ലീഗിനെതിരെ പറഞ്ഞാൽ എങ്ങനെ മുസ്ലിം വിരുദ്ധമാകും ?
“അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയ ശേഷം ഗുരു അരുളിയത് ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്’ എന്നാണ്. ജാതിയുടെയും മതത്തിന്റെയും പേരിൽ വിദ്വേഷവും ഭേദചിന്തയുമില്ലാതെ എല്ലാവരോടും സ്നേഹത്തോടെയും സൗഹൃദത്തോടെയും ജീവിക്കണമെന്നും എല്ലാവരും ഒരമ്മയുടെ ഉദരത്തിൽ നിന്ന് ജനിച്ചവരെപ്പോലെയെന്നുമാണ് ഗുരു നമ്മെ പഠിപ്പിച്ചത്. നാം അങ്ങനെ തന്നെയാണ് എല്ലാവരോടും പെരുമാറുന്നത്” -എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശനെ ആദരിക്കാൻ മീനച്ചിൽ യൂണിയൻ ഈരാറ്റുപേട്ട
പി.ടി.എം.എസ് നഗറിലെ ആർ.ശങ്കർ നഗറിൽ സംഘടിപ്പിച്ച ഈഴവ മഹാസംഗമത്തിൽ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ .

മുസ്ലിം ലീഗ് ഈഴവ സമുദായത്തിനെതിരെ കൈക്കൊണ്ട നെറികേടും വിവേചനവും തുറന്നു കാട്ടുമ്പോൾ അത് മുസ്ലിം സമുദായത്തിനെതിരാണെന്ന് വരുത്തിത്തീർത്ത് തന്നെ മുസ്ലിം വിരുദ്ധനാക്കാനുള്ള ലീഗിന്റെ ശ്രമം വിലപ്പോവില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശനെ ആദരിക്കാൻ മീനച്ചിൽ യൂണിയൻ ഈരാറ്റുപേട്ട പി.ടി.എം.എസ് നഗറിലെ ആർ.ശങ്കർ നഗറിൽ സംഘടിപ്പിച്ച ഈഴവ മഹാസംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഈയിടെ ഞാൻ മലപ്പുറത്ത് നടത്തിയ പ്രസംഗത്തിലെ ഭാഗങ്ങൾ വളച്ചൊടിച്ചാണ് എന്നെ മുസ്ലിം വിരോധിയായി ചിത്രീകരിച്ചത്. എസ്.എൻ.ഡി.പി യോഗം ഏറെക്കാലം മുസ്ലിം ലീഗിനൊപ്പം നിന്ന് സംവരണ സമുദായ മുന്നണിയിൽ പ്രവർത്തിച്ചതാണ്. ഈഴവർക്കും മുസ്ലിങ്ങൾക്കും മറ്റു പിന്നാക്ക വിഭാഗങ്ങൾക്കും അർഹമായ പ്രാതിനിധ്യം സാമ്പത്തിക, സാമൂഹിക, ഭരണ, വിദ്യാഭ്യാസ തലങ്ങളിൽ നേടിയെടുക്കുകയായിരുന്നു ലക്ഷ്യം. അതിനായി ലീഗിനൊപ്പം നിരവധി സമരങ്ങളിൽ യോഗവും പങ്കെടുത്തു. സെക്രട്ടേറിയറ്റ് മാർച്ചും ഹൈക്കോടതി മാർച്ചും പി.എസ്.സി ഓഫീസ് മാർച്ചും നടത്തി. ലക്ഷങ്ങൾ ചിലവിട്ടാണ് ഡൽഹിയിൽ വരെ പോയി സമരം ചെയ്തത്. അന്ന് പ്രതിപക്ഷത്തായിരുന്ന ലീഗ് ഭരണത്തിലെത്തുമ്പോൾ ഈഴവ സമുദായത്തിനും അർഹമായ നീതി ലഭ്യമാക്കുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ ലീഗ് സംസ്ഥാന ഭരണത്തിലെത്തിയതോടെ അവർ ആലുവ മണൽപ്പുറത്ത് കണ്ട പരിചയം പോലും കാട്ടാതായി.
മലപ്പുറം ജില്ലയിൽ ഈഴവ സമുദായത്തിന് ഒരൊറ്റ എയ്ഡഡ് സ്കൂളോ കോളേജോ പോയിട്ട്, ഒരു കുടിപ്പള്ളിക്കൂടം പോലുമില്ല. സമുദായത്തിന്റെ ഈ ആവശ്യം എത്രയോ തവണ കരഞ്ഞു പറഞ്ഞിട്ടും ഒന്നും തന്നില്ല. അന്നത്തെ സർക്കാരിനെക്കൊണ്ട് നരേന്ദ്രൻ കമ്മിഷൻ റിപ്പോർട്ട് പ്രകാരം പിന്നാക്ക വിഭാഗങ്ങൾക്ക് പി.എസ്.സി നിയമനങ്ങളിലെ പ്രാതിനിധ്യ കുറവ് ചൂണ്ടിക്കാട്ടി സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടത്താൻ തീരുമാനിച്ചു. ഈഴവരുടെ പ്രാതിനിധ്യം കൂടി കണക്കിലെടുത്ത് കുറവ് പരിഹരിക്കാൻ നരേന്ദ്രൻ കമ്മിഷൻ നിർദ്ദേശിച്ചിരുന്നു. മുസ്ലിം സമുദായത്തിന്റെ കുറവ് നികത്തിയപ്പോൾ ഈഴവരുടെ കുറവ് നികത്തുന്ന കാര്യത്തിൽ ലീഗ് ഒരു താത്പര്യവും കാട്ടിയില്ല. ഇക്കാര്യങ്ങൾ ഞാൻ ചൂണ്ടിക്കാട്ടിയപ്പോഴാണ് മുസ്ലിം സമുദായത്തിനെതിരായ വിദ്വേഷമായി വ്യാഖ്യാനിച്ച് എന്റെ കോലം കത്തിക്കാൻ ലീഗുകാർ ഇറങ്ങിയത്. എന്നാൽ തിരിച്ചും കോലം കത്തിക്കാൻ നമ്മൾ മിടുക്കരാണെന്ന് കണ്ടപ്പോഴാണ് കോലം കത്തിക്കൽ അവസാനിച്ചത്.
ഞാൻ പറഞ്ഞതിൽ എന്ത് കുഴപ്പമാണുള്ളത് ? കണക്ക് പറഞ്ഞാൽ മലപ്പുറം ജില്ലയിൽ 58 ശതമാനം മാത്രമാണ് മുസ്ലിം ജനസംഖ്യ. അങ്ങാടിപ്പുറം, പെരിന്തൽമണ്ണ, തിരുനാവായ, നിലമ്പൂർ എന്നീ നിയോജക മണ്ഡലങ്ങളിൽ മുസ്ലിങ്ങൾക്കൊപ്പം ഹിന്ദുക്കളുമുണ്ട്. പെരിന്തൽ മണ്ണയിൽ നിന്ന് ഈഴവൻ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എന്നാൽ മുസ്ലിങ്ങളാണ് ഭൂരിപക്ഷമെന്നവകാശപ്പെട്ട് അവർ ഒന്നായി നിന്ന് നന്നാകുകയാണ്. 58 ശതമാനക്കാരൻ എല്ലാം പിടിച്ചടക്കുമ്പോൾ നമുക്ക് അത് ചോദ്യം ചെയ്യാൻ പോലും അവകാശമില്ലെന്നതാണവസ്ഥ. നമ്മൾ പരസ്പരം തല്ലുകയാണ്. ഈഴവ സമുദായം ജാതിയുടെ പേരിൽ തന്നെ സംഘടിച്ച് ശക്തിസമാഹരണം നടത്തി നഷ്ടപ്പെട്ടതെല്ലാം കൂട്ടായി വിലപേശി വാങ്ങാനുള്ള ശക്തി സംഭരിക്കണം. സാമൂഹ്യനീതിക്കായി ശബ്ദിക്കുമ്പോൾ ജാതി പറയുന്നുവെന്നാക്ഷേപിച്ച് വായടപ്പിക്കാൻ ആരും നോക്കേണ്ട. ജാതി വിവേചനത്തിലൂടെ നീതി നിഷേധിക്കപ്പെടുന്ന നമ്മൾ സ്വന്തം അസ്തിത്വം മനസ്സിലാക്കി സംഘടിത ശക്തിയായില്ലെങ്കിൽ കനത്ത വില നൽകേണ്ടി വരുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

വിവിധ ചിത്രങ്ങള് പതിച്ച വലിയ കേക്ക് മുറിക്കുന്നു.
അറബിക് കോളേജിന്റെ മറവിൽ
എയ് ഡഡ് കോളേജ്
മലപ്പുറത്ത് മുസ്ലിം സമുദായത്തിന് 11 എയ്ഡഡ് ആർട്സ് ആന്റ് സയൻസ് കോളേജുകളുണ്ട്. കൂടാതെ അറബിക് കോളേജുകളെന്ന പേരിൽ 6 എണ്ണം വേറെയുണ്ട്. അറബിക് കോളേജെന്നാണ് പേരെങ്കിലും അവിടെ അറബ് ഒരു വിഷയം മാത്രമാണ്. ആർട്സ് ആന്റ് സയൻസ് വിഷയങ്ങളാണവിടെയും പഠിപ്പിക്കുന്നത്. ഇവിടെയാണ് മറ്റൊരു തട്ടിപ്പ് അരങ്ങേറുന്നത്. ആർട്സ് ആന്റ് സയൻസ് കോളേജുകൾ തുടങ്ങാൻ 15 ഏക്കർ സ്ഥലം വേണം. എന്നാൽ അറബിക് കോളേജിന് രണ്ടര ഏക്കർ സ്ഥലം മതിയാകും. അങ്ങനെയാണ് അറബിക് കോളേജിന്റെ പേരിൽ ആർട്സ് ആന്റ് സയൻസ് കോളേജുകൾ സംഘടിപ്പിച്ചെടുക്കുന്നത്. ചുരുക്കത്തിൽ അവർക്ക് മലപ്പുറം ജില്ലയിൽ മാത്രം 17 എയ്ഡഡ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. മുസ്ലിം സമുദായത്തിന് മലപ്പുറത്ത് 100 എയ്ഡഡ് സ്കൂളുകൾ ഉള്ളപ്പോൾ ഈഴവ സമുദായത്തിന് മരുന്നിന് പോലും ഒരു സ്കൂളോ കോളേജോ ഇല്ല . നമ്മുടെ കുട്ടികൾക്ക് പഠിക്കാൻ ഒരു കുടിപ്പള്ളിക്കൂടം പോലും തന്നിട്ടില്ല. ഈ ദുഖം സങ്കടമായി പറയുമ്പോൾ അതിലൊരു ന്യായമുണ്ടെന്ന് കരുതി പരിഹാരം ഉണ്ടാക്കുന്നതിനു പകരം എന്നെ ജാതിവാദിയായി ചിത്രീകരിച്ച് ക്രൂശിക്കാനാണ് ശ്രമം. മലപ്പുറത്ത് മുസ്ലിങ്ങൾക്ക് നൽകുന്ന സ്ഥാപനങ്ങൾ കൊണ്ട് അവിടത്തെ സാധാരണക്കാരായ മുസ്ലിങ്ങൾക്ക് ഒരു ഗുണവുമില്ല. എല്ലാം സമുദായത്തിലെ സമ്പന്നരായ ചിലർക്ക് മാത്രമാണ് നൽകുന്നത്. ഞാനൊരു മുസ്ലിം വിരുദ്ധനോ വിരോധിയോ അല്ല. എസ്.എൻ ട്രസ്റ്റിന്റെ കണക്കുകൾ കഴിഞ്ഞ 30 വർഷമായി ആഡിറ്റിംഗ് നടത്തുന്നത് റഹിം അസോസിയേറ്റ്സ് എന്ന സ്ഥാപനമാണ്. കോഴിക്കോട് സർവകലാശാലാ സിൻഡിക്കേറ്റംഗമായി റഹിം എന്നയാളെ തിരഞ്ഞെടുക്കാൻ 18 എസ്.എൻ.ഡി.പി യോഗക്കാരാണ് വോട്ട് ചെയ്തത്. എസ്.എൻ.ഡി.പി യോഗവുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്നത് കൊല്ലത്തുകാരനായ അഡ്വ. നിസാറാണ്. ഈഴവ സമുദായത്തിൽ ആളില്ലാഞ്ഞിട്ടാണോ ഇതൊക്കെ ചെയ്യുന്നത് ? നമ്മൾ ഒരു ഭേദചിന്തയും അതിൽ കണ്ടിട്ടില്ല. ഒരു മുസ്ലിം വിരോധവും അതിൽ കണ്ടിട്ടില്ല. ഞാനൊരു വർഗ്ഗീയവാദിയോ മുസ്ലിം വിരോധിയോ അല്ല. രാജ്യത്ത് നീതി പങ്കിടുമ്പോൾ സാമൂഹ്യനീതി വേണം.

ഗുരു ദൈവം തന്നെ
ഗുരുവിനെ നവോത്ഥാന നായകൻ, വിപ്ലവ നായകൻ, സാമൂഹിക പരിഷ്ക്കർത്താവ് എന്നൊക്കെ പലരും അവരുടെ വീക്ഷണകോണിൽ നിന്ന് വിശേഷിപ്പിച്ചിട്ടുണ്ടെങ്കിലും ഗുരു സാക്ഷാൽ ദൈവമാണെന്ന് പലവട്ടം തെളിയിച്ചിട്ടുണ്ട്. ഗുരു സാക്ഷാൽ പരബ്രഹ്മമാണ്. -വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ഗുരു ആരെന്ന് ഗുരുതന്നെ പറഞ്ഞിട്ടുണ്ട്. കുണ്ഡലീനി പാട്ടിൽ ഗുരു പറയുന്നത് ഇങ്ങനെയാണ്:
‘ഓം എന്ന് തൊട്ടൊരുകോടി മന്ത്രപൊരുൾ
നാമൊന്നറിഞ്ഞു കൊണ്ടാടു പാമ്പേ’
ഓം എന്നാൽ ബ്രഹ്മാവ് വിഷ്ണു മഹേശ്വരന്മാർ ചേർന്നതാണ്. ആ ഓം എന്ന് പറയുന്നതാണ് നാം എന്ന് ഗുരു കുണ്ഡലീനി പാട്ടിൽ പറഞ്ഞിരിക്കുന്നു. അതുപോലെ ഗദ്യപാഠത്തിലും ഗുരു പറയുന്നുണ്ട്. ‘നാം ശരീരമല്ല, അറിവാകുന്നു. ഈ ശരീരം ഉണ്ടാകുന്നതിനു മുമ്പും അറിവായ നാം ഉണ്ടായിരുന്നു. ഇതൊക്കെ ഇല്ലാതെ പോയാലും അറിവായ നാം ഇപ്രകാരം പ്രകാശിച്ചു കൊണ്ടേയിരിക്കും’ എന്നു പറഞ്ഞാൽ ഗുരു ഇപ്പോഴുമുണ്ട്. പണ്ടും ഉണ്ട്, എപ്പോഴും ഉണ്ട്, ലോകം അവസാനിച്ചാലും ഗുരു പ്രകാശിച്ചു കൊണ്ടേ ഇരിക്കും. ശരീരം വിട്ട് പോയെങ്കിലും ആത്മാവ് നമുക്ക് മുന്നിൽ അദൃശ്യശക്തിയായി നമ്മെ സഹായിക്കുന്നുണ്ട്. ആത്മവിലാസത്തിൽ ഗുരു പറയുന്നുണ്ട്, ‘നാമും ദൈവവും ഒന്നായി തീർന്നിരിക്കുന്നു. നമുക്കിനി വ്യവഹരിക്കാൻ പാടില്ല. ഗുരു ദൈവമായി മാറി. ഇതാ നാം ദൈവത്തിനോട് ഒത്തു ചേർന്നിരിക്കുന്നു. യേശുദേവൻ, ബുദ്ധൻ,നബി എന്നിവരെപ്പോലെ സാധാരണക്കാരനായി ജനിച്ച് കർമ്മസിദ്ധിയും ദൈവസിദ്ധിയും തപോസിദ്ധിയും കൊണ്ട് ഗുരുവും ദൈവമായി മാറി. നേരാം വഴികാട്ടുന്ന ഗുരു നമുക്ക് ദൈവം തന്നെയാണ്. ആ ദൈവത്തെ മനസിൽ പ്രതിഷ്ഠിച്ച് പൂജിച്ച് വണങ്ങണം. അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയ ശേഷം ഗുരു അരുളിയത് ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്’ എന്നാണ്. ജാതിയുടെയും മതത്തിന്റെയും പേരിൽ വിദ്വേഷവും ഭേദചിന്തയുമില്ലാതെ എല്ലാവരോടും സ്നേഹത്തോടെയും സൗഹൃദത്തോടെയും ജീവിക്കണമെന്നും എല്ലാവരും ഒരമ്മയുടെ ഉദരത്തിൽ നിന്ന് ജനിച്ചവരെപ്പോലെയെന്നുമാണ് ഗുരു നമ്മെ പഠിപ്പിച്ചത്. നാം അങ്ങനെ തന്നെയാണ് എല്ലാവരോടും പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാലായിലെ വിവേചനം
പാലായിലെ കാര്യം തന്നെ നോക്കിയാൽ കുരിശുമലയ്ക്കായി 450 ഏക്കർ സർക്കാർ ഭൂമിയാണ് പതിച്ചു നൽകിയത്. തങ്ങൾപാറയ്ക്ക് 300 ഏക്കർ നൽകി. മനുഷ്യന് കയറാനും ഇറങ്ങാനും പറ്റാത്ത, വെള്ളം പോലും കിട്ടാത്ത 25 ഏക്കർ സ്ഥലം മാത്രമാണ് മുരുകൻ മലയ്ക്കായി തന്നത്. മാണി സാറിന്റെ ഔദാര്യത്തിലാണ് 15 ഏക്കർ സ്ഥലം എസ്.എൻ.ഡി.പി യോഗത്തിനും 10 ഏക്കർ സ്ഥലം എസ്.എൻ ട്രസ്റ്റിനുമായി തന്നത്. ഇതെന്ത് നീതിയാണ് ? പാലായിൽ നമുക്കൊരു പഞ്ചായത്ത് മെമ്പറുണ്ടോ ? ഒരു സൊസൈറ്റിയിൽ പോലും പ്രാതിനിധ്യം ഉണ്ടോ ? ജാതി ചിന്തയാണ് ജാതി വിവേചനം ഉണ്ടാക്കുന്നത്. ഇതൊക്കെ തുറന്ന് പറയുമ്പോൾ എന്നോട് വിരോധം തോന്നിയിട്ട് കാര്യമുണ്ടോ ? സാമൂഹിക യാഥാർത്ഥ്യങ്ങൾ തുറന്നു പറയാനുള്ള ഇച്ഛാശക്തി വേണം. അത് പറയുമ്പോൾ നാം കൊള്ളരുതാത്തവരും ജാതി പറയുന്നവർ മിടുക്കരുമെന്ന് പറയുന്നത് ശരിയല്ല.
കോട്ടയത്തും ഈഴവർക്ക്
ഒന്നുമില്ല
കോട്ടയം ജില്ലയിൽ 559 എയ്ഡഡ് സ്കൂളുകളുണ്ട്. കേരളത്തിലാകെ 7227 എയ്ഡഡ് സ്കൂളുകളുള്ളതിൽ എസ്.എൻ.ഡി.പി യോഗത്തിനും ട്രസ്റ്റിനുമായി എൽ.പി, യു.പി, ഹയർസെക്കൻഡറി സ്കൂളടക്കം വെറും 37 സ്കൂളുകൾ മാത്രമാണുള്ളത്. കോട്ടയം ജില്ലയിൽ ഒരേയൊരു യു.പി സ്കൂളാണ് നമുക്കുള്ളത്. കോട്ടയത്ത് 24 എയ്ഡഡ് കോളേജുകൾ മറ്റു സമുദായങ്ങൾക്കുള്ളപ്പോൾ എസ്.എൻ.ഡി.പി യോഗത്തിനോ
ട്രസ്റ്റിനോ ഒരെണ്ണം പോലുമില്ല. പാലായിലും സ്ഥിതി ഇതുതന്നെ. പാലായിലെ ഈഴവ കുട്ടികൾ പഠിക്കാൻ എവിടെ പോകും ? ഇത് സാമൂഹ്യനീതി ആണോ എന്ന് ചോദിച്ചാൽ ജാതി പറയുന്നുവെന്ന് പറഞ്ഞ് വായടപ്പിക്കാൻ നോക്കും. പി.ജെ ജോസഫിനെ പോലുള്ള കേരള കോൺഗ്രസ് നേതാക്കളാണ് ദീർഘകാലം വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തത്. അവർ അവരുടെ സമുദായത്തിന് സ്കൂളുകളും കോളേജുകളും ഇഷ്ടം പോലെ കൊടുക്കും. പാലയിലെ ഏതെങ്കിലും ഒരു പഞ്ചായത്തിൽ ഒരീഴവനെ സ്ഥാനാർത്ഥിയാക്കുമോ? ഈഴവരും പിന്നാക്കക്കാരും വോട്ട്കുത്തുന്ന വെറും യന്ത്രങ്ങളായി അധ:പതിച്ചു. ഇത് ഞാൻ പറയാതെ ആരാണ് പറയുക ? സമ്പത്ത് പങ്കിടുമ്പോൾ ഉള്ളവൻ തന്നെ പിന്നെയും കൊണ്ടു പോകുകയല്ലേ ? കോളേജായാലും സ്കൂളായാലും പഠിക്കുന്നതും പഠിപ്പിക്കുന്നതും അവരുടെ സ്വന്തം സമുദായക്കാരാണ്. ശമ്പളം ഇനത്തിൽ സർക്കാർ ഖജനാവിലെ കോടികളല്ലേ അവർക്ക് ലഭിക്കുന്നത്. ഇനിയും ഇതനുവദിച്ചു കൂട. ഈഴവത്തി പെറ്റ ഈഴവനാണെന്ന് പറയാനുള്ള ചങ്കൂറ്റം നമുക്ക് വേണം. മറ്റു സമുദായങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ആ സമുദായങ്ങൾ സംഘടിച്ച് ശക്തരായി വോട്ട് ബാങ്കായി അവരെല്ലാം അതിന്റെ പേരിൽ രാഷ്ട്രീയ പാർട്ടിയും ഉണ്ടാക്കി രാഷ്ട്രീയ ശക്തിയായി മാറി.

ലീഗിന്
ഒരു മതേതരവുമില്ല
മുസ്ലിം ലീഗെന്നാൽ മുസ്ലിം കൂട്ടായ്മയല്ലാതെ മതേതരത്വം പൊടിപോലുമില്ലാത്ത രാഷ്ട്രീയ പാർട്ടിയാണ് . നാഴികക്ക് നാൽപ്പത് വട്ടം അവർ മതേതരത്വം പറയും. ആകെ ഒരു രാമനാണ് ആ പാർട്ടിയിൽ ഉണ്ടായിരുന്ന ഏക അമുസ്ലിം. സംവരണ സീറ്റ് കിട്ടിയതിനാൽ മാത്രമാണ് ഒരു രാമനെ മത്സരിപ്പിച്ചത്. ഇപ്പോൾ അതുമില്ല. കേരള കോൺഗ്രസിനെയും നയിക്കുന്നതാരാണ് ? അവരെല്ലാം അവരുടെ മതവിശ്വാസങ്ങൾ മുറുകെപ്പിടിച്ച് സ്ഥാനമാനങ്ങളും അധികാരവും പങ്കിടുമ്പോൾ നമ്മൾ പരസ്പരം തല്ലുന്നു. നമ്മൾ ഗുരുവിൽ നിന്നകന്നു പോയി. സാമുദായിക ശക്തി സമാഹരണത്തിലൂടെയേ സാമൂഹ്യ നീതി ലഭ്യമാകുകയുള്ളു. സാമൂഹ്യ നീതിയാണ് നമുക്ക് വേണ്ടത്. ക്രിസ്ത്യാനിയുടെയോ മുസ്ലിമിന്റെയോ ഒന്നും നമുക്ക് വേണ്ട. ജനസംഖ്യാനുപാതികമായി ഈ രാജ്യത്ത് രാഷ്ട്രീയ, വിദ്യാഭ്യാസ, സാമ്പത്തിക നീതിയാണ് വേണ്ടത്. ആർ.ശങ്കറിനു ശേഷം നമുക്കെന്ത് കിട്ടി ? പിന്നീട് ഭരിച്ചവരെല്ലാം സ്വന്തം സമുദായത്തിനാണ് നൽകിയത്. നമ്മുടെ കൂട്ടായ്മ ഇല്ലായ്മയെ എല്ലാവരും ചൂഷണം ചെയ്തു. നമ്മൾ ചവിട്ടി അരയ്ക്കപ്പെടുന്ന വിഭാഗമായി മാറി. നമ്മെ ആർക്കും എങ്ങനെയും ഉപയോഗിക്കാമെന്ന ചിന്ത വന്നപ്പോൾ നമ്മൾ മനുഷ്യരായി ജനിച്ച് മനുഷ്യരായി മരിക്കുന്നു. ഉറുമ്പ് കടിച്ചല്ല മരിക്കേണ്ടത്. ആരോടും മുഖം നോക്കാതെ തന്റേടത്തോടെ അർഹതപ്പെട്ടത് ചോദിച്ചു വാങ്ങാനുള്ള ഇച്ഛാശക്തി സമുദായത്തിന് ഇല്ലാതെ പോയി. ഡോ. പൽപ്പുവിന്റെ സിംഹഗർജ്ജനം പോലെ ‘ഈഴവത്തി പെറ്റ ഈഴവനാണെന്ന്’ അഭിമാന ബോധത്തോടെ പറയാനും നമുക്ക് അർഹതപ്പെട്ടത് ചോദിച്ചു വാങ്ങാനും കഴിയണം. നമുക്ക് സ്കൂളുകളും കോളേജുകളും വേണം. രാഷ്ട്രീയ നീതി വേണം. സമ്പത്ത് പങ്കിടുമ്പോൾ ഉള്ളവൻ തന്നെ പിന്നെയും കൊണ്ടു പോകുകയല്ലേ. അനീതിക്കെതിരെ പോരാടാൻ, സംഘടിച്ച് ശക്തരാകാൻ സ്വന്തം സമുദായത്തിന്റെ അസ്തിത്വം മനസ്സിലാക്കി നാം സംഘടിതരായി മുന്നേറണം. നഷ്ടപ്പെട്ടതെല്ലാം കൂട്ടായി വിലപേശി വാങ്ങാനുള്ള ശക്തി നമുക്കുണ്ടാകണം. യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിനു മുന്നോടിയായി എസ്.എൻ ട്രസ്റ്റംഗം പ്രീതി നടേശൻ ഭദ്രദീപപ്രകാശനം നടത്തി. സമ്മേളനം എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, ആദായനികുതി വകുപ്പ് അസി. കമ്മിഷണർ ജ്യോതിസ് മോഹൻ, കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ്, യോഗം കേന്ദ്ര വനിതാ സംഘം സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. സജീഷ് മണമേൽ കോട്ടയം ആമുഖപ്രഭാഷണം നടത്തി. വൈക്കം സനീഷ് ശാന്തി ഗുരുസ്മരണ നടത്തി. യൂണിയൻ കൺവീനർ എം.ആർ ഉല്ലാസ് സ്വാഗതവും വനിതാസംഘം ചെയർപേഴ്സൺ മിനർവ മോഹൻ നന്ദിയും പറഞ്ഞു.






