കുളിര്

മഴ പെയ്യും മുമ്പേ ഞാൻ നനഞ്ഞു തുടങ്ങിയിരുന്നു.
കൃത്യമായി പറഞ്ഞാൽ വെള്ളമില്ലാതെ നനയുന്നവൻ.
ഒരുവൾ എന്നോട് ഹൃദയം കടം ചോദിച്ചു വന്നു.
അതൊരു വികാരവായ്പിൽ കുടുങ്ങിപ്പോയെന്നു കളവു പറഞ്ഞു.
വിശ്വാസത്തിനും, അവിശ്വാസത്തിനും നടുവിൽ
വളരെ നേർത്തൊരു നൂൽപ്പാലത്തിലൂടെ ഞാൻ കടന്നു കളഞ്ഞു.
കൊളുത്തും മുമ്പേ പടർന്നു പിടിക്കുമെന്ന് ചിലർ കരുതി
പിടികൊടുക്കാത്തൊരു നിലപാടു കൊണ്ട് ഞാനെന്നെ ബന്ധിച്ചു
മറ്റൊരുവൾ ബോധത്തിലേക്ക് വെളിച്ചം തെറ്റിയൊഴിച്ചു
ഇരുട്ടിലായിരുന്നതിനാൽ പകച്ചു നിന്നു പോയ് ഞാൻ.
കടുത്ത വാക്കുകൾ കൊണ്ട് അവളെന്നെ പ്രഹരിച്ചു
എന്നേ മരവിച്ചു പോയവന് എന്തും അതിജീവിക്കാനാവുമല്ലോ.
ഒരിക്കൽ സൈക്കിൾ സവാരിക്കിടയിൽ വേലിക്കരുകിൽ,
രണ്ടു കണ്ണുകൾ നട്ടു വെച്ചിരിക്കുന്നതായി കണ്ടു
ഒറ്റനോട്ടത്തിൽ വാടിപ്പോയൊരു നാലുമണിപ്പൂവായിരുന്നു.
പിന്നെപ്പൊഴോ ഒരു പുലർകാലത്തിൽ ഞങ്ങൾ ഒന്നിച്ച്,
ഒരു സൈക്കിളിൽ നാടുവിട്ടുപോയ രണ്ടാത്മാക്കൾ.
ഇടതോരാത്ത മഴയിൽ ഇന്നു നനയാൻ രണ്ടു പേരുണ്ട്.
അവർക്കു മുകളിൽ ഒരു ചേമ്പിലത്തണൽ നിന്നു തുള്ളുന്നു.
കുടനിവർത്തി, തണൽ ചുരത്തി,കുളിരു കോരി.
9447479905






