പൊന്നേ,പറ്റിച്ചല്ലോ….

മഞ്ഞലോഹത്തോടുള്ള കമ്പം മലയാളികള്‍ക്ക് സ്വതവേയുള്ളതാണ്.എന്നാൽ ചരിത്രത്തിലാദ്യമായി പവന് ഒരു ലക്ഷം എന്ന സുവര്‍ണ്ണ നിരക്കും പിന്നിട്ട് അമ്പരിപ്പിക്കുന്ന തിളക്കത്തിലാണ് സ്വർണം.
2025 വര്‍ഷാവസാനത്തില്‍ പവന് ഒരു ലക്ഷത്തി നാലായിരത്തി നാന്നൂറ്റിനാല്പത് ആണ് വില. 2025 ജനുവരിയില്‍ 57000 രൂപയായിരുന്നു . ഡിസംബറില്‍അത് ഇരട്ടിച്ച് ഒരു ലക്ഷം കവിഞ്ഞു. സാധാരണക്കാര്‍ക്ക് താങ്ങാന്‍ പറ്റാത്ത വര്‍ദ്ധന. പണിക്കൂലിയും ജിഎസ്ടിയും ഹാള്‍മാര്‍ക്ക് ഫീസും ഒക്കെ കൂടി സാധാരണക്കാരെ തളര്‍ത്തുകയാണ് സ്വര്‍ണ്ണവില.
ആഗോള സാമ്പത്തിക അനിശ്ചിതത്വവും സങ്കീര്‍ണതകളും തുടര്‍ന്നുകൊണ്ടിരിക്കുന്നതോടൊപ്പം യുഎസ് സമ്പദ് വ്യവസ്ഥയെ ചുറ്റിപ്പറ്റിയുള്ള പ്രശ്‌നങ്ങളും വളരുന്നു. തൊഴില്‍ നഷ്ടവും പണപ്പെരുപ്പവും മാന്ദ്യവും ഒക്കെ അവിടെയും വിട്ടൊഴിയുന്നില്ല. അമേരിക്കന്‍ കേന്ദ്ര ബാങ്ക് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കാല്‍ ശതമാനം കുറച്ചിട്ടുണ്ട്. ഇനിയും കുറയ്ക്കാന്‍ സാധ്യതയുണ്ട്. ലോക മാര്‍ക്കറ്റില്‍ പലിശ നിരക്ക് കുറയുന്ന സാഹചര്യത്തില്‍ ഫിക്‌സഡ് ഡിപ്പോസിറ്റ്, ബോണ്ട് എന്നിവ ഒഴിവാക്കുകയും അതിനുപകരം സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുകയും ചെയ്യുന്നതാണ് ഉചിതം എന്ന് കരുതുകയും ചെയ്യുന്നത് സ്വര്‍ണ്ണത്തെ സുരക്ഷിത നിക്ഷേപമായി ഉയര്‍ത്തുന്നു. റിസര്‍വ് ബാങ്ക് ടണ്‍കണക്കിന് സ്വര്‍ണമാണ് കരുതല്‍ നിക്ഷേപ ശേഖരമായി വാങ്ങിക്കൂട്ടിയിരിക്കുന്നത്.

വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് പ്രകാരം സമീപഭാവിയില്‍ സ്വര്‍ണ്ണവില ഇനിയും വര്‍ദ്ധിക്കും . ഓരോ വര്‍ഷവും സ്വര്‍ണ്ണത്തിന്റെ ഡിമാന്‍ഡ് വര്‍ദ്ധിക്കുകയാണ്. സ്വര്‍ണത്തെ ഇഷ്ടപ്പെടുന്നവര്‍ക്ക് അത് ഉപേക്ഷിക്കാന്‍ കഴിയുന്നില്ല. ഇന്ത്യ-യുഎസ് ബന്ധങ്ങളിലെ അനിശ്ചിതത്വം പരിഹരിക്കപ്പെടാത്ത സാഹചര്യം സങ്കീര്‍ണത വളര്‍ത്തുന്നുണ്ട് .ഈ പ്രശ്‌നസങ്കീര്‍ണ്ണമായ പശ്ചാത്തലം തന്നെയാണ് സ്വര്‍ണത്തിന്റെ കുതിപ്പിന് അടിസ്ഥാനം. അതിനുശേഷം ശാശ്വതമായ പരിഹാരം കണ്ടെത്താന്‍ കഴിയുംവരെ ഈ മുന്നേറ്റം തുടരാന്‍ തന്നെയാണ് സാധ്യത. യുഎസ് കേന്ദ്ര ബാങ്ക് ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശ നിരക്ക് ഇനിയും കുറയ്ക്കും എന്ന് കരുതുന്നത് കൊണ്ടാണ് സ്വര്‍ണ വില ഉയര്‍ന്നുകൊണ്ടേയിരിക്കുന്നത്. സ്വര്‍ണ്ണത്തിന്റെ ഡിമാന്‍ഡ് വര്‍ഷംതോറും മൂന്നു ശതമാനം വര്‍ദ്ധിച്ച് 1313 ടണ്ണില്‍ എത്തി.
ആഗോളതലത്തിലുള്ള സാമ്പത്തികവും രാഷ്ട്രീയവുമായ സാഹചര്യങ്ങള്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ദ്ധിപ്പിച്ചിരിക്കുന്നു. ഓഹരി വിപണിയില്‍ ഉണ്ടാകുന്നതുപോലെയുള്ള ചാഞ്ചാട്ടം സ്വര്‍ണവിപണിയില്‍ ഉണ്ടാകാറില്ല. അതുകൊണ്ടുതന്നെ ലോകരാജ്യങ്ങളും ബാങ്കുകളും സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നത് തുടര്‍ന്നുകൊണ്ടിരിക്കുന്നു. സമ്പദ് വ്യവസ്ഥയെ പിടിച്ചുനിര്‍ത്താനും സമ്പദ് വ്യവസ്ഥയ്ക്ക് പിന്തുണ നല്‍കാനും വേണ്ടിയാണ് സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നത്.
സമൂഹത്തില്‍ സ്വര്‍ണത്തോട് വലിയ അഡിക്ഷന്‍ നിലനില്‍ക്കുന്നുണ്ട്. മലയാളികളുടെ രക്തത്തില്‍ അത് അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. മറ്റൊരു നിക്ഷേപത്തിനും ലഭിക്കാത്ത ലാഭം സ്വര്‍ണ്ണത്തില്‍ നിന്ന് ലഭിക്കുന്നു .അത് സ്വര്‍ണത്തിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നു
അന്താരാഷ്ട്ര വിപണിയിലെ വിലവര്‍ധനയും രൂപയുടെ ഇടിവും ആണ് സ്വര്‍ണത്തെ ഇപ്പോള്‍ വലിയ ഉയരങ്ങളിലേക്ക് എത്തിച്ചിരിക്കുന്നത് യുഎസില്‍ അടിസ്ഥാന പലിശഭാരം കുറഞ്ഞാല്‍ യുഎസ് കടപ്പത്രം, യുഎസ് ബാങ്ക് നിക്ഷേപം എന്നിവ അനാകര്‍ഷകമാകും. ഇതും സ്വര്‍ണ്ണത്തിന് കരുത്താകും. വിലയിനിയും കൂടും.

വിലയിടുന്നത് ആര്,
എങ്ങനെ?
2023 അവസാനത്തില്‍ സ്വര്‍ണ്ണത്തിന്റെ വില 1800 ഡോളര്‍ ആയിരുന്നു. 2025 ഡിസംബര്‍ അത് 4200 ഡോളറായി വര്‍ദ്ധിച്ചു . ഇപ്പോള്‍ അത് 4500 ഡോളര്‍ എന്ന നാഴികക്കല്ലും കടന്ന് 4534. 16 ഡോളറില്‍ എത്തി. രാജ്യാന്തര വിപണിയില്‍ ഈ വര്‍ഷം മാത്രം 71 ശതമാനം വര്‍ദ്ധനയാണ് സ്വര്‍ണത്തിന് ഉണ്ടായത്.
22 കാരറ്റ് സ്വര്‍ണ്ണവില ഗ്രാമിന് 110 രൂപയും പവന് 880 രൂപയും കൂടിയതോടെ സ്വര്‍ണം വീണ്ടും റെക്കോര്‍ഡില്‍ എത്തി നില്‍ക്കുന്നു. ഒരു ഗ്രാമിന് 13055. 1പവന് 104440. ഡിസംബര്‍ 28ലെ കണക്ക് പ്രകാരം ഗ്രാമിന് 220 രൂപയും പവന് 760 രൂപയും വര്‍ദ്ധിച്ചു . സമീപകാലത്ത് സ്വര്‍ണത്തിന് ഒറ്റ ദിവസം ഉണ്ടാവുന്ന ഏറ്റവും വലിയ വര്‍ദ്ധനവാണ് ഉണ്ടായത്.
18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് വൈകിട്ട് 100 രൂപ ഉയര്‍ന്നതോടെ 10830 രൂപയിലാണ് വ്യാപാരം നടന്നത്. വെള്ളിക്ക് ഗ്രാമിന് 20 രൂപ വര്‍ദ്ധിച്ചതോടെ 260 രൂപയും എത്തി. . 3 ലക്ഷം രൂപയില്‍ അധികം എത്തും എന്നാണ് വിദഗ്ധര്‍ പറയുന്നത്. എത്രയൊക്കെ വിലവര്‍ധനവ് ഉണ്ടായാലും സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കുന്നത് ഉചിതം എന്ന് കരുതപ്പെടുന്നു. പെണ്‍മക്കളെ സ്വര്‍ണാഭരണങ്ങള്‍ ധരിപ്പിക്കാതെ കല്യാണം കഴിച്ചു വിടുന്ന കാര്യം ചിന്തിക്കാന്‍ കഴിയാത്ത മാതാപിതാക്കളാണ് കേരളത്തിലുള്ളത്. ഓരോ ദിവസവും രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ഒക്കെ സ്വര്‍ണ്ണവില കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിവാഹം സമം സ്വര്‍ണം എന്നുള്ളത് മാറ്റി ചിന്തിക്കേണ്ടി വരും .

Author

42 Views
Scroll to top
Close
Browse Categories