ഭരണവിരുദ്ധ വികാരത്തിന്റെ മേഘ വിസ്‌ഫോടനം
ശബരിമല ക്ഷേത്രത്തിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രമുഖ വ്യക്തികളുടെ അറസ്റ്റും അതുണ്ടാക്കിയ വൻ വിവാദവും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വേലിയേറ്റം സൃഷ്ടിക്കുന്നതിനിടെ പാലക്കാട് എം.എൽ.എ യും കോൺഗ്രസിലെ യുവ നേതാവുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ സ്ത്രീപീഡന പരാതിയും യുവതിയുടെ വെളിപ്പെടുത്തൽ സംബന്ധിച്ച ശബ്ദസന്ദേശങ്ങളും പുറത്തായത് തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് അസാധാരണമായ വഴിത്തിരിവാണുണ്ടാക്കിയത്.
കേരളം ഒരു കാലത്ത് ജാതിക്കോമരങ്ങളുടെ കൂത്തരങ്ങായിരുന്നു. ബ്രാഹ്മണ്യവും ഭൂപ്രഭുത്വവും അനാചാരങ്ങളും കേരള ജനതയെ ഇരുളില്‍ ആഴ്ത്തിയിരുന്നു. അവ തകര്‍ത്തത് ശ്രീനാരായണഗുരുവിന്റെ ആശയങ്ങളായിരുന്നു. അവയെ പ്രയോഗത്തില്‍ വരുത്താന്‍ സഹായിച്ചത് കമ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു. പിന്നാക്ക – ദളിത് മനുഷ്യവിമോചനത്തിന്റെ ശക്തി കമ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു. ഇതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിത്തറ വോട്ട് ഈഴവ വോട്ടായി മാറിയതിനു കാരണം. ഇപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പരാജയപ്പെടുന്നതും വിചാരണ ചെയ്യപ്പെടുന്നതും കമ്യൂണിസ്റ്റ് ആശയങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടത്തിന്റെ പേരിലാണ്.

കഴിഞ്ഞ 9 വര്‍ഷം ഇടതുഭരണത്തിന്റെ വാഴ്ചക്കാലമായിരുന്നു. ഈ ഭരണക്കാലം സമൂഹത്തിന്റെ വിവിധ മണ്ഡലങ്ങളില്‍ ജീവിക്കുന്ന മനുഷ്യര്‍ക്ക് പൊറുതികേടിന്റെ കാലമായിരുന്നു. വൈദ്യുതിചാര്‍ജ്ജ് വര്‍ദ്ധന, വെള്ളക്കരം വര്‍ദ്ധന, ലൈസന്‍സ് ഫീ വര്‍ദ്ധന, കെട്ടിട നികുതി വര്‍ദ്ധന, സെസ്, പൊതുവില്‍ സി ജി എസ് ടിയും കെ ജിഎസ് ടിയും, മദ്യവിലവര്‍ദ്ധന . മൊത്തം വിലവര്‍ദ്ധനയും വിലക്കയറ്റവും. ഇത് രണ്ടും സാധാരണ ഭരണവിരുദ്ധവികാരം സൃഷ്ടിക്കുന്നതാണ്. ഇടതു സര്‍ക്കാര്‍ ഇതിനൊപ്പം നിരവധി വയ്യാവേലിയും വലിച്ചു തലയില്‍ വെച്ചു. അത് പാര്‍ട്ടിയുടെ മേയര്‍മാരും പഞ്ചായത്ത് പ്രസിഡന്റുമാരും മുനിസിപ്പല്‍ ചെയര്‍മാന്‍മാരും പാര്‍ട്ടി ലോക്കല്‍, ഏരിയ, സെക്രട്ടറിമാരും പൊതുവായി സ്വീകരിച്ച ധിക്കാരത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും വാര്‍പ്പ് മാതൃകയാണ്. ധിക്കാരികളും അഹങ്കാരികളുമായി അധികാരികള്‍ മാറിയപ്പോള്‍ ജനങ്ങള്‍ ഭരണത്തെ വെറുത്തു.
ആ വെറുപ്പ് വോട്ടിംഗ് മെഷീനില്‍ ആഞ്ഞുപതിച്ചതാണ് പതനത്തിന് കാരണം. പാര്‍ട്ടി വിലയിരുത്തിയത് ‘തുടര്‍ഭരണം ഉണ്ടാക്കിയ ജീര്‍ണതയും പുഴുക്കുത്തും ജനങ്ങളില്‍ സൃഷ്ടിച്ച എതിര്‍പ്പ് മുന്‍കൂട്ടി കാണുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടു’. എന്നാണ് പാര്‍ട്ടിയിലെ ഔദ്യോഗിക പക്ഷം എന്ന അധികാരപക്ഷം അവര്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് എന്തും നല്‍കുന്ന ഭക്തവത്സലന്മാരായി മാറി. പാര്‍ട്ടിയില്‍ വിമര്‍ശനവും സ്വയം വിമര്‍ശനവും നടത്തുന്നതിന് പകരം പരസ്പരം പുകഴ്ത്തി പാര്‍ട്ടി തന്നെ പാണന്‍കൂട്ടമായി മാറി.
സത്യത്തില്‍ ഈ തെരഞ്ഞെടുപ്പ് കേരള ജനതയുടെ ആത്മാഭിമാനം വീണ്ടെടുത്ത തെരഞ്ഞെടുപ്പാണ്. കാരണം, ഇത്രമാത്രം ധിക്കാരവും തോന്ന്യവാസവും നടത്തിയ ഒരു ഭരണത്തെ വീണ്ടും അധികാരത്തില്‍ കൊണ്ടുവരാന്‍ ശ്രമിച്ചാല്‍ ആ ജനതയ്ക്ക് ആത്മാഭിമാനം ഉണ്ടെന്ന് പറയാന്‍ ആവില്ല. കേരളം നമ്പര്‍ വണ്‍ ആണ്. ജനവിരുദ്ധരെ അധികാരത്തില്‍ നിന്ന് പറഞ്ഞുവിടാന്‍ മടിയില്ലാത്ത ജനങ്ങളുടെ ഇടയില്‍ കേരളം നമ്പര്‍ വണ്‍ ആണ് സാര്‍.അവരോടാണ് എം.എം. മണി സഖാവ് പറഞ്ഞത്.’ ഒന്നാന്തരം പെന്‍ഷന്‍ മേടിച്ച് ഇഷ്ടം പോലെ തിന്നതാണ്. എന്നിട്ട് നേരെ എതിര്‍വോട്ട് ചെയ്തത് എന്തൊരു പിറപ്പുപണിയാണ്’. ഇത് എല്ലാ പാര്‍ട്ടിക്കാരുടെയും എം.എല്‍.എ. മാര്‍ മനസ്സില്‍ ഒളിപ്പിച്ചു വച്ച അവകാശവാദമാണ്. എം.എല്‍.എ. എന്നാല്‍ നാട്ടുപ്രമാണിയാണ്. നിയോജകമണ്ഡലത്തില്‍ നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും അവന്റെ പെണ്ണിനു ‘സ്ത്രീധനം’ കിട്ടിയതാണ് എന്ന ഭാവമാണ് ഓരോ എം.എല്‍.എ.യ്ക്കും ഉള്ളത്. അതില്‍ പാര്‍ട്ടി വ്യത്യാസം ഇല്ല. അതിന്റെ ഒരു മണിനാദമാണ് നാം ഇപ്പോള്‍ കേട്ടത്.
ആരോഗ്യമന്ത്രി വീണാജോര്‍ജ്ജിനോട് പ്രജകള്‍ക്ക് എന്തൊരു ബഹുമാനമാണെന്ന് അറിയണ്ടേ? ആറന്മുള നിയോജകമണ്ഡലത്തില്‍ 13 തദ്ദേശസ്ഥാപനങ്ങളില്‍ 12ലും എല്‍.ഡി.എഫ് തോറ്റു. ജീവന്‍ നിലനിറുത്താന്‍ ഒരെണ്ണം ജയിച്ചു. സര്‍ക്കാരിനോട് ജനങ്ങള്‍ക്ക് വിപ്രതിപത്തി ഉണ്ടാകാന്‍ നിരവധി കാരണങ്ങള്‍ ഉണ്ടായിരുന്നു. ശബരിമലക്കൊള്ള , ആശാ സമരത്തോടുള്ള നിഷേധാത്മക സമീപനം, ചികിത്സാപിഴവ്, തെരുവുനായ ശല്യം, എസ്.എഫ്.ഐക്കാരുടെ ഗുണ്ടായിസം, എതിരാളികള്‍ക്ക് നേരെ ഇലക്ഷന്‍ ദിവസം വടിവാള്‍ വീശല്‍, നവകേരള യാത്രയിലെ രക്ഷാപ്രവര്‍ത്തനം, പൗരപ്രമുഖരെ കാണല്‍, പീഡനക്കേസുകളില്‍ പക്ഷപാതം, സ്വര്‍ണ്ണക്കടത്ത്, ലാവ്‌ലിന്‍, കരിമണല്‍ മാസപ്പടി, പൂരം കലക്കല്‍, എന്നുവേണ്ട നൂറായിരം കാര്യങ്ങളാണ് ഭരണവിരുദ്ധ വികാരത്തിന് എരിവേറ്റിയത്. ‘ഈ കപ്പല്‍ ആടിയുലയുകയില്ല സാര്‍, ഇതിനൊരു കപ്പിത്താനുണ്ട്. നവകേരളത്തിന്റെ തീരത്തേയ്ക്ക് ഈ കപ്പല്‍ അടുത്തുകൊണ്ടിരിക്കയാണ്’ എന്ന വീണാനാദം ക്യാപ്റ്റനെ സുഖിപ്പിച്ചതല്ലാതെ പാര്‍ട്ടിയെ രക്ഷിച്ചില്ല.
യു.ഡി.എഫ്. തരംഗമല്ല
ധാര്‍ഷ്ട്യത്തിനെതിരെയുള്ള തിരയടി
യുഡിഎഫ് തരംഗമെന്ന് മനോരമ എഴുതി. യുഡിഎഫ് തരംഗമായിരുന്നെങ്കില്‍ തിരുവനന്തപുരത്ത് എന്തുകൊണ്ട് അത് പ്രതിഫലിച്ചില്ല? യുഡിഎഫിന് തിരുവനന്തപുരത്ത് 101 അംഗ കൗണ്‍സിലില്‍ 19 അംഗങ്ങളാണ് ജയിച്ചത്. അതിന്റെ അര്‍ത്ഥം സിപിഎം ഭരണത്തിനെതിരെയുള്ള പ്രതിഷേധമാണ് കേരളത്തില്‍ കൊടുങ്കാറ്റായതെന്നാണ്. സി.പി.എം.നെ തോല്പിക്കുക. അപ്പോള്‍ വോട്ടൊഴുകുന്നത് പ്രതിപക്ഷത്തേക്കായിരിക്കും. അതുകൊണ്ടാണ് മുഖ്യപ്രതിപക്ഷമായ ബിജെപി തിരുവനന്തപുരത്ത് വിജയിച്ചത്. കോണ്‍ഗ്രസ് തിരുവനന്തപുരത്ത് മുഖ്യപ്രതിപക്ഷമായിരുന്നെങ്കില്‍ തിരുവനന്തപുരത്ത് അവര്‍ ജയിക്കുമായിരുന്നു. കേരളത്തിലെ ഈ തെരഞ്ഞെടുപ്പിലെ വിജയം ആന്റിഇന്‍കമ്പന്‍സിയുടെ വിജയമാണ്. ആന്റി ഇന്‍കമ്പന്‍സിയില്‍ വോട്ടര്‍ ആങ്ക്‌റി (angry voter)വോട്ടറാകും. അവന്‍ ഭരണകക്ഷിക്കെതിരെ ആഞ്ഞുകുത്തും. അവന്റെ ദേഷ്യം തീര്‍ക്കും. ഫലം പ്രതിപക്ഷത്തിന് കിട്ടും. മുഖ്യപ്രതിപക്ഷമായിരുന്നെങ്കില്‍ കോണ്‍ഗ്രസ് തിരുവനന്തപുരത്ത് ജയിക്കുമായിരുന്നു. എതിരായി ചെയ്യുന്ന വോട്ട് ജയിക്കാന്‍ സാദ്ധ്യതയുള്ളവര്‍ക്കാണ്. തോല്‍ക്കുന്ന സ്ഥാനാര്‍ത്ഥിക്ക് ആങ്ക്‌റി വോട്ടറുടെ വോട്ട് കിട്ടില്ല. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കവടിയാര്‍ വാര്‍ഡില്‍ ശബരിനാഥനല്ലായിരുന്നെങ്കില്‍ ജയിക്കില്ലായിരുന്നു. ഇത് തെരഞ്ഞെടുപ്പിന്റെ മന:ശാസ്ത്രസിദ്ധാന്തമാണ്. മത്സരം ത്രികോണമായാലും വിജയം ഇരുധ്രൂവ ശാക്തിക ബലത്തിലാണ് നിശ്ചയിക്കപ്പെടുന്നത്. അതിനാല്‍ ബിജെപി കേരളത്തില്‍ അധികാരത്തില്‍ വരാന്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരും. ആദ്യമവര്‍ക്ക് കേരളത്തിലെ പ്രബല പ്രതിപക്ഷം ആകേണ്ടി വരും. ശേഷം മാത്രം അധികാരത്തിലേക്ക്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലും ബിജെപി പ്രതിപക്ഷമാവില്ല. അവര്‍ക്ക് മൂന്നാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വരും.

സി.പി.എം. എന്തുകൊണ്ട് തോറ്റു
സി.പി.എം. തോറ്റതിന്റെ ഉത്തരവാദിത്വം സി.പി.എം.ന് തന്നെയാണ്. സി.പി.എം. കേരളത്തില്‍ കാത്തു സൂക്ഷിച്ച ഇടതുപക്ഷ രാഷ്ട്രീയത്തെ കൈയൊഴിഞ്ഞു. കേരളത്തിന്റെ വിദ്യാഭ്യാസ കാഴ്ചപ്പാടിനെ അട്ടിമറിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പി.എം.ശ്രീ പദ്ധതിയില്‍ കേരളത്തെ എത്തിച്ചത് ഇടനിലക്കാരാണ്. പി.എം.ശ്രീ പദ്ധതി നടപ്പിലാക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിക്കുമ്പോള്‍ തമിഴ്‌നാട് സര്‍ക്കാരും ബംഗാള്‍ സര്‍ക്കാരും പ്രതിരോധിച്ചു നില്‍ക്കുന്നു. അവര്‍ അവരുടെ രാഷ്ട്രീയം മുറുകെ പിടിക്കുമ്പോള്‍ കേരളത്തിന് അതിന് കഴിയാതെ പോകുന്നു. സി.പി.എം സംസ്ഥാന കമ്മിറ്റിയിലോ സെക്രട്ടേറിയറ്റിലോ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലോ ചര്‍ച്ച ചെയ്യാതെ പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുന്നു. ഇതിനിടയിലാണ് കേരള സര്‍ക്കാരും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള പാലമായി ജോണ്‍ബ്രിട്ടാസ് പ്രവര്‍ത്തിച്ച വാര്‍ത്ത വരുന്നത്. ജോണ്‍ബ്രിട്ടാസ് രോഗലക്ഷണമാണ് രോഗമല്ല. പാര്‍ട്ടിയിലെ ഉപജാപക സംഘത്തിലെ പ്രധാന കണ്ണിയാണ് ബ്രിട്ടാസ്. ഇവരുടെ പിടിയില്‍ അകപ്പെട്ട പാര്‍ട്ടി പല ഘട്ടത്തിലും ഇടതുപക്ഷ വിരുദ്ധമായ നിലപാട് സ്വീകരിക്കും.
ആഗസ്റ്റില്‍ അമിത്ഷാ കേരളത്തില്‍ എത്തിയപ്പോള്‍ പറഞ്ഞത് കേരളം വികസന മുരടിപ്പിലും പിന്നാക്കാവസ്ഥയിലുമാണെന്നാണ്.ഇതിന് ഷാ പറഞ്ഞ കാരണം കേരള കമ്യൂണിസം എന്ന വിചിത്ര തത്വശാസ്ത്രത്തിന്റെ പിടിയില്‍ ആണെന്നായിരുന്നു. ഇത് ശരിയാണോ എന്ന ചോദ്യം അന്നുയര്‍ന്നിരുന്നു. കേരളം ഒരു കാലത്ത് ജാതിക്കോമരങ്ങളുടെ കൂത്തരങ്ങായിരുന്നു. ബ്രാഹ്മണ്യവും ഭൂപ്രഭുത്വവും അനാചാരങ്ങളും കേരള ജനതയെ ഇരുളില്‍ ആഴ്ത്തിയിരുന്നു. അവ തകര്‍ത്തത് ശ്രീനാരായണഗുരുവിന്റെ ആശയങ്ങളായിരുന്നു. അവയെ പ്രയോഗത്തില്‍ വരുത്താന്‍ സഹായിച്ചത് കമ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു. പിന്നാക്ക – ദളിത് മനുഷ്യവിമോചനത്തിന്റെ ശക്തി കമ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു. ഇതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിത്തറ വോട്ട് ഈഴവ വോട്ടായി മാറിയതിനു കാരണം. ഇപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പരാജയപ്പെടുന്നതും വിചാരണ ചെയ്യപ്പെടുന്നതും കമ്യൂണിസ്റ്റ് ആശയങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടത്തിന്റെ പേരിലാണ്. അന്ന് അമിത്ഷായോട് പിണറായി വിജയന്‍ പറഞ്ഞത് വിരട്ടി വരുതിയില്‍ ആക്കാന്‍ ആവില്ലെന്നായിരുന്നു.
കേന്ദ്രം ഇപ്പോഴും കേരളത്തെ വെട്ടിക്കൊണ്ടിരിക്കയാണ്. കേരളത്തിന്റെ ചലച്ചി
ത്രോത്സവത്തിലും കേരളത്തെ കേന്ദ്രം വെട്ടി. ചലച്ചിത്രോത്‌സവത്തില്‍ പ്രദര്‍ശിപ്പിക്കേണ്ട 19 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചു. ലോകപ്രശസ്ത ചിത്രമായ ‘ബാറ്റില്‍ഷിപ്പ് പൊട്ടെംകിന്‍’ പോലും പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ട ചിത്രത്തിലുണ്ട്. ഇത് കേന്ദ്രം നടത്തുന്ന അധിനിവേശമാണ്. കേരളത്തിനെ കേന്ദ്രത്തിന്റെ കോളനിയാക്കാനുള്ള ശ്രമം.
കോണ്‍ഗ്രസ്സിന്റെ പ്രചാരണങ്ങളെക്കാള്‍ ശക്തമായി ശബരിമല കൈകാര്യം ചെയ്തത് മൂന്നാം ക്ലാസുകാരനായ കുഞ്ഞബ്ദുള്ളയുടെ പാട്ടാണ്. ‘സ്വര്‍ണ കട്ടവനാരപ്പാ, സഖാക്കളാണേ അയ്യപ്പാ….’ സ്വര്‍ണപ്പാളികള്‍ അടിച്ചു മാറ്റിയതിന് കൂട്ടുനിന്ന പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗം പത്മകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാതിരുന്ന സി.പി.എം. തീരുമാനം ജനങ്ങളില്‍ അവമതിപ്പുണ്ടാക്കി. സ്ത്രീപീഡകനായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ സംസാരിക്കുമ്പോള്‍ പി. ശശിയും മുകേഷും അടങ്ങുന്ന സ്ത്രീപീഡകരെ ഒപ്പം നിറുത്തുന്ന ഇരട്ടത്താപ്പും ജനം തിരിച്ചറിഞ്ഞു. ഇങ്ങനെ എല്ലാ കാര്യങ്ങളും സുവ്യക്തമാണെങ്കിലും പാര്‍ട്ടി സെക്രട്ടറി ഗോവിന്ദന്‍മാസ്റ്റര്‍ പറയുന്നത് ഇടതുമുന്നണിയുടെ രാഷ്ട്രീയ അടിത്തറ ഭദ്രമെന്നാണ്.
തലസ്ഥാനം
കേരളം പിടിക്കുക എന്നത് നരേന്ദ്രമോദിയുടെ സ്വപ്‌നമാണ്. അതിന് അദ്ദേഹം ചുമതലപ്പെടുത്തിയത് സ്വന്തം പടനായകനെയാണ്. അമിത്ഷാ കേരളത്തിലെത്തിയത് ആ ദൗത്യം പൂര്‍ത്തീകരിക്കാനാണ്. അദ്ദേഹം രാജീവ് ചന്ദ്രശേഖരനെ വിളിപ്പിച്ചു. കേന്ദ്രത്തിന്റെ പ്രൊജക്ട് അവതരിപ്പിച്ചു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ പതിനായിരം (10,000) വാര്‍ഡുകളും 27% വോട്ടും നേടണമെന്നായിരുന്നു നിര്‍ദ്ദേശം. ആ നിര്‍ദ്ദേശം ശിരസേറ്റിയെങ്കിലും ലക്ഷ്യം സാക്ഷാത്കരിക്കാന്‍ കഴിഞ്ഞില്ല. 1911 വാര്‍ഡുകളാണ് ബിജെപിക്ക് നേടാനായത്. ലോക് സഭ തെരഞ്ഞെടുപ്പില്‍ നേടിയ 20% വോട്ട് നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. അത് 16നു 17നും ഇടയിലേക്ക് ചുരുങ്ങി. പക്ഷെ ബിജെപിയുടെ മുന്നേറ്റം അഭൂതപൂര്‍വമായ ഇടിച്ചു കയറ്റമായി മാധ്യമങ്ങള്‍ വാഴ്ത്തി. ഇതെന്തുകൊണ്ട് സംഭവിച്ചു?
ബിജെപി ഹെഡ്ക്വാര്‍ട്ടേഴ്‌സ്
ഇതിന് പ്രധാനകാരണം തിരുവനന്തപുരത്ത് പത്മനാഭന്റെ മണ്ണില്‍ താമര വിരിഞ്ഞതാണ്. കേരളത്തില്‍ തിരുവനന്തപുരത്താണ് ബിജെപിയുള്ളത്. അവര്‍ വരവറിയിച്ചത് ഹിന്ദുമുന്നണി സ്ഥാനാര്‍ത്ഥി കേരളവര്‍മ്മ രാജയിലൂടെയായിരുന്നു. 1998-ല്‍ അദ്ദേഹം കെ. കരുണാകരനും കെ.വി. സുരേന്ദ്രനാഥിനും എതിരെ മത്സരിച്ച് 94303 വോട്ട് നേടി ബിജെപിയുടെ അടിത്തറ ബലപ്പെടുത്തിയതാണ്. അതിനുശേഷം 2004ൽ ഒ.രാജഗോപാൽ 228052 വോട്ട് നേടിബി.ജെ.പിയുടെ പവർ വ്യക്തമാക്കി.
2024-ല്‍ രാജീവ് ചന്ദ്രശേഖര്‍ 342078 വോട്ട് നേടി ബിജെപിയെ വിജയത്തിനടുത്ത് എത്തിച്ചു. ഇനി അടുത്ത ലോകസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരുവനന്തപുരത്ത് വിജയിക്കാം. അതിന് ആവശ്യമായ പ്രവര്‍ത്തനം തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണത്തിലൂടെ നിര്‍വഹിക്കാന്‍ അവര്‍ക്ക് കഴിയണം. കഴിഞ്ഞ ടേമില്‍ വിജയിച്ച പന്തളം മുനിസിപ്പാലിറ്റിയിലും പാലക്കാട് മുനിസിപ്പാലിറ്റിയിലും ബിജെപി പരാജയമായിരുന്നു. പന്തളത്ത് അയ്യപ്പന്റെ സ്വര്‍ണം കട്ടിട്ടു പോലും സി.പി.എം ബിജെപിയെ നഗരസഭയില്‍ നിന്ന് പുറത്താക്കി . മികച്ച ഭരണം കാഴ്ചവെച്ചില്ലെങ്കില്‍ പുറത്തു പോകും. അയ്യപ്പന്‍ കാക്കില്ല.
തിരുവന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപി നഗരവാസികള്‍ക്ക് നല്‍കിയ വാഗ്ദാനം ജയിച്ചാല്‍ തിരുവനന്തപുരത്തെ സിംഗപ്പൂര്‍ ആക്കുമെന്നായിരുന്നു. 45 ദിവസത്തിനുള്ളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി വികസന പ്രൊജക്ട് അവതരിപ്പിക്കുമെന്നായിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മോദി ട്വീറ്റ് ചെയ്തു- ബിജെപിയെ ജയിപ്പിച്ച കേരള ജനതയ്ക്ക് അഭിവാദ്യങ്ങള്‍. ഇന്ത്യയിലും ലോകത്തും വാര്‍ത്ത പരന്നു. കേരളത്തില്‍ ചെങ്കോട്ട പൊളിച്ച് കാവിക്കൊടി ഉയര്‍ത്തി. കഴിഞ്ഞ ദിവസം മോദി രാജീവ്ചന്ദ്രശേഖറിനെ വിളിച്ച് അഭിനന്ദനം അര്‍പ്പിച്ചു. ഒപ്പം ചില കാര്യങ്ങള്‍ സൂചിപ്പിച്ചു. ‘ചന്ദ്രശേഖരാ നമ്മള്‍ കേരള പിടിക്കാന്‍ പോവുകയാണ്. എന്റെ അനുഭവം പറയാം. ഞാന്‍ ഗുജറാത്ത് പിടിച്ചത് അഹമ്മദാബാദ് കോര്‍പ്പറേഷന്‍ പിടിച്ചു കൊണ്ടായിരുന്നു. നഗരാധികാരം, സംസ്ഥാന അധികാരത്തിലേയ്ക്കുള്ള ചവിട്ടുപടിയാണ്. ധൈര്യമായി മുന്നോട്ടു പോകൂ’ . രാജീവ് ചന്ദ്രശേഖരന്‍ കുളിരണിഞ്ഞു. 1987-ല്‍ ബി ജെ പി അഹമ്മദാബാദ് കോര്‍പ്പറേഷന്‍ പിടിച്ചെടുക്കുമ്പോള്‍ മോദി ഗുജറാത്തിലെ സംഘടനാ കാര്യ സെക്രട്ടറിയായിരുന്നു. തൊട്ടടുത്ത വര്‍ഷം ബിജെപി ഗുജറാത്ത് പിടിച്ചു. പിന്നീട് ഇന്ത്യ പിടിച്ചു. അതുകൊണ്ട് ബിജെപിയുടെ സ്വപ്‌നം തിരുവനന്തപുരം പിടിച്ച് കേരളം ഭരിക്കുക എന്നതാണ്. കഴിഞ്ഞ രണ്ട് ടേമുകളില്‍ 35 സീറ്റ് മാത്രം നേടി മുരടിച്ചു നിന്ന ബിജെപിയെ 50 സീറ്റിലേക്ക് ഉയര്‍ത്തിയത് ഒരു മാജിക്കായിരുന്നു. അതിന്റെ ക്രെഡിറ്റ് രാജീവ് ചന്ദ്രശേഖരന് ലഭിച്ചു.
2026 ആര് ഭരിക്കും?
ഈ തെരഞ്ഞെടുപ്പ് സെമിഫൈനലായിരുന്നു. സെമി ഫൈനലില്‍ കോണ്‍ഗ്രസ് വിജയിച്ചു. ഇതിന് സമാനമായ സാഹചര്യം മുമ്പ് വന്നത് 2010ലായിരുന്നു. തുടര്‍ന്ന് നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി. തെരഞ്ഞെടുപ്പ് വിശകലന വിദഗ്ദ്ധരെല്ലാം പറഞ്ഞതും പ്രവചിക്കുന്നതും 2026-ല്‍ യുഡിഎഫ് വിജയമാണ്. തെരഞ്ഞെടുപ്പിന്റെ പ്രാഥമികമായ കണക്ക് വന്നപ്പോള്‍ അതില്‍ യുഡിഎഫ് വളരെ മുന്നിലാണ്. യുഡിഎഫിന് 40.7% മാണ് എല്‍ഡിഎഫിന് 35.7%. എന്‍.ഡി.എയ്ക്ക് 16% .ഈ വോട്ടിംഗ് നില തുടര്‍ന്നാല്‍ യു.ഡി.എഫ് അധികാരത്തിലെത്തും. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ മത്സരക്ഷമമാക്കി നിറുത്തുന്നത് ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ തുല്യതയാണ്. ഏഴ് ജില്ലാ പഞ്ചായത്തുകള്‍ എല്‍.ഡി.എഫിനുണ്ട് .ഏഴ് ജില്ലാ പഞ്ചായത്തുകള്‍ യുഡിഎഫിനും. 2010-ല്‍ എല്‍ഡിഎഫിന് 6 ജില്ലാ പഞ്ചായത്തുകളെ ഉണ്ടായിരുന്നുള്ളൂ. 8 ജില്ലാ പഞ്ചായത്തുകള്‍ യുഡിഎഫ് നേടിയിരുന്നു. എന്നിട്ടും നിയമസഭ തെരഞ്ഞെടുപ്പില്‍ 72 സീറ്റ് മാത്രമാണ് യുഡിഎഫിന് ലഭിച്ചത്. 68 സീറ്റുമായി ഇടതുപക്ഷം/അല്ലെങ്കില്‍ പ്രതിപക്ഷം പിന്നിലുണ്ടായിരുന്നു. ഇതില്‍ യു.ഡി.എഫിന് ആത്മവിശ്വാസം നല്‍കുന്നത് ജില്ലാ പഞ്ചായത്തില്‍ 196 സീറ്റ് ഉണ്ടെന്നതാണ്. എല്‍.ഡി.എഫിന് ജില്ലാ പഞ്ചായത്തില്‍ ഉള്ളത് 148 സീറ്റാണ്. എന്‍.ഡി.എയ്ക്ക് ഒരെണ്ണം മാത്രം. ജില്ലാ പഞ്ചായത്തിലെ 48 സീറ്റിലെ മേല്‍ക്കൈ ഭരണത്തിലേയ്ക്ക് വാതില്‍ തുറക്കുമോ എന്ന് ചോദിച്ചാല്‍ അതിന് ഉത്തരം ആവുന്നില്ല. കാരണം മലപ്പുറം ജില്ലയിലെ എല്ലാ ജില്ലാ പഞ്ചായത്ത് സീറ്റുകളും യുഡിഎഫിനാണ്. അവിടെ പ്രതിപക്ഷം ഇല്ല. അതുകൊണ്ട് എല്‍.ഡി.എഫ് മലപ്പുറം ജില്ലയെ ഒഴിവാക്കി മത്സരിച്ചാല്‍ അതൊരു ഞെട്ടിപ്പിക്കുന്ന വാര്‍ത്തയായിരിക്കും. അങ്ങിനെ മത്സരിച്ചാല്‍ തന്നെ ഇടതുപക്ഷം ചിലപ്പോള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ജയിച്ചെന്നിരിക്കും.

ബി.ജെ.പി പ്രതീക്ഷിച്ച നേട്ടമില്ല.
പതിനായിരം സീറ്റ് പിടിക്കാന്‍ അമിത്ഷാ പറഞ്ഞെങ്കിലും 2500 കിട്ടും എന്ന് സംസ്ഥാന നേതൃത്വം കരുതി. പക്ഷെ കിട്ടിയത് 1911 മാത്രം. തൃശൂര്‍ കോര്‍പ്പറേഷനിലാണ് ബിജെപിക്ക് ഏറ്റവും കൂടുതല്‍ നിരാശയുണ്ടായത്. ലോകസഭ തെരഞ്ഞെടുപ്പില്‍ 36 വാര്‍ഡുകളിലാണ് ബിജെപിക്ക് ഭൂരിപക്ഷം ഉണ്ടായിരുന്നത്. അത് മുഴുവന്‍ കിട്ടിയില്ലെങ്കിലും ഭൂരിപക്ഷം ഉണ്ടാകും എന്ന് കരുതിയിരുന്നു. 55 സീറ്റുകള്‍ ഉള്ള തൃശൂരില്‍ 28 സീറ്റ് നേടിയാല്‍ ഭരണം പിടിക്കും. പക്ഷെ കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല. സുരേഷ്‌ഗോപിക്ക് ചെയ്ത ക്രിസ്ത്യന്‍ വോട്ടുകള്‍ തിരിച്ച് യുഡിഎഫിലേക്ക് പോയി.
കഴിഞ്ഞ തവണ ഭരണത്തിലിരുന്ന രണ്ട് മുനിസിപ്പാലിറ്റികള്‍ നഷ്ടപ്പെട്ടു. അതില്‍ പന്തളത്തെ പരാജയം അമ്പരിപ്പിക്കുന്നതാണ്. ബിജെപിയുടെ പ്രധാനലക്ഷ്യം ക്ഷേത്ര നഗരങ്ങള്‍ പിടിക്കുക എന്നതായിരുന്നു. പക്ഷെ ഈവര്‍ഷം അത് തകര്‍ന്ന് തരിപ്പണമായി. പന്തളം പോയതു പോലെ വടക്കുംനാഥനും കൊടുങ്ങല്ലൂരമ്മയും ബിജെപിയെ കൈവിട്ടു.
2026-ല്‍ ആര് ഭരിക്കും എന്നതിന്റെ ഉത്തരം അടുത്ത ആറുമാസമാണ് നിശ്ചയിക്കാന്‍ പോകുന്നത്. ഇപ്പോഴത്തെ നിലയില്‍ യുഡിഎഫിന് മുൻതൂക്കമുണ്ട്. യുഡിഎഫിലെ പടപ്പൊരുക്കവും പിടിവലിയും അതില്‍ നിര്‍ണായകമാണ്. എല്‍ഡിഎഫിന്റെ വിജയം നിയമസഭയിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ മികവും ഉപജാപക സംഘത്തെ അകറ്റി നിറുത്തലും കൈവിട്ട ഇടതു രാഷ്ട്രീയത്തെ തിരികെ പിടിക്കലും കേന്ദ്രീകരിച്ചിരിക്കും. ഗര്‍വിഷ്ടമായ കാലത്തിന്റെ നിഴലില്‍ നിന്ന് മാറാന്‍ ബോധപൂര്‍വം ശ്രമിച്ചില്ലെങ്കില്‍ പരാജയം ഉറപ്പാണ്.






