പുന്നശ്ശേരി നമ്പിയുടെ ചണ്ഡാലശാസ്ത്രം
രണ്ടരക്കൊല്ലമായി നാം തുടര്‍ച്ചയായി പ്രക്ഷോഭം നടത്തുന്നു. അധികൃതസ്ഥാനങ്ങളില്‍ നമ്മുടെ സങ്കടങ്ങള്‍ അറിയിച്ചുകഴിഞ്ഞിട്ട് നാള്‍ കുറെ കഴിഞ്ഞു. മി. പി.കെ. കുഞ്ഞ് ചെയ്ത സ്വാഗതപ്രസംഗത്തില്‍ വേണമെങ്കില്‍ രാജ സ്ഥാനത്തെ ഒന്നുകൂടി അഭയം പ്രാപിച്ചു നമ്മുടെ സങ്കടങ്ങളുണര്‍ത്തിക്കണമെന്നു പറയുന്നു. വേണ്ടാവേണ്ടാ എന്നു ഞാന്‍ പറയുന്നു. അവരെ ഉണര്‍ത്താനായിട്ടുള്ളതെന്തോ അതാണ് നാം ഇനി ചെയ്യേണ്ടത്. അതാണ് അനന്തരകരണീയമായിരിക്കുന്നത്. അതിനുള്ള ഒരു പ്രോഗ്രാം ഇന്നു സംയുക്ത സംഘത്തിനുണ്ട്.

ഇനിയൊരു കാര്യം പുന്നശ്ശേരി നമ്പി അവര്‍കളുടെ ചണ്ഡാലശാസ്ത്രമാകുന്നു. തിരുവിതാംകൂര്‍ ഗവണ്മെന്റ് കുറെ രൂപ ചെലവാക്കി ഒരു ക്ഷേത്ര പ്രവേശനക്കമ്മിറ്റി റിപ്പോര്‍ട്ടുണ്ടാക്കി. അതില്‍ ഞങ്ങളുടെ ഹിന്ദുമതത്തിലെ പോപ്പായ തരണനല്ലൂര്‍ നമ്പൂതിരിപ്പാട്ടിലെ പ്രതിനിധിയായി ഒരു നമ്പിയെ അയച്ചു. നമ്പി എന്നു പറഞ്ഞാല്‍ നമ്പൂതിരിയാണെന്നു ഞാന്‍ വിചാരിച്ചു. പക്ഷേ, അതല്ലെന്നാണ് ഇപ്പോള്‍ അറിയുന്നത്. ഏതായാലും ആ റിപ്പോര്‍ട്ടില്‍ ഈഴവന്‍ ചണ്ഡാലനാണെന്നു പറഞ്ഞിരിക്കുന്നു. ഇതു നമ്മുടെ പ്രക്ഷോഭത്തെ എങ്ങനെ സഹായിക്കുന്നു എന്നുള്ളതാണ് ഇവിടെ ചിന്തിക്കേണ്ടത്. ഈ ‘ചണ്ഡാലശാസ്ത്രം’ ഈഴവ യുവാക്കള്‍ക്കു ഹിന്ദുമതത്തോടു പണ്ടുതന്നെ ഉണ്ടായിരുന്ന വെറുപ്പിനെ ദ്വിഗുണീഭവിപ്പിക്കയും ഈഴവസമുദായത്തിലെ വൃദ്ധന്മാരെപ്പോലും ക്ഷോഭിപ്പിക്കുകയും ചെയ്തു. അതുകൊണ്ടു ഹിന്ദുമതത്തോടുള്ള അകല്‍ച്ചയ്ക്ക് അത് ഏറെക്കുറെ സഹായകരമായി വന്നു. നായരുടെ കൂട്ടുകെട്ടാണ് ഈഴവരുടെ അവകാശവാദങ്ങളുടെ മുന്നോട്ടുള്ള ഗതിക്കു വിഘ്‌നമായിത്തീര്‍ന്നിട്ടുള്ളത്. ആ വൈഷമ്യത്തെ ഇല്ലായ്മ ചെയ്യുവാന്‍ മി. നമ്പിയുടെ ‘ചണ്ഡാലശാസ്ത്രം’ പ്രേരകമായിട്ടുണ്ടെന്നു പറയാം. ആ കാരണത്താല്‍ ഈ പ്രക്ഷോഭത്തോട് ഈഴവ സമുദായത്തിന്റെ സമ്പൂര്‍ണ്ണമായ സഹകരണവും താല്‍പര്യവും ഉണ്ടായിത്തീര്‍ന്ന സംഗതിയും നമുക്ക് ആശ്വാസത്തിനു വക നല്കുന്നുണ്ട്.
ഇനി എന്തെല്ലാമാണു നാം ചെയ്യേണ്ടതെന്ന് ഇവിടെ ചിന്തിക്കേണ്ടിയിരിക്കുന്നു. രണ്ടരക്കൊല്ലമായി നാം തുടര്‍ച്ചയായി പ്രക്ഷോഭം നടത്തുന്നു. അധികൃതസ്ഥാനങ്ങളില്‍ നമ്മുടെ സങ്കടങ്ങള്‍ അറിയിച്ചുകഴിഞ്ഞിട്ട് നാള്‍ കുറെ കഴിഞ്ഞു. മി. പി.കെ. കുഞ്ഞ് ചെയ്ത സ്വാഗതപ്രസംഗത്തില്‍ വേണമെങ്കില്‍ രാജസ്ഥാനത്തെ ഒന്നുകൂടി അഭയം പ്രാപിച്ചു നമ്മുടെ സങ്കടങ്ങളുണര്‍ത്തിക്കണമെന്നു പറയുന്നു. വേണ്ടാവേണ്ടാ എന്നു ഞാന്‍ പറയുന്നു. അവരെ ഉണര്‍ത്താനായിട്ടുള്ളതെന്തോ അതാണ് നാം ഇനി ചെയ്യേണ്ടത്. അതാണ് അനന്തരകരണീയമായിരിക്കുന്നത്. അതിനുള്ള ഒരു പ്രോഗ്രാം ഇന്നു സംയുക്ത സംഘത്തിനുണ്ട്. അവര്‍ കഴിഞ്ഞ മൂന്നുനാലു മാസമായി യാതൊന്നും പ്രവര്‍ത്തനത്തില്‍ കൊണ്ടുവരാതിരുന്നു. എന്നാല്‍ ഇന്നലെ കൂടിയ യോഗത്തില്‍വച്ച് വളരെ വിപുലമായ ഒരു കാര്യപരിപാടി രൂപീകരിച്ചിട്ടുണ്ട്. അത്ര വളരെ വിഷമമില്ലാത്ത ഒരു കാര്യപരിപാടിയാണത്. അതായത് നമ്മുടെ സങ്കടങ്ങള്‍ എല്ലാം വൈസ്രോയിയുടെ അടുക്കല്‍ അറിയിക്കുക എന്നുള്ളതാണ്. ഒരു മെമ്മോറിയല്‍ വൈസ്രോയിക്ക് അയയ്ക്കുക. അതു കൊണ്ട് അധികൃതസ്ഥാനങ്ങള്‍ പോകുന്നതിന് മി. ജോര്‍ജ് ജോസഫിനെപ്പോലെയുള്ള ആളുകള്‍ കൈവശമുള്ള കാലത്ത് നാം എന്തിനു സംശയിക്കുന്നു. വൈസ്രോയിയുടെ അടുക്കല്‍ മെമ്മോറിയല്‍ കൊടുക്കുക എന്നുള്ള പണി ശരിയല്ലെന്നുള്ള അഭിപ്രായം ഇവിടെ പരത്തുവാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. അത് നമ്മേ കുറയ്ക്കുവാന്‍വേണ്ടി പറയുന്നതായാലും ശരി, അല്ലെങ്കിലും ശരി, നമ്മുടെ സങ്കടങ്ങള്‍ വൈസ്രോയിയെ സമീപിച്ച് അദ്ദേഹത്തെ അറിയിക്കേണ്ട കടമയുണ്ട്. നമ്മുടെ അവകാശസംരക്ഷണത്തിന് ഏതു മാര്‍ഗ്ഗം സ്വീകരിച്ചാലാണോ കാര്യം നടപ്പുണ്ടാകുക ആ മാര്‍ഗ്ഗം സ്വീകരിക്കേണ്ട ബാധ്യത നമുക്കുണ്ട്. ഒരു മുപ്പത്തഞ്ചു കൊല്ലത്തിനുമുമ്പ് ഡോ. പല്പുവിന്റെ നേതൃത്വത്തില്‍ ഈഴവരുടെ ഒരു മെമ്മോറിയല്‍ വൈസ്രോയിക്കയച്ചതിന്റെയും പാര്‍ലമെന്റില്‍ ചോദ്യം ചോദിച്ചതിന്റെയും ഫലമാണ് കാട്ടിലുള്ള പഞ്ചായത്തു ഡിപ്പാര്‍ട്ടുമെന്റില്‍ 5 രൂപാ ശമ്പളത്തില്‍ ഞങ്ങള്‍ക്ക് ആദ്യം ജോലി കിട്ടിയത്.

റീജന്‍സി ഭരണം ഇവിടെ ആവശ്യമില്ലെന്നു ശഠിച്ച് ഒരു കൂട്ടര്‍ വൈസ്രോയിക്കു മെമ്മോറിയല്‍ അയയ്ക്കാന്‍ തുടങ്ങിയ മാര്‍ഗ്ഗ ദര്‍ശിത്വം നമുക്കു സ്വീകരിച്ചുകൂടയോ? അതുകൊണ്ടു നമ്മുടെ സങ്കടങ്ങള്‍ വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങളില്‍ക്കൂടി അധികൃതസ്ഥാനങ്ങളില്‍ അറിയിക്കുന്നതിന് ഇനി നാം സംശയിക്കേണ്ടതില്ല. അതിന് നിങ്ങള്‍ യഥാശക്തി സഹായം ചെയ്യുകയും ഒപ്പുകള്‍ ഇട്ടുകൊടുക്കുകയും ചെയ്യണം. മെമ്മോറിയല്‍ ഒപ്പിടുന്ന കടലാസ്സുകള്‍ പ്രത്യേകം അച്ചടിച്ചിരിക്കും. അതിന്റെ ബാക്കി വശവും മറുവശവും ഒപ്പിട്ടു നിറയ്ക്കണം. ഇങ്ങനെ അനേകായിരം ഒപ്പുകള്‍ ശേഖരിക്കണം. ഒന്നുരണ്ടു ട്രക്കുകള്‍ ഈ മെമ്മോറിയല്‍കൊണ്ടു നിറയ്ക്കണം. ഇവിടെനിന്നും ഈ ‘മെമ്മോറിയല്‍ ട്രക്കുക’ളുമായി അതിന്റെ കൂടെ ഈ സംയുക്ത രാഷ്ട്രീയപ്രവര്‍ത്തകന്മാരില്‍ ഏതാനും പേരും ചേര്‍ന്നു വണ്ടി കയറി മധുരയില്‍ ചെല്ലുമ്പോള്‍ അവിടെ നിന്ന് മി. ജോര്‍ജ് ജോസഫിനെയും പിടിച്ച് വണ്ടിക്കകത്തിട്ട് നമുക്ക് സിംലാവരെ ഒന്നു പോകണം. ഇതിനു നിങ്ങള്‍ വേണ്ട സഹായങ്ങള്‍ ചെയ്യുമെന്നു വിശ്വസിക്കുന്നു. ഒപ്പിട്ടു കൊടു ക്കുന്ന കാര്യത്തില്‍ ചില വൈതാളികന്മാര്‍ നിങ്ങളെ ഭയപ്പെടുത്തും. ചില ഉദ്യോഗസ്ഥന്മാര്‍ നിങ്ങളുടെ നേരേ കണ്ണുകാണിക്കും. അതിലൊന്നും കുലുങ്ങാതെ ധൈര്യസമേതം നിങ്ങള്‍ ഒപ്പിട്ടുകൊടുക്കുമെന്നു ഞാന്‍ വിശ്വസിക്കുന്നു.
ഇനി പബ്ലിക് സര്‍വ്വീസിനെപ്പറ്റിയാണ് പറയേണ്ടത്. മി. നോക്‌സിന്റെ റിപ്പോര്‍ട്ടിനെപ്പറ്റി വേണ്ടവിധം ആലോചിച്ച് എല്ലാ സമുദായക്കാരെയും സാരമായി തൃപ്തിപ്പെടുത്തക്ക നിലയില്‍ ഒരു തീരുമാനം ഉണ്ടാക്കുവാന്‍ ഗവണ്‍മെന്റ് ആലോചിച്ചുവരുന്നതായി ദിവാന്‍ജിയുമായി നടത്തിയ അഭിമുഖ സംഭാഷണത്തില്‍ അദ്ദേഹം എന്നോടു പറഞ്ഞിട്ടുണ്ട്. സര്‍ ഹബീബുള്ളായ്ക്കു വാര്‍ദ്ധക്യം പിടികൂടിയിട്ടുണ്ടെന്നുള്ള ദോഷം ഞാന്‍ വിസ്മരിക്കുന്നില്ല. ബ്രിട്ടീഷ് ഇന്ത്യയില്‍ അദ്ദേഹം ചെയ്തതായി പറയുന്ന സേവനത്തെക്കുറിച്ചു നമുക്കു തോന്നുന്ന മതിപ്പ് ശരിയാണെങ്കില്‍ അദ്ദേഹത്തിന് ഇവിടത്തെ പ്രശ്നത്തിനു പരിഹാരമുണ്ടാക്കുവാന്‍ കഴിയുന്നതാണ്. പക്ഷേ, അദ്ദേഹത്തിന്റെ നേരേ വേറെ ചിലരുടെ ദൃഷ്ടിപാതം ഉണ്ടായിട്ടുണ്ടെന്നു വേണം വിചാരിക്കുവാന്‍. ഞാന്‍ പറയുന്നത് സര്‍ സി.പിയെപ്പറ്റിയാണ്. ആ ജന്തു നമുക്കാവശ്യമില്ല. ഞാന്‍ ജന്തു എന്നു പറയുന്നത് ഹിന്ദു എന്നാണ്. അദ്ദേഹം ഈഴവനും ക്രിസ്ത്യാനിക്കും മുസ്ലീമിനും ഒരു ഗുണവും ചെയ്യുകയില്ല. ഇതു ഞാന്‍ പറയുമ്പോള്‍ നിങ്ങളുടെ ആരുടെയും മുഖത്തു പ്രതിഷേധത്തിന്റെ ചേഷ്ട ഞാന്‍ കാണുന്നില്ല. ഈ വിദ്വാന്‍ ഇവിടെ വന്നതില്‍പ്പിന്നെയാണ് തിരുവിതാംകൂര്‍ രാജ്യത്തെപ്പറ്റി ഇത്ര ചീത്തയായ പേര്‍ പുറത്തു പരന്നത്. ഈ മനുഷ്യന്‍ പോയെങ്കിലല്ലാതെ രാജ്യം ഗുണം പിടിക്കുകയില്ല. നാം ഇത്രയും സംഗതികള്‍ നമ്മുടെ മൂന്നു സമുദായങ്ങളുടെയും സംയുക്തമായ സംഘടനകൊണ്ടു സാധിച്ചു. നാം സാധിച്ചതു വളരെക്കുറച്ചേ ഉള്ളു എന്നുള്ള അഭിപ്രായക്കാര്‍ ഉണ്ടായേക്കാം. എങ്കിലും നാം ചിലതെല്ലാം സാധിച്ചു എന്നുള്ളതു നമ്മുടെ എതിരാളികള്‍പോലും സമ്മതിക്കുന്ന ഒരു കാര്യമാണ്. അതുകൊണ്ട് ഈ മൂന്നു സമുദായങ്ങളും ഒന്നിച്ചു ചേര്‍ന്നുള്ള ഘടന നിയമസഭയില്‍ നമുക്കു കുറെ സ്ഥാനങ്ങള്‍ കിട്ടിയാലും ഇല്ലെങ്കിലും ഇനിയും തുടര്‍ന്നുകൊണ്ടുപോകേണ്ടതാണെന്നാണ് എന്റെ അഭിപ്രായം. ഈ സംയുക്ത പ്രസ്ഥാനക്കാര്‍ തിരുവിതാംകൂറിലെ ഒരു ശാശ്വതകക്ഷിയായി നില്‍ക്കട്ടെ എന്നുള്ള പ്രാര്‍ത്ഥനയോടുകൂടി ഞാന്‍ വിരമിക്കുന്നു.
(ക്രൈസ്തവ മഹാജനസഭയുടെ ആഭിമുഖ്യത്തില്‍ 1935 മെയ് 11-ാം തീയതി കൂടിയ ക്രൈസ്തവ-ഈഴവ-മുസ്ലീം രാഷ്ട്രീയസമ്മേളനത്തില്‍ സി. കേശവന്‍ ചെയ്ത പ്രസംഗം. കൊല്ലം ഡിസ്ട്രിക്ട് മജിസ്‌ട്രേട്ടു കോടതിയില്‍ ഹാജരാക്കിയത്. ഗവ. ഷോര്‍ട്ട്ഹാന്‍ഡ് റിപ്പോര്‍ട്ടറും സി. ഐ. ഡിയുമായ രാമകൃഷ്ണപിള്ള എഴുതിയെടുത്തതാണിത്.)






