തീറാധാരം

മരണം തോറ്റോടുമീ.
തീരഭൂമിയില്‍
നിത്യമൃതസഞ്ജീവനിയായ്
പഞ്ചഭൂതമേ… പാടൂ…
അന്തരംഗത്തിന്നഴി-
കൂടുവിട്ടുണരുമീ
അഗ്നിപക്ഷങ്ങള്‍ നീര്‍ത്തി
വീണ്ടുമങ്ങുയര്‍ന്നാടൂ..
സിരയില്‍ തിരകളാ-
യുയരും നിണച്ഛവി
സന്ധ്യകളുഷസ്സുക–
ളെന്നില്‍ നിന്നണിയവെ,
മനസ്സിന്‍ കോവില്‍ മുറ്റ-
ത്താദിതാളത്തില്‍തുള്ളും
മിഴിത്താരകള്‍, മാന-
മെന്നില്‍ നിന്നണിയവെ
പ്രപഞ്ചസത്യങ്ങളെന്‍
സ്മരണാഞ്ജലിയുമായ്
പ്രണമിക്കവെ, പോക
മൃത്യു നീ പരാജിതന്‍…
രാഗലേഖനങ്ങളാ-
ലെന്‍മനോ തീരങ്ങളില്‍
രാസലീലയാടുമീ
തിരകള്‍ തുളുമ്പവെ,
നീലവാനത്തിന്‍ താളില്‍
നിര്‍മ്മല നിശീഥങ്ങള്‍
നാളെയുമെന്‍ കാവ്യങ്ങള്‍
താരമായ് പകര്‍ത്തവെ…
സ്വര്‍ണ്ണപൗര്‍ണ്ണമികളും
കുളിര്‍തെന്നലിന്‍ ഹര്‍ഷ
സൗഖ്യവുമെന്നില്‍ പൂത്ത
മോഹവും വിതുമ്പവെ
തീരഭൂമിയിലെന്നി-
ലനശ്വരതയുടെ
തീറാധാരമായിതാ
സന്ധ്യകള്‍ തുടിക്കുന്നു….!

Author

70 Views
Scroll to top
Close
Browse Categories