യാനം

കാലത്തിന്‍ചിരപരിഖേദങ്ങളി,-
ലവയുടെ ഞൊറികളി,-
ലാവര്‍ത്തങ്ങളി-
ലനലസ്വരങ്ങളലഞ്ഞുനടപ്പൂ..
ജനിമൃതിയിടയിലെ ഹ്രസ്വവിമൂഢത
പോലെന്‍ പ്രണയം നിന്നു കിതപ്പൂ..
അലിവെഴുമാര്‍ദ്രനിനാദത്തിരകളി-
ലവയുടെഭ്രാമകകമ്പനമൊന്നില്‍
ഒരു കിളിയൊച്ച മരിച്ചുകിടപ്പൂ..!
മഴയും മഞ്ഞും വെയിലും ശാരദ-
ശശികലതൂകിയൊരിത്തിരി ത്വിട്ടും
കിനിയും ശോകവുമെന്നേ പൊട്ടിയ
കണ്ണാടിച്ചീളില്‍ തെളിയും കീറിയ മുഖവും
വിധിശാപങ്ങളുമൊന്നിച്ചൊരുഭാണ്ഡക്കെട്ടില്‍
പാന്ഥനൊരുക്കിയെടുത്തുകഴിഞ്ഞു..
ഇനിയും തുടരും യാനം..
കാലത്തിന്‍ ചിരപരിഖേദങ്ങളി,-
ലവയുടെ ഞൊറികളി,-
ലാവര്‍ത്തങ്ങളി-
ലനലസ്വരങ്ങളലഞ്ഞുനടപ്പൂ..
ഒരു ഞാറ്റടിയുടെ ചിറകില്‍ പഴയൊരു
നിറപുണ്യത്തിന്‍ നിര്‍മ്മമധ്യാനം!
ഒരു ചെറുതാളിപ്പൂവിനനാഗത-
സ്മൃതികളിലിന്നേ കാതോര്‍ക്കും പ്രണവം!
തെളിമിന്നലിലാളിയൊളിക്കും
കാതരശീതഗതാന്വയവേളകള്‍!
വിടകൊള്ളവേ,
നിദ്രപ്പെട്ടവയെല്ലാമെത്രയഗാധ-
തലങ്ങളില്‍ വീണുകിടപ്പൂ..
ഒരു ചിരിയും ചിരിയുടെ പാഴില്‍
തെളിവായിക്കീറും സ്മൃതിയും
ഇനിവേ, ണ്ടൊരു ശ്യാമതടത്തില്‍
ചിരമായി വസിക്കും കനിവും!
ജനിമൃതിയിടയിലെ ഹ്രസ്വവിമൂഢത
പോലെന്‍ പ്രണയം നിന്നു കിതപ്പൂ..
അലിവെഴുമാര്‍ദ്രനിനാദത്തിരകളി-
ലവയുടെഭ്രാമകകമ്പനമൊന്നില്‍
ഒരു കിളിയൊച്ച മരിച്ചുകിടപ്പൂ..!

9544411567

Author

Scroll to top
Close
Browse Categories