പോകല്ലെ പോകല്ലെ പൂക്കാലമേ നീ!

ചിത്രകാരന്മാർ ഏറ്റവുമധികം വരച്ചിട്ടുള്ളതും കവികൾ ഹൃദയം കൊണ്ട് ഏറ്റവുമധികം ഉമ്മവച്ചിട്ടുള്ളതും പൂക്കളെത്തന്നെ. മഹാകവി കുമാരനാശാനും അക്കാര്യത്തിൽ അഗ്രഗണ്യനാണ്. ഒരു വീണപൂവിൽ ജീവിതത്തിന്റെ സമസ്ത വർണവും ഗന്ധവും ആശാൻ ചിത്രീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ലീലയിലും നളിനിയിലും ദുരവസ്ഥയിലും ചിന്താവിഷ്ടയായ സീതയിലും കരുണയിലും എന്തെല്ലാം പുഷ്പസൗകുമാര്യവും സൗരഭവും കലർന്നിരിക്കുന്നു

പ്രകൃതിയിലെ ഏറ്റവും അമൂല്യമായ കാഴ്ച ഏതെന്ന് ചോദിച്ചാൽ പലരും പല അഭിപ്രായമായിരിക്കും പറയുക. ധനത്തിനും സമ്പത്തിനും പ്രാധാന്യം നൽകുന്നവർ സ്വർണത്തിനും വജ്രത്തിനുമായിരിക്കും ഒന്നാം സ്ഥാനം നൽകുക. പ്രകൃതിസ്നേഹികളിലൊരുവിഭാഗവും ആത്മീയതയുമുള്ളവർ സൂര്യോദയത്തിനായിരിക്കും പ്രഥമസ്ഥാനം കല്പിക്കുക. സൂര്യോദയത്തെക്കാൾ വിലപ്പെട്ടൊരു നിധിയില്ലെന്ന് ശ്രീനാരായണഗുരു സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഓരോ വ്യക്തിയുടെയും ഇഷ്ടത്തിനും മനോഭാവത്തിനും അനുസരിച്ചായിരിക്കും ഉത്തരം.

സാഹിത്യകാരന്മാരും സംഗീതപ്രേമികളും പ്രകൃതിസ്നേഹികളും പൂക്കൾക്കായിരിക്കും പ്രാധാന്യം നൽകുക. ദൈവവിശ്വാസികളും യുക്തിവാദികളും വിപ്ളവകാരികളും ഇക്കാ‌ര്യത്തിൽ യോജിച്ചെന്നുവരും. സ്‌ത്രീകളിൽ നല്ലൊരു വിഭാഗവും പുഷ്‌പപ്രേമികളായിരിക്കും. പ്രണയചിത്തർക്കും പ്രിയങ്കരം പൂക്കൾ തന്നെ. കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും ഉടുക്കാൻ വെള്ളപ്പുടവ എന്ന വയലാറിന്റെ പ്രശസ്തമായ സിനിമാഗാനം മലയാളി മനസിൽ അനുപമ സുഗന്ധമായി മാറിയിരിക്കുന്നു. ഗുരുവായൂരപ്പനെ ഭക്തിപൂർവം ധ്യാനിക്കുമ്പോൾ തെച്ചിമന്ദാരം തുളസി പിച്ചകമാലകൾ ചാർത്തിയ സുന്ദരരൂപമായിരിക്കും തെളിയുക.
വസന്തത്തിന്റെ ഇടിമുഴക്കം, ഒരു നൂറു പൂക്കൾ വിരിയട്ടെ എന്നീ വിശേഷണങ്ങൾ വിപ്ളവമനസിന്റെ സംഭാവനയാണ്.
ചിത്രകാരന്മാർ ഏറ്റവുമധികം വരച്ചിട്ടുള്ളതും കവികൾ ഹൃദയം കൊണ്ട് ഏറ്റവുമധികം ഉമ്മവച്ചിട്ടുള്ളതും പൂക്കളെത്തന്നെ. മഹാകവി കുമാരനാശാനും അക്കാര്യത്തിൽ അഗ്രഗണ്യനാണ്. ഒരു വീണപൂവിൽ ജീവിതത്തിന്റെ സമസ്ത വർണവും ഗന്ധവും ആശാൻ ചിത്രീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ലീലയിലും നളിനിയിലും ദുരവസ്ഥയിലും ചിന്താവിഷ്ടയായ സീതയിലും കരുണയിലും എന്തെല്ലാം പുഷ്പസൗകുമാര്യവും സൗരഭവും കലർന്നിരിക്കുന്നു.
പൂക്കളെക്കുറിച്ചുള്ള കവിതകൾ ലോകത്തെ എല്ലാ ഭാഷകളിലും വിരിഞ്ഞുനിൽക്കുന്നു. ഭൂമിയിലെ വിവിധ ദേശങ്ങളിലെ പല പൂക്കളും ലോകപ്രശസ്തമായത് അത്തരം കവിതകളിലൂടെയാണ്. ഷെല്ലിയുടെയും വേർഡ്സ്‌വർത്തിന്റെയും കവിതാപുഷ്‌പങ്ങൾ പാഠപുസ്തകങ്ങളിലും വാടാതെ നിൽക്കുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും പൂക്കളുടെയെല്ലാം ഉജ്ജ്വല സമാഹാരമായ ‘പൂക്കാല”ത്തെപ്പറ്റി പ്രസിദ്ധീകൃതമായിട്ടുള്ള കവിതകൾ അത്രത്തോളം വരില്ല. മഹാകവി കുമാരനാശാന്റെ ‘പൂക്കാലം” മലയാള കവിതയിൽ ഒരു നിത്യവസന്ത പ്രതീകമായി ഇന്നും വാസന പരത്തുന്നു.
കേവലം ഇരുപത്തിയെട്ടു വരിയേ ഉള്ളു ആശാന്റെ പൂക്കാലത്തിന്. ഒരു ലഘുകവിത . ലളിതകോമളമായ പദാവലി. ദാർശനികയതുടെ പരിമളമുണ്ടെങ്കിലും അടിത്തട്ടുവരെ കാണാവുന്ന തെളിമയാണ്. തുടക്കം തന്നെ വായനക്കാരനെ ആവാഹിച്ചെടുക്കുന്ന മട്ടിൽ. പൂക്കുന്നിതാമുല്ല, പൂക്കുന്നിലഞ്ഞി, പൂക്കുന്നു തേന്മാവ്, പൂക്കുന്നശോകം ഓരോ പൂവും പൂക്കുന്നു എന്ന് ആവർത്തിക്കുമ്പോഴും അതു പൂന്തേൻ പോലെ കൂടുതൽ ആസ്വാദ്യത പകരുന്നു. പാൽപ്പായസം ചുണ്ടിലും നാവിലും പുരട്ടിത്തന്നിട്ട് ആഴമേറിയ ആശയത്തിന്റെ ഒരു കവിൾ കൂടി കുടിപ്പിക്കാൻ ആശാന് പ്രത്യേക വൈഭവമാണ്.

വായ്ക്കുന്ന വേലിക്കു വർണ്ണങ്ങൾ, പൂവാൽ
ചോക്കുന്നു കാടന്തി മേഘങ്ങൾ പോലെ

ഇവിടെ വർണങ്ങളാൽ ശോഭിക്കുന്ന വേലിചാടി കാട്ടിലേക്കും അന്തിമേഘങ്ങളിലേക്കും തൊടുകയാണ് കവി. കവിതയുടെ മാന്ത്രികനെന്നോ സർക്കസുകാരനെന്നോ നമ്മെക്കൊണ്ട് വിളിപ്പിച്ചുകളയും. ഇത്തരം വേലിചാട്ടങ്ങളും വെള്ളച്ചാട്ടങ്ങളും പർവ്വതാരോഹണവുമൊക്കെ ഈ കവിതയിൽ ധാരാളം.
എല്ലാടവും പുഷ്പഗന്ധവും പരത്തി തെക്കുനിന്ന് കാറ്റുവീശുന്നു. കുയിലുകൾ എല്ലാർക്കും പൂക്കാലത്തിന്റെ ഉല്ലാസം വിളംബരം ചെയ്യുന്നു. ഉയരങ്ങളിലെയും താഴ്‌വരകളിലെയും പൂക്കൾ തേടി വിശ്രമമറിയാത്ത തേനീച്ചകൾ പാറിപ്പറക്കുന്നു. എന്തൊരുത്സാഹമാണവയ്ക്ക്. ആ ഉത്സാഹം പൂക്കളെ ഭർശിക്കാനോ തേനാസ്വദിക്കാനോ എന്ന് സംശയിക്കുന്ന കവിയുടെ അടുത്ത വിസ്‌മയപ്രയോഗം നോക്കുക: എന്ത് ഇവയ്ക്ക് ഓണം വെളുക്കുന്നുഷസ്സായിതെല്ലാം? കാവ്യകല്പനകളുടെ ചക്കരക്കുടത്തിൽ വീണ ഈച്ചയുടെ അവസ്ഥയിലെത്തും വായനക്കാരന്റെ മനസ്.
പൊന്നിൻനിറം ചാർത്തിയ പാടങ്ങളിലൂടെ പാടിപ്പറന്നെത്തുന്ന തത്തകളുടെ കാഴ്ച സുന്ദരം. അവ കേടറ്റ നെല്ലിൻ കതിർക്കാമ്പു കൊത്തി കൂടാർന്ന ദിക്കോർത്തു ആകാശത്തിലൂടെ മടങ്ങുകയാണ്. വഴികാട്ടികളില്ലാത്ത അടയാളങ്ങളില്ലാത്ത വാനിലൂടെയുള്ള അവയുടെ മടക്കയാത്രയും എത്ര സൂക്ഷ്‌മമായി വർണച്ചിരിക്കുന്നു. ഈ കാഴ്ചകളെല്ലാം ഭൂമിയ്ക്ക് എത്ര ചന്തം വിതയ്ക്കുന്നു. ശീതമെല്ലാം മാറിയ അന്തിക്ക് പൂങ്കാവിലുമാളേറെയായി. ഭൂമി മാത്രമല്ല വായനക്കാരന്റെ മനസും ചന്തത്തിൽ നിറഞ്ഞുകവിയുന്നു സന്തോഷമേറുന്ന ദേവാലയത്തിൽ വാദ്യങ്ങൾ പൊന്തുന്നു. വന്നു വസന്തം എന്ന് ആ വാദ്യഘോഷം വിളംബരം ചെയ്യുന്നു. പൊന്തുന്നു വാദ്യങ്ങൾ – വന്നൂ വസന്തം എന്ന പ്രയോഗത്തിൽ വിരിഞ്ഞിറങ്ങുന്നത് നൂറുനൂറു മഴവില്ലുകൾ.

പുഷ്പശരം പോലെ ചില ചോദ്യങ്ങൾ
വായനക്കാരനോട് മധുരത്തിൽ മുക്കിയ ചില ചോദ്യശരങ്ങൾ തൊടുക്കുന്നത് ആശാന്റെ ഒരു കൗശലമാണ്.
1910 ഏപ്രിലിലാണ് ആശാൻ പൂക്കാലമെഴുതിയത്. സ്വർഗ്ഗത്തിൽ നിന്ന് ഓമനയായ പൂക്കാലത്തെ ഈ ഭൂമിയിലേക്ക് ഈശ്വരൻ വിട്ടത് ലോകർക്കെല്ലാം ആനന്ദമേകാനാണ്. നിന്റെ തൃപ്പാദം ഞാൻ തൊഴാം. എങ്കിലും പോകല്ലേ പോകല്ലേ എന്ന് പൂക്കാലത്തോട് യാചിക്കുകയാണ് കവി. കാരണം കവിക്ക് പൂക്കാലം വെറും പൂക്കാലമല്ല. ജീവിതം കൂടിയാണ്. ഈ യാചന കഴിഞ്ഞാണ് ആശാന്റെ ചോദ്യോത്തരവേള.
തന്റെ ചോദ്യം കേട്ട് ചിന്തിച്ചിട്ട് ഇളങ്കാറ്റ് എന്തോന്നാണ് മന്ത്രിക്കുന്നത്. അതു പൂക്കാലമേ നിന്റെ മറുപടിയാണ്. അതും ഞാനറിഞ്ഞു. ഇനി ഉത്തരം നൽകുന്നത് കവി തന്നെ. എന്റെ തനതായ ദൈവം എന്താണോ പറയുന്നത് അതു മാത്രമേ ഞാൻ ചെയ്യൂ എന്നല്ലേ? ഈ ചോദ്യോത്തരത്തിൽ ആശാന്റെ ദേവസങ്കല്പം ഒളിഞ്ഞിരിക്കുന്നു.

പൂക്കാലത്തിന്റെ തുടർച്ച കുട്ടിയും തള്ളയും
1915ലാണ് ആശാൻ താരാട്ടുമട്ടിൽ കുട്ടിയും തള്ളയും എന്ന കൊച്ചുകവിത എഴുതുന്നത്. പൂക്കാലം എന്ന കവിതയുടെ ഒരു മുഖച്ഛായ ഈ കവിതയിലും കാണാം. പൂക്കാലത്തിൽ അവസാന ഭാഗത്താണ് ചോദ്യോത്തരമെങ്കിൽ ഈ കവിത ചോദ്യോത്തര രൂപത്തിലാണ്. പൂക്കൾ പറക്കുന്നതാണോ പൂമ്പാറ്റകൾ എന്ന കുട്ടിയുടെ ചോദ്യത്തിൽ കവിത തുടങ്ങുന്നു. നിരവധി ചോദ്യങ്ങൾ കഴിഞ്ഞ് കുട്ടി ആ മട്ടിലായത് എന്ന് ചോദിക്കുമ്പോൾ അമ്മ പറയുന്നു.
‘നാമിങ്ങറിയുവരതല്പം – എല്ലാ –
മോമനോ ദേവസങ്കല്പം.
9946108220

Author

50 Views
Scroll to top
Close
Browse Categories