സ്റ്റൈൽ മന്നന് 75
സവിശേഷമായ മാനറിസങ്ങളും ഡയലോഗ് ഡെലിവറിയും കൊണ്ട് തമിഴ് സിനിമാ ലോകത്ത് സ്റ്റൈലിന്റെ പര്യായമായി മാറിയ തലൈവർ എന്ന വിളിപ്പേരുള്ള ശിവാജി റാവു ഗെയ്ക്ക് വാദ് എന്ന സത്യസന്ധനായ മനുഷ്യസ്നേഹിക്ക് ,ജനങ്ങളുടെ രജനികാന്തിന് 75 വയസ്സ് . തന്റെ അഭിനയ ജീവിതത്തിൽ ഭാവഭേദങ്ങൾ ഒന്നും വരുത്താതെ നല്ല നല്ല അഭിനയ മുഹൂർത്തങ്ങൾ സൃഷ്ടിച്ചുകൊണ്ട് അദ്ദേഹം വീണ്ടും വീണ്ടും ആരാധകരെ സൃഷ്ടിച്ചു കൊണ്ടേയിരിക്കുന്നു

സിനിമയിലെ സ്റ്റൈൽ ജീവിതത്തിൽ ഇല്ല എന്ന് പൊതു ഇടങ്ങളിൽ മേക്കപ്പില്ലാതെ വരുന്നതിലൂടെ രജനി തെളിയിച്ചു കൊണ്ടിരിക്കുന്നു. ഒരുപക്ഷേ മേക്കപ്പില്ലാതെ താരങ്ങൾ ജനങ്ങൾക്ക് മുന്നിൽ എത്താൻ കാരണക്കാരനായ നടനും രജനി തന്നെയാവും. താരാധിപത്യത്തിന്റെ സ്വർഗീയ പരിവേഷങ്ങൾ എല്ലാം ശിവാജിറാവു ഗെയ്ക്ക് വാദ് എന്ന പച്ചയായ മനുഷ്യനു മുന്നിൽ തകർന്നു വീഴുന്നു.
1975ൽ കെ ബാലചന്ദർ ചിത്രമായ അപൂർവ രാഗങ്ങളാണ് രജനിയുടെ ആദ്യചിത്രം .സഹ നായകൻ, വില്ലൻ കഥാപാത്രങ്ങളെയാണ് ആദ്യകാലങ്ങളിൽ രജനി അവതരിപ്പിച്ചിരുന്നത്. തമിഴ് ,തെലുങ്ക്, കന്നട ,മലയാളം ഭാഷകളിൽ മികച്ച പ്രകടനം കാഴ്ചവച്ചു. പഞ്ച് ഡയലോഗുകളും തനത് സ്റ്റൈലും കൊണ്ട് ആരാധകരെ കോരിത്തരിപ്പിച്ചു. സാധാരണ മനുഷ്യരുടെ ഉള്ളിലെ പൂർത്തീകരിക്കപ്പെടാത്ത നായക സങ്കൽപ്പങ്ങൾക്ക് ഒപ്പം നിൽക്കുന്ന നടനാണ് രജനികാന്ത്. വെള്ളിത്തിരയിൽ അമാനുഷികതയിൽ നിറഞ്ഞുനിൽക്കുന്ന നടൻ ചെയ്തുകൂട്ടുന്നത് ഒന്നും പ്രേക്ഷകന് അരോചകമാകുന്നില്ല. അങ്ങനെയൊരു സ്വാതന്ത്ര്യം രജനിക്ക് ആരാധകർ നൽകുന്നുണ്ട്.
പ്രതിഫലം: 200 കോടി
(അവസാന ചിത്രമായ
‘കൂലി’ക്ക് ലഭിച്ചത്)
പടയപ്പയുടെ
ജീവിതവഴി
പേര് : ശിവാജി റാവു ഗെയ്ക്വാദ്
നാട് : ബംഗളൂരു
അച്ഛന്: രാമോജിറാവു ഗെയ്ക്വാദ്
അമ്മ :ഗിരിജാഭായി
ഭാര്യ: ലത
മക്കള്‍:ഐശ്വര്യ, സൗന്ദര്യ
അഭിനയിച്ച സിനിമകള്‍ :
170-ല്‍ അധികം
ഭാഷകൾ :
തമിഴ്, മലയാളം, കന്നട, തെലുങ്ക്,
ബംഗ്ല, ഹിന്ദി
അംഗീകാരങ്ങള്‍:
പത്മവിഭൂഷണ്‍, പദ്മഭൂഷണ്‍,
ദാദാ സാഹിബ് ഫാല്‍ക്കെ.
മൂന്നു ഹിമാലയത്തിന്
മുകളിൽ
പടയപ്പയായും യെന്തിരനായും ഒക്കെ രജനിയെ ആരാധകർ കൈനീട്ടി മനസ്സുകൊണ്ട് സ്വീകരിച്ചു. യെന്തിരൻ ഇറങ്ങിയപ്പോൾ സിനിമ ലോകത്തെ നമ്പർ വൺ പൊസിഷനിൽ രജനികാന്ത് ആയിരുന്നു. കെ. ബാലചന്ദർ പറയുന്നുണ്ട് ‘ ഈ സിനിമയിലൂടെ രജനികാന്ത് മൂന്നു ഹിമാലയത്തിനു മുകളിൽ എത്തിയെന്ന്’ ‘- അദ്ദേഹം തന്നെ രജനിയോട് ഒരു സ്റ്റേജ് ഷോയിൽ ചോദിക്കുന്നുണ്ട് കടവുൾ പദവി കിട്ടിയാൽ രജനി സിനിമയ്ക്ക് എന്തു നൽകുമെന്ന് . അതിന് രജനിയുടെ മറുപടി ഇതായിരുന്നു.” തമിഴ് മക്കളെയും തമിഴ് സിനിമയെയും ലോകം മുഴുവൻ അറിയപ്പെടാനും അഭിമാനിക്കാനും പറ്റുന്ന വിധത്തിൽ എന്തെങ്കിലും ചെയ്യാനാണ് ആഗ്രഹം”.

നീ മുന്നാടിയെ പോ,
തമിഴ് സിനിമ ഉൻ പിന്നാടിയെ വരും
തമിഴിലെ വമ്പൻ ഹിറ്റായ കെഎസ് രവികുമാർ സംവിധാനം ചെയ്ത പടയപ്പ എന്ന സിനിമയിൽ നായികയായ നീലാംബരി(രമ്യാ കൃഷ്ണൻ) നായകനായ ആറുപടൈയപ്പൻ എന്ന പടയപ്പയോട്( രജനികാന്ത്) പറയുന്നുണ്ട് -” വയസ്സാനാലും ഉൻ സ്റ്റൈലും അഴകും ഇന്നും ഉന്നൈ വിട്ടുപോകലെ.- എന്ന്. ആ സിനിമ ഡയലോഗ് രജനിയെ സംബന്ധിച്ച് ഈ 75 ലും സത്യമാണെന്ന് വ്യത്യസ്തമായ സ്റ്റൈലുകൾ തന്റെ സിനിമകളിൽ സ്വീകരിച്ചുകൊണ്ട് രജനി തെളിയിച്ചു കൊണ്ടിരിക്കുന്നു. പടയപ്പയിൽ തന്നെ രജനിയുടെ ഒരു ഡയലോഗ് ഉണ്ട് -” ഇന്ത സ്റ്റൈലും അഴകും കൂടെ താൻ പിറന്തത്. കൂടെ താൻ ഇരുക്കും.. ഏൻ കൂടെ മട്ടും താൻ ഇരുക്കും.”… അതെ അതാണ് നാം ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നത്. നടികർതിലകം ശിവാജി ഗണേശൻ പറയുന്നുണ്ട്.” നീ മുന്നാടിയെ പോ, തമിഴ് സിനിമ ഉൻ പിന്നാടിയെ വരും എന്ന് “… അതെ അതാണ് പിന്നീട് തമിഴ് സിനിമാലോകം കണ്ടത്. ആ വാക്കുകളെ അന്വർത്ഥമാക്കും വിധം രജനിയുടെ പിന്നാലെയാണ് ഇന്നും ആരാധകർ…
തമിഴ് സിനിമാലോകത്തിലെ തലൈവരായി ആരാധക ലക്ഷങ്ങളെ കീഴടക്കി.. എല്ലാ മനുഷ്യരെയും പ്രചോദിപ്പിക്കുന്ന വിധം തന്റെ ജീവിതത്തിലൂടെ ഒരു മനുഷ്യസ്നേഹി എങ്ങനെയാകണം എന്നുകൂടി അദ്ദേഹം കാണിച്ചു തരുന്നു… തന്റെ സിനിമയിലെ ഡയലോഗ് പോലെ തന്നെ “ഏൻ വഴി തനി വഴി ” എന്നുപറഞ്ഞുകൊണ്ട് ആരാധകരുടെ പ്രിയപ്പെട്ട രജനീകാന്ത് 75ന്റെ യൗവനത്തിൽ സുന്ദരനായി മുന്നോട്ട് നടക്കുകയാണ്. അഭിനയത്തിന്റെ ലോകത്ത് ഇനിയും നിറഞ്ഞാടാനുള്ള നിറക്കൂട്ടുകളുമായി..





