ശ്രീനാരായണഗുരു മഹാനിഘണ്ടു
ശ്രീകൃഷ്ണദര്‍ശനം:
വാരണപ്പള്ളിയില്‍ താമസിച്ചു പഠിക്കുന്ന കാലത്ത് ശ്രീകൃഷ്ണനായിരുന്നു ഗുരുവിന്റെ ഇഷ്ടദേവത.കാലം 1878.. അന്നൊരിക്കല്‍ ധ്യാനിച്ചിരുന്നിടത്തു നിന്നെഴുന്നേറ്റ് സ്വപ്നത്തിലെന്നവണ്ണം എന്തിൻ്റെയോ പുറകെ പോകുന്നതായി കണ്ടു. പിന്നീടു ബോധക്ഷയമുണ്ടായി വീണിടത്തു നിന്നു സാഹപാഠികൾ ചേർന്നു എടുത്തു കൊന്നു വന്നു ഇറയത്തു കിടത്തി. കളരിയിൽ വെച്ചു വിവരമറിഞ്ഞ ആശാൻ വാരണ പപ്പള്ളിയിൽ നടന്നതിനെക്കുറിച്ചു നാണുവിനോടു ചോദിച്ചു.താൻ ശ്രീകൃഷ്ണനെ ദര്‍ശിച്ചതായി പറയുകയും ആ ദര്‍ശനത്തിന്റെ ഒരു ചിത്രംപോലെ ശ്രീകൃഷ്ണദര്‍ശനമെന്ന ഒറ്റശ്ലോകം ചൊല്ലിക്കേൾപ്പിക്കുകയും ചെയ്തു.ഗുരു ശിഷ്യനെ വളരെ അഭിനന്ദിക്കുകയും ചെയ്തു.
ശ്രീകൃഷ്ണദര്‍ശനം ശ്ലോകം താഴെ കൊടുക്കുന്നു:
ഭൂയോവൃത്തിനിവൃത്തയായ്ബ്ഭുവനവും
സത്തില്‍ തിരോഭൂതമായ്
പീയൂഷധ്വനി ലീനമായ്ച്ചുഴലവും
ശോഭിച്ചു ദീപപ്രഭ
മായാമൂടുപടം തുറന്നു മണിരംഗത്തില്‍
പ്രകാശിക്കുമ-
ക്കായാവിന്‍ മലര്‍മേനി കൗസ്തുഭമണി
ഗ്രീവന്റെ ദിവ്യോത്സവം.

ശ്രീധർമ്മ പരിപാലനയോഗം, പള്ളുരുത്തി:
പടിഞ്ഞാറെ കൊച്ചിയിലെ ഈഴവസമുദായ പ്രധാനികള്‍ ഗുരുവിന്റെ സാന്നിദ്ധ്യത്തില്‍ യോഗം ചേര്‍ന്നാണ് ശ്രീധര്‍മ്മപരിപാലനയോഗം, പള്ളുരുത്തി സ്ഥാപിച്ചത്. ആരാധനാകേന്ദ്രം സ്ഥാപിക്കലും പരിപാലനവുമായിരുന്നു പ്രാഥമികലക്ഷ്യം. പിന്നെയും പത്തുവര്‍ഷം കഴിഞ്ഞാണ് ക്ഷേത്രം നിര്‍മ്മിച്ചത്. അപ്പോഴേയ്ക്ക് രാജാവില്‍ നിന്ന് അനുമതി വാങ്ങിയിരുന്നു. 1916 മാര്‍ച്ച് 8 ന് പുലര്‍ച്ചെ ഗുരു ക്ഷേത്രത്തില്‍ ശിവലിംഗപ്രതിഷ്ഠ നടത്തി. അതിനുശേഷം അനുബന്ധമായി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുടങ്ങണമെന്ന് ഉപദേശിച്ചു. അന്നത്തെ സംഘാടകര്‍ പിടിയരിയിലൂടെ ഫണ്ട് ശേഖരിച്ചാണ് ഒരു ഓലഷെഡ്ഡില്‍ വിദ്യാഭ്യാസസ്ഥാപനം ആരംഭിച്ചത്.
ശ്രീനാരായണഗുരു:
വിവാഹശേഷം മാതാപിതാക്കളായ മാടനാശാനും കുട്ടിയമ്മയും താമസിച്ചിരുന്നത്. മണയ്ക്കല്‍ ക്ഷേത്രത്തിനു പടിഞ്ഞാറുഭാഗത്ത് കൊച്ചുവിളാകം വീട്ടിലാണ്. കുട്ടിയമ്മയ്ക്കു പ്രസവമടുത്തപ്പോള്‍ മൂത്തസഹോദരന്‍ രാമന്‍ വൈദ്യര്‍ സഹോദരിയെ തന്റെ വയല്‍വാരം വീട്ടിലേക്കു കൊണ്ടുവന്നു. ആ ചെറിയ ഓലപ്പുരയില്‍ കൊ.വി. 1032 ചിങ്ങമാസത്തില്‍ ചതയം നാളില്‍ (1856) ഗുരു ജനിച്ചു. നാരായണന്‍ എന്നു പേരു വിളിച്ചു. സ്‌നേഹത്തോടെ നാണു എന്നു വിളിച്ചു പോന്നു. മുതിര്‍ന്നപ്പോള്‍ കുളിയും ജപവും മറ്റും ഇഷ്ടപ്പെട്ടതുകൊണ്ട് ”നാണുഭക്തന്‍’ എന്നും പേരു വന്നു.
ആദ്യ ജീവചരിത്രകാരനായ കുമാരനാശാന്റെ വാക്കുകളില്‍ ”അവിടെ (ചെമ്പഴന്തി) ഒരു പുരാതനമായ ഈഴവ കുടുംബത്തില്‍ 1032-ാമാണ്ട് ചിങ്ങമാസത്തില്‍ ചതയം നക്ഷത്രത്തില്‍ (1856 ആഗസ്റ്റ് 20) സ്വാമി ജനിച്ചു. മാതാപിതാക്കന്മാര്‍ സദ്ബുദ്ധിയും ഈശ്വരഭക്തിയും ഉള്ളവര്‍ ആയിരുന്നു. അച്ഛന്‍ മാടനാശാന്‍ ഒരു അധ്യാപകനും അമ്മാവന്‍ കൃഷ്ണന്‍ വൈദ്യന്‍ ഒരു ചികിത്സകനും ആയിരുന്നു. സ്വാമിക്ക് മൂന്നു സഹോദരിമാര്‍ ഉണ്ടായിരുന്നു.”
ഗുരുവിന്റെ മാതാപിതാക്കള്‍: അച്ഛന്‍ കൊച്ചുവിളയില്‍ മാടനാശാനും അമ്മ കുട്ടിയമ്മയും ആണ്. അമ്മാവന്‍മാര്‍ – കൃഷ്ണന്‍ വൈദ്യര്‍, രാമന്‍ വൈദ്യര്‍ മൂന്നു സഹോദരിമാര്‍ ഉണ്ടായിരുന്നു. കൊച്ചു, കൊച്ചമ്മ, ദേവി എന്നായിരുന്നു അവരുടെ പേരുകള്‍.
ഗുരുവിന്റെ ബാല്യം:
അപൂര്‍വ്വമായ ഒരു ബാല്യമായിരുന്നു ഗുരുവിന്റേത്. വീട്ടില്‍ പൂജയ്ക്കു വെച്ച പഴവും പലഹാരങ്ങളും എടുത്തു കഴിക്കുക. താന്‍ സന്തോഷിച്ചാല്‍ ദൈവവും സന്തോഷിക്കുമെന്നു പറയുക, തീണ്ടല്‍ ജാതിക്കാരെ ചെന്നു തൊട്ടശേഷം കുളിക്കാതെ വീട്ടിലെത്തി അടുക്കളയില്‍ സ്ത്രീകളേയും ശുദ്ധമാചരിക്കുന്ന പുരുഷന്മാരെയും തൊടുക തുടങ്ങിയവ ബാല്യത്തിലെ പ്രവൃത്തികളില്‍ പെട്ടിരുന്നു. ഒരു മടിയുമില്ലാതെ അയിത്തജാതിക്കാരുടെ വീടുകളില്‍ പ്രവേശിച്ചിരുന്നു.
ഗുരുവിന്റെ വിദ്യാഭ്യാസം:
ചെമ്പഴന്തിയിലെ കണ്ണങ്കര ഭവനത്തിലെ മൂത്തപിള്ളയുടെ പള്ളിക്കൂടത്തില്‍ പ്രാഥമിക വിദ്യാഭ്യാസം നടത്തി. സംസ്‌കൃതമാണ് പഠിച്ചിരുന്നത്. ഒപ്പം മലയാളവും തമിഴും പഠിച്ചു. സിദ്ധരൂപം, ബാലപ്രബോധനം, അമരം എന്നിവ അവിടെ പഠിച്ചു. പിന്നീടു ചേവണ്ണൂർ കളരിയിൽ കുമ്മമ്പള്ളില്‍ രാമന്‍പിള്ള ആശാന്റെ പക്കല്‍ നിന്നും സംസ്‌കൃതത്തില്‍ ഉപരിപഠനം നടത്തി. കായംകുളത്തെ പുതുപ്പള്ളി എന്ന സ്ഥലത്തു വാരണപ്പള്ളി എന്ന സമ്പന്ന ഈഴവഗൃഹത്തിലാണ് പഠനാര്‍ത്ഥം താമസിച്ചത്. 1877 മുതല്‍ മൂന്നു വര്‍ഷം പഠിച്ചു. കാവ്യാലങ്കാരാദികള്‍ക്കു പുറമെ വ്യാകരണം, തര്‍ക്കം, വേദാന്തം എന്നിവയും പഠിച്ചതായി അറിയുന്നു. വാരണപ്പള്ളി തറവാട്ടിലെ കാരണവരുടെ ആവശ്യപ്രകാരം ഗജേന്ദ്രമോക്ഷം കഥ വഞ്ചിപ്പാട്ടു രൂപത്തില്‍ എഴുതി നല്‍കിയത്രെ!
സഹപാഠികളില്‍ വെളുത്തേരി കേശവന്‍ വൈദ്യര്‍, പെരുന്നെല്ലി കൃഷ്ണന്‍ വൈദ്യര്‍, എന്നിവര്‍ പ്രശസ്തരായവരുടെ കൂട്ടത്തില്‍ പെടുന്നു. പള്ളിക്കൂടത്തില്‍ നാണു ചട്ടമ്പി(നേതാവ്)യായിരുന്നു. ആചാര്യന്‍ വരാന്‍ വൈകിയാല്‍ ക്ലാസ്സിന്റെ മേല്‍നോട്ടം നാണുവിനായിരുന്നു. പഠനം കഴിഞ്ഞു വീട്ടിലെത്തി. തുടര്‍ന്നു പരിസരപ്രദേശങ്ങളില്‍ പള്ളിക്കൂടം നടത്തി. അതോടെ നാണുവാശാനായി. അയിത്തജാതിക്കാരായ കുട്ടികളെ അവരുടെ വീട്ടില്‍ ചെന്നു പഠിപ്പിക്കുക പതിവായിരുന്നു. നാലുകൊല്ലത്തോളം പഠിപ്പിക്കലും ധ്യാനവുമായി കഴിഞ്ഞുകൂടി. നാണുവാശാന്‍ എന്നാണ് അക്കാലത്തു വിളിച്ചിരുന്നത്.
ഗുരുവിന്റെ വിവാഹം:
മാടനാശാന്റെ സഹോദരിയുടെ മൂത്ത മകളായ കാളിയായിരുന്നു വധു. നാണുവിന്റെ സഹോദരിമാര്‍ അന്നത്തെ രീതിയനുസരിച്ച് വധൂഗൃഹത്തില്‍ പോയി പുടവകൊടുത്തു കാളിയമ്മയെ കൂട്ടിക്കൊണ്ടു വന്നു. വിവാഹത്തില്‍ വിമുഖത പ്രകടിപ്പിച്ച നാണു ഏതാനും മാസങ്ങള്‍ക്കുശേഷം വീട്ടില്‍ കയറാതായി. മാതാപിതാക്കളുടെ മരണത്തോടെ കുടുംബബന്ധത്തില്‍ നിന്നും പൂര്‍ണ്ണമോചിതനായി. വിന്നീടു പലയിടങ്ങളില്‍ ധ്യാനനിരതനായിരിക്കുന്ന സ്വാമിയെ ആണ് പലരും കാണുന്നത്. അത് ഒരു മഹാ ഋഷിയിലേക്കുള്ള പരിവർത്തന കാലമായിരുന്നു.
ശ്രീനാരായണഗിരി: വാല്മീകിക്കുന്നു കാണുക.
ശ്രീനാരായണധര്‍മ്മം (ശ്രീനാരായണസ്മൃതി):
1924ല്‍ ഗുരുവിന്റെ ഉപദേശങ്ങള്‍, നിര്‍ദ്ദേശപ്രകാരം ആത്മാനന്ദസ്വാമി എഴുതിയെടുത്തു പ്രസിദ്ധീകരിച്ചത്. ഓര്‍മ്മയില്‍ നിന്നെടുത്തു എഴുതിയത് കൊണ്ട് ചില ഭാഗങ്ങള്‍ ഗുരുദര്‍ശനത്തില്‍ നിന്നു വ്യത്യാസപ്പെട്ടു നില്‍ക്കുന്നുവെന്ന അഭിപ്രായമുണ്ട്.
പത്ത് സര്‍ഗങ്ങളായി ക്രോഡീകരിച്ചിരിക്കുന്നു. ശിവഗിരിവര്‍ണ്ണനം, ആചാര്യസമര്‍ത്ഥനം, ധര്‍മ്മാധര്‍മ്മവിവേചനം, ജാതിമതദൈവവിചാരം, സാമാന്യധര്‍മ്മം, ശുദ്ധിപഞ്ചകം, സൂതകം, ബാലോപചരണം, വിദ്യാരംഭം, ആശ്രമധര്‍മ്മം, ബ്രഹ്‌മചര്യം, ഗാര്‍ഹസ്ഥ്യം, പഞ്ചമഹായജ്ഞം, അപരക്രിയ, സന്യാസം എന്നീ വിഷയങ്ങളാണ് പ്രതിപാദിച്ചിട്ടുള്ളത്. 295 ശ്ലോകങ്ങള്‍ അടങ്ങിയിരിക്കുന്നു.






