സ്വയം വരത്തിന് 50

എന്തും നേരിടാനുള്ള ധൈര്യത്തോടെയല്ലേ നമ്മള്‍ പോന്നത്.
വിശ്വസിക്കാന്‍ കഴിയുന്നില്ല. ഒരു സ്വപ്‌നം പോലെ തോന്നുന്നു…’.

അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത സ്വയംവരത്തില്‍ മധു അവതരിപ്പിച്ച വിശ്വം എന്ന കഥാപാത്രം ശാരദയോട് ( സീത ) പറയുന്ന ആദ്യ ഡയലോഗാണിത്. ഒരര്‍ത്ഥത്തില്‍ ചിത്രം പില്‍ക്കാലത്ത് സിനിമയുടെ ചരിത്രത്തില്‍ നേടിയെടുത്ത സ്ഥാനത്തെ സൂചിപ്പിക്കുന്ന സംഭാഷണമായി അതിനെ വിശേഷിപ്പിക്കാം. മലയാളസിനിമയെ വിശ്വചലച്ചിത്ര ഭൂപടത്തില്‍ ആദ്യമായി അടയാളപ്പെടുത്തിയ
സ്വയംവരം പ്രേക്ഷകര്‍ക്കു മുന്നിലെത്തിയിട്ട് അമ്പത് വര്‍ഷം. തന്റെ ആദ്യകഥാചിത്രമായ സ്വയംവരത്തിലേക്കെത്തിയ കഥ അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നു
.

‘പൂനെയില്‍ പഠിച്ചിറങ്ങിയിട്ട് കുറേ നാളായല്ലോ…?
പടം ഒന്നുമില്ലേ?
എന്താണ് ചെയ്യുന്നത്.? ആളുകള്‍ പലരും ചോദിക്കുകയാണ്.
ചുമ്മാതെ നടക്കുകയാണോ എന്ന മട്ടിലുള്ള ചോദ്യങ്ങള്‍ .’
അടൂര്‍ ഗോപാലകൃഷ്ണന്‍ സംസാരിക്കുകയായിരുന്നു. മലയാള സിനിമയുടെ ഗതിമാറ്റി വിട്ട സ്വയംവരത്തിന് അമ്പതുവയസ്.1972 ലാണ് ലോകസിനിമയില്‍ ഇന്ത്യയുടെ മേല്‍വിലാസങ്ങളിലൊന്നായി മാറിയ അടൂര്‍ ഗോപാലകൃഷ്ണന്‍ എന്ന മഹാപ്രതിഭയുടെ കൈയ്യൊപ്പ് ആദ്യമായി ചാര്‍ത്തിയ കഥാചിത്രം സ്വയംവരം പ്രേക്ഷകര്‍ക്കു മുന്നിലേക്കെത്തിയത്.

‘പുതിയ ഭാവുകത്വം പകര്‍ന്ന മലയാളത്തിലെ ലക്ഷണമൊത്ത ആദ്യസിനിമയാണ് സ്വയംവരം .’- പ്രശസ്ത നിരൂപകന്‍ വിജയകൃഷ്ണന്‍ പറഞ്ഞു.

സ്വയംവരത്തിലേക്ക് എങ്ങനെ എത്തിച്ചേര്‍ന്നുവെന്ന് അടൂര്‍ വിശദീകരിച്ചു.
പൂനയില്‍ പഠിച്ചിറങ്ങിയാലുടന്‍ ഇവിടെ വന്ന് സിനിമയെടുക്കണമെന്നൊക്കെ മനസില്‍ കരുതിയിരുന്നെങ്കിലും അത് നിര്‍മ്മിക്കാന്‍ ആളുവേണ്ടെ..?
പൊതു സുഹൃത്തുക്കള്‍ വഴി ചില നിര്‍മ്മാതാക്കളെയൊക്കെ സംഘടിപ്പിച്ചുവച്ചിരുന്നു.എന്നാല്‍ ഏതോ ഒരു സ്‌കൂളില്‍പ്പോയി പഠിച്ച് സിനിമ ഉണ്ടാക്കാന്‍ വരുന്നുവെന്നാണ് അവരൊക്കെ നമ്മളെക്കുറിച്ച് ധരിച്ചിരുന്നത്.

ഏതെങ്കിലും സംവിധായകന്റെ കൂടെ അസിസ്റ്റന്റായി ജീവിതകാലം മുഴുവന്‍ നിന്നാല്‍ അവസാനകാലത്ത് സ്വതന്ത്രമായി ഒരു സിനിമ ചെയ്യാന്‍ പറ്റിയാലായി എന്നതായിരുന്നു അന്നത്തെ പൊതു അവസ്ഥ.ഹോളിവുഡില്‍ പോലും അന്ന് അങ്ങനെയായിരുന്നു.55 വയസൊക്കെ ആകാതെ ഹോളിവുഡിലൊന്നും ആരും സ്വതന്ത്രമായി അന്ന് പടം എടുത്തിരുന്നില്ല.എന്റെ മുപ്പതാമത്തെ വയസിലാണ് ഞാന്‍ സ്വയംവരം സംവിധാനം ചെയ്തത്.

13 കേന്ദ്രങ്ങളില്‍ ആദ്യം റിലീസ് ചെയ്തു. പാട്ടില്ലാതെയും അടൂര്‍ഭാസി ഇല്ലാതെയും പടമെടുത്തോ എന്നൊക്കെ ചോദ്യം വന്നു. അധികം തിയറ്ററുകളില്‍ ഒരാഴ്ചയില്‍ കൂടുതല്‍ ഓടിയില്ല. ദേശീയ അവാര്‍ഡ് കിട്ടിയപ്പോള്‍ ഞങ്ങള്‍ വീണ്ടും റിലീസ് ചെയ്തു. എല്ലാ ഷോയും ഫുള്‍.

ചിത്രലേഖ ഫിലിം സൊസൈറ്റി (ചിത്രലേഖ ഫിലിം കോപ്പറേറ്റീവ് ) തുടങ്ങുന്നത് 1965 ലാണ്. തിരുവനന്തപുരത്ത് ചിത്രലേഖയും സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഫിലിം സൊസൈറ്റികളും . നല്ല സിനിമയെക്കുറിച്ച് അവബോധമുണ്ടാക്കാന്‍ വേണ്ടിയാണ് ഈ പ്രസ്ഥാനം തുടങ്ങിയത്. ഒപ്പം നമ്മള്‍ക്കും നല്ല സിനിമ കാണാമല്ലോയെന്ന ലക്ഷ്യവും ഉണ്ടായിരുന്നു.

അങ്ങനെയാണ് ഒരു പടം എടുക്കാമെന്നു കരുതി ഇറങ്ങിത്തിരിച്ചത്. പല പടങ്ങള്‍ക്കും തിരക്കഥ എഴുതിയ സുഹൃത്തായിരുന്നു സി.എന്‍.ശ്രീകണ്ഠന്‍നായര്‍.അദ്ദേഹത്തോട് ഒരു സ്‌ക്രിപ്‌റ്റെഴുതാന്‍ പറഞ്ഞു.പടം നിര്‍മ്മിക്കാന്‍ കാശില്ല .ഫിലിം ഫൈനാന്‍സ് കോര്‍പ്പറേഷന് ആ തിരക്കഥ വച്ച് വായ്പയ്ക്ക് അപേക്ഷിച്ചു.

‘ കാമുകി ‘എന്നായിരുന്നു സിനിമയുടെ പേര്.അതൊരു പ്രേമകഥയായിരുന്നു..അവര്‍ക്കത് ഇഷ്ടമായില്ല. എങ്കിലും വളരെ കേമമാണെന്നു പറഞ്ഞ് ബോംബെയില്‍ പോയി ഞാന്‍ കോര്‍പ്പറേഷന്റെ സാരഥികളെ കണ്ടു. ഇത്രയും പ്രശ്‌നങ്ങള്‍ ഒക്കെയുള്ള ഇന്ത്യപോലൊരു രാജ്യത്ത് പ്രണയകഥയാണോ സിനിമയുടെ പ്രമേയമാക്കുന്നതെന്ന് അതിന്റെ ചെയര്‍മാന്‍ എന്നോടു ചോദിച്ചു.അപേക്ഷ നിരസിക്കുകയും ചെയ്തു.

ഇനി എന്താണ് അടുത്തവഴിയെന്ന് ചിന്തിച്ചു.തിരുവനന്തപുരത്തുകാരനായ മരിയാനോ എന്ന ആള്‍ കുവൈറ്റില്‍ നിന്ന് തിരിച്ചത്തി ഫിലിം സൊസൈറ്റിയിലൊക്കെ അംഗത്വമെടുത്തിരുന്നു. സിനിമയിലൊക്കെ താത്പ്പര്യമുള്ളയാള്‍.അയാളുടെ കൈയ്യില്‍ പണമുണ്ടായിരുന്നു.അദ്ദേഹം സിനിമ നിര്‍മ്മിക്കാമെന്നു പറഞ്ഞ് മുന്നോട്ടുവന്നു. ഷൂട്ടിംഗ് തീരുമാനിച്ചു.മാവേലിക്കരയിലായിരുന്നു ഷൂട്ടിംഗ്.

അരവിന്ദനായിരുന്നു ആര്‍ട്ട് ഡയറക്ടര്‍.ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എന്റെകൂടെ പഠിച്ചിരുന്ന കൊച്ചിക്കാരന്‍ ആറ്റ്‌ലിയായിരുന്നു ഛായാഗ്രാഹകന്‍.മെരിലാന്‍ഡില്‍ നിന്നെടുത്ത ഉപകരണങ്ങളുമൊക്കെയായിട്ടായിരുന്നു ഷൂട്ടിംഗ്. മുന്‍പരിചയമില്ലാത്തതിന്റെ ദോഷങ്ങളെല്ലാം അതിനുണ്ടായിരുന്നു.ഷൂട്ട് ചെയ്യാന്‍ തിരഞ്ഞെടുത്ത സമയം തന്നെ ഇടവപ്പാതിക്കാലമായിരുന്നു.കാമറ പുറത്തോട്ട് എടുത്തുവച്ചാലുടന്‍ മഴ പെയ്യുമായിരുന്നു.അഭിനയിക്കാന്‍ മധു,ഉഷാനന്ദിനി,പി.ജെ.ആന്റണി, അടൂര്‍ഭാസി തുടങ്ങി അറിയ പ്പെടുന്ന ആര്‍ട്ടിസ്റ്റുകള്‍ ഒക്കെയുണ്ടായിരുന്നു.മൂന്നോ നാലോ ദിവസം ഷൂട്ട് ചെയ്തു.അപ്പോഴേക്കും പെരുമഴയായി.മരിയാനോയുടെ കൈയ്യിലെ പൈസയും തീര്‍ന്നു.പടം കുറച്ച് ഷൂട്ട് ചെയ്ത് വിതരണക്കാരെ ഇട്ടുകാണിച്ചാല്‍ പ്രൊഡക്ഷന്‍ അവരങ്ങ് ഏറ്റെടുക്കുമെന്നാണ് അദ്ദേഹം ധരിച്ചിരുന്നത്.അന്നത്തെ പതിവും അതായിരുന്നു.നമ്മുടെ പടം അങ്ങനെ കണ്ടിട്ടെടുക്കാനുള്ള ഒരു കമേഴ്‌സ്യല്‍ വശവുമില്ലായിരുന്നു.സിനിമ പാതിവഴിക്കു മുടങ്ങി.

കുറേക്കാലം കഴിഞ്ഞ് രാജീവ്‌നാഥിന് കാമുകിയുടെ അവകാശങ്ങളൊക്കെകൊടുത്തു. രണ്ടോ മൂന്നോ പാട്ടുണ്ടായിരുന്നു ആ ചിത്രത്തില്‍ . ശിവനും ശശിയുമായിരുന്നു സംഗീതം. ഏറ്റുമാന്നൂര്‍ സോമദാസനായിരുന്നു പാട്ടുകള്‍ എഴുതിയത്.എല്ലാം അരവിന്ദന്റെ ഏര്‍പ്പാടായിരുന്നു.യേശുദാസും ജാനകിയുമൊക്കെയാണ് പാടിയത്.നല്ല പാട്ടുകളായിരുന്നു.അതിലെ ‘ ജീവന്റെ ജീവനില്‍ ‘ എന്ന പാട്ട് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിലൊന്നാണെന്ന് യേശുദാസ് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.തീരങ്ങള്‍ എന്ന പേരില്‍ രാജീവ്‌നാഥ് വേറെ അഭിനേതാക്കളെ വച്ച് ആ പടമെടുത്തു.രാജീവ്‌നാഥ് തന്ന പണം കൊണ്ട് മരിയാനോ മുടക്കിയ തുക കൊടുത്തു.സി.എന്‍.ചേട്ടനും തിരക്കഥയ്ക്ക് പണം കൊടുത്തു.68 ലോ 69 ലോ ആയിരുന്നു അത്.സ്വയംവരത്തിനു തൊട്ടുമുമ്പ് ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ‘ പ്രതിസന്ധി ‘എന്നൊരു പടവുമെടുത്തു.കുടുംബാസൂത്രണത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു പടം.അടൂര്‍ഭാസിയും ബഹദൂറും എസ്.പി.പിള്ളയുമടക്കം സകല കൊമേഡിയന്‍മാരും അതില്‍ അഭിനയിച്ചു.ശ്രീവരാഹം ബാലകൃഷ്ണനും ഞാനും ചേര്‍ന്നെഴുതിയ സ്‌ക്രിപ്റ്റായിരുന്നു .അതുകഴിഞ്ഞാണ് സ്വയംവരത്തിലേക്ക് വന്നത്
ശാരദ അന്ന് ടോപ്‌സ്റ്റാറാണ്.മദ്രാസിലെ ഒരു സുഹൃത്ത് മുഖാന്തിരമാണ് അവരെ വിളിച്ചത്.അവര്‍ ഒരു കാര്യമേ പറഞ്ഞുള്ളു.പ്രതിഫലമായി 25000 രൂപ വേണം.അവര്‍ക്ക് നമ്മളെ ഒന്നും അന്ന് അറിഞ്ഞു കൂട.ബഡ്ജറ്റില്‍ ആര്‍ട്ടിസ്റ്റിനു കൊടുക്കാന്‍ പതിനായിരം രൂപയെ വകയിരുത്തിയിരുന്നുള്ളു.അതുതന്നെ പരമാവധി ചെലവ് ചുരുക്കിപ്പിടിച്ച് സ്വരൂപിച്ച തുകയാണ്.പിന്നെ എന്റെ പേമെന്റില്‍ നിന്ന് 15000 രൂപകൂടി ചേര്‍ത്താണ് ശാരദയ്ക്ക് ആ പ്രതിഫലം നല്‍കിയത്. പില്‍ക്കാലത്ത് അവര്‍കൂടി പങ്കെടുത്ത ഒരു ചടങ്ങില്‍ ഞാന്‍ ഇക്കാര്യം പ്രസംഗമദ്ധ്യേ പറയുകയുണ്ടായി. അവര്‍ക്ക് വലിയ സങ്കടമായി. അന്ന് തനിക്കൊന്നും അറിയുമായിരുന്നില്ലെന്ന് ശാരദ പറഞ്ഞു. ഞാന്‍ തമാശയ്ക്ക് പറഞ്ഞതാണെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ അവര്‍ക്ക് സമാധാനമായി.

സംസ്ഥാനജൂറി തഴഞ്ഞു, തടഞ്ഞു

‘ സ്വയംവരത്തിനു ലഭിച്ച ദേശീയാംഗീകാരമാണ് മുന്നോട്ടുള്ള ചലച്ചിത്രയാത്രയ്ക്ക് പ്രേരണയും കരുത്തുമായതെന്നതില്‍ സംശയമില്ല. സംസ്ഥാന അവാര്‍ഡിലും ദേശീയ അവാര്‍ഡിനുള്ള റീജണല്‍ ജൂറിക്കു മുന്നിലും ചിത്രം ബോധപൂര്‍വം തഴയപ്പെട്ടു. ആദ്യ റിലീസും ബോക്‌സോഫീസ് വിജയമായില്ല. നമ്മളിലുള്ള ആത്മവിശ്വാസം പോലും നഷ്ടമാകുന്ന അവസ്ഥ. ദേശീയ അവാര്‍ഡ് കിട്ടിയില്ലായിരുന്നെങ്കില്‍ അന്ന് തുടങ്ങിവച്ച ഫിലിം സൊസൈറ്റി പ്രസ്ഥാനം പോലും തകര്‍ന്നുപോകുമായിരുന്നു.’–അടൂര്‍ പ്രതികരിച്ചു.
അന്ന് കേരള സംസ്ഥാന ഫിലിം അവാര്‍ഡ് ജൂറിയുടെ ചെയര്‍മാന്‍ പി.കെ.നായരായിരുന്നു. പക്ഷേ അദ്ദേഹത്തെ നോക്കുകുത്തിയാക്കി സ്വയംവരത്തിന് അവാര്‍ഡ് നല്‍കാതിരിക്കാനുള്ള ചിലരുടെ നീക്കം ലക്ഷ്യംകണ്ടു. പുതിയ പരീക്ഷണം വിജയിക്കാന്‍ പാടില്ലെന്ന് ശാഠ്യമുള്ളവര്‍. ദേശീയ അവാര്‍ഡിനുള്ള മദ്രാസ് റീജിയണല്‍ കമ്മിറ്റിയില്‍ അംഗങ്ങളായ രണ്ട് മലയാളികള്‍ അവിടെയും ഈ നിലപാട് സ്വീകരിച്ചു. ‘ദേശീയ അവാര്‍ഡിന് മത്സരിക്കാന്‍ തിരഞ്ഞെടുത്ത പടങ്ങളുടെ ലിസ്റ്റ് വന്നപ്പോള്‍ സ്വയംവരം ഇല്ല. ഞങ്ങള്‍ അന്നത്തെ കേന്ദ്ര വാര്‍ത്താവിതരണ( ഐ ആന്‍ഡ് ബി ) വകുപ്പിന്റെ ചുമതലയുള്ള മന്ത്രിക്ക് ഒരു ടെലിഗ്രാം അടിച്ചു. ഇവിടുത്തെ പോളിറ്റിക്‌സിന്റെ ഭാഗമായിട്ടാണ് സ്വയംവരം തഴയപ്പെട്ടതെന്നും, ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ച യുവാക്കളുടെ ചിത്രമാണെന്നും, നാഷണല്‍ ജൂറി ഞങ്ങളുടെ പടം കാണണമെന്നും ഒറ്റ അപേക്ഷമാത്രമേയുള്ളൂ എന്നും പറഞ്ഞായിരുന്നു കമ്പി. പക്ഷേ മറുപടി ലഭിക്കാത്തതിനാല്‍ അത് മനസില്‍നിന്ന് വിട്ടു.’ അടൂര്‍ ഓര്‍മ്മിച്ചു

‘ രണ്ടരലക്ഷം രൂപയായിരുന്നു സ്വയംവരത്തിന്റെ നിര്‍മ്മാണച്ചെലവ്. ഒന്നരലക്ഷം രൂപ ഫിലിം ഫൈനാന്‍സ് കോര്‍പ്പറേഷനില്‍ നിന്നും വായ്പയെടുത്തു. ബാക്കി ഡോക്യുമെന്ററിയിലൂടെയും മറ്റും സ്വരൂപിച്ചതായിരുന്നു. ചിത്രലേഖ ഫിലിം കോപ്പറേറ്റീവിന്റെ ബാനറിലാണ് നിര്‍മ്മാണ നിര്‍വഹണം. പാതിവഴി മുടങ്ങിയ ചിത്രം ‘കാമുകി ‘ക്കും സര്‍ക്കാരിനുവേണ്ടി കുടുംബാസൂത്രണം പ്രോത്സാഹിപ്പിക്കാനെടുത്ത പ്രതിസന്ധി എന്ന ഒരു മണിക്കൂര്‍ ചിത്രത്തിനും ശേഷമാണ് സ്വയംവരത്തിലേക്ക് വന്നത്. അപ്പോഴേക്കും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ചിറങ്ങിയിട്ട് ഏഴുവര്‍ഷമായിരുന്നു.

തിരുവനന്തപുരമായിരുന്നു കഥയുടെ പശ്ചാത്തലം. തിരുവനന്തപുരത്തേക്ക് കേരളത്തിന്റെ വടക്കുഭാഗത്തുനിന്നു വന്ന രണ്ടുപേര്‍. ഒളിച്ചോടി വന്നവരല്ല. ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചുവന്നവരാണ്. ഒരാണും പെണ്ണും ഒരുമിച്ചുജീവിക്കാന്‍ തീരുമാനിക്കുമ്പോള്‍ നമ്മുടെ സമൂഹം ഏതുരീതിയിലാണ് അവരെ പിന്തുണയ്ക്കുന്നത് ? അവരെ പ്രതിരോധിക്കുന്നത്? അതൊക്കെയാണ് സ്വയംവരം മുന്നോട്ടുവച്ചത് . അന്ന് കേരളത്തില്‍ രൂക്ഷമായ തൊഴിലില്ലായ്മയാണ്. അതെല്ലാം ചിത്രത്തില്‍ പ്രതിഫലിക്കുന്നുണ്ട് , വളരെ സമകാലികമാണ്.

13 കേന്ദ്രങ്ങളില്‍ ആദ്യം റിലീസ് ചെയ്തു. പാട്ടില്ലാതെയും അടൂര്‍ഭാസി ഇല്ലാതെയും പടമെടുത്തോ എന്നൊക്കെ ചോദ്യം വന്നു. അധികം തിയറ്ററുകളില്‍ ഒരാഴ്ചയില്‍ കൂടുതല്‍ ഓടിയില്ല. ദേശീയ അവാര്‍ഡ് കിട്ടിയപ്പോള്‍ ഞങ്ങള്‍ വീണ്ടും റിലീസ് ചെയ്തു. എല്ലാ ഷോയും ഫുള്‍. ഒരുമാസം കൊണ്ട് മുടക്കുമുതലും പലിശയുമെല്ലാം തിരിച്ചുവന്നു. ഫിലിം ഫൈനാന്‍സ് കോര്‍പ്പറേഷന്റെ ചരിത്രത്തിലാദ്യമായി മൂന്നുമാസത്തിനകം വായ്പയും പലിശയും തിരിച്ചടച്ചു. അവര്‍ പലിശ കുറച്ചുതന്നു.’

അവാര്‍ഡ് അറിഞ്ഞത്
ആകാശവാണിയിലൂടെ


‘ തിരുവനന്തപുരത്ത് യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് സെന്ററിന്റെ മുമ്പില്‍ അന്ന് വേണുഗോപാലനിലയം എന്നൊരു ഹോട്ടലുണ്ടായിരുന്നു. അവിടെ ഞാനും കുളത്തൂര്‍ ഭാസ്‌ക്കരന്‍നായരും ( ചിത്രലേഖ ) കെമിക്കല്‍ എക്‌സാമിനറായിരുന്ന കൃഷ്ണപിള്ള എന്ന സുഹൃത്തും ചായകുടിക്കാനിരിക്കുമ്പോള്‍ ആകാശവാണിയില്‍ വൈകിട്ട് ആറുമണിയുടെ ഇംഗ്‌ളീഷ് വാര്‍ത്തയില്‍ മലയാളം ഫിലിം സ്വയംവരം ഗെറ്റ്‌സ് ദി നാഷണല്‍ അവാര്‍ഡ് ഫോര്‍ ബെസ്റ്റ് ഫിലിം എന്നുകേട്ടു . ഞങ്ങള്‍ അന്തംവിട്ടുപോയി. ആകാശവാണിക്ക് തെറ്റുപറ്റിയെന്നു ഞങ്ങളങ്ങ് തീരുമാനിച്ചു. കാരണം പ്രിന്റ് അയച്ചു കൊടുത്തിരുന്നില്ല. ഞങ്ങളുടെ ടെലിഗ്രാമിന് മറുപടി കിട്ടിയിരുന്നുമില്ലല്ലോ. അടുത്ത ദിവസത്തെ പത്രങ്ങള്‍ കണ്ടപ്പോഴാണ് വിശ്വാസമായത്. മോസ്‌ക്കോ ഫിലിം ഫെസ്റ്റിവലില്‍ എന്‍ട്രിയായിരുന്നു സ്വയംവരം. അവിടേക്കയച്ച പ്രിന്റ് ഫെസ്റ്റിവല്‍ കഴിഞ്ഞ് ഐ ആന്‍ഡ് ബി മിനിസ്ട്രിയില്‍ തിരികെവന്ന് കിടപ്പുണ്ടായിരുന്നു. ഞങ്ങളുടെ ടെലിഗ്രാം കണ്ട ഏതോ നല്ല മനുഷ്യര്‍ പ്രിന്റ് ജൂറിക്കു സമര്‍പ്പിച്ചു. അന്നത്തെ വലിയ ഇന്റലക്ച്വലായ രമേഷ് ഥാപ്പറായിരുന്നു നാഷണല്‍ ജൂറിയുടെ ചെയര്‍മാന്‍. നമ്മുടെ തകഴിയടക്കം അതിപ്രഗത്ഭരടങ്ങുന്നതായിരുന്നു ജൂറി. അവര്‍ക്ക് പടം ഭയങ്കരമായി ഇഷ്ടപ്പെട്ടു. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച ഛായാഗ്രാഹകന്‍(മങ്കട രവിവര്‍മ്മ ) , മികച്ച നടി (ശാരദ ) എന്നിങ്ങനെ നാല് അവാര്‍ഡുകള്‍. അന്നോ അതിനുശേഷമോ ഇത്രയും മേജര്‍ അവാര്‍ഡുകള്‍ ഒരു ചിത്രത്തിനു ലഭിച്ചിട്ടില്ല. റീജിയണല്‍ അവാര്‍ഡ് സ്‌ക്രീനിംഗ് അവസാനിപ്പിക്കാനുള്ള നിര്‍ദ്ദേശവും ജൂറി നല്‍കി. അന്നു നിറുത്തിയ റീജിയണല്‍ സ്‌ക്രീനിംഗ് ഇപ്പോള്‍ വീണ്ടും തുടങ്ങിയിട്ടുണ്ട്.’ അടൂര്‍ വ്യക്തമാക്കി.

സിനിമയ്ക് നാഷണല്‍ അവാര്‍ഡ് ആരംഭിച്ചതിനു പിന്നിലെ മേധാശക്തി നെഹ്‌റുവായിരുന്നു.നെഹ്‌റുവിന്റെ വിഷനായിരുന്നു അത്. നാഷണല്‍ അവാര്‍ഡ്,ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍.ഒക്കെ. ഇന്ത്യന്‍ സിനിമയെ ലോകത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും , ഇന്ത്യയിലിറങ്ങുന്ന മികച്ച സിനിമയെ രാജ്യത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നുമുള്ള ലക്ഷ്യത്തോടെയാണ് ഇവ തുടങ്ങിവച്ചത്. രാജ്യത്തുണ്ടാകുന്ന ഏറ്റവും നല്ല സിനിമകള്‍ കൂടുതല്‍ ആളുകള്‍ കാണണം.അതായിരുന്നു ദേശീയ അവാര്‍ഡിന്റെ പര്‍പ്പസ്.സ്വയംവരത്തിന് നാഷണല്‍ അവാര്‍ഡ് കിട്ടിയിരുന്നില്ലെങ്കില്‍ നമ്മള്‍ കൊണ്ടുവന്ന പ്രസ്ഥാനം തന്നെ തകര്‍ന്നുപോകുമായിരുന്നു.നമ്മള്‍ക്ക് തന്നെ നമ്മളിലുള്ള വിശ്വാസം നഷ്ടപ്പെടുമായിരുന്നു.ബോക്‌സോഫീസ് ഫെയില്‍ ചെയ്യുന്നു.അവാര്‍ഡുകളില്‍ ചൂത്തയായി പോകുന്നു.അപ്പോഴാണ് ആത്മവിശ്വാസം വാനോളം ഉയര്‍ത്തി ദേശീയ അവാര്‍ഡ് പ്രഖ്യാപനം വന്നത്. -അടൂര്‍ പറഞ്ഞു.

Author

46 Views
Scroll to top
Close
Browse Categories