്തോളം പേര്‍ ബുദ്ധമതത്തില്‍ ചേര്‍ന്നപ്പോള്‍ ബി.ആര്‍ ഗവായിയുടെ പിതാവ് ആര്‍.എസ് ഗവായിയും ആ ഒഴുക്കിനൊപ്പം ചേര്‍ന്നു. അതിനുശേഷം കുടുംബം ബുദ്ധമതത്തിലും അംബേദ്ക്കര്‍ തത്വങ്ങളിലും അടിയുറച്ചു നില്‍ക്കുകയാണ്.
ചരിത്രത്തെ വളരെക്കാലം പിറകോട്ട് നയിക്കാന്‍ ആര്‍ക്കും സാധിച്ചെന്ന് വരികയില്ല സുപ്രീംകോടതിയിലെ പിന്നാക്ക -ദളിത് സംവരണത്തെ തത്പര കക്ഷികള്‍ ബോധപൂവ്വം തടഞ്ഞുനിര്‍ത്തിയിരിക്കുകയായിരുന്നു. ജസ്റ്റിസ് ഗവായ് അതിന് അന്ത്യംകുറിച്ചിരിക്കുകയാണ്. 33 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് 9 അംഗ ഭരണഘടനാബഞ്ച് ഇന്ദ്രാ സാഹ്‌നി കേസില്‍ 27 ശതമാനം പിന്നാക്ക സംവരണം വിധിച്ചത്. കേന്ദ്ര സര്‍വ്വീസിലടക്കം എല്ലാമേഖലയിലും ഇത് ബാധകമാണെന്ന് സുപ്രീംകോടതിയുടെ 1992 ലെ ഫുള്‍ബെഞ്ച് വിധിയിലുണ്ട്. 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായ സുപ്രീംകോടതിയിലെ ആര്‍.കെ സബര്‍വാള്‍ കേസിലും പിന്നാക്ക സംവരണം ഉയര്‍ത്തിക്കാട്ടിയിട്ടുണ്ട്.
പിന്നാക്ക ജനവിഭാഗങ്ങളിലെ നല്ലൊരു ശതമാനം പേര്‍ ഇപ്പോഴും പിന്നാമ്പുറങ്ങളില്‍ തന്നെയാണ്. രാജ്യത്തെ വിവിധ സംഭവങ്ങളും സാമൂഹ്യമാറ്റങ്ങളും രാഷ്ട്രീയവും ഒന്നും ഇക്കൂട്ടരില്‍ പലരും അറിയുന്നതുപോലുമില്ല. അടിമത്വത്തിന്റെ ചങ്ങലക്കെട്ടുകളില്‍ വീണ ഇക്കൂട്ടര്‍ക്ക് ഇനിയും മോചനം ലഭിച്ചിട്ടില്ലെന്നുള്ളത് ഒരു വസ്തുതയാണ്. വിദ്യാഭ്യാസപരമായും, സാംസ്‌കാരികമായും, സാമൂഹ്യമായിട്ടുള്ള പിന്നാക്കാവസ്ഥ ഇക്കൂട്ടരെ സംബന്ധിച്ചിടത്തോളം ഇന്നും തുടരുന്ന സ്ഥിതിയാണ്. ഇതില്‍ മാറ്റം വരുത്തുക വളരെ എളുപ്പം നടക്കുന്ന ഒന്നല്ല. ശക്തവും ധീരവുമായ രാഷ്ട്രീയ തീരുമാനങ്ങളാണ് ഈ ജനവിഭാഗത്തിനെ സമൂഹത്തിന്റെ മുന്‍പന്തിയില്‍കൊണ്ട് വരാന്‍ വേണ്ടിയിരിക്കുന്നത്. ആ ദിശയിലേയ്ക്കുള്ള എന്തുകൊണ്ടും എടുത്തുപറയേണ്ട ചരിത്രപരമായ തീരുമാനം തന്നെയാണ് സംവരണകാര്യത്തില്‍ സുപ്രീംകോടതി ചീഫ്ജസ്റ്റിസ് ബി.ആര്‍ ഗവായ് കൈക്കൊണ്ടിരിക്കുന്നത്. സുപ്രീംകോടതിയിലെയും, ഹൈക്കോടതികളിലെയും മറ്റുമുള്ള ജഡ്ജിമാരുടെ നിയമനത്തില്‍ ഇന്നല്ലെങ്കില്‍ നാളെ പട്ടികജാതി – പട്ടികവര്‍ഗ്ഗ- പിന്നാക്ക സംവരണം നടപ്പിലാക്കേണ്ടിവരുമെന്നുള്ള കാര്യത്തില്‍ തര്‍ക്കമില്ല. മഹാഭൂരിപക്ഷത്തിന്റെ വികാരത്തെ അടിച്ചമര്‍ത്താന്‍ വളരെക്കാലം ഒരു ഭരണാധികാരിക്കും കഴിഞ്ഞെന്ന് വരികയില്ല.
ഈ രാജ്യത്തെ പിന്നാമ്പുറങ്ങളിലെ ദളിത്-പിന്നോക്ക ജനകോടികള്‍ ധീരമായ സംവരണ നിലപാട് കൈക്കൊണ്ടതില്‍ ജസ്റ്റിസ് ഗവായിയോട് എന്തുകൊണ്ടും കടപ്പെട്ടിരിക്കുന്നു. സാമൂഹ്യനീതിയെ വളരെ ശക്തമായി ഉയര്‍ത്തിപ്പിടിക്കുന്ന ഈ ചീഫ് ജസ്റ്റിസിനും പരമോന്നത കോടതിയ്ക്കും നമ്മുടെ രാജ്യത്തിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍!
(ലേഖകന്‍ ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗമാണ്. 9847132428 ഇമെയില്‍: [email protected])






