നമ്മള്‍ ഒന്നായാല്‍ നമ്മള്‍ക്ക് നന്നാകാം

എസ്.എന്‍.ഡി.പി യോഗം 693-ാം നമ്പര്‍ ശാഖയില്‍ നടന്ന മെരിറ്റ് ഈവനിംഗും ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസും യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു.

മുഹമ്മ: എസ്.എന്‍.ഡി.പി യോഗ നേതൃത്വത്തിന്റെ കീഴില്‍ നമ്മള്‍ ഒന്നായാല്‍ നമ്മള്‍ക്ക് നന്നാകാമെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം പെരുന്തുരുത്ത് പടിഞ്ഞാറ് 693-ാം നമ്പര്‍ വളവനാട് ശാഖയില്‍ നടന്ന മെറിറ്റ് ഈവനിംഗും ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസും പഠനോപകരണ വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജഭരണകാലത്തു തന്നെ അവകാശങ്ങള്‍ നേടിയവരാണ് നമ്മള്‍. ജാതീയമായ സാമ്പത്തിക സര്‍വേ എടുത്താല്‍ ഈഴവര്‍ വളരെ പിന്നാക്കാവസ്ഥയിലാണ്. മറ്റു പല സമുദായങ്ങളും വോട്ട് ബാങ്കായി പ്രവര്‍ത്തിച്ച് നേട്ടങ്ങള്‍ കൈവരിക്കുകയാണ്. നമ്മള്‍ക്ക് എന്താണ് ഉള്ളത്. പരമ്പരാഗത വ്യവസായങ്ങള്‍ വളരെ പരിതാപകരമായ അവസ്ഥയിലാണ്. കുട്ടനാട്ടില്‍ കര്‍ഷകര്‍ക്ക് നെല്ലിന്റെ വില ലഭിക്കുന്നില്ല.

സംഘടിത ശക്തികള്‍ അധികാരവും വിഭവങ്ങളും നേടുമ്പോള്‍ നാം തഴയപ്പെടുകയാണ്. നമ്മള്‍ക്ക് സമ്പത്തും അധികാരവും ലഭിച്ചാലേ പുരോഗതി പ്രാപിക്കുവാന്‍ കഴിയൂ. അതിന് തമ്മില്‍ തല്ലാതെ ഒന്നിച്ചു നില്‍ക്കണമെന്നും യോഗം ജനറല്‍ സെക്രട്ടറി പറഞ്ഞു.
ചികിത്സാ സഹായവും മികച്ച വിജയം നേടിയ കുട്ടികള്‍ക്ക് സാമ്പത്തിക സഹായവും യോഗം ജനറല്‍ സെക്രട്ടറി നല്‍കി. എസ്.എസ്.എല്‍.സി.ക്ക് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അമ്പലപ്പുഴ യൂണിയന്‍ സെക്രട്ടറി കെ.എന്‍. പ്രേമാനന്ദന്‍ അനുമോദിച്ചു. പ്ലസ്ടു പരീക്ഷയില്‍ മികച്ചവിജയം നേടിയവരെ യൂണിയന്‍ പ്രസിഡന്റ് പി. ഹരിദാസ് ആദരിച്ചു. യോഗത്തില്‍ ചെയര്‍മാന്‍ ആര്‍. കുഞ്ഞുമോന്‍ അദ്ധ്യക്ഷനായി.
റിട്ട. എസ്.ഐ.ഷിബു എസ്. പൊള്ളയില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. യോഗം ബോര്‍ഡ് മെമ്പര്‍ കെ.പി. പരീക്ഷിത്ത് പഠനോപകരണ വിതരണം നടത്തി. യൂണിയന്‍ കൗണ്‍സിലര്‍ എം. രാജേഷ് സംസാരിച്ചു. കണ്‍വീനര്‍ ബൈജു തകിടിവെളി സ്വാഗതവും കണ്ണന്‍ സി. ഹരിദാസ് നന്ദിയും പറഞ്ഞു.

Author

97 Views
Scroll to top
Close
Browse Categories