എസ്.എന്‍.ട്രസ്റ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മികവിന്റെ കേന്ദ്രങ്ങള്‍


ചെങ്ങന്നൂര്‍ : എസ്.എന്‍. ട്രസ്റ്റിന്റെയും എസ്.എന്‍.ഡി.പി യോഗത്തിന്റെയും നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മികവിന്റെയും വിജ്ഞാനത്തിന്റെയും കേന്ദ്രങ്ങളായി വളര്‍ന്നെന്ന് എസ്.എന്‍. ട്രസ്റ്റ് സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. ചെങ്ങന്നൂര്‍ എസ്.എന്‍. കോളേജിന് യു.ജി.സി നാക് അക്രഡിറ്റേഷനില്‍ എ ഗ്രേഡ് ലഭിക്കാന്‍ മികച്ച പ്രവര്‍ത്തനം നടത്തിയവരെ ആദരിക്കുവാനും, അഭിനന്ദിക്കുവാനുമായി എസ്.എന്‍. ട്രസ്റ്റ് ചെങ്ങന്നൂര്‍ സബ് ആര്.ഡി.സി. സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചും മികവാര്‍ന്ന അദ്ധ്യാപനത്തിലൂടെയും പഠന-ഗവേഷണ രംഗത്തെ മികച്ച പ്രവര്‍ത്തനത്തിലൂടെയും പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്കുന്ന ചിട്ടയായ പരിശീലനത്തിലൂടെയുമാണ് ഈ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞത്. ചെങ്ങന്നൂര്‍ എസ്.എന്‍. കോളേജ് ഉള്‍പ്പെടെ എസ്.എന്‍. ട്രസ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 95 ശതമാനം കോളേജുകളും നാക് അക്രിഡിറ്റേഷന് എ ഗ്രേഡ് നേടിയത് വിജ്ഞാനത്തിന്റെയും മികവിന്റേയും കേന്ദ്രങ്ങളായി ഈ സരസ്വതീ ക്ഷേത്രങ്ങളെ മാറ്റാന്‍ കഴിഞ്ഞത് കൊണ്ടാണ്. പുതിയ കോഴ്സുകള്‍ ആരംഭിച്ച് കൂടുതല്‍ വൈവിധ്യവല്‍ക്കരണം ട്രസ്റ്റ് ലക്ഷ്യമിടുന്നുണ്ട്. ട്രസ്റ്റ് നേതൃത്വത്തിന്റെ അകമഴിഞ്ഞ സഹായത്തോടെയും ചെങ്ങന്നൂര്‍ സബ് ആര്.ഡി.സിയുടെ പിന്തുണയോടെയും കൂടി ചെങ്ങന്നൂര്‍ ശ്രീനാരായണ കോളേജിലെ അദ്ധ്യാപകരും ജീവനക്കാരും വിദ്യാര്‍ത്ഥികളും ഒറ്റക്കെട്ടായി നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഈ വിജയത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. ആര്.ഡി.സി. ചെയര്മാന് ഡോ. എ.വി. ആനന്ദരാജ് അദ്ധ്യക്ഷനായി. ട്രസ്റ്റ് ട്രഷറര്‍ ഡോ. ജി. ജയദേവന് മുഖ്യപ്രഭാഷണം നടത്തി. ആര്.ഡി.സി കണ്‍വീനര്‍ അനില്‍ പി. ശ്രീരംഗം ,അക്കാദമിക് കോഓർഡിനേറ്റര്‍ ഡോ.ആര്. രവീന്ദ്രന്, ഇറവങ്കര വിശ്വനാഥന്, വാസുദേവന്‍, എന്‍. വിനയചന്ദ്രന്, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സിന്ധു പ്രതാപ്, ടി.കെ.എം.എം. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. രാജീവ് എസ്.ആര്,നാക് പിയര്‍ ടീം വിസിറ്റ് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ്ജ് ഡോ. അഞ്ജു കെ.എസ്, ഐ.ക്യു.എ.സി. കോഓർഡിനേറ്റര്‍ സ്മിതാ ശശിധരന്, നാക് കോഓർഡിനേറ്റർ ശ്രീരഞ്ജിനി തുടങ്ങിയവര്‍ സംസാരിച്ചു.
