കേരള കൗമുദി എന്നും താങ്ങും തണലും:വെള്ളാപ്പള്ളി നടേശന്‍
“ഭാരിച്ച ഈ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ താന്‍ പരമാവധി ശ്രമിച്ചതാണ്. എന്നാല്‍ സ്വാമി ശാശ്വതികാനന്ദയുടെ ഉപദേശവും കേരളകൗമുദി പത്രാധിപര്‍ എം.എസ്. മണിയുടെ നിര്‍ബന്ധവുമാണ് തന്നെ ഇവിടേക്ക് എത്തിച്ചത്. ഇവര്‍ രണ്ടുപേരും മുന്നില്‍ നിന്നപ്പോള്‍ വി.എസ്. അച്യുതാനന്ദന്‍ മറ്റൊരു ശക്തിയായി പിന്നില്‍ നിന്നു. എന്നും കൂടെയുണ്ടാവുമെന്ന് അന്ന് തനിക്ക് തന്ന വാക്ക് കേരളകൗമുദി ഇപ്പോഴും പാലിക്കുന്നുണ്ട്”

തിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗത്തിന്റെ അമരത്തേക്ക് തന്നെ എത്തിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചത് കേരള കൗമുദിയാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എല്ലാക്കാലത്തും തനിക്ക് താങ്ങും തണലുമായിട്ടാണ് കേരള കൗമുദി നിലകൊണ്ടിട്ടുള്ളത്. യോഗം ജനറല്‍ സെക്രട്ടറി പദവിയില്‍ മൂന്ന് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ വെള്ളാപ്പള്ളി നടേശന് കേരള കൗമുദി നല്‍കിയ ആദരവ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരിച്ച ഈ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ താന്‍ പരമാവധി ശ്രമിച്ചതാണ്. എന്നാല്‍ സ്വാമി ശാശ്വതികാനന്ദയുടെ ഉപദേശവും കേരളകൗമുദി പത്രാധിപര്‍ എം.എസ്. മണിയുടെ നിര്‍ബന്ധവുമാണ് തന്നെ ഇവിടേക്ക് എത്തിച്ചത്. ഇവര്‍ രണ്ടുപേരും മുന്നില്‍ നിന്നപ്പോള്‍ വി.എസ്. അച്യുതാനന്ദന്‍ മറ്റൊരു ശക്തിയായി പിന്നില്‍ നിന്നു. ഈ ‘ചതി’യില്‍ തനിക്ക് സന്തോഷമുണ്ട്. എന്നും കൂടെയുണ്ടാവുമെന്ന് അന്ന് തനിക്ക് തന്ന വാക്ക് കേരളകൗമുദി ഇപ്പോഴും പാലിക്കുന്നുണ്ട്.
വലിയ രീതിയില്‍ നടത്തിയിരുന്ന കരാര്‍ പണികള്‍ ഉപേക്ഷിച്ചാണ് താന്‍ യോഗത്തിന്റെ നേതൃത്വത്തിലേക്ക് വന്നത്. ഏറെ പ്രതിസന്ധികളെ അതിജീവിച്ചാണ് താന്‍ ഇവിടെവരെയെത്തിയത്. തീയില്‍ കുരുത്തതിനാല്‍ വെയിലത്ത് വാടില്ല. താന്‍ ഈ ചുമതലയിലേക്ക് വരുമ്പോള്‍ പല ഭാഗത്തു നിന്ന് പലവിധ ആക്ഷേപങ്ങള്‍ ഉയര്‍ന്നു. അപ്പോഴെല്ലാം കേരളകൗമുദിയാണ് പിന്തുണച്ചത്.
ആദ്യ തിരഞ്ഞെടുപ്പില്‍ താന്‍ ജയിച്ചത് സ്വന്തം മിടുക്കുകൊണ്ടല്ല. കേരള കൗമുദിയുടെ എഴുത്തും സ്വാമി ശാശ്വതീകാനന്ദയുടെ ഉപദേശവും ഇടതുപക്ഷത്തിന്റെ പിന്തുണയും ഏറെ സഹായിച്ചു. എതിരാളികള്‍ക്ക് കെട്ടിവച്ച പണം നഷ്ടമായി. തനിക്ക് ആരെയും ഭയമില്ല. അതുകൊണ്ടുതന്നെ പറയേണ്ട കാര്യങ്ങള്‍ ആരോടും പറയും.
സാമൂഹ്യനീതിക്കായി താന്‍ പറയുമ്പോള്‍ തന്നെ സമുദായ വാദിയാക്കുന്നു. പ്രവൃത്തിയില്‍ വെള്ളം ചേര്‍ക്കാതെയും രാഷ്ട്രീയമില്ലാതെയുമാണ് താന്‍ പ്രവര്‍ത്തിക്കുന്നത്. സമുദായം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നതാണ് തന്റെ ലക്ഷ്യം. സമുദായത്തിന്റെ സാമ്പത്തികാവസ്ഥ മെച്ചപ്പെടാനാണ് മൈക്രോഫിനാന്‍സ് പോലുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചത്. ശബ്ദമില്ലാത്തവരുടെ ശബ്ദമായി തുടരുന്ന പ്രസ്ഥാനമാണ് കേരളകൗമുദി. ആ പ്രസ്ഥാനത്തെ വളര്‍ത്താനും ഉയര്‍ത്താനും സംരക്ഷിക്കാനുമുള്ള ഉത്തരവാദിത്വം നമുക്കുണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

കേരള കൗമുദിയുടെ
ആദരം
തിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗത്തെയും എസ്.എന്‍.ട്രസ്റ്റിനെയും മൂന്ന് പതിറ്റാണ്ട് ദിശാബോധത്തോടെ നയിച്ച വെള്ളാപ്പള്ളി നടേശന് കേരള കൗമുദിയുടെ ആദരം.
ഹോട്ടല്‍ ഒബൈ താമര ഓഡിറ്റോറിയത്തില്‍ ക്ഷണിക്കപ്പെട്ട പ്രൗഢമായ സദസിന് മുമ്പാകെ മന്ത്രിമാരും ജനപ്രതിനിധികളും സമൂഹത്തിന്റെ നാനാതുറകളിലെ പ്രമുഖരും അദ്ദേഹത്തിന് ആദരവ് അര്‍പ്പിക്കാന്‍ ഒത്തുചേര്‍ന്നു. മന്ത്രി വി.എന്‍. വാസവന്‍ ആദരിക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വെള്ളാപ്പള്ളി നടേശനെ മന്ത്രി വി.എന്‍. വാസവന്‍ പൊന്നാട അണിയിച്ച് ആദരിച്ചു.
കേരള കൗമുദി ചീഫ് എഡിറ്റർ ദീപു രവി അദ്ധ്യക്ഷത വഹിച്ചു. ശ്രീനാരായണധര്‍മ്മ സംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. മന്ത്രിമാരായ വി. ശിവന്‍കുട്ടി, എം.ബി. രാജേഷ്, പി. പ്രസാദ് എന്നിവരും വെള്ളാപ്പള്ളി നടേശനെ പൊന്നാട അണിയിച്ചു. മന്ത്രി സജിചെറിയാനും ജനറല്‍ സെക്രട്ടറിക്ക് ആശംസ അറിയിക്കാന്‍ എത്തിയിരുന്നു.
എം.എല്‍.എ. മാരായ വി. ജോയ്, വി.കെ. പ്രശാന്ത്, ആന്റണി രാജു, മുന്‍ മിസോറാം ഗവര്‍ണറും ബി.ജെ.പി. മുന്‍ സംസ്ഥാന അദ്ധ്യക്ഷനുമായ കുമ്മനം രാജശേഖരന്‍ തുടങ്ങിയവര്‍ അനുമോദന പ്രസംഗം നടത്തി. കേരള കൗമുദിയുടെ ഉപഹാരം ചീഫ് എഡിറ്റര്‍ ദീപുരവി വെള്ളാപ്പള്ളി നടേശന് സമര്‍പ്പിച്ചു. വിവിധ സംഘടനകളുടെ ഭാരവാഹികളും ഉപഹാര സമര്‍പ്പണം നടത്തി. കേരള കൗമുദി തിരുവനന്തപുരം യൂണിറ്റ് ചീഫ് എസ്. വിക്രമന്‍ സ്വാഗതവും ചീഫ് മാനേജര്‍ എസ്. വിമല്‍കുമാര്‍ നന്ദിയും പറഞ്ഞു. വെള്ളാപ്പള്ളി നടേശനെകുറിച്ചുള്ള ഹ്രസ്വവീഡിയോ ചിത്രവും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.

സംസാരിക്കുന്നു
അപാരമായ കര്‍മ്മശേഷി: മന്ത്രി വാസവന്‍
തിരുവനന്തപുരം: ഒഴുക്കിനെതിരെ നീന്തി വിജയിക്കുന്ന അപാരമായ കര്‍മ്മശേഷിയാണ് വെള്ളാപ്പള്ളി നടേശന്റെ പ്രത്യേകതയെന്ന് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. കുത്തഴിഞ്ഞു കിടന്ന പുസ്തകം പോലെയായിരുന്ന സമുദായത്തെ കുത്തിക്കെട്ടി അടുക്കും ചിട്ടയും വരുത്തിയ സമുദായ സംഘടനാ നേതാവാണ് അദ്ദേഹം. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി പദത്തില്‍ മൂന്ന് പതിറ്റാണ്ട് പൂര്‍ത്തീകരിച്ച വെള്ളാപ്പള്ളി നടേശനെ ആദരിക്കാന്‍ കേരള കൗമുദി സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മൂന്നു പതിറ്റാണ്ട് സംഘടനയുടെ ജനറല്‍ സെക്രട്ടറി പദത്തില്‍ വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ടു പോകാന്‍ വെള്ളാപ്പള്ളി നടേശനല്ലാതെ മറ്റാര്‍ക്കും കഴിയില്ല. ടി.എന്‍. ശേഷന്‍ ഇലക്ഷന്‍ കമ്മീഷണര്‍ ആകുന്നതുവരെ ആ പദവിയുടെ വിലയും അന്തസും ബോധ്യമാകാതിരുന്നതുപോലെ, എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി പദവിയുടെ മഹത്വം എല്ലാവരും തിരിച്ചറിഞ്ഞത് വെള്ളാപ്പള്ളി നടേശന്‍ ജനറല്‍ സെക്രട്ടറിയായതിന് ശേഷമാണ്.
എല്ലാവരും ഔദ്യോഗിക രംഗത്തു നിന്നും വിരമിക്കുന്ന പ്രായത്തിലാണ് അദ്ദേഹം ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനവുമായി സമുദായ സംഘടനാ നേതാവാകുന്നത്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഈ കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപനം, ജീവകാരുണ്യ പ്രവര്‍ത്തനം, മൈക്രോഫിനാന്‍സ്, സംഘടനയുടെ വളര്‍ച്ച തുടങ്ങി വിവിധ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ലക്ഷ്യബോധം, നിശ്ചയദാര്‍ഢ്യം, സേവന സന്നദ്ധത, ത്യാഗമനോഭാവം, ഏതു പ്രതിസന്ധിയെയും മറികടക്കാനുള്ള ധൈര്യം എന്നിവയെല്ലാം അദ്ദേഹത്തിന് കൈമുതലായുണ്ട്.
വിമര്‍ശനങ്ങള്‍ക്ക് കുറിക്കു കൊള്ളുന്ന ഭാഷയിലാണ് മറുപടി. ജാതിഭേദം മതദ്വേഷം എന്ന ശ്രീനാരായണ ഗുരുവിന്റെ മഹത്‌സന്ദേശം പിന്തുടര്‍ന്നാണ് പ്രവര്‍ത്തനം, സമുദായത്തിലെ ചോദ്യം ചെയ്യാത്ത നേതൃത്വമാണ് അദ്ദേഹത്തിന്റേത്. വിശ്വാസ്യതയാണ് അദ്ദേഹത്തിന്റെ മൂലധനമെന്നും മന്ത്രി പറഞ്ഞു.
സാമ്രാജ്യത്വ സമരമുഖങ്ങളില്‍, അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് വേണ്ടി തൂലിക പടവാളാക്കിയ പത്രമാണ് കേരളകൗമുദിയെന്ന് മന്ത്രി വാസവന്‍ പറഞ്ഞു. വികസന വീക്ഷണങ്ങളില്‍ വിശാല കാഴ്ചപ്പാടോടെ മുന്നോട്ട് വന്ന് വിഴിഞ്ഞം തുറമുഖം ഉള്‍പ്പെടെ പ്രാവര്‍ത്തികമാക്കുന്നതിന് സര്‍ക്കാരിനോടൊപ്പം നിന്ന് നിലപാട് സ്വീകരിച്ച പത്രമാണ്. കോട്ടയത്തെ മേല്‍പ്പാല നിര്‍മ്മാണം പലരും എതിര്‍ത്തപ്പോള്‍ അതിന് അനുകൂലമായ നിലപാട് സ്വീകരിച്ച പത്രമാണ് കേരള കൗമുദിയെന്നും മന്ത്രി പറഞ്ഞു.
പ്രതിഭയും പ്രതിഭാസവും: ദീപുരവി
തിരുവനന്തപുരം: ഒരേസമയം പ്രതിഭയെന്നും പ്രതിഭാസമെന്നും വിളിക്കാവുന്ന വ്യക്തിത്വമാണ് വെള്ളാപ്പള്ളി നടേശനെന്ന് കേരള കൗമുദി ചീഫ് എഡിറ്റര്‍ ദീപുരവി അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. മൂന്നു പതിറ്റാണ്ടുകൊണ്ട് വിദ്യാഭ്യാസ വികസനത്തിന്റെയും, സാമൂഹ്യസേവനത്തിന്റെയും, സമുദായ ഐക്യത്തിന്റെയും പുതിയൊരു അദ്ധ്യായം അദ്ദേഹം എഴുതിച്ചേര്‍ത്തു.
. എസ്.എന്‍.ഡി.പി യൂണിയനുകള്‍ 68ല്‍ നിന്ന് 138 ആയി. ശാഖകളുടെ എണ്ണം 7000ത്തില്‍ അധികമായി. യോഗവും യൂണിയനും ശാഖകളും എന്ന സംവിധാനത്തിന് വനിതാസംഘം, യൂത്ത്മൂവ്‌മെന്റ്, കുടുംബയൂണിറ്റ്, മൈക്രോഫിനാന്‍സ് തുടങ്ങി പന്ത്രണ്ടോളം പോഷകസംഘടനകളുടെ കൂടി കരുത്തുണ്ടായി. അദ്ദേഹത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍, മൂന്ന് ചക്രങ്ങളില്‍ ഓടിക്കൊണ്ടിരുന്ന എസ്.എന്‍.ഡി.പി യോഗം 12 ചക്രങ്ങളുള്ള ഹെവി വെഹിക്കിള്‍ ആയി രൂപം മാറി.
ഈഴവ സമുദായത്തോട് സംഘടിച്ച് ശക്തരാകുവാന്‍ നിര്‍ദ്ദേശിച്ചത് ഗുരുവാണ്. ഇത് ഉള്‍ക്കൊണ്ട് വെള്ളാപ്പള്ളി നടേശന്‍ സമുദായം നേരിടുന്ന അവഗണനകള്‍ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. ഉദ്യോഗസ്ഥ, അധികാര സ്ഥാനങ്ങളില്‍ ഈഴവ സമുദായം തഴയപ്പെടുമ്പോള്‍, സംവരണം അട്ടിമറിക്കപ്പെടുമ്പോള്‍, സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഈഴവര്‍ തഴയപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ ശബ്ദം സിംഹഗര്‍ജ്ജനമാകുന്നു. അത് പലര്‍ക്കും അലോസരമാകുന്നു.
സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കപ്പെടുന്ന ഘട്ടത്തില്‍ ഈഴവ സമുദായം ഇപ്പോഴും അവഗണിക്കപ്പെടുന്നു. സമുദായത്തിനുവേണ്ടി കണക്കു പറഞ്ഞ് അവകാശം പിടിച്ചുവാങ്ങാന്‍ തന്നെയാണ് അദ്ദേഹം ഇപ്പോഴും വിശ്രമം മറന്ന് പ്രവര്‍ത്തിക്കുന്നത്. എസ്.എന്‍.ഡി.പി യോഗത്തിന്റെ സാരഥ്യം അദ്ദേഹം ഏറ്റെടുത്തപ്പോള്‍ തുടങ്ങിയ കൊടുങ്കാറ്റും പേമാരിയും ഇപ്പോഴും അവസാനിച്ചിട്ടില്ല. വിമര്‍ശനങ്ങളെപ്പോലും അദ്ദേഹം വിജയകിരീടമാക്കി.

ധീരമായ പ്രവര്‍ത്തനശൈലി:
സ്വാമി ശുഭാംഗാനന്ദ
തിരുവനന്തപുരം: നിശ്ചയദാര്‍ഢ്യത്തിലൂടെയും ധീരമായ പ്രവര്‍ത്തന ശൈലിയിലൂടെയുമാണ് എസ്.എന്‍.ഡി.പി യോഗത്തെ വികസന പാതയിലേക്ക് നയിക്കാന്‍ വെള്ളാപ്പള്ളി നടേശന് സാദ്ധ്യമായതെന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു. ശ്രീനാരായണഗുരുവിന്റെ ലക്ഷ്യങ്ങളെ അന്വര്‍ത്ഥമാക്കാന്‍ എസ്.എന്‍.ഡി.പി യോഗത്തിന് സാധിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വെള്ളാപ്പള്ളി നടേശനെ ആദരിക്കുന്ന ചടങ്ങില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു സ്വാമി ശുഭാംഗാനന്ദ.
മനുഷ്യര്‍ കടല്‍തീരത്തെ മണല്‍തരികള്‍ പോലെ ഒന്നിനൊന്ന് ചേരില്ലെന്ന് ഗുരു പറഞ്ഞിട്ടുണ്ട്. എന്നാല്‍ സമുദായാംഗങ്ങളെ മെഴുകുപോലെ ഒട്ടിപ്പിടിച്ച് നിര്‍ത്താന്‍ കഴിഞ്ഞതാണ് വെള്ളാപ്പള്ളിയുടെ വിജയം. തെറ്റ് തെറ്റാണെന്ന് ചൂണ്ടിക്കാട്ടാനുള്ള ധൈര്യം അദ്ദേഹത്തിനുണ്ട്. ഗുരുവിന്റെ ഉദ്‌ബോധനത്തില്‍ നിന്നാവണം അത് ലഭിച്ചിട്ടുള്ളത്. മൂന്ന് പതിറ്റാണ്ടായി അത് തുടരുകയാണ്. സംഘടനകൊണ്ട് ശക്തരാവുക എന്നതായിരുന്നു ഗുരുവിന്റെ സങ്കല്‍പ്പം. ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കാനും നേടിയെടുക്കാനും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. മൂന്ന് പതിറ്റാണ്ട് എസ്.എന്‍.ഡി.പി യോഗത്തിന്റെ അമരത്ത് വിരാജിച്ചതിന്, അര്‍ഹതയ്ക്കുള്ള അംഗീകാരമാണ് കേരളകൗമുദി വെള്ളാപ്പള്ളി നടേശന് നല്‍കിയ ആദരവെന്നും സ്വാമി ശുഭാംഗാനന്ദ ചൂണ്ടിക്കാട്ടി.
അസാമാന്യ ധീരത: മന്ത്രി പ്രസാദ്
തിരുവനന്തപുരം: അസാമാന്യമായ ധീരതയാണ് വെള്ളാപ്പള്ളി നടേശന്റെ മുടക്കു മുതലെന്ന് മന്ത്രി പി. പ്രസാദ് പറഞ്ഞു. എസ്.എന്‍.ഡി.പി യോഗത്തിന്റെയും എസ്.എന്‍.ട്രസ്റ്റിന്റെയും അമരക്കാരനായി നീണ്ട മൂന്ന് പതിറ്റാണ്ട് തുടരാന്‍ അദ്ദേഹത്തിന് പിന്‍ബലമാകുന്നത് അദ്ദേഹത്തിന്റെ ധീരതയാണ്.
ബിസിനസ് രംഗത്തേക്കിറങ്ങി ആദ്യം നടത്തിയത് പലചരക്ക് കടയായിരുന്നു. എന്നാല്‍ അത് പൊട്ടി. പിന്നെ തുടങ്ങിയത് കോടികള്‍ മുതല്‍ മുടക്കുന്ന കൊങ്കണ്‍ റെയില്‍വേ അടക്കമുള്ള കോണ്‍ട്രാക്ട് പണികള്‍. ഡ്രൈവിംഗ് പഠിച്ചത് ലോറിയിലാണെന്നതും അദ്ദേഹത്തിന്റെ ധൈര്യത്തെയാണ് കാണിക്കുന്നത്. ആറു പതിറ്റാണ്ടായി കണിച്ചുകുളങ്ങര ക്ഷേത്രത്തിന്റെ ഭാരവാഹിയായി അദ്ദേഹം തുടരുകയാണ്.
ഒരുപാട് അനാചാരങ്ങളെ അദ്ദേഹം എതിര്‍ത്ത് തോല്‍പ്പിച്ചു. അതിനെല്ലാം അസാമാന്യമായ ധൈര്യമാണ് അദ്ദേഹം കാണിച്ചത് – മന്ത്രി പറഞ്ഞു.
ഗുരു ദര്‍ശനത്തിന് പുതുജീവനേകി:
മന്ത്രി വി. ശിവന്‍കുട്ടി
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനത്തിന് പുതുജീവനേകിയ ശക്തിയാണ് വെള്ളാപ്പള്ളി നടേശനെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.
എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി, എസ്.എന്‍. ട്രസ്റ്റ് സെക്രട്ടറി എന്നീ പദവികളില്‍ മൂന്നു പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ വെള്ളാപ്പള്ളി നടേശനെ ആദരിക്കാന്‍ കേരള കൗമുദി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളാപ്പള്ളിയുടെ ഉപദേശം ശ്രദ്ധിച്ചുകൊണ്ടാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. മതേതരത്വത്തിന്റെയും ഉള്‍ക്കൊള്ളലിന്റെയും മൂല്യങ്ങള്‍ എപ്പോഴും ഉയര്‍ത്തിപ്പിടിച്ചു. ഭിന്നതയ്ക്ക് മുന്നില്‍ പലരും പതറിയപ്പോള്‍ ഐക്യത്തോടുള്ള പ്രതിബദ്ധതയില്‍ തലയുയര്‍ത്തി നിന്നു. അദ്ദേഹത്തിന്റെ നേതൃപാടവത്തിന് ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന വിശ്വാസവും സ്‌നേഹവും ബഹുമാനവും തെളിവാണ്. സജീവമായ പരിവര്‍ത്തനം, സംഘടനാ വളര്‍ച്ച, അചഞ്ചലമായ പ്രവര്‍ത്തന നൈതികത എന്നിവ അദ്ദേഹത്തിന്റെ ഭരണകാലത്തെ അടയാളപ്പെടുത്തുന്നു. ജാതിയുടെയും വര്‍ഗീയതയുടെയും വേര്‍തിരിവില്ലാതെ കേരളം പുലരുന്നത് ഗുരുവിന്റെ ദര്‍ശനം കൊണ്ടാണ്. അതുള്‍ക്കൊണ്ട് ഭൂതകാലത്തെ ഭാവിയുമായി ബന്ധിപ്പിക്കുന്ന പാലമായി വെള്ളാപ്പള്ളി നടേശൻ പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. .
മൂര്‍ച്ചയേറിയ വാക്കുകള്‍
പ്രത്യേകത: മന്ത്രി എം.ബി രാജേഷ്
മൂര്‍ച്ചയുള്ള നാവും ചാട്ടുളി പോലെ തറച്ചുകയറുന്ന വാക്കുകളുമാണ് വെള്ളാപ്പള്ളി നടേശന്റെ പ്രത്യേകതയെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. കേരളത്തിലെ ഏറ്റവും പ്രബലമായ സംഘടനയുടെ നായകനായി മൂന്നു പതിറ്റാണ്ട് പൂര്‍ത്തിയാക്കിയത് അസാധാരണമായ നേട്ടമാണ്. ഇക്കാലം കൊണ്ട് കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളില്‍ മാറ്റങ്ങള്‍ അനവധി ഉണ്ടായി. എന്നാല്‍ അചഞ്ചലനായി സംഘടനയെ നയിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ പല ചര്‍ച്ചകളുടെയും ഗതി മാറ്റിയിട്ടുണ്ട്. ഞാന്‍ ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന പ്രസിഡന്റായപ്പോഴാണ് രണ്ടാം ഗുരുവായൂര്‍ സത്യാഗ്രഹത്തിന് ആഹ്വാനം ചെയ്യുന്നത്. മേഴ്‌സി രവി ഗുരുവായൂരില്‍ പേരക്കുട്ടിയുടെ ചോറൂണിന് പ്രവേശിച്ചതിന്റെ പേരില്‍ ക്ഷേത്രം പുണ്യാഹം തളിച്ച് വൃത്തിയാക്കുകയുണ്ടായി. അന്ന് സത്യാഗ്രഹത്തെ അനുകൂലിച്ചതിനൊപ്പം പുണ്യാഹം തളിച്ച നടപടിയെ വെള്ളാപ്പള്ളി നടേശന്‍ വിമര്‍ശിച്ചു. പറയാനുള്ളത് മുഖത്തു നോക്കി പറയുന്ന വ്യക്തിത്വമാണ് വെള്ളാപ്പള്ളിയുടേതെന്നം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യക്തമായ കാഴ്ചപ്പാട്: കുമ്മനം രാജശേഖരന്‍
തിരുവനന്തപുരം: വ്യക്തമായ കാഴ്ചപ്പാടും ലക്ഷ്യവും കൈമുതലായ വ്യക്തിത്വമാണ് വെള്ളാപ്പള്ളി നടേശനെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. കൃതമായ ദിശാബോധമുള്ളവര്‍ക്കേ സംഘടനയെ നയിക്കാന്‍ കഴിയൂ. സംഘാടകന്‍, പ്രാസംഗികന്‍, സുഹൃത്ത്, മാര്‍ഗദര്‍ശി എന്നിങ്ങനെ വിവിധ നിലകളില്‍ അടുപ്പം തോന്നുന്നതാണ് വെള്ളാപ്പള്ളി നടേശന്‍ എന്ന വ്യക്തി-അദ്ദേഹം പറഞ്ഞു.
തകര്‍ക്കാനാകാത്ത റെക്കാര്‍ഡ്: വി. ജോയി
മൂന്നു പതിറ്റാണ്ട് എസ്.എന്‍.ഡി.പി യോഗത്തെ നയിച്ച വെള്ളാപ്പള്ളി നടേശന്റെ റെക്കാര്‍ഡ് ആര്‍ക്കും തകര്‍ക്കാനാവില്ലെന്ന് വി. ജോയ് എം.എല്‍.എ. പറഞ്ഞു. ഭാവനാപൂര്‍വമായ കാഴ്ചപ്പാടോടെ പുതിയ നേതൃനിരയെ കണ്ടെത്തി അദ്ദേഹം ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിച്ചു. പ്രസ്ഥാനത്തിന് പൊതുസമൂഹത്തിന് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കാനുള്ള ആര്‍ജവം അദ്ദേഹം പകര്‍ന്നുവെന്നും വി. ജോയ് പറഞ്ഞു.
പൊതുസമൂഹം അംഗീകരിക്കുന്ന
ഒരേയൊരു നേതാവ്: ആന്റണിരാജു
സമുദായ നേതാക്കള്‍ക്ക് ക്ഷാമമില്ലാത്ത കാലത്ത് പൊതുസമൂഹം അംഗീകരിക്കുന്ന ഒരേ ഒരു നേതാവാണ് വെള്ളാപ്പള്ളി നടേശനെന്ന് ആന്റണി രാജു എം.എല്‍.എ. പറഞ്ഞു. എസ്.എന്‍.ഡി.പി യോഗത്തിന്റെ ചരിത്രം രേഖപ്പെടുത്തിയാല്‍ അതില്‍ ഏറ്റവും വലിയ അദ്ധ്യായം രചിക്കേണ്ടത് അദ്ദേഹത്തെക്കുറിച്ചാണ്. പലരും പിന്നില്‍ നിന്നും മുന്നില്‍ നിന്നും കുത്താന്‍ ശ്രമിച്ചപ്പോഴും അദ്ദേഹം തളര്‍ന്നില്ല. ആന്റണി രാജു പറഞ്ഞു.






