ആദ്യമായി മദ്രാസിൽ
ആദ്യമായി മദ്രാസ് കണ്ട ഞാനങ്ങു ഞെട്ടിപ്പോയി. എത്ര വലിയ നഗരം. ഇതിന്റെ ഇടയ്ക് നിന്നും എങ്ങനെയാണ് അവനെ കണ്ടുപിടിക്കുന്നത് എന്ന ഭാവത്തിൽ. തൊട്ടടുത്തുള്ള ഒരു പെട്ടിക്കടയിൽ നിന്നും അത്യാവശ്യത്തിനുള്ള തമിഴ് പറഞ്ഞു ഞാൻ എല്ലാവർക്കും ചായയും ഉഴുന്നുവടയും വാങ്ങികൊടുത്തു..
ചായ കുടിക്കുശേഷം, ഞാൻ ആ ചായക്കടക്കാരനോട് അറിയാവുന്ന തമിഴിൽ ചോദിച്ചു,

അണ്ണാച്ചീ, ഇങ്ക മമ്മൂട്ടിയുടെ വസതി തേരിയുമോ? മമ്മൂട്ടി അതു താൻ അവങ്കളുടെ പേര്. ഇന്ത സിനിമായിലെയൊക്കെ നടിച്ചിറുക്കുന്ന് കേൾവിപെട്രൻ., തെരിയുമോ അവങ്കളുടെ വീട്?
ഇത്രയും കേട്ടപ്പോൾ അയാൾ എന്നെയൊന്നു നോക്കി, അടുത്ത് നിൽക്കുന്ന വെളിച്ചപ്പാടിനെയും…..
നമ്മൾ വിചാരിച്ചപോലെയല്ല കാര്യങ്ങൾ…! അവൻ എല്ലായിടത്തും പ്രശ്നമാണ്. ഇവിടെയും അവന് ശത്രുക്കളുണ്ട്. അതാണ് അവന്റെ പേര് പറഞ്ഞപ്പോൾ അയാൾ തെറിവിളിച്ചത്.
ഇതുകേട്ടപ്പോൾ ചിലപ്പോൾ അത് ശരിയായിരിക്കുമെന്ന് എനിക്കും തോന്നി. ചായക്കടക്കാരൻ പറഞ്ഞതൊന്നും മനസ്സിലായില്ലന്നുള്ള ഭാവം പുറത്തു കാണിക്കാതെ ഞങ്ങൾ കാറിൽ കയറി അല്പം മുന്നോട്ട് പോയി..
ഇനി തമിഴൻ വേണ്ട,.. നമുക്ക് കാര്യം തിരക്കാൻ ഒരു മലയാളിയെ കാണുന്നവരെ ഞങ്ങൾ അല്പം മുന്നോട്ട് പോകാൻ തീരുമാനിച്ചു.
മദ്രാസിൽ അല്പം മാറി ഒരു മലയാളത്തിലെ ബോർഡ് കണ്ടു, വെജിറ്റെറിയൻ ഹോട്ടൽ … അവിടെ തിരക്കിയാൽ കാര്യം നടക്കുമെന്നുറപ്പിച്ച ഞാൻ അവരുമായി ആ ഹോട്ടലിലേക്ക് നടന്നു കയറി.
ആദ്യം തന്നെ കയറിയൊരു മസാലദോശയും കോഫീയും പറഞ്ഞു. അഞ്ചു മിനിറ്റ് കഴിഞ്ഞതു മേശയിലെത്തിയപ്പോൾ ചൂടാറും മുൻപ് എല്ലാവരും കഴിച്ചു. തിരിഞ്ഞു കാശ് കൊടുക്കാനുള്ള കൗണ്ടറിൽ എത്തിയപ്പോൾ വെളിച്ചപ്പാട് എന്നെ കണ്ണ് കാണിച്ചു, കാര്യം ചോദിക്ക് എന്നുള്ളഅർത്ഥത്തിൽ .
ഞാനാ ക്യാഷ് കൗണ്ടറിലെ ഓണറോട് ചോദിച്ചു,
സാർ മലയാളിയാണോ? പെട്ടെന്ന് അതെന്നുള്ള ഉത്തരം കിട്ടി.
സാർ ഞങ്ങളെ ഒന്ന് സഹായിക്കണം. ഒരു അഡ്രസ്സ് തപ്പി വന്നതായിവിടെ . ആളുടെ പേര് മമ്മൂട്ടി. സിനിമയിൽ ഒക്കെ ഉണ്ടെന്നാ പറയുന്നത്. അറിയോ സാറിന്…
അയാൾ ഞങ്ങളെയൊന്ന് നോക്കി.
മ്മ്മ്.. അറിയാം.. എന്താ കാര്യം? സിനിമ പിടിക്കാൻ ആണോ?
ഏയ് അല്ല സാറെ, ഒരു ആലോചനയുമായി വന്നതാ പുള്ളിക്ക്. അത്യാവശ്യമായി ഒന്ന് വീട് പറഞ്ഞു തന്നാൽ ഉപകാരമായിരിക്കും. ഞങ്ങൾക്ക് ഇവിടെ വന്നിട്ട് നാട്ടുകാരോടു തിരക്കാൻ പറ്റുന്നില്ല. ഭാഷ തന്നെ പ്രശ്നം. സാർ ഒന്ന് സഹായിക്കണമെന്ന് പറഞ്ഞിട്ട് ഞാൻ പറഞ്ഞു, ഞാനൊരു പഞ്ചായത്ത് മെമ്പറാണ്..
അത് കേട്ടപ്പോൾ അയാൾ പറഞ്ഞു. ഇവിടെ നിന്നും ഒരു കിലോമീറ്റർ ദൂരം നേരെ പോയിട്ട് ഇടത്തോട്ടുള്ള ചെറിയ റോഡിൽ രണ്ടാമത്തെ വീടാണ്. പക്ഷേ അയാളെ കാണാനൊക്കെ അപ്പോയിന്മെന്റ് വേണം.
ഞങ്ങളുടെ കുശുകുശുപ്പു കണ്ടിട്ടാവണം അവർ ചോദിച്ചു. നാട്ടിൽ എവിടെ നിന്നാ വരുന്നത് ?
കയ്പ്പക്കാട് എന്ന് പറയും. തിരുവനന്തപുരം അല്പം തെക്കാണ്…
മ്മ്… നിങ്ങൾ ഭക്ഷണം കഴിച്ചോ..?
ആഹ്.. കഴിച്ചു. വരുന്ന വഴിക്കു മസാലദോശ കഴിച്ചു..
ങ്ങാ… ഇരിക്കുട്ടോ., ഞാനിപ്പോൾ വരാമെന്നു പറഞ്ഞവർ ഞങ്ങൾ കുടിച്ച ഗ്ലാസ്സും വാങ്ങി അകത്തേക്ക് പോയി. ആ സമയം വെളിച്ചപ്പാട് എന്നെ പരിതാപപൂർവ്വം നോക്കിയിരുന്നു..
ഞാനും. പിന്നെ അയാളോട് പറഞ്ഞു. ഈ പ്രായമൊക്കെ ഒരു കുഴപ്പമല്ല ദാസേട്ടാ… സ്നേഹമാണ് പ്രധാനം ജീവിതത്തിൽ.. അതവൾ നോക്കിക്കോളും. അത് ശരിയാണെന്നു അയാൾക്കും തോന്നിയാവണം അയാൾ അതിന് തലയാട്ടി…
കാറിലിരുന്ന വിനോദ് ചോദിച്ചു. എന്താ, അവനെ കൂടി കയറ്റാൻ സ്ഥലമുണ്ടല്ലോ കാറിൽ.
അവനേം കൂടി കയറ്റിക്കോ…! നീ വണ്ടിയെടുക്കെന്ന് പറഞ്ഞിട്ടു ഞാനൊരു ബീഡി കത്തിച്ചു.. ആഞ്ഞു വലിച്ചു.. അല്പം ആശ്വാസത്തിനായി.
കാർ ഓടിക്കൊണ്ടിരുന്നപ്പോൾ അവർ കൊടുത്ത ആ പൊതി വെളിച്ചപ്പാട് തുറന്നുനോക്കി.. കാശാണ് മെമ്പറേന്ന് പറഞ്ഞു. എണ്ണിനോക്കി മൂവായിരം തികച്ചും ഉണ്ട്. ഇത്രയും കാശ് ഒരുമിച്ചു കയ്യിലാദ്യമാണ് …
.ഈശ്വരാ നീ തന്നെ എന്റെ മോളെ ആശ്വസിപ്പിക്കണേന്നുള്ള കരച്ചിൽ വെളിച്ചപ്പാട് തുടർന്നുകൊണ്ടിരുന്നു. എനിക്ക് എന്തു ചെയ്യണമെന്നു അറിയാത്ത അവസ്ഥയിലും ആയിരുന്നു…
അന്ന് ഉച്ചക്ക് പച്ചവെള്ളം പോലും കുടിക്കാതെ രാത്രി ഭക്ഷണം മാത്രമാക്കി… എപ്പോഴോ യാത്രയിൽ ഉറങ്ങിപ്പോയി..ഒരുവിധം പിറ്റേന്ന് രാവിലെ കാർ നാട്ടിലെത്തി.
ജംഗ്ഷനിൽ കാർ ഒതുക്കിയപ്പോൾ തന്നെ ലിസ വീട്ടിൽ നിന്നിറങ്ങി എന്നോട് കാര്യം തിരക്കി. ഞാൻ ഉണ്ടായ കാര്യങ്ങൾ എല്ലാം വിസ്തരിച്ചങ്ങു പറഞ്ഞു. ഇത് കേൾക്കാൻ വന്ന പരദൂഷണം വിജയനെ വിനോദ് രണ്ടു തെറിയുടെ ബോണസ് കൊടുത്തു ഓടിച്ചു വിട്ടു. മുഴുവൻ സംഭവങ്ങൾ കേട്ടതും ലിസയങ്ങു വല്ലാതെയായി. പിന്നെ വെളിച്ചപ്പാടിനൊപ്പം ജാനകിയുടെ വീട്ടിലേക്ക് അവൾക്കൊപ്പം ഞാൻ നടന്നു. വീടിന്റെ അടുത്ത് എത്തിയപ്പോൾ ഞാൻ ലിസയോട് ഒരു മയത്തിൽ അവളെ കാര്യം പറഞ്ഞു മനസ്സിലാക്കാൻ പറഞ്ഞേൽപ്പിച്ചു എന്റെ വീട്ടിലേക്ക് നടക്കാൻ തുടങ്ങിയതും ജാനകി ഓടിവന്നു…
മെമ്പറേ, എന്തായി… എന്റെ പൊന്നിക്കയെ കണ്ടോ.. ഈ പുരയിൽ പാർക്കാൻ കൂടി വരാന്നു പറഞ്ഞോ. ?
മറുപടിയായി ഒന്നും ഞാൻ പറഞ്ഞില്ല..
ദാ മെമ്പറേ, ഇത് കണ്ടോന്നു പറഞ്ഞിട്ടവൾ പിറകെ ഒളിപ്പിച്ചു വച്ചിരുന്ന പ്ലാസ്റ്റിക് കവറിന്റെ പൊതിയഴിച്ചു… പാന്റാണ്.. ബെൽബോട്ടൻ പാന്റ്. ഞാനിന്നലെ തന്നെ കുത്തിയിരുന്ന് തയ്പ്പിച്ചു മേടിച്ചതാ എന്റെ പൊന്നിക്കാക്കു വേണ്ടി. അളവൊക്കെ പാകമാകുമോന്നാ സംശയം. ഞാൻ ഈ ചിത്രം കാണിച്ചിട്ട് തയ്യൽകാരനോട് ഈ അളവിൽ തുണി തയ്പ്പിച്ചു തരാൻ പറഞ്ഞു. അയാൾ അതുപോലെ അടിച്ചു തന്നു…. ഇതിട്ടാൽ മെമ്പർ പറഞ്ഞത് പോലെ എന്റെ ഇക്കയൊരു ബെൽബോട്ടൻ പൊന്നിക്കയായി മാറുമെന്നവൾ പറഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു.
മോൾ അങ്ങോട്ട് ചെല്ല്.. ഞാനൊന്നു പെട്ടെന്ന് കുളിച്ചിട്ട് വരാം.വല്ലാത്ത ക്ഷീണം, യാത്രയുടെയാണ്. ബാക്കി വിശേഷങ്ങൾ വന്നിട്ട് പറയാന്നു ഉറപ്പ് കൊടുത്തിട്ടു ലിസയോട് കാര്യങ്ങൾ നോക്കിക്കോളാൻ പറഞ്ഞു ഞാൻ വീട്ടിലേക്ക് നടന്നു.
ഇടയ്ക്ക് ജയൻ വന്നിട്ട് പതുക്കെ സൗകര്യം പോലെ മെമ്പർ നടത്തി തന്നാൽ മതി കല്യാണമൊക്കെ.. ഈ വീടും മൂന്ന് സെന്റ് വസ്തുവും അവൾക്ക് ഞാനെഴുതി കൊടുക്കാം.. എനിക്കു കൂടി ഷെയർ ഉള്ളതു നോക്കണ്ട.. അവളെന്റെ ഒരേയൊരു പെങ്ങളല്ലേ….അതവന് സ്ത്രീധനമായി എടുക്കാമല്ലോ… അപ്പോൾ അച്ചിവീട്ടിൽ കഴിഞ്ഞുന്നുള്ള തോന്നലും വേണ്ട… എന്തേ ?….
എന്റെ ഈശ്വരാ… ഇങ്ങനെ ഒരുത്തനെ ആണല്ലോ എന്റെ മോൾ പ്രേമിച്ചത്… ഇനി എന്റെ മോളെയാര് കെട്ടും…
അയ്യോ.. എന്റെ പൊന്നുമോളെ, എടീ ചാടല്ലടീ മുത്തേയെന്നുള്ള നിലവിളിയും കേൾക്കാതെ, എന്റെ ഇക്കാ… പൊന്നിക്കാന്നുള്ള വിളിക്കൊപ്പം എന്തോ ശക്തമായി വെള്ളത്തിൽ വീഴുന്ന ശബ്ദവും… ഞാൻ പുറത്തേക്കു നോക്കിയില്ല…
ആളുകൾ എല്ലാം ഓടുന്നുണ്ട്. പതുക്കെ കുളിച്ചു കയറി ഉമ്മറത്ത് എത്തിയപ്പോൾ ലിസ വന്നു പറഞ്ഞു..
ഓള് പോയി…
ഇത്തവണ വാഴയ്ക്കു ഇടാൻ വച്ചിരുന്ന ഫ്യൂരിടാൻ കലക്കി കുടിച്ചിട്ടാ കിണറ്റിൽ ചാടിയേ. കിണറ്റിൽ നിന്നും എടുത്തപ്പോൾ തന്നെ മരിച്ചു
പിന്നെ ഒന്നൂടെ ഉണ്ട്.. ഇത് മെമ്പർക്ക് തരാനായി അവൾ എന്റെൽ തന്നിട്ടാ പോയതെന്ന് പറഞ്ഞവൾ ആ പാന്റ്സ് വരാന്തയിൽ വച്ചിട്ട് കരഞ്ഞുകൊണ്ട് നടന്നുപോയി… ഞാനാ പാന്റ്സ് എടുത്തു നോക്കി.. അതിനുള്ളിൽ അവൾ ഏതോ വാരികയിൽ നിന്നും മുറിച്ചെടുത്ത മമ്മൂട്ടിയുടെ ചിത്രം.. അതെന്നെ നോക്കി ചിരിക്കുന്നതായി തോന്നി…അവളെയോർത്തു വെന്തുരുകുന്ന ഓർമ്മകളുടെ കണ്ണുനീരോടെ …….!






