ജാതി സെൻസസ് പാർട്ടികൾ നിലപാട് മാറുമ്പോൾ

നമ്മുടെ രാജ്യത്തെ പിന്നാക്കജനവിഭാഗങ്ങളുടെ കണക്കെടുക്കാതെ മനക്കണക്കിന്റെ അടിസ്ഥാനത്തില്‍ സംവരണം തുടരുന്നതിന് നീതീകരണ മില്ല. ഒമ്പതര പതിറ്റാണ്ടിനുമുമ്പ് എടുത്ത ജാതിസെന്‍സസിന്റെ അടിസ്ഥാനത്തിലുള്ള സംവരണ തീരുമാനത്തിന് യാതൊരു അടിത്തറയുമില്ല. പുതിയൊരു ജാതിസെന്‍സസ് എടുക്കാന്‍ കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ മുന്നോട്ട് വരണമെന്ന രാജ്യത്തെ പിന്നാക്കജനവിഭാഗത്തിന്റെ ആവശ്യത്തിന് നേരെ നിഷേധാത്മകമായ സമീപനമാണ് സര്‍ക്കാരുകള്‍ സ്വീകരിച്ചിരുന്നത്.

ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി രാജ്യത്ത് നിലനില്‍ക്കുന്ന സാമൂഹ്യമായ അസമത്വമാണ്. അസമത്വം ഇന്ത്യയുടെ സുദീര്‍ഘമായ ചരിത്രത്തിന്റെ പൈതൃകവുമാണ്. ജാതിവ്യവസ്ഥയുടെ സൃഷ്ടിയായിരുന്നു ഈ അസമത്വം. ജാതിവ്യവസ്ഥ സമൂഹത്തെ പല തട്ടുകളായി തിരിക്കുകയും, ഓരോ ജാതിയിലുംപെട്ടവര്‍ ചെയ്യേണ്ട തൊഴിലുകള്‍ അനുശാസിക്കുകയും ചെയ്തു. ഉയര്‍ന്ന ജാതിക്കാര്‍ സമൂഹത്തിലെ മേല്‍ത്തട്ടിലും, കീഴ്ജാതിക്കാര്‍ അടിത്തട്ടിലും പ്രതിഷ്ഠിക്കപ്പെട്ടു. അയിത്തംപോലെയുള്ള ദുരാചാരങ്ങള്‍ക്ക് കീഴ്ജാതിക്കാര്‍ വിധേയരായി. ജാതിവ്യവസ്ഥ ഉണ്ടാക്കിയ സാമൂഹികവും, സാമ്പത്തികവുമായ ഈ അസമത്വത്തിന് ഇന്ത്യയിലെ പരമ്പരാഗതമായ ആചാരങ്ങള്‍ അംഗീകാരം നല്‍കുകയും ചെയ്തു.
പട്ടികജാതിക്കാര്‍, പട്ടികവര്‍ഗ്ഗങ്ങള്‍, മറ്റ് പിന്നോക്കക്കാർ എന്നിവരുടെ സ്ഥാനം ഇന്നും സമൂഹത്തിന്റെ അടിത്തട്ടില്‍ തന്നെയാണ്. ജാതീയമായ വിവേചനവും സാമ്പത്തികമായ അസമത്വവും, വിദ്യാഭ്യാസപരവും സാംസ്‌കാരികവുമായ പിന്നാക്കാവസ്ഥയും യുഗങ്ങളായി അനുഭവിച്ചുവരികയാണ്. പിന്നാക്ക ജനവിഭാഗത്തെ ഉയര്‍ത്തിക്കൊണ്ട് വരുന്നതിന് നമ്മുടെ ഭരണഘടനയില്‍ തന്നെ വ്യവസ്ഥ ചെയ്തിട്ടുള്ളതാണ് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്ക-ന്യൂനപക്ഷ സംരക്ഷണവ്യവസ്ഥകളും, അതിന്റെ ഭാഗമായ ജാതിസംവരണവുമെല്ലാം
നമ്മുടെ രാജ്യത്തെ പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാ ക്ക സംവരണം മനക്കണക്കുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനിക്കപ്പെട്ടിരിക്കുന്നത്. ബ്രിട്ടീഷ് ഭരണകാലത്തെ 1931-ലെ സെന്‍സസിന്റെ അടിസ്ഥാനത്തിലാണ് പിന്നാക്ക സംവരണം. എന്നാല്‍ അനൗദ്യോഗിക കണക്കുകള്‍പ്രകാരം രാജ്യത്തെ പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്കവിഭാഗങ്ങളും ന്യൂനപക്ഷങ്ങളിലെ പിന്നാക്ക വിഭാഗവും ചേര്‍ന്നാല്‍ ജനസംഖ്യയിലെ 89 ശതമാനവും പിന്നാക്കക്കാരായ ഇക്കൂട്ടരാണ്. മുന്നോക്ക-സവര്‍ണ്ണ വിഭാഗങ്ങള്‍ ഏതാണ്ട് 10 ശതമാനം മാത്രമാണെന്നുള്ള യാഥാര്‍ത്ഥ്യം ആര്‍ക്കും വിസ്മരിക്കാന്‍ കഴിയുകയില്ല.
നിര്‍ഭാഗ്യവശാല്‍ സര്‍ക്കാര്‍ ഉദ്യോഗമേഖലകളിലും, ഉന്നതവിദ്യാഭ്യാസമേഖലകളിലും എന്തിന് രാഷ്ട്രീയരംഗത്തുപോലും 70 ശതമാനത്തോളം സ്ഥാനങ്ങള്‍ വെറും ന്യൂനപക്ഷമായ മുന്നാക്ക-സവര്‍ണ്ണവിഭാഗങ്ങള്‍ കയ്യടക്കിവച്ചിരിക്കുകയാണ്. മണ്ഡല്‍കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അംഗീകരിക്കപ്പെട്ടത് 27 ശതമാനം പിന്നാക്കസംവരണമാണെങ്കില്‍ ഇന്ന് പിന്നാക്കക്കാര്‍ക്ക് ലഭ്യമായിട്ടുള്ളത് വെറും 17 ശതമാനം സംവരണം മാത്രമാണ്. പട്ടികജാതി-പട്ടികവര്‍ഗ്ഗ സംവരണവും തീരുമാനത്തിന്റെ 60 ശതമാനം മാത്രമാണ് ലഭ്യമായിട്ടുള്ളത്.
നമ്മുടെ രാജ്യത്തെ പിന്നാക്കജനവിഭാഗങ്ങളുടെ കണക്കെടുക്കാതെ മനക്കണക്കിന്റെ അടിസ്ഥാനത്തില്‍ സംവരണം തുടരുന്നതിന് നീതീകരണ
മില്ല. ഒമ്പതര പതിറ്റാണ്ടിനുമുമ്പ് എടുത്ത ജാതിസെന്‍സസിന്റെ അടിസ്ഥാനത്തിലുള്ള സംവരണ തീരുമാനത്തിന് യാതൊരു അടിത്തറയുമില്ല. പുതിയൊരു ജാതിസെന്‍സസ് എടുക്കാന്‍ കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ മുന്നോട്ട് വരണമെന്ന രാജ്യത്തെ പിന്നാക്കജനവിഭാഗത്തിന്റെ ആവശ്യത്തിന് നേരെ നിഷേധാത്മകമായ സമീപനമാണ് സര്‍ക്കാരുകള്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ ബീഹാറിലും തുടര്‍ന്ന് തെലങ്കാനയിലും, ആന്ധ്രയിലും, കര്‍ണാടകത്തിലുമെല്ലാം ജാതിസെന്‍സസ് പൂര്‍ത്തിയാക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ സംവരണനയം പുനഃപരിശോധിക്കാനുള്ള നടപടികൾ തുടങ്ങുകയും ചെയ്തു.. ജാതിസെന്‍സസിനോട് മുഖം തിരിച്ചു നിന്നിരുന്ന ബി.ജെ.പിയും, കേന്ദ്രസര്‍ക്കാരും വൈകിയവേളയിലെങ്കിലും ഇപ്പോള്‍ ജാതിസെന്‍സസ് നടത്താനുള്ള ഐതിഹാസികമായ തീരുമാനം കൈക്കൊണ്ടിരിക്കുകയാണ്.

രാജ്യത്ത് ജനസംഖ്യാകണക്കെടുപ്പ്, സാമൂഹിക-സാമ്പത്തിക വിശദാംശങ്ങള്‍, ജാതികണക്കെടുപ്പ് എന്നിവ ഉള്‍ക്കൊള്ളുന്ന പൊതുസെന്‍സസിന്റെ തീയതികള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. 1948 ലെ സെന്‍സസ് ആക്ടും 1990ലെ സെന്‍സസ് റൂളും അനുസരിച്ച് രാജ്യവ്യാപകമായി രണ്ടു ഘട്ടമായി സെന്‍സസ് നടത്താനാണു തീരുമാനം. ഇതു സംബന്ധിച്ച അറിയിപ്പ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി. കേന്ദ്രഭരണപ്രദേശമായ ലഡാക്ക്, ജമ്മുകാശ്മീരിലെ ചില ഭാഗങ്ങള്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ മേഖലകളില്‍ 2026 ഒക്‌ടോബറില്‍ സെന്‍സസ് നടപടികള്‍ ആരംഭിക്കും. ഈ പ്രദേശങ്ങളിലെ സെന്‍സസിന്റെ റഫറന്‍സ് തീയതി 2026 ഒക്‌ടോബര്‍ ഒന്നിന് 00:00 മണിക്കൂറും, 2027ല്‍ ആരംഭിക്കുന്ന സെന്‍സസിന്റെ റഫറന്‍സ് തീയതി 2027 മാര്‍ച്ച് ഒന്നിന് 00:00 മണിക്കൂറുമായിരിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. രണ്ടാം ഘട്ടത്തില്‍ 27 മാര്‍ച്ച് ഒന്നുമുതലുള്ള രാജ്യമെങ്ങുമുള്ള സെന്‍സസ് ഫെബ്രുവരി 28 ന് അര്‍ദ്ധരാത്രി 12.00 മണിക്ക് ആണ് തുടക്കമാകുന്നത്. ഈ സെന്‍സസ് 2028 വരെ നീളും.

2011ല്‍ യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ ഇരിക്കുമ്പോഴായിരുന്നു അവസാനമായി രാജ്യത്ത് സെന്‍സസ് നടന്നത്. 10 വര്‍ഷത്തിനുശേഷം 2020 ഏപ്രില്‍-സെപ്റ്റംബര്‍ മാസങ്ങളില്‍ ആദ്യഘട്ടവും, 2021 ഫെബ്രുവരിയില്‍ രണ്ടാംഘട്ടവുമായി നടക്കേണ്ടിയിരുന്ന സെന്‍സസ് കോവിഡ് മഹാമാരിമൂലം മാറ്റിവയ്ക്കുകയായിരുന്നു. കഴിഞ്ഞതവണ നടത്താനിരുന്ന സെന്‍സസിന്റെ ആദ്യഘട്ടത്തിനായുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയിരുന്നതായും ചില സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഫീല്‍ഡ് വര്‍ക്കിനുമുള്ള നടപടികള്‍ ആരംഭിച്ചിരുന്നതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. എന്നാല്‍ രാജ്യവ്യാപകമായി കോവിഡ് പടര്‍ന്ന് പിടിച്ചതോടെ തുടര്‍നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റിവെയ്ക്കുകയായിരുന്നു. അവസാനമായി സെന്‍സസ് നടത്തിയപ്പോള്‍ ആദ്യഘട്ടത്തില്‍ വീടുകള്‍ പട്ടിക പെടുത്തലും, രണ്ടാംഘട്ടത്തില്‍ ജനസംഖ്യാകണക്കെടുപ്പുമാണ് നടന്നത്. സമാനമായ രീതിയായിരിക്കും വരാനിരിക്കുന്ന സെന്‍സസിലും സ്വീകരിക്കുക. അടുത്ത ജനസംഖ്യാ കണക്കെടുപ്പിനൊപ്പം ജാതിസെന്‍സസും നടത്താന്‍ കഴിഞ്ഞ ഏപ്രില്‍ 30 ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗത്തിലായിരുന്നു തീരുമാനം. രാജ്യം സ്വാതന്ത്ര്യം നേടിയതിനുശേഷമുള്ള എല്ലാ പൊതുസെന്‍സസ് നടപടികളില്‍ നിന്നും ജാതി സെന്‍സസ് ഒഴിവാക്കിയിരുന്നു. തുടര്‍ന്ന് 2010ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഡോ.മന്‍മോഹന്‍സിംഗ് ജാതി സെന്‍സസ് പൊതുസെന്‍സസില്‍ ഉള്‍പ്പെടുത്തുമെന്ന് ലോക്‌സഭയില്‍ പ്രഖ്യാപിച്ചു. പിന്നീട് വന്ന മോദിസര്‍ക്കാര്‍ തങ്ങളുടെ മൂന്നാമത്തെ ഊഴത്തില്‍ പൊതുസെന്‍സസിനൊപ്പം ജാതി സെന്‍സസും പ്രഖ്യാപിക്കുകയായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് 1931ലാണല്ലോ ഇന്ത്യയില്‍ അവസാനമായി ജാതിസെന്‍സസ് നടന്നത്. ഈ സെന്‍സസ് വിവരങ്ങളും, അന്ത്രോപോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ പുറത്തിറക്കിയ വിജ്ഞാനകോശമായ ‘ഇന്ത്യയിലെ ജനങ്ങള്‍’ എന്ന പുസ്തകത്തിന്റെ 90 വാള്യങ്ങളുമാണ് രാജ്യത്തെ ജാതിയെക്കുറിച്ച് അറിയാന്‍ ഇപ്പോഴുമുള്ള പ്രധാന മാര്‍ഗ്ഗം. 2011 ല്‍ യു.പി.എ സര്‍ക്കാര്‍ സാമൂഹിക-സാമ്പത്തിക ജാതിസെന്‍സസ് നടത്തിയെങ്കിലും ചില കേന്ദ്രങ്ങളില്‍ നിന്ന് എതിര്‍പ്പുണ്ടായതുകൊണ്ട് വിവരങ്ങള്‍ പുറത്തുവിട്ടില്ല. ജാതിസെന്‍സസ് വിവരങ്ങള്‍ പുറത്ത് വരാന്‍ വളരെക്കാലം എടുക്കുമെന്ന വിവരവും ഇതിനകം പുറത്ത് വന്നിട്ടുണ്ട്. 2027ലെ സെന്‍സസിന്റെ പൂര്‍ണ്ണവിവരങ്ങള്‍ പുറത്ത് വരാന്‍ 3 വര്‍ഷമെടുക്കുമെന്നാണ് സര്‍ക്കാര്‍ സൂചിപ്പിക്കുന്നത്. ഇനിയും 23 മാസം ജാതിസെന്‍സസ് പൂര്‍ത്തിയാക്കാന്‍ വൈകുന്നതിനെ കോണ്‍ഗ്രസ് അടക്കമുള്ള പല പാര്‍ട്ടികളും വിമര്‍ശിച്ചിട്ടുണ്ട്. ജാതിസെന്‍സസിനെതിരായ നിലപാട് ബി.ജെ.പിയോടൊപ്പം മറ്റ് പല പാര്‍ട്ടികളും സ്വീകരിച്ചിരുന്നു. പലജനാധിപത്യപാര്‍ട്ടികളും ജാതിസെന്‍സസിന്റെ കാര്യത്തില്‍ കണ്ണടച്ചിരുട്ടാക്കാനാണ് ശ്രമിച്ചിരുന്നത്. രാജ്യത്തെ ഇടതുപക്ഷപാര്‍ട്ടികള്‍ക്ക് പോലും ജാതിസെന്‍സസ് നടപ്പിലാക്കുന്ന കാര്യത്തില്‍ ചാഞ്ചാട്ട സമീപനമാണ് ഉള്ളത്. നമ്മുടെ സംസ്ഥാനത്ത് ജാതിസെന്‍സസിനെതിരായി എന്‍.എസ്.എസിനെപോലുള്ള ജാതിസംഘടനകള്‍ വളരെ ശക്തമായി ഇപ്പോള്‍ രംഗത്ത് വന്നിട്ടുണ്ട്. ഇക്കൂട്ടരെ ഭയന്നായിരിക്കും സംസ്ഥാനത്തെ കോണ്‍ഗ്രസ് അടക്കമുള്ള ചില ജനാധിപത്യപാര്‍ട്ടികളും, ഇടതുപക്ഷവുമൊന്നും ഇവിടെ എത്രയും പെട്ടെന്ന് ജാതിസെന്‍സസ് നടത്തി അതിനനുസൃതമായ നടപടികള്‍ കൈക്കൊള്ളണമെന്ന് ആവശ്യപ്പെടാതിരിക്കുന്നത്. കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം ജാതിസെന്‍സസിനുവേണ്ടി ശക്തമായി രംഗത്തുണ്ടെങ്കിലും, ആ പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വം ഈ വിഷയത്തില്‍ ചാഞ്ചാട്ട സമീപനമാണ് കൈക്കൊണ്ടിരിക്കുന്നത്.

നമ്മുടെ സംസ്ഥാനത്ത് പോലും ജാതിസെന്‍സസ് നടത്തുന്ന കാര്യം നാളിതുവരെ ആലോചിച്ചിട്ടുപോലുമില്ല. കേന്ദ്രമാണ് ഇത് നടത്തേണ്ടതെന്ന് പറഞ്ഞ് ഒഴിഞ്ഞ് നില്‍ക്കുകയായിരുന്നു. ജാതിസെന്‍സസ് നടത്തുന്നതിനുമുമ്പ് രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ച് അത് ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം തയ്യാറാകണമെന്ന് സി.പി.എം ഇപ്പോള്‍ ആവശ്യപ്പെട്ടു. സെന്‍സസ് നീട്ടുന്നതിനാണ് ഈ ആവശ്യമെന്ന ആക്ഷേപവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്. എന്തായാലും ജാതിസെന്‍സസ് എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി അതിനനുസൃതമായ തീരുമാനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടേ മതിയാവൂ.
9847132428,
ഇ-മെയില്‍:[email protected]

Author

151 Views
Scroll to top
Close
Browse Categories