മകളുടെ അച്ഛന്‍

വെള്ള പുതപ്പിച്ച അയാളുടെ ചലനമറ്റ ശരീരത്തിലേക്കു ശാലിനി നോക്കി. എപ്പോഴും ചിരിച്ച മുഖവുമായി കാണുന്ന അവളുടെ പ്രസാദ് കണ്ണുകള്‍ അടച്ചു നിശബ്ദനായി കിടക്കുന്നു.
അവളുടെ കണ്ണുകള്‍ നിറഞ്ഞു. കവിളിലൂടെ കണ്ണീര്‍ചാലുകള്‍ കുത്തിയൊഴുകുന്നു. നെഞ്ചു തകരുന്ന ആ കരച്ചില്‍ കണ്ടു നില്‍ക്കുവാന്‍ കഴിയാതെ വിമല അവളെ പിടിച്ചു കൊണ്ടു പുറത്തേക്കു പോയി. അവിടെ പാര്‍ക്കു ചെയ്തിരുന്ന തന്റെ കാറിന്റെ പിന്‍സീറ്റിലിരുത്തി.
വിമല അവളുടെ ആത്മമിത്രമാണ് ആഫീസില്‍ അവര്‍ ഒരുമിച്ചാണ് ജോലി ചെയ്യുന്നത്. ജോലിക്കു ചേര്‍ന്ന നാള്‍ മുതല്‍ അവര്‍ വലിയ കൂട്ടുകാരായി. സഹോദരങ്ങളെ പോലെ ആണ് പെരുമാറ്റവും ജീവിതവും.
അവള്‍ കാറിന്റെ പിന്‍സീറ്റിലിരുന്നു മുഖം മറയ്ക്കാതെ പൊട്ടിക്കരഞ്ഞു. കരയട്ടെ. കരയാനുള്ള അവളുടെ അവകാശത്തെ എന്തിനു തടയണം.
ബോഡി വാടകവീട്ടില്‍ കൊണ്ടുപോകുവാന്‍ പറ്റുകയില്ല. ഒന്നുകില്‍ സ്വന്തം വീട്ടില്‍. അല്ലെങ്കില്‍ പൊതുശ്മശാനത്തില്‍. എന്താ വേണ്ടതു എന്നു തീരുമാനിക്കണം വിമലയുടെ ഭര്‍ത്താവ് പറഞ്ഞു.
”പ്രസാദിന്റെ വീട്ടില്‍ നിന്നും ആരും വരുകയില്ല. ശാലിനി സ്വന്തം വീട്ടില്‍ നിന്നും ഇഷ്ടപ്രകാരം ഇറങ്ങി വന്നവളല്ലേ? ഇത്രയും നാളും അവളെ തേടി ആരും വന്നിട്ടില്ല. പുകഞ്ഞ കൊള്ളി പുറത്ത്” വിമല പറഞ്ഞു.

ശാലിനി കണ്ണുകള്‍ മെല്ലെ അടച്ചു.
പൂത്തുലഞ്ഞു നില്‍ക്കുന്ന കൊന്നമരവും അതിന്റെ അടുത്തുള്ള ലൈബ്രറിയും ഒക്കെ അവളുടെ മനസ്സിലേക്കു കടന്നു വന്നു. തന്റെ കോളേജ് ജീവിതം ചിരിച്ചും കളിച്ചും ഉല്ലസിച്ചും നടന്ന ആ ദിവസങ്ങള്‍ എത്ര സന്തോഷമുള്ളതായിരുന്നു.
കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പു കാലത്താണ് അവള്‍ ആദ്യമായി പ്രസാദിനെ കാണുന്നത്. ഇരുനിറമുള്ള നീണ്ടുമെലിഞ്ഞ ഒരു ചെറുപ്പക്കാരന്‍. കൂട്ടുകാരുമായി ഓരോ വിദ്യാര്‍ത്ഥികളോടും വോട്ടു ചോദിച്ചു വരികയാണ്. തന്റെ കൂടെയുള്ള നസീമയെ കണ്ടപ്പോള്‍ അവന്‍ കൈകള്‍ കൂപ്പി.
”നസീമേ, നിങ്ങള്‍ എല്ലാവരും വോട്ടു ചെയ്തു എന്നെ വിജയിപ്പിക്കണം” നസീമയുടെ ഓരം ചാരി നിന്നിരുന്ന തന്നെ കണ്ടപ്പോള്‍ ചോദിച്ചു. ”ഈ കുട്ടി ഏതാ”
”ഈ കൊല്ലം ഡിഗ്രിക്കു ചേര്‍ന്നതാ. ഒരു നാണം കുണുങ്ങിയാ…” നസീമ പറഞ്ഞു..
”എന്താ പേര്?” പ്രസാദ് ചോദിച്ചു.
”ശാലിനി”
”ഞാന്‍ പ്രസാദ്. കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ആയി മത്സരിക്കുന്നു. സഹായിക്കണം. നസീമയുടെ വീടിന്റെ അടുത്താണ് എന്റെ വീട്. ബാക്കി കാര്യങ്ങള്‍ ഒക്കെ നസീമ പറഞ്ഞു തരും”.
ശാലിനി ചിരിച്ചു കൊണ്ടു തലയാട്ടി.
വാശിയേറിയ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പു കഴിഞ്ഞു. ഒരു നടുക്കത്തോടെയാണ് പലരും ആ വാര്‍ത്ത കേട്ടത് . തെരഞ്ഞെടുപ്പില്‍ പ്രസാദ് പരാജയപ്പെട്ടു.
വിശ്വസിക്കുവാന്‍ കഴിയാതെ നസീമയും സഹപാഠികളും സങ്കടത്തോടെ നിന്നു. പ്രസാദ് ഒരു പാവപ്പെട്ട പയ്യനാണ്. പഠിക്കുവാന്‍ മിടുക്കന്‍. പ്രസംഗിക്കുവാനും സംസാരിക്കുവാനും നല്ല കഴിവാണ്. വിനയത്തോടെയുള്ള പെരുമാറ്റം. എന്നിട്ടും അവന്‍ തോറ്റുപോയി.
ശാലിനിക്കു എന്തുകൊണ്ടോ പ്രസാദിനോടു ഒരു ഇഷ്ടം തോന്നി. അവര്‍ വളരെ വേഗം അടുത്തു. അതു വലിയ പ്രണയമായി മാറി.
കുറച്ചു ദിവസങ്ങളായി പ്രസാദ് കോളേജില്‍ വരുന്നില്ല. അമ്മയും ഒരു കുഞ്ഞനിയത്തിയുമാണ് പ്രസാദിനുള്ളത്. അച്ഛന്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ മരിച്ചു പോയി. പ്രസാദിനെ കാണുവാന്‍ അവള്‍ ആഗ്രഹിച്ചു.
പ്രതീക്ഷിക്കാതെ ഒരു ദിവസം ഓഡിറ്റോറിയത്തിനടുത്തുള്ള തണല്‍ മരത്തിന്റെ ചുവട്ടില്‍ അവന്‍ ഇരിക്കുന്നതു കണ്ടു. അവള്‍ അവന്റെ അടുത്തേക്കു നടന്നു ചെന്നു.
പ്രസാദേ, നീ എവിടെയായിരുന്നു. നിനക്കു എന്തു പറ്റി. അവന്‍ തലയുയര്‍ത്തി അവളെ നോക്കി. അവന്റെ കണ്ണുകള്‍ നനഞ്ഞിരിക്കുന്നു. ആ കണ്ണുനീര്‍ അവന്റെ ഹൃദയത്തില്‍ നിന്നാണെന്നു അവള്‍ക്കു മനസ്സിലായി.
”എന്താണ് നീ വിഷമിച്ചിരിക്കുന്നത്?”
”വീട്ടിലെ കാര്യം ഓര്‍ത്തിട്ടാ”
”വീട്ടില്‍ എന്താ ഇത്ര പ്രശ്‌നം. പണത്തിന്റെ കാര്യമാണെങ്കില്‍ ഞാന്‍ നിന്നെ സഹായിക്കാം, കാര്യം എന്താണെന്നു വെച്ചാല്‍ തുറന്നു പറ. എന്തു പ്രശ്‌നമാണെങ്കിലും ഞാന്‍ നിന്റെ കൂടെയില്ലേ” ശാലിനി പറഞ്ഞു.
മറുപടി ഒന്നും പറയാതെ അവന്‍ തലകുനിച്ചിരുന്നു. കുറച്ചു നേരം കൂടി അവള്‍ അവന്റെ അടുത്തു നിന്നു. പിന്നീടു ഒന്നും മിണ്ടാതെ പതുക്കെ നടന്നു. അവനെ ആശ്വസിപ്പിക്കുവാനുള്ള വാക്കുകള്‍ ഒന്നും അവളുടെ കൈയില്‍ ഇല്ല.
എന്തായിരിക്കും അവന്റെ സങ്കടം. ദുഃഖിക്കുവാന്‍ ഏറെ അവസരങ്ങള്‍ ഉള്ള മനുഷ്യര്‍ക്കു ജീവിതത്തില്‍ സന്തോഷം കണ്ടെത്തുവാനുള്ള ധൈര്യമാണ് വേണ്ടത്.
കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ നസീമയില്‍ നിന്നും അവള്‍ വിവരം അറിഞ്ഞു. പ്രസാദിന്റെ അനുജത്തി ജന്മനാ തളര്‍ന്നു കിടക്കുന്നവളാണ്. ഇപ്പോള്‍ മാരകമായ ഏതോ രോഗം ബാധിച്ചു മരണത്തിന്റെ വക്കിലാണ്. അവന്‍ എങ്ങനെ സഹിക്കും. ഒരു ദിവസം രോഗം സമ്മാനിച്ച വേദനയോടെ പ്രസാദിന്റെ പെങ്ങള്‍ അവനെ വിട്ടുപോയി.
വര്‍ഷങ്ങള്‍ കടന്നു പോയി. കോളേജ് ജീവിതം അവസാനിച്ചു. പൂര്‍ത്തീകരിക്കാത്ത സ്വപ്‌നങ്ങളും ബാക്കിവെച്ച് പലരും പല വഴിക്കു പിരിഞ്ഞു. താനും പ്രസാദും ഒരു ഉറച്ച തീരുമാനമെടുത്തു. എന്തുവന്നാലും ഒരുമിച്ചു ജീവിക്കുക. അതിനു ആദ്യം സ്വന്തം കാലില്‍ നില്‍ക്കാന്‍ ഒരു ജോലി സമ്പാദിക്കണം. രണ്ടുപേരും പരിശ്രമം തുടര്‍ന്നു. വൈകാതെ പ്രസാദിനു ഒരു ബാങ്കില്‍ ജോലി കിട്ടി.
ശാലിനിയെ വിവാഹം കഴിക്കുവാന്‍ പ്രസാദ് ആഗ്രഹിച്ചു. പക്ഷെ ശാലിനിയുടെഅച്ഛന്‍ സമ്മതിച്ചില്ല. അഭിമാനിയായിരുന്ന അച്ഛനെ പറഞ്ഞു മനസ്സിലാക്കുവാന്‍ അവള്‍ പരമാവധി ശ്രമിച്ചു. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു.
ഒടുവില്‍ അവള്‍ വീടുവിട്ടിറങ്ങി. അമ്മയില്ലാത്ത തന്നെ വളര്‍ത്തിയതും പഠിപ്പിച്ചതും അച്ഛനാണ്. അച്ഛന്റെ ഒരേ ഒരു മകള്‍. അച്ഛനെ സങ്കടപ്പെടുത്തിക്കൊണ്ടായിരുന്നു താന്‍ ഇറങ്ങിപ്പോന്നത്. നീ ഗുണം പിടിക്കില്ലെന്നു അച്ഛന്‍ ശപിച്ചു കാണും.
ഒരു തലവേദനയായിരുന്നു പ്രസാദിന്റെ അസുഖത്തിന്റെ തുടക്കം. മാസങ്ങളായിട്ടുള്ള വിദഗ്ദ്ധ പരിശോധനകള്‍ക്കു ഒടുവില്‍ രോഗം സ്ഥിരീകരിച്ചു. തലച്ചോറില്‍ ക്യാന്‍സര്‍. അത് വളരെ കൂടിപ്പോയി.
പ്രസാദ് അവശനായി.
ശാലിനിയെ ചേര്‍ത്തു പിടിച്ചുകൊണ്ട് അവന്‍ പറഞ്ഞു. ”എനിക്ക് ഇനിയും അധികനാള്‍ ജീവിതമില്ല. ഓരോ ദിവസവും ഞാന്‍ മരിച്ചു കൊണ്ടിരിക്കുകയാണ്. ഞാന്‍ പോയാല്‍ പിന്നെ നിനക്കു ആരുണ്ട്”. തളര്‍ച്ചയോടെ പ്രസാദ് പതുക്കെ കരഞ്ഞു.
”ഇല്ല പ്രസാദെ, നീ മരിക്കില്ല. നിന്നെ മരിക്കാന്‍ ഞാന്‍ സമ്മതിക്കില്ല. നീ മരിച്ചാല്‍ പിന്നെ എനിക്കു ആരാ ഉള്ളത്” അവളുടെ കണ്ണുകള്‍ നിറഞ്ഞു.
മരണത്തെ തടയുവാന്‍ കഴിയില്ലെന്നറിയാം. എങ്കിലും അവളുടെ ആശ്വാസവാക്കുകള്‍ കേട്ടു അവന്റെ മുഖത്തെ മങ്ങിപ്പോയ നിരാശയുടെ തെളിനാളങ്ങള്‍ തെളിഞ്ഞുവന്നു. അവന്‍ അവളുടെ കൈത്തലം ബലമായി പിടിച്ചു. കണ്ണുനീര്‍ ഒഴുകുന്ന മുഖം. കൈത്തണ്ടയില്‍ വീണ അവന്റെ കണ്ണുനീര്‍ അവളുടെ മനസ്സു പൊള്ളിച്ചു. പ്രസാദിനു എന്തൊക്കെയോ പറയണമെന്നുണ്ട്. പക്ഷേ വാക്കുകള്‍ ഒന്നും പുറത്തേക്കു വരുന്നില്ല. വല്ലാത്ത ശ്വാസം മുട്ടല്‍. അവള്‍ അവന്റെ നെഞ്ചു തടവി കൊടുത്തു.
അവള്‍ മൊബൈല്‍ എടുത്തു വിമലയെ വിളിച്ചു. വിമലയും ഭര്‍ത്താവും കാറുമായി പാഞ്ഞെത്തി. പ്രസാദിനെ അവര്‍ കാറില്‍ കയറ്റി ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രി വരാന്തയില്‍ വെച്ച് തന്റെ കൈയില്‍ ബലമായി പിടിച്ചിരുന്ന കൈവിടുവിച്ചു പോകുമ്പോള്‍ അവള്‍ തേങ്ങി.
പരിശോധനയ്ക്കു ശേഷം ഡോക്ടര്‍ പറഞ്ഞു. ”രക്ഷയില്ല”.
രണ്ടുവര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനിടയില്‍ അവര്‍ക്കു ഒരു കുഞ്ഞു പോലുമില്ല. മുപ്പതാമത്തെ വയസ്സില്‍ അവളെ തനിച്ചാക്കി പ്രസാദ് മരണത്തിനു കീഴടങ്ങി.
ആശുപത്രി നടപടികള്‍ എല്ലാം പൂര്‍ത്തിയാക്കി വൈദ്യുതി ശ്മശാനത്തെ ലക്ഷ്യമാക്കി ആംബുലന്‍സ് നീങ്ങി. കരഞ്ഞു വീര്‍ത്ത മുഖവുമായി ശാലിനിയും അവളെ താങ്ങി പിടിച്ചു കൊണ്ടു വിമലയും കാറില്‍ ആംബുലന്‍സിനെ അനുഗമിച്ചു.
ശാന്തി കവാടത്തിലേക്കു വിമലയുടെ തോളില്‍ തലചായ്‌ച്ചു ശാലിനി നടന്നു.
കൂടെ വന്ന ആള്‍ക്കാര്‍ ഒക്കെ യാത്ര പറഞ്ഞും പറയാതെയും പോയി. പ്രസാദ് ഇനിയും ഒരിക്കലും മടങ്ങി വരില്ല. ജീവിത സന്തോഷങ്ങള്‍ എല്ലാം കൈവിട്ടുപോയി. ശാലിനിയെ ചേര്‍ത്തു പിടിച്ചുകൊണ്ടു വിമല പുറത്തേക്കു നടന്നു.
”മോളെ” നെഞ്ചു പിളരുന്ന ഒരു വിളി കേട്ടു അവള്‍ തിരിഞ്ഞു നോക്കി.
”അച്ഛന്‍”
”ശാലിനി എന്റെ പൊന്നുമോളെ” അയാള്‍ വിളിച്ചു. ശബ്ദം വേച്ചു വേച്ചു അടുത്തേക്കു വന്നു.
”അച്ഛാ” അവള്‍ വിളിച്ചു. നെഞ്ചില്‍ ഒതുങ്ങാതെ നിന്ന അവളുടെ കരച്ചില്‍ ഉച്ചത്തിലായി.
അവളുടെ ശരീരത്തിലെ ബാക്കിയുള്ള സ്വരമാണ് പുറത്തേക്കു ഒഴുകിയത്. അയാള്‍ അവളെ കെട്ടിപ്പിടിച്ചു. അവള്‍ കുനിഞ്ഞ് ഒരു കൊച്ചുകുട്ടിയ പോലെ അയാളുടെ മുഖത്തു ഉമ്മ വെച്ചു. അയാള്‍ അവളെ കെട്ടിപ്പിടിച്ചു കൊണ്ടു ഉറക്കെ കരഞ്ഞു.
”അച്ഛാ… എന്നോടു ക്ഷമി…” ആ വാചകം പൂര്‍ത്തിയാകും മുമ്പ് അവള്‍ കുഴഞ്ഞു വീണു. ”മോളെ” അയാള്‍ വിളിച്ചു. ആ വിളി ശാലിനി കേട്ടില്ല. അച്ഛന്റെ മാറില്‍ കിടന്ന് അവള്‍ എന്നന്നേക്കുമായി യാത്ര പറഞ്ഞു. വിമലയും ഭര്‍ത്താവും അവരുടെ അടുത്തേക്കു ഓടിയെത്തി.
ഒരു അച്ഛന്റെ പൊട്ടിതകര്‍ന്ന ഹൃദയം ആ മുഖത്തു നിഴലിച്ചു നില്‍ക്കുന്നു. വിങ്ങുന്ന മനസ്സോടെ അയാള്‍ തേങ്ങി തേങ്ങി കരഞ്ഞു.
9495520068

Author

48 Views
Scroll to top
Close
Browse Categories