കേരളത്തിലെ ആദ്യ തൊഴിലാളി സംഘം

ശ്രീനാരായണഗുരുവിന്റെ ആശീർവാദത്തോടെയും നിർദ്ദേശ പ്രകാരവും ഇന്ത്യയിൽ തന്നെ ആദ്യമായി രൂപം കൊണ്ട ട്രേഡ്‌യൂണിയൻ പ്രസ്ഥാനമായ ‘ലേബർ യൂണിയൻ’ ആലപ്പുഴയിൽ പ്രവർത്തനം തുടങ്ങാൻ കാ‌ർമ്മികത്വം വഹിച്ചത് അന്നാട്ടുകാരനായ വാടപ്പുറം പി.കെ ബാവ എന്ന ധീരനായ തൊഴിലാളി നേതാവായിരുന്നു.വാടപ്പുറം പി.കെ ബാവ കേരളത്തിലെ തൊഴിലാളി പ്രസ്ഥാനത്തിന് നൽകിയ വിലപ്പെട്ട സംഭാവനകളാണ് രമേശ് ബാബു രചിച്ച ‘കേരളത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങളും മാധ്യമങ്ങളും’ എന്ന പുസ്തകത്തിന്റെ ഇതിവൃത്തം. ഇന്നത്തെ അഭിനവ ട്രേഡ് യൂണിയൻ നേതാക്കൾ പോലും അറിയാൻ ശ്രമിക്കാത്ത ചരിത്ര വസ്തുതകളുണ്ട് ഈ പുസ്തകത്തിൽ. വാടപ്പുറം പി.കെ ബാവയുടെ പൗത്രനാണെന്ന പ്രത്യേകത കൂടിയുണ്ട് ഗ്രന്ഥകാരനായ രമേശ്ബാബുവിന്.

കേരളത്തിൽ ആദ്യമായി1920 കാലഘട്ടത്തിൽ ഒരു തൊഴിലാളി സംഘം രൂപപ്പെട്ടു. അതിന് കാരണമായത് ശ്രീനാരായണഗുരുവിന്റെ അനുഗ്രഹാശിസുകളും. അന്ന് റഷ്യൻ വിപ്ളവം നടന്നിരുന്നില്ല. 1848 ൽ പ്രസിദ്ധീകരിച്ച കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും കേരളത്തിന് പരിചിതമായിരുന്നില്ല. കോൺഗ്രസ് പ്രസ്ഥാനം പോലും കേരളത്തിൽ രൂപപ്പെടാത്ത കാലത്ത് ആകെ ഉണ്ടായിരുന്നത് എസ്.എൻ.ഡി.പി യോഗവും ക്രിസ്റ്റ്യൻ മിഷണറികളും ആയിരുന്നു. ഗുരുവിന്റെ ആശീർവാദത്തോടെയും നിർദ്ദേശ പ്രകാരവും ഇന്ത്യയിൽ തന്നെ ആദ്യമായി രൂപം കൊണ്ട ട്രേഡ്‌യൂണിയൻ പ്രസ്ഥാനമായ ‘ലേബർ യൂണിയൻ’ ആലപ്പുഴയിൽ പ്രവർത്തനം തുടങ്ങാൻ കാ‌ർമ്മികത്വം വഹിച്ചത് അന്നാട്ടുകാരനായ വാടപ്പുറം പി.കെ ബാവ എന്ന ധീരനായ തൊഴിലാളി നേതാവായിരുന്നു.

അക്കാലത്ത് ഒരു നാൾ ശ്രീനാരായണ ഗുരു ആലപ്പുഴ കിടങ്ങാംപറമ്പ് ക്ഷേത്രത്തിലെത്തി. തൊഴിലിടങ്ങളിൽ മൃഗങ്ങളുടേതിനെക്കാൾ കഷ്ടതയനുഭവിച്ചിരുന്ന തൊഴിലാളികൾ, തൊഴിലുടമകളായിരുന്ന മുതലാളിമാരിൽ നിന്ന് കടുത്ത പീഡകളാണനുഭവിച്ചിരുന്നത്. പി.കെ ബാവയെ ഗുരുവിനടുത്തെത്തിച്ചത് ‘സുജനനന്ദിനി’ എന്ന സാംസ്ക്കാരിക മാസികയുടെ സഹ പത്രാധിപരായിരുന്ന കേശവൻ വൈദ്യരാണ്. ആദ്യമായി കണ്ട ഗുരു, ബാവയോട് ആഗമനോദ്ദേശ്യം തിരക്കി. ‘ഞങ്ങൾ തൊഴിലാളികളുടെ അവസ്ഥ മൃഗങ്ങളുടേതിനെക്കാൾ കഷ്ടമാണ്, അടിമകളെപ്പോലെയാണ് ഉടമകൾ തൊഴിലാളികളെ കണക്കാക്കുന്നത്. ഞങ്ങൾക്കു വേണ്ടി പറയാൻ ആരുമില്ല. സർക്കാർ ഭാഗത്തുനിന്ന് കടുത്ത അനീതിയാണ് നേരിടുന്നത്. പൊലീസും ഉടമകൾക്കൊപ്പമാണ്. കോടതിയിലും നീതി ലഭിക്കുന്നില്ല.’
എല്ലാം ശ്രദ്ധയോടെ കേട്ടിരുന്ന ഗുരുവിനോടായി ബാവ പറഞ്ഞു. ‘സ്വാമികൾ ഞങ്ങളെ രക്ഷിക്കണം’
‘നാം അരുളുന്നത് നിങ്ങൾക്ക് രക്ഷയാകുമോ ?’ ഗുരു ചോദിച്ചു.
‘തീർച്ചയായും സ്വാമി, അങ്ങ് കൽപ്പിക്കുന്നതെന്തും ഞങ്ങൾക്ക് സ്വീകാര്യമാണ്.’ ബാവയും കേശവൻ വൈദ്യരും ഒരുമിച്ച് പറഞ്ഞു.
‘ശരി, എങ്കിൽ നാം കൽപ്പിക്കുന്നു. തൊഴിലെടുക്കുന്നവരുടെ ഒരു സംഘം ഉണ്ടാക്കുക. സംഘത്തിന്റെ ശക്തിയിൽ അവർ കരുത്തുള്ളവരും സ്വതന്ത്രരുമാകട്ടെ.’ അങ്ങനെ 1922 മാർച്ച് 31 ന് (1097 മീനം 18) ഒരു തൊഴിലാളി സംഘടന രൂപീകരിക്കാൻ തൊഴിലാളി വർഗ്ഗത്തെ ക്ഷണിച്ച് ആദ്യ നോട്ടീസ് ഇറക്കി. ആലപ്പുഴ കളപ്പുര ക്ഷേത്രമൈതാനത്തിന് തെക്കുള്ള യോഗസ്ഥലത്ത് തടിച്ചുകൂടിയ തൊഴിലാളികളുടെ കരഘോഷങ്ങൾക്കിടെ ‘ലേബർ യൂണിയൻ’ എന്ന കേരളത്തിലെ ട്രേഡ് യൂണിയന്റെ ആദ്യ രൂപം പിറവികൊണ്ടു. പ്രസിഡന്റായി ഡോ. എം.കെ ആന്റണിയെയും സെക്രട്ടറിയായി വാടപ്പുറം പി.കെ ബാവയെയും തിരഞ്ഞെടുത്തു. അടുത്ത മാസം മേടം 11 ന് കളപ്പുര മൈതാനത്ത് ലേബർ യൂണിയന്റെ പൊതുസമ്മേളനം ചേർന്ന് തിരുവിതാംകൂറിൽ തൊഴിൽ നിയമങ്ങൾ ഉണ്ടാകണമെന്ന പ്രമേയം പാസ്സാക്കി.
വാടപ്പുറം പി.കെ ബാവ കേരളത്തിലെ തൊഴിലാളി പ്രസ്ഥാനത്തിന് നൽകിയ വിലപ്പെട്ട സംഭാവനകളാണ് രമേശ് ബാബു രചിച്ച ‘കേരളത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങളും മാധ്യമങ്ങളും’ എന്ന പുസ്തകത്തിന്റെ ഇതിവൃത്തം. കേരളത്തിലെ തൊഴിലാളി വർഗ്ഗത്തിന്റെയും തൊഴിലാളി സംഘടനയുടെ രൂപാന്തരവും സംബന്ധിച്ച് അധികമാരും അറിയാത്ത ചരിത്ര യാഥാർത്ഥ്യങ്ങളാണ് പുസ്തകത്തിലൂടെ അനാവൃതമാകുന്നത്. ഇന്നത്തെ അഭിനവ ട്രേഡ് യൂണിയൻ നേതാക്കൾ പോലും അറിയാൻ ശ്രമിക്കാത്ത ചരിത്ര വസ്തുതകളുണ്ട് ഈ പുസ്തകത്തിൽ.

രമേശ് ബാബു

ലേബർ യൂണിയന്റെ പ്രവർത്തനം നന്നായി മുന്നോട്ട് പോകുന്നുവെന്ന കാര്യം ഗുരുവിനെ അറിയിക്കാൻ പി.കെ ബാവ കേശവൻ വൈദ്യരും കൊച്ചുകണ്ഠൻ മുതലാളിയുമൊത്ത് എല്ലാ ചിങ്ങമാസം ഒന്നിനും കൃത്യമായി ശിവഗിരിയിൽ എത്തുമ്പോൾ ഗുരു ഇങ്ങനെ ചോദിക്കുമായിരുന്നു.
‘തൊഴിലാളി സംഘം എങ്ങനെയുണ്ട്?’
‘നന്നായി പ്രവർത്തിക്കുന്നു.’ ബാവയുടെ മറുപടി.
‘പ്രയോജനപ്പെട്ടുവോ ?’ ഗുരുവിന്റെ ചോദ്യം
‘സ്വാമിയുടെ അനുഗ്രഹത്താൽ.’
‘എല്ലാവരുടെയും വിശ്വാസം ആർജ്ജിച്ച് മുന്നോട്ട് പോകുക. വരാൻ പോകുന്നത് തൊഴിലാളികളുടെ യുഗമാണ്’ ഗുരു അരുളി.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കേരളത്തിൽ വേരു പിടിച്ചതോടെ രാജ്യത്ത് ട്രേഡ് യൂണിയൻ ആക്ടും നടപ്പിലായി. ബാവ നേതൃത്വം നൽകിയ തിരുവിതാംകൂർ ലേബർ അസോസിയേഷനിലേക്കും കമ്മ്യൂണിസ്റ്റുകളുടെ സ്വാധീനം കടന്നുകയറി. തൊഴിലാളി പ്രസ്ഥാനം രാഷ്ട്രീയത്തിനതീതവും സ്വതന്ത്രവും ആയിരിക്കണമെന്നതായിരുന്നു ബാവയുടെ കാഴ്ചപ്പാട്. സംഘടനയുടെ ആശയം ജനങ്ങളിലേക്കെത്തിക്കാൻ ‘തൊഴിലാളി’ എന്ന പേരിൽ പത്രവും ആരംഭിച്ചു. ഗുരുവിന്റെ ആശയപ്രചരണാർത്ഥം ജാതീയമായ ഉച്ചനീചത്വങ്ങൾക്കെതിരെ ശക്തമായ നിലപാടെടുത്തു.

വാടപ്പുറം ബാവ

തൊഴിലിടങ്ങളിലെ ചൂഷണങ്ങൾക്കെതിരെ പ്രതിഷേധിക്കുകയും കേരളത്തിലെ ആദ്യ തൊഴിലാളി പത്രത്തിന്റെ സ്ഥാപകനെന്ന നിലയിലും വാടപ്പുറം പി.കെ ബാവയുടെ ചരിത്രപരമായ പങ്കാണിവിടെ അനാവരണം ചെയ്യപ്പെടുന്നത്. ഈ രണ്ട് കാര്യങ്ങൾക്കും നാന്ദി കുറിക്കാൻ ബാവയ്ക്ക് പ്രചോദനമേകിയത് നവകേരള സൃഷ്ടാവ് ശ്രീനാരായണ ഗുരുവായിരുന്നു. സംഘടിച്ചു ശക്തരാകുക, വിദ്യകൊണ്ട് പ്രബുദ്ധരാകുക, എന്ന ഗുരു സന്ദേശത്തെ ഗുരുവിന്റെ അനുഗ്രഹാശിസുകളോടെ പ്രാവർത്തികമാക്കുകയെന്ന ചരിത്ര ദൗത്യമാണ് പി.കെ ബാവ നിർവഹിച്ചത്.
പണിമുടക്കുകൾ നിത്യജീവിതത്തിന്റെ ഭാഗമായ ഇക്കാലത്ത് കേരളത്തിലെ ആദ്യ പണിമുടക്കിന്റെ ചരിത്രവും പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. ബോംബെക്കാരനായ ടി.സിദ്ദിക് ബാലെ മുഹമ്മദിന്റെ കമ്പനിയിൽ തൊഴിലാളിയായിരുന്ന ബാവ അവിടത്തെ തൊഴിലാളികളുടെ കൂലി യാതൊരു കാരണവും ഇല്ലാതെ വെട്ടിക്കുറച്ചതിനെ ചോദ്യം ചെയ്തു. വെട്ടിക്കുറച്ച ശമ്പളം വാങ്ങരുതെന്ന് ബാവ തൊഴിലാളികളോട് പറഞ്ഞു. കൂലി പുന:സ്ഥാപിച്ചു കിട്ടും വരെ തൊഴിലാളികൾ പണിക്ക് കയറിയില്ല. അതായിരുന്നു കേരളത്തിലെ ആദ്യ പണിമുടക്ക്.

ബാവ രൂപം നൽകിയ ആദ്യ തൊഴിലാളി സംഘടനക്ക് ശേഷം കേരളത്തിൽ ഇന്നുവരെ രൂപം കൊണ്ട ആദ്യകാല ട്രേഡ് യൂണിയനുകളുടെ രൂപാന്തരവും സ്ഥാപകവർഷവും വിശദമായിത്തന്നെ പുസ്തകത്തിൽ പ്രതിപാദിക്കുന്നുണ്ട്. തൊഴിലാളി വർഗ്ഗത്തെ കേരളത്തിലെ മാധ്യമങ്ങൾ എങ്ങനെ പ്രതിനിധീകരിച്ചു എന്നതു മുതൽ തൊഴിലാളി വർഗ്ഗ പ്രസ്ഥാനങ്ങളുടെ ഭാവി സാദ്ധ്യതകൾ വരെ ഉൾപ്പെടുന്ന അതിവിശാലമാണ് ഈ പുസ്തകത്തിന്റെ കാൻവാസ്.
വാടപ്പുറം പി.കെ ബാവയുടെ പൗത്രനാണെന്ന പ്രത്യേകത കൂടിയുണ്ട് ഗ്രന്ഥകാരനായ രമേശ്ബാബുവിന്. കേരള മീഡിയ അക്കാഡമി പ്രസിദ്ധീകരിച്ച പുസ്തകം ഇതിനകം തന്നെ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. അനന്യസാധാരണമായ ഗവേഷണ പാടവം പ്രകടമാക്കുന്ന പുസ്തകത്തിന്റെ വില 200 രൂപയാണ്. പത്രപ്രവര്‍ത്തകനും നിരവധി ഗ്രന്ഥങ്ങളുടെ കർത്താവുമായ രമേശ്ബാബു തിരുവനന്തപുരം കോവളം ‘പ്രണവ’ത്തിലാണ് താമസം. സഹകരണ ബാങ്ക് ജീവനക്കാരിയായ മിന്നുവാണ് ഭാര്യ. വിദ്യാർത്ഥികളായ വർഷ രമേശ്, കീർത്തി രമേശ് എന്നിവർ മക്കളാണ്.
രമേശ്ബാബുവിന്റെ ഫോൺ: 9446702250

Author

244 Views
Scroll to top
Close
Browse Categories