സൂംബയ്ക്ക് ഫത്വ

മതനേതാക്കൾ മതവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ പറയുന്നതിനപ്പുറം സർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങളെയും പരിഷ്കാരങ്ങളെയുമെല്ലാം മതത്തിന്റെ പേര് പറഞ്ഞ് നഖശിഖാന്തം എതിർക്കുന്ന പ്രവണത തുടങ്ങിയിട്ട് കാലം കുറെയായി. കേരളത്തിലെ പ്രബലരായ രാഷ്ട്രീയ കക്ഷികളെല്ലാം ഇക്കൂട്ടരുടെ തീട്ടൂരങ്ങൾക്ക് മുന്നിൽ മുട്ടുവിറച്ച് നിൽക്കുന്നതിന്റെ ഫലമായി മതഭ്രാന്തന്മാർ തലയിൽ കയറിയിരുന്ന് നിരങ്ങുന്ന അവസ്ഥയിലെത്തിയപ്പോൾ കേരളം നേടിയ പുരോഗതിയെ 19-ാം നൂറ്റാണ്ടിലെ മദ്ധ്യകാലഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ടു പോകരുതെന്ന് സംസ്ഥാന ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് പറയേണ്ടി വന്നത് ഗതികെട്ടിട്ടാണെന്ന് വ്യക്തം

‘മതമേതായാലും മനുഷ്യൻ നന്നായാൽ മതി’യെന്നും ‘വിദ്യകൊണ്ട് സ്വതന്ത്രരാകുക’ എന്നും അരുളിച്ചെയ്ത ശ്രീനാരായണ ഗുരുവിന്റെ നാട്ടിലിപ്പോൾ മതഭ്രാന്തന്മാർ ഉറഞ്ഞുതുള്ളുകയാണ്. കേരളം ഭ്രാന്താലയമാണെന്ന് ഒരു നൂറ്റാണ്ടിനപ്പുറം സ്വാമി വിവേകാനന്ദൻ നടത്തിയ നിരീക്ഷണം അക്ഷരാർത്ഥത്തിൽ ശരിവയ്ക്കുന്നതാണിപ്പോൾ കേരളത്തിലെ സ്ഥിതി. വിദ്യാഭ്യാസ, സാംസ്കാരിക രംഗങ്ങളിൽ കേരളം നേടിയ നവോത്ഥാനവും പുരോഗതിയെയും നൂറ്റാണ്ടുകൾ പിന്നോട്ടടിക്കുകയാണോ എന്ന് തോന്നും വിധം ഏവരെയും ഉത്കണ്ഠാകുലരാക്കുന്ന കാര്യങ്ങളാണിപ്പോൾ ഇവിടെ നടക്കുന്നത്. പൊതുവിദ്യാഭ്യാസ രംഗത്ത് സർക്കാർ നടപ്പാക്കുന്ന ഏതൊരു പരിഷ്കാരത്തെയും മതവുമായി കൂട്ടിക്കെട്ടി ഇത് തങ്ങളുടെ മത വിശ്വാസത്തിനെതിരാണെന്ന് പറഞ്ഞ് നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ നേതൃത്വം വഹിക്കുന്നത് മുസ്ലിം മതനേതാക്കളും മതപണ്ഡിതന്മാരും സംഘടനകളുമാണ്.

മതനേതാക്കൾ മതവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ പറയുന്നതിനപ്പുറം സർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങളെയും പരിഷ്കാരങ്ങളെയുമെല്ലാം മതത്തിന്റെ പേര് പറഞ്ഞ് നഖശിഖാന്തം എതിർക്കുന്ന പ്രവണത തുടങ്ങിയിട്ട് കാലം കുറെയായി. കേരളത്തിലെ പ്രബലരായ രാഷ്ട്രീയ കക്ഷികളെല്ലാം ഇക്കൂട്ടരുടെ തീട്ടൂരങ്ങൾക്ക് മുന്നിൽ മുട്ടുവിറച്ച് നിൽക്കുന്നതിന്റെ ഫലമായി മതഭ്രാന്തന്മാർ തലയിൽ കയറിയിരുന്ന് നിരങ്ങുന്ന അവസ്ഥയിലെത്തിയപ്പോൾ കേരളം നേടിയ പുരോഗതിയെ 19-ാം നൂറ്റാണ്ടിലെ മദ്ധ്യകാലഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ടു പോകരുതെന്ന് സംസ്ഥാന ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് പറയേണ്ടി വന്നത് ഗതികെട്ടിട്ടാണെന്ന് വ്യക്തം. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ലഹരി വിമുക്ത കാമ്പെയിന്റെ ഭാഗമായി സ്കൂളുകളിൽ നടപ്പാക്കുന്ന ‘സൂംബ’ നൃത്ത പരിപാടിക്കെതിരെയാണിപ്പോൾ മുസ്ലിം മതനേതാക്കൾ ‘ഫത്വ’ പുറപ്പെടുവിച്ചിരിക്കുന്നത്. മതനേതാക്കൾക്ക് ചൂട്ടുപിടിച്ച് വിവിധ മുസ്ലിം സംഘടനകളും നേതാക്കളും രംഗത്തെത്തിയതോടെ സൂംബ വിവാദം കൊഴുക്കുകയാണ്. ഇവരുടെ തീട്ടൂരത്തിനും ഫത്വയ്ക്കും മുന്നിൽ മുട്ടുമടക്കില്ലെന്ന് ഭരണകക്ഷി നേതാക്കളും മന്ത്രിമാരുമൊക്കെ വ്യക്തമാക്കുന്നുണ്ടെങ്കിലും മതനേതാക്കൾക്ക് മുന്നിൽ ഇവർക്കൊക്കെ എത്രകാലം പിടിച്ചു നിൽക്കാനാകുമെന്നതാണ് കേരളം ഉറ്റു നോക്കുന്നത്.
വിദ്യാർത്ഥികളുടെ മാനസികവും ശാരീരികവുമായ ക്ഷേമം പ്രോത്സാഹിപ്പിക്കുക, ലഹരി ഉപയോഗത്തിനെതിരെ ബോധവത്ക്കരണം നടത്തുക എന്നീ ലക്ഷ്യങ്ങളോടെ ‘സൂംബ’ നൃത്തത്തിന്റെയും സംഗീതത്തിന്റെയും അകമ്പടിയോടെയുള്ള എയ്റോബിക് പരിശീലനത്തിനെതിരെയാണ് അടിസ്ഥാനമില്ലാത്ത ദുർവ്യാഖ്യാനവുമായി ഒരുകൂട്ടർ രംഗത്തിറങ്ങിയിരിക്കുന്നത്. പുരോഗമനവാദികളെന്ന് സ്വയംപ്രഖ്യാപിക്കുന്നവരും പേരിനുമുന്നിൽ ഡോക്ടറേറ്റുള്ളവരുമൊക്കെ ഈ പ്രാകൃത ചിന്താഗതിയുടെ വക്താക്കളായി രംഗത്തെത്തിയെന്നതാണ് ഏറെ വിചിത്രം. പിണറായി സർക്കാരിനെയും നയങ്ങളെയും നഖശിഖാന്തം എതിർക്കുന്നവർ പോലും വിദ്യാലയങ്ങളിൽ നടപ്പാക്കിയ സൂംബ നൃത്തത്തെ അനുകൂലിക്കുകയും അഭിനന്ദിക്കുകയും സർക്കാരിന് പൂർണപിന്തുണ നൽകുകയും ചെയ്തതോടെ എതിർക്കുന്നവർ ഒറ്റപ്പെടുന്ന അവസ്ഥയിലായെങ്കിലും പിന്മാറിയിട്ടില്ല. വിദ്യാഭ്യാസ വകുപ്പിൽ നിന്ന് ലഭിച്ച നിർദ്ദേശം അനുസരിച്ച് സ്കൂളുകളിൽ നടന്ന സൂംബ പരിശീലനത്തിൽ മുസ്ലിം വിദ്യാർത്ഥികളടക്കം ഏറെ സന്തോഷത്തോടെയും ആവേശത്തോടെയും പങ്കെടുക്കുന്നതിന്റെ വീഡിയോകൾ പുറത്തു വന്നതോടെ മുസ്ലിം സംഘടനകൾ ഉന്നയിച്ച വിവാദം വെറും മതപരമായ സങ്കുചിതത്വത്തിന്റെ ഭാഗമാണെന്ന് വ്യക്തമായി. എന്തിനെയും മതത്തിന്റെ കണ്ണിലൂടെ നോക്കിക്കാണുന്ന താലിബാൻ ചിന്താഗതിയാണ് ഇവിടെയും അനാവരണം ചെയ്യപ്പെടുന്നത്.

സൂംബയെ തെറ്റായി വ്യാഖ്യാനിക്കുന്നു:
വെള്ളാപ്പള്ളി നടേശന്‍

സൂംബ നൃത്തത്തെ ചില മുസ്ലിം സംഘടനാ നേതാക്കളും പണ്ഡിതന്മാരും തെറ്റായാണ് വ്യാഖ്യാനിക്കുന്നതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി
വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു. സൂംബ നൃത്ത വിഷയത്തിൽ സർക്കാരിനും വിദ്യാഭ്യാസ വകുപ്പിനും അദ്ദേഹം പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. കാര്യങ്ങൾ മനസ്സിലാക്കാതെ ചിലർ വെറുതെ പ്രശ്നങ്ങളുണ്ടാക്കുകയും മതവിദ്വേഷം ഉണ്ടാക്കുകയുമാണ്. സർക്കാർ ഇക്കാര്യത്തിൽ ശക്തമായ നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകണം. വിദ്യാലയങ്ങളിലെ സമയക്രമ പരിഷ്കാരത്തിലും മതപഠനവുമായി ബന്ധപ്പെടുത്തി പ്രതിഷേധവുമായി ഇവർ രംഗത്തെത്തിയിരുന്നു. സ്കൂൾ സമയക്രമത്തിനനുസരിച്ച് മതപഠനത്തിന്റെ സമയം ക്രമീകരിക്കാതെ അവിടെയും ധാർഷ്ട്യത്തോടെയുള്ള സമീപനമാണ് സ്വീകരിച്ചത്. മതരാജ്യവും മതസംസ്ഥാനവും സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഇത്തരം കുത്സിത ശ്രമങ്ങളെ ആരെങ്കിലും വ്യാഖ്യാനിച്ചാൽ തെറ്റ് പറയാനാകില്ലെന്നും യോഗം ജനറൽ സെക്രട്ടറി പറഞ്ഞു.

സൂംബ നൃത്തം സാംസ്കാരികവും ധാർമ്മികവുമായ മൂല്യങ്ങൾക്കെതിരാണെന്ന വാദവുമായി വിവിധ മുസ്ലിം സംഘടനകൾ രംഗത്തെത്തിയതോടെയാണ് വിവാദം കനത്തത്. മതവിരുദ്ധമായ നീക്കമെന്ന് പറഞ്ഞ ഇ.കെ സുന്നി വിഭാഗം നേതാവ് അബ്ദുസമദ് പൂക്കോട്ടൂരിന് പിന്നാലെ മുജാഹിദ് വിഭാഗമായ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ എതിര്‍പ്പുമായി രംഗത്തെത്തി. ഇത് സ്കൂളുകളിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് അവർ ഫത്വ പുറപ്പെടുവിച്ചു. ആണും പെണ്ണും ഒരുമിച്ചാണ് നൃത്തം ചെയ്യുന്നതെന്നും കുട്ടികളെ ചെറുപ്പത്തിലേ ഇങ്ങനെ ഇടകലരാൻ അനുവദിക്കുന്നത് ശരിയല്ലെന്നുമായിരുന്നു സുന്നി നേതാവ് അബ്ദുസമദ് പൂക്കോട്ടൂരിന്റെ കണ്ടെത്തൽ. സൂംബ പരിശീലനം പൂർണമായി ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആൺപെൺ ഇടകലർന്ന് സംഗീതത്തിന്റെ അകമ്പടിയിലുള്ള തുള്ളലെന്നും ആഭാസനൃത്തമെന്നും വരെ സൂംബയെ മറ്റുചിലർ വിശേഷിപ്പിച്ചു. സുന്നിമഹൽ ഫെഡറേഷനും മുജാഹിദ് വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റ് ഹുസൈൻ മടവൂരും സമസ്ത യുവനേതാവിന് പിന്തുണയുമായി രംഗത്തെത്തി. മുസ്ലിംലീഗിന്റെ വിദ്യാർത്ഥി സംഘടനയായ എം.എസ്.എഫ് നേതാവ് പി.കെ നവാസും യൂത്ത് ലീഗ് വനിതാ നേതാവ് ഫാത്തിമ തഹ്‌ലിയയും സൂംബയ്ക്കെതിരെ ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ച് മതനേതാക്കളുടെ നിലപാടിന് പിന്തുണയേകി. ആൺ, പെൺ കൂടിച്ചേരൽ മതവിരുദ്ധമെന്ന നിലപാട് സ്വീകരിച്ച വിവിധ മുസ്ലിം സംഘടനാ നേതാക്കൾ പറഞ്ഞ മറ്റൊരു വിഡ്ഢിത്തം അല്പവസ്ത്രം ധരിച്ചാണ് സൂംബ നൃത്തമെന്നതാണ്. എന്നാൽ സ്കൂളുകളിൽ നടക്കുന്ന സൂംബപരിശീലനത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഈ വാദവും പൊളിഞ്ഞു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി, സമസ്ത മുഷാവറ അംഗം ബഹാവുദ്ദീൻ മുഹമ്മദ് നദ്‌വി തുടങ്ങിയവരൊക്കെ എതിർപ്പുമായി എത്തിയവരുടെ കൂട്ടത്തിലുണ്ട്.

സൂംബ നൃത്തം

ലാറ്റിൻ അമേരിക്കൻ താളങ്ങളുടെയും നൃത്തത്തിന്റെയും ഊർജ്ജം ഉൾക്കൊള്ളുന്ന അക്രോബാറ്റിക് വ്യായാമ പദ്ധതിയായ സൂംബ, വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ ഉല്ലാസം ഉറപ്പാക്കാനും ലഹരി ഉപയോഗത്തിനെതിരായ സന്ദേശം നൽകാനും ലക്ഷ്യമിട്ടാണ് നടപ്പാക്കാൻ തീരുമാനിച്ചത്. 1990 കളുടെ മദ്ധ്യത്തിൽ കൊളംബിയൻ നർത്തകനും കോറിയോഗ്രാഫറുമായ ആൽബർട്ടോ ബെറ്റോ പെരസ് ആണ് സൂംബയ്ക്ക് രൂപം നൽകിയത്. പരമ്പരാഗത എയ്റോബിക് ചുവടുകൾക്ക് പകരം ലാറ്റിൻ താളമേളങ്ങൾക്കനുസൃതമായി നൃത്തച്ചുവടുകൾ കൂട്ടിച്ചേർത്ത് അദ്ദേഹം അവതരിപ്പിച്ച നൃത്തം വിദ്യാർത്ഥികൾക്ക് ഏറെ ഇഷ്ടമായി. അങ്ങനെ ലാറ്റിൻ നൃത്തവും ഫിറ്റ്നസ് വ്യായാമങ്ങളും സംയോജിപ്പിച്ചാണ് സൂംബ എന്ന ആശയം യാഥാര്‍ത്ഥ്യമാക്കിയത്. സൂംബ നൃത്തത്തിന് ആരോഗ്യപരമായി നിരവധി ഗുണങ്ങളുണ്ടെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഹൃദയമിടിപ്പ് കൂട്ടി ഹൃദയപേശികളെ ശക്തിപ്പെടുത്തുന്നതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സൂംബ സഹായിക്കുമെന്നാണ് കണ്ടെത്തൽ. വിദ്യാർത്ഥികളിലെ മാനസിക സംഘർഷം, ഉത്ക്കണ്ഠ, വിഷാദം എന്നിവയെ കുറയ്ക്കാനും സൂംബ സഹായിക്കുന്നു. പതിവായ പരിശീലനം ശരീരത്തിന് വഴക്കം നൽകുകയും ശാരീരികവും മാനസികവുമായ ഉന്മേഷം ഉറപ്പാക്കുകയും ചെയ്യും. ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ സൂംബയും യോഗയും പോലുള്ള വ്യായാമ മുറകൾ ഉപയോഗിക്കുന്നത് പ്രായോഗികവും ശാസ്ത്രീയവുമാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പ് സ്കൂളുകളിൽ സൂംബ നൃത്ത പരിശീലനത്തിന് തുടക്കമിട്ടത്. എന്നാൽ ലിംഗഭേദം, വസ്ത്രധാരണം, സദാചാരം തുടങ്ങിയ കാലഹരണപ്പെട്ട വാദങ്ങളുയർത്തിയാണ് മുസ്ലിം മതനേതാക്കളും സംഘടനകളും ഇതിനെതിരെ രംഗത്തെത്തിയത്. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ച് നൃത്തം ചെയ്യുന്നത് സദാചാരലംഘനമാണെന്ന വാദം ലൈംഗികതയെക്കുറിച്ചുള്ള തെറ്റായ കാഴ്ചപ്പാടിൽ നിന്ന് ഉടലെടുത്ത താലിബാൻ ചിന്താഗതി തന്നെയാണ്. വിദ്യാഭ്യാസ വകുപ്പ് ഇപ്പോഴാണ് സൂംബ നൃത്തം സ്കൂളുകളിൽ നടപ്പാക്കാൻ തീരുമാനിച്ചതെങ്കിലും പല സ്വകാര്യ സ്കൂളുകളും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകളും സൂംബയ്ക്ക് സമാനമായ നൃത്തവും യോഗ പരിശീലനവുമൊക്കെ വളരെക്കാലമായി കുട്ടികൾക്ക് നൽകി മാതൃക കാട്ടുന്നുണ്ട്.

എന്തിനെയും എതിർക്കുന്ന
പണ്ഡിതന്മാർ

വിദ്യാഭ്യാസരംഗത്ത് എന്ത് പരിഷ്കാരം കൊണ്ടുവന്നാലും അതിനെതിരെ മതത്തിന്റെ പേര് പറഞ്ഞും മത പണ്ഡിതന്മാരെന്ന പേരിലും ഒരുവിഭാഗം ഹാലിളക്കം നടത്തുന്നതിന് ഉദാഹരണങ്ങൾ എത്രവേണമെങ്കിലുമുണ്ട്. സംസ്ഥാനത്തെ സ്കൂളുകളിലെ സമയമാറ്റവുമായി ബന്ധപ്പെട്ട് മുസ്ലിം മതനേതാക്കൾ ഉയർത്തിയ വിവാദം ഉണ്ടായിട്ട് അധികനാളുകളായിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത ചടങ്ങിന്റെ വേദിയിൽ വച്ചാണ് സമസ്തനേതാവ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഇതിനെതിരെ പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചത്. രാവിലെ നിലവിൽ സ്കൂൾ അദ്ധ്യയനം തുടങ്ങുന്ന സമയത്തിൽ നിന്ന് 15 മിനിറ്റ് നേരത്തെ തുടങ്ങാനുള്ള തീരുമാനത്തിനെതിരെ തങ്ങൾ പറഞ്ഞത് അത് മുസ്ലിം കുട്ടികളുടെ മതപഠനത്തെ ബാധിക്കുമെന്നാണ്. എതിർപ്പ് കാര്യമാക്കാതെ സമയമാറ്റം സ്കൂളുകളിൽ നടപ്പാക്കിക്കഴിഞ്ഞതിനു പിന്നാലെയാണ് അടുത്ത വിവാദവുമായി മതനേതാക്കളുടെ പടപ്പുറപ്പാട്. മുമ്പ് സ്കൂളുകളിൽ വിദ്യാർത്ഥികളുടെ ‘ജന്റർ ന്യൂട്രൽ’ യൂണിഫോമുമായി ബന്ധപ്പെട്ടുണ്ടായ വിവാദവും ഇപ്പോഴത്തേതിന് സമാനമാണ്. ആണും പെണ്ണും ഒരേവസ്ത്രം ധരിക്കാൻ പാടില്ലെന്നായിരുന്നു ഇക്കൂട്ടരുടെ അന്നത്തെ തീട്ടൂരം. സ്കൂൾ സമയമാറ്റം, യൂണിഫോം, സിലബസ് നിശ്ചയിക്കൽ തുടങ്ങി ഏത് കാര്യത്തിലും അവസാനവാക്ക് വിദ്യാഭ്യാസ വകുപ്പോ സർക്കാരോ അല്ലാതായിട്ട് കുറെക്കാലമായി. കുട്ടികൾ എന്ത് പഠിക്കണമെന്നും ഏത് വസ്ത്രം ധരിക്കണമെന്നും ഏത് കായികവിനോദങ്ങളിൽ ഏർപ്പെടണമെന്നുമൊക്കെ തീരുമാനിക്കുന്നത് മതഭ്രാന്തന്മാരാണെന്നത് ആശങ്കയുണർത്തുന്നതാണ്. സ്കൂളുകളിൽ മുസ്ലിം പെൺകുട്ടികൾ ഹിജാബ് ധരിച്ചു കൊണ്ട് വരണമെന്ന് പറഞ്ഞും മൂവാറ്റുപുഴയിലെ ഒരു സ്കൂളിൽ നിസ്ക്കാരം നടത്താൻ പ്രത്യേകം മുറി വേണമെന്ന ആവശ്യം ഉന്നയിച്ചും നടന്ന കോലാഹലങ്ങളും മറക്കാറായിട്ടില്ല.
സമ്മേളന വേദിയിലേക്ക് സമ്മാനം വാങ്ങാനായി കയറിച്ചെന്ന പെൺകുട്ടിയെ പരസ്യമായി അധിക്ഷേപിച്ച് ഇറക്കിവിട്ട മതപണ്ഡിതന്റെ നടപടി പുരോഗമന കേരളത്തിനും ലിംഗസമത്വ വാദികൾക്കും ഏൽപ്പിച്ച മുറിവ് ആഴത്തിലുള്ളതായിരുന്നു. അടുത്തിടെയുണ്ടായ ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷത്തിന്റെ വിവരങ്ങൾ ലോകത്തോട് വിവരിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച സോഫിയ ഖുറേഷി സ്ത്രീകളുടെ അഭിമാനം വാനോളം ഉയർത്തിയ വേളയിലാണ് ഇങ്ങ് കേരളത്തിൽ മതത്തിന്റെ പേര് പറഞ്ഞ് നൂറ്റാണ്ടുകൾ പിന്നോട്ടടിക്കാൻ ചിലർ ശ്രമിക്കുന്നത്. കേരളത്തിലെ ഇതര മതവിഭാഗങ്ങളിലെ അദ്ധ്യക്ഷന്മാരൊന്നും വിദ്യാലയങ്ങളിലെ വിഷയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടാറില്ലെങ്കിലും തങ്ങൾ ഉന്നയിക്കുന്ന അടിസ്ഥാനമില്ലാത്ത വിഷയങ്ങളിൽ പോലും ഭരണപക്ഷം സ്വീകരിക്കുന്ന അയഞ്ഞ നിലപാടിനെ വേണ്ടുവോളം മുതലെടുക്കാനുള്ള അവസരമായാണ് മുസ്ലിം മതനേതാക്കളും മൗലികവാദികളും വിനിയോഗിക്കുന്നത്. രാഷ്ട്രീയപാർട്ടികൾ തങ്ങൾ എന്ത് വിവരക്കേട് കാട്ടിയാലും അതിന് വഴങ്ങിക്കോളുമെന്ന ധാരണയാണ് ഇക്കൂട്ടർക്ക് പ്രേരണയേകുന്നത്. മുസ്ലിം സമുദായത്തിലെ ഒരു വിഭാഗം കാട്ടിക്കൂട്ടുന്ന ഇത്തരം പ്രവൃത്തികൾ മുസ്ലിം സമൂഹത്തെയാകെ മുഖ്യധാരയിൽ നിന്ന് മാറ്റി നിർത്താനേ ഉപകരിക്കുകയുള്ളുവെന്ന് സമുദായത്തിലെ നല്ലൊരു വിഭാഗത്തിനും ബോദ്ധ്യമുണ്ടെങ്കിലും മതപണ്ഡിതരുടെ തീട്ടൂരങ്ങളെ പരസ്യമായി എതിർത്താലുണ്ടാകാവുന്ന ഭവിഷ്യത്തുകളെക്കുറിച്ച് അവർക്ക് ഉത്തമ ബോദ്ധ്യമുണ്ട്.

പ്രതിപക്ഷ നേതാവിന്റെ
‘ഉപകാരസ്മരണ’

മുസ്ലിം മതനേതാക്കളല്ലാതെ മറ്റെല്ലാവരും സൂംബ വിഷയത്തിൽ സ‌ർക്കാരിനും വിദ്യാഭ്യാസ വകുപ്പിനും പിന്തുണ പ്രഖ്യാപിച്ചെങ്കിലും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ പ്രതികരണം അദ്ദേഹത്തിന്റെ പദവിക്ക് ചേരാത്തതും മതമൗലികവാദികളെ പിന്തുണയ്ക്കുന്നതുമാണെന്ന വിമർശനമാണുയർന്നത്. സൂംബ അടിച്ചേൽപ്പിക്കരുതെന്നും ബുദ്ധിമുട്ട് പറഞ്ഞവരുമായി ചർച്ച നടത്തണമെന്നുമായിരുന്നു സതീശന്റെ നിലപാട്. മതനേതാക്കളെ ഇക്കാര്യത്തിൽ പിന്തുണയ്ക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ച ഘടകം നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ വിജയമാണെന്ന് വ്യക്തം. ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയമുഖമായ വെൽഫെയർ പാർട്ടി നിലമ്പൂരിൽ യു.ഡി.എഫിന് പരസ്യപിന്തുണ പ്രഖ്യാപിച്ചിരുന്നു. തീവ്രവാദ സ്വഭാവമുള്ള സംഘടനകൾ ഇടതിനും വലതിനുമൊക്കെ കാലാകാലങ്ങളിൽ മാറിമാറി രാഷ്ട്രീയ പാർട്ടികൾക്ക് രഹസ്യമായി പിന്തുണ നൽകിയിട്ടുണ്ടെങ്കിലും ഒരു മുന്നണിക്ക് പരസ്യപിന്തുണ നൽകുന്നത് ഇതാദ്യമായിരുന്നു.
നിലമ്പൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയത്തിനുള്ള ഉപകാരസ്മരണയാകാം സതീശനെ സൂംബ വിഷയത്തിൽ തികച്ചും പ്രതിലോമകരമായ നിലപാടെടുക്കാൻ പ്രേരിപ്പിച്ചതെന്ന് വേണം കരുതാൻ. സതീശന്റെ ഈ നിലപാട് 2026 ൽ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ടെന്നത് വ്യക്തം. എന്നാൽ ഇത് യു.ഡി.എഫിനും കോൺഗ്രസിനും ഗുണകരമാകില്ലെന്ന നിലപാടുള്ളവരും കോൺഗ്രസിലുണ്ട്. തീവ്ര സംഘടനകളുടെ പിന്തുണയോടെ യു.ഡി.എഫ് എങ്ങാനും അധികാരത്തിലെത്തിയാൽ ഭരണം തന്നെ മതമൗലികവാദികളുടെ കൈപ്പിടിയിലാകുമെന്ന ആശങ്ക കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾക്കുണ്ട്. പൊതുസമൂഹവും ഈ ആശങ്ക പങ്കുവയ്ക്കുന്നുണ്ട്.
മന്ത്രി വി. ശിവൻ കുട്ടി

സ്കൂളിലെ കാര്യങ്ങൾ സർക്കാർ
തീരുമാനിക്കും: മന്ത്രി

ലഹരിവിമുക്ത പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളുകളിൽ നടത്തുന്ന സൂംബ നൃത്തത്തിനെതിരെ ചിലർ ഉയർത്തുന്ന എതിർപ്പുകൾ ലഹരിയെക്കാൾ മാരകമെന്ന് വിശേഷിപ്പിച്ച വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി, സൂംബ വിഷയത്തിൽ ഉറച്ച നിലപാടെടുത്തത് എതിർപ്പുയർത്തിയവർക്ക് തിരിച്ചടിയായി. സ്കൂളുകളിൽ അക്കാഡമിക്, അക്കാഡമിക് ഇതര കാര്യങ്ങളിൽ എന്ത് ചെയ്യണമെന്ന് സർക്കാർ തീരുമാനിക്കുമെന്നും ഇന്ന കാര്യം ചെയ്യണമെന്ന് ആജ്ഞാപിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബോധപൂർവം വർഗ്ഗീയ നിറം നൽകി മതേതരത്വത്തിന് യോജിക്കാത്ത തരത്തിൽ അഭിപ്രായം പറഞ്ഞാൽ അംഗീകരിക്കില്ല. സൂംബ നൃത്തത്തിൽ പങ്കെടുക്കുന്ന ലക്ഷക്കണക്കിന് വിദ്യാർത്ഥികളെ ആക്ഷേപിക്കുന്ന തരത്തിലുള്ള വിവാദമാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. മതസംഘടനകൾ ആടിനെ പട്ടിയാക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സർക്കാർ തീരുമാനത്തെ ന്യായീകരിച്ച ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു, നമ്മൾ ജീവിക്കുന്നത് 21-ാം നൂറ്റാണ്ടിലാണെന്നും 19-ാം നൂറ്റാണ്ടിലോ പ്രാകൃത മദ്ധ്യകാലഘട്ടത്തിലോ അല്ലെന്നും കാലത്തിനനുസരിച്ച് ചിന്തിക്കണമെന്നുമാണ് പറഞ്ഞത്. സൂംബ ഡാൻസിൽ എന്താണ് തെറ്റെന്നും മന്ത്രി ചേദിച്ചു. അഭിപ്രായങ്ങളും വിമർശനങ്ങളും ആകാമെന്നും പക്ഷെ ആരും ആജ്ഞാപിക്കരുതെന്നും സി.പി.എം ജനറൽ സെക്രട്ടറിയും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ എം.എ ബേബിയും പറഞ്ഞു.

ലേഖകന്റെ ഫോൺ: 9446564749

Author

120 Views
Scroll to top
Close
Browse Categories