ഒഴുകാൻമടിച്ച മഴത്തുള്ളി

പണ്ടു പഞ്ചാഗ്നിനടുവിൽ തപംനോറ്റതരുണിയുടെ
നാഭിച്ചുഴിയിലലസമെത്തി ലയംപ്രാപിച്ച നീർത്തുള്ളി
മോഹനാംഗിയുടെ
നിബിഡകൺപീലിയിൽപ്പതിക്കവേ
ഒഴുകാൻമടിച്ചാദ്യം തെല്ലു ചിന്തിച്ചു,
കാമവൈരിയെ കാംക്ഷിക്കുന്നയിവളുടെ പൂവുടൽ
തൊട്ടുതഴുകീടുവതെന്തദ്ഭുതം

കൈലാസപതിക്കുറ്റ വക്ഷസ്സിൽ ചുംബിക്കുവാൻ
വല്ലാതെ വെമ്പുന്ന ചെഞ്ചൊടിയിണയിലും
നാരിലാവണ്യത്തിന്നുത്തുംഗപദമാളും
മാറിടത്തിലും
താമരനൂലും ദണ്ഡമോടെനൂഴും
കൊങ്കകൾക്കിടയിലും
ചെറുരോമങ്ങൾ നിറഞ്ഞയാലിലവയറിലുമിഴഞ്ഞ്
പൊക്കിൾത്താഴത്തിൽ
സമാപ്തിയാവാം.

എന്നിട്ടും കുളിർനീർത്തുള്ളിയൊന്നമാന്തിച്ചതു
ഹൈമവതിയുടെ
ധ്യാനനിമഗ്നവദനത്തിൻ
പ്രകാശപൂരത്തിൽ ശങ്കകൊണ്ടും
ആളുന്ന പ്രണയാഗ്നിയിൽ വിറയാർന്നും
കന്യകയുടെ തപോനിഷ്ഠയിൽ
ഭക്തിപൂണ്ടും, എന്നാകിലും
പിന്നെയൊഴുകാൻതുടങ്ങി മെല്ലെ
ചിന്തയ്ക്കു പെൺമേനി വഴിത്തിരിവുനൽകിയതിനാലെ.

Author

166 Views
Scroll to top
Close
Browse Categories