നിമിത്തം

തിരിഞ്ഞുകൊത്തുന്ന വാക്കുകള്‍
കുത്തുവാക്കുകളാണെന്നും
കരുനാക്കുകളുടെ
ചവര്‍പ്പുകളാണെന്നും
പറഞ്ഞവരെല്ലാം
അറംപറ്റി, മറുവാക്ക് തേടുന്നു.

വശപ്പിശകുള്ള ശകുനങ്ങള്‍
അപശകുനങ്ങളാണെന്നും
അവലക്ഷണങ്ങളുടെ
ദുര്‍നിമിത്തങ്ങളാണെന്നും
ഉറപ്പിച്ചവരെല്ലാം
രാഹുകാലം നോക്കി വഴിമാറുന്നു.

നാവു പിഴയ്ക്കുന്ന സത്യങ്ങള്‍
അസത്യങ്ങളാണെന്നും
യാഥാര്‍ത്ഥ്യങ്ങളുടെ
പൊയ് മുഖങ്ങളാണെന്നും
വിവേചിച്ചവരെല്ലാം
മുഖം തിരിച്ചു നടന്നകലുന്നു…

വിഷഫലം കായ്ക്കുന്ന മരങ്ങള്‍
പാഴ് മരങ്ങളാണെന്നും
ഇരുള്‍പൂക്കളുടെ
അടിക്കാടുകളാണെന്നും
വിശ്വസിച്ചവരെല്ലാം
വാള്‍ത്തല മൂര്‍ച്ചകൂട്ടുന്നു….

ഉറക്കം കെടുത്തുന്ന സ്വപ്‌നങ്ങള്‍
ദുഃസ്വപ്‌നങ്ങളാണെന്നും
ദുരനുഭവങ്ങളുടെ
ദൂതരാണെന്നും
സന്ദേഹിച്ചവരെല്ലാം
പോളക്കണ്ണടയ്ക്കാന്‍ ഭയക്കുന്നു.

ആര്‍ദ്രത വറ്റിയ ജന്മങ്ങള്‍
വ്യര്‍ത്ഥജന്മങ്ങളാണെന്നും
ശുദ്ധശൂന്യതയുടെ
മൂടുപടങ്ങളാണെന്നും
തിരിച്ചറിഞ്ഞവരെല്ലാം
പുതിയൊരാഹ്വാനത്തിന്
കാതോര്‍ക്കുന്നു…..!

Author

Scroll to top
Close
Browse Categories