യോഗത്തെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല: തുഷാര്‍

പാലാ: ശ്രീനാരായണഗുരു കൊളുത്തിയ പവിത്രമായ പ്രകാശം ചൊരിയുന്ന എസ്.എന്‍.ഡി.പി യോഗത്തെ തകര്‍ക്കാന്‍ ഒരു ശക്തിക്കും കഴിയില്ലെന്ന് യോഗം വൈസ്പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. കീഴ്‌ക്കോടതി മുതല്‍ സുപ്രീംകോടതി വരെ വിവിധ കേസുകളുമായി പലരും പലവട്ടം പോയിട്ടുണ്ട്. ഇന്നേവരേ ഒരു കേസില്‍ പോലും യോഗത്തിനെതിരെ എതിര്‍വിധി ഉണ്ടാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. വിദ്യാഭ്യാസ സാമൂഹ്യമേഖലകളിലും എസ്.എന്‍.ഡി.പി യോഗത്തിന്റെ പിന്തുണയോടെ ഈഴവ സമൂഹം ആര്‍ജ്ജിച്ച പുരോഗതി വളരെ വലുതാണെന്നും ഈഴവമഹാസംഗമത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
മഞ്ഞക്കടലായി ഈരാറ്റുപേട്ട
പാലാ: . എസ്.എന്‍.ഡി.പിയോഗം മീനച്ചില്‍ യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ ഈഴവമഹാസംഗമത്തില്‍ പങ്കെടുക്കാനായി ഉച്ചമുതലേ താലൂക്കിന്റെ വിവിധ മേഖലകളില്‍ നിന്നായി ആയിരക്കണക്കിന് ശ്രീനാരായണീയര്‍ പി.ടി.എം.എസ്. ഓഡിറ്റോറിയത്തിലെ ആര്‍. ശങ്കര്‍ നഗറിലേക്ക് ഒഴുകിയെത്തി. യൂണിയന് കീഴിലെ 49 ശാഖകളില്‍ നിന്നുള്ള സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സമുദായപ്രവര്‍ത്തകരാണ് മഹാസംഗമത്തില്‍ അണിചേര്‍ന്നത്.
യൂണിഫോം ധാരികളായ 501 കുമാരി സംഘം പ്രവര്‍ത്തകരും നൂറുകണക്കിന് വനിതാസംഘം പ്രവര്‍ത്തകരും വിവിധ നാടന്‍ കലാരൂപങ്ങളും വാദ്യഘോഷങ്ങളുമെല്ലാം അണിചേര്‍ന്നാണ് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും മറ്റ് വിശിഷ്ടാതിഥികളെയും സമ്മേളന വേദിയിലേക്ക് സ്വീകരിച്ചാനയിച്ചത്.പരിപാടികള്‍ക്ക് മീനച്ചില്‍ യൂണിയന്‍ ചെയര്‍മാന്‍ ഒ.എം. സുരേഷ്ഇട്ടിക്കുന്നേല്‍, കണ്‍വീനര്‍ എം.ആര്‍. ഉല്ലാസ്, വൈസ്‌ചെയര്‍മാന്‍ എ.ഡി. സജീവ് വയല, കെ.ആര്‍. ഷാജി, അനീഷ് പുല്ലുവേലില്‍, രാമപുരം സി.ടി. രാജന്‍, സാബു കൊടൂര്‍, സുധീഷ് ചെമ്പംകുളം, സജി കുന്നപ്പള്ളി, മിനര്‍വ മോഹന്‍, സംഗീത അരുണ്‍, അരുണ്‍ കുളംമ്പിള്ളി, ഗോപകുമാര്‍ പിറയാര്‍, രാജി ജിജിരാജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വെള്ളാപ്പള്ളി നടേശന്
ഉപഹാരമായി പവിത്രവിളക്ക്
യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മീനച്ചില്‍ യൂണിയന്റെ ഉപഹാരമായി നിലവിളക്ക്. സ്‌നേഹാദരങ്ങളേറ്റു വാങ്ങാനെത്തിയ യോഗം ജനറല്‍ സെക്രട്ടറിയുടെ ഉയരത്തിനൊപ്പമുള്ള നിലവിളക്കാണ് സംഘാടകര്‍ സ്‌നേഹാദരപൂര്‍വം സമര്‍പ്പിച്ചത്. സമ്മേളനവേദിയില്‍ യൂണിയന്‍ നേതാക്കളായ സുരേഷ് ഇട്ടിക്കുന്നേല്‍, എം.ആര്‍. ഉല്ലാസ്, സജീവ് വയല, പോഷകസംഘടനാ നേതാക്കള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിളക്ക് സമര്‍പ്പിക്കുകയായിരുന്നു. വെള്ളാപ്പള്ളി നടേശനും പ്രീതിനടേശനും തുഷാര്‍ വെള്ളാപ്പള്ളിയും ചേര്‍ന്ന് നിലവിളക്ക് ഏറ്റുവാങ്ങി.

വരവേല്‍ക്കാന്‍ കൂറ്റന്‍ കേക്ക്
ഈരാറ്റുപേട്ടയിലെ തൊടുപുഴ മുട്ടം കവലയില്‍ നിന്ന് സ്വീകരണങ്ങളേറ്റുവാങ്ങി യോഗം ജനറല്‍ സെക്രട്ടറി സമ്മേളനവേദിയായ പി.ടി.എം.എസ്. ഓഡിറ്റോറിയത്തിലെ ആര്‍. ശങ്കര്‍ നഗറിലേക്ക് എത്തിച്ചേര്‍ന്നപ്പോള്‍ യൂണിയന്‍ നേതാക്കള്‍ ആദ്യം സമ്മാനിച്ചത് കൂറ്റന്‍കേക്ക്. ഇതില്‍ കെ.എം.മാണി, കെ. കരുണാകരന്‍ തുടങ്ങി രാഷ്ട്രീയ സാമൂഹ്യമേഖലകളിലെ നിരവധി പ്രമുഖരോടൊപ്പമുള്ള വെള്ളാപ്പള്ളി നടേശന്റെ അറുപത്തിനാല് ചിത്രങ്ങള്‍ ആലേഖനം ചെയ്തിരുന്നു. സമ്മേളനത്തിന് മുന്നോടിയായി വെള്ളാപ്പള്ളി നടേശന്‍ കേക്ക് മുറിച്ചു. ആദ്യമധുരം സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എയ്ക്ക് നല്‍കി.തുടര്‍ന്ന് വിശിഷ്ടാതിഥികള്‍ക്കെല്ലാം വെള്ളാപ്പള്ളി നടേശന്‍ കേക്ക് നല്‍കി.






