ശബരിമലയില്‍ കൊള്ള സംഘം
പലരും ഇന്ന് ധരിക്കുന്നതു പോലെ പോറ്റിയും കൂട്ടരും ശബരിമലയില്‍ നിന്ന് സ്വര്‍ണ്ണം മോഷ്ടിച്ചു കൊണ്ടുപോവുകയായിരുന്നില്ല. ദേവസ്വം ബോര്‍ഡിന്റെ അനുമതിയോടുകൂടിയാണ് വിജയ് മല്യ അയ്യപ്പന് നല്‍കിയ സ്വര്‍ണ്ണം പോറ്റിയും കൂട്ടരും സ്വന്തമാക്കിയത്. അന്വേഷണ വേളയില്‍ മനസ്സിലാക്കിയത് പോറ്റിയും കൂട്ടരും ശബരിമലയില്‍ നിന്ന് 4.5 കിലോഗ്രാം സ്വര്‍ണ്ണം സ്വന്തമാക്കിയെന്നാണ്. ഇന്നത്തെ വിപണിവിലയില്‍ ഏകദേശം അഞ്ചരക്കോടി രൂപയുടെ സ്വര്‍ണ്ണം പോറ്റി നേതൃത്വം നല്‍കുന്ന കൊള്ളസംഘം അടിച്ചുകൊണ്ടുപോയി. ഇത് സ്വര്‍ണ്ണം മാത്രം കേന്ദ്രീകരിച്ച പ്രാഥമിക കണക്കാണ്.

കുറച്ചുകാലം മുമ്പ് കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ഒരുപരസ്യമുണ്ടായിരുന്നു. മഞ്ജുവാര്യരും അമിതാബച്ചനും അഭിനയിച്ച ആ പരസ്യചിത്രം എല്ലാവരുടെയും മനസില്‍ പതിപ്പിച്ച ഒരു വാചകമുണ്ടായിരുന്നു. ”വിശ്വാസം അതല്ലേ എല്ലാം” അതൊരു പരസ്യവാചകം മാത്രമല്ല. കോടാനുകോടി മനുഷ്യരുടെ ജീവിതത്തെ നിര്‍വചിക്കുകയും മുന്നോട്ടു കൊണ്ടുപോവുകയും ചെയ്ത ഒരു പരികല്പനയാണ് അത്. നമ്മുടെ ജീവിതത്തിന്റെ ദൈനംദിന കാര്യങ്ങള്‍ നടന്നു പോകുന്നത് വിശ്വാസത്തിലാണ്. ഈ വിശ്വാസത്തെ കച്ചവടം ചെയ്തു ജീവിക്കുന്ന വലിയൊരു സംഘം ഇത്തിള്‍കണ്ണികള്‍ നമുക്ക് ചുറ്റുമുണ്ട്. അവര്‍ ഒളിച്ചും പതുങ്ങിയും ശബരിമലയില്‍ കടന്നകൂടി. ഇവരുടെ സ്വതന്ത്ര വിഹാരത്തില്‍ ശബരിമല കൊള്ള ചെയ്യപ്പെടുകയാണ്.
പ്രപഞ്ചത്തിലെ എല്ലാ കാര്യങ്ങളും മനുഷ്യന് അറിയാന്‍ കഴിയില്ല. അജ്ഞാതമായ അത്തരം കാര്യങ്ങള്‍ ദൈവത്തിന് മാത്രമേ അറിയൂ. സര്‍വവ്യാപിയായ ദൈവം സര്‍വശക്തനാണ്. ആ ദൈവവിശ്വാസം ചൂഷണം ചെയ്യാനും അതുകൊണ്ട് ജീവിക്കാനും വളരെയധികം ആളുകള്‍ വ്രതമെടുക്കുന്നു. അവര്‍ ദൈവദാസന്മാരുടെ വേഷത്തില്‍ അമ്പലങ്ങളിലും ആരാധനാലയങ്ങളിലും കുടിയിരിക്കുന്നു. ഭക്തന്മാരുടെ പണവും ചോരയും ഇവര്‍ ഊറ്റിക്കുടിക്കും. ഇപ്പോള്‍ പൊലീസ് പിടിയിലായ ഉണ്ണികൃഷ്ണന്‍ പോറ്റിയും മുരാരി ബാബുവും അത്തരം അവതാരങ്ങളാണ്. അവതാരങ്ങള്‍ക്ക് ഒറ്റയ്ക്ക് വന്‍കൊള്ളകള്‍ നടത്താനാവില്ല. അവര്‍ക്കതിന് ശക്തി ലഭിക്കുന്നത് അധികാര ഹസ്തങ്ങളുടെ പേശിബലത്തിലാണ്. അതിനാല്‍ തുടര്‍ അന്വേഷണം എത്തി നില്‍ക്കുക ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരിലോ മറ്റ് ഉന്നതരിലോആയിരിക്കും. ശബരിമല കൊള്ളയുടെ പിന്നിലെ തമ്പുരാന്‍ ആര്?
ഭക്തി അഴിമതിക്കുള്ള കുറുക്ക് വഴി
സമൂഹത്തിലെ ബഹുഭൂരിപക്ഷം മനുഷ്യരും ഭക്തരാണ്, ആ ഭക്തി ചൂഷണം ചെയ്താണ് വലിയൊരു സംഘം നമുക്ക് ചുറ്റും ജീവിക്കുന്നത്. ‘ശ്രീനാരായണ വിലാസം ഹോട്ടല്‍’ എന്ന പേജ് അല്ലെങ്കില്‍ ‘സെന്റ് ആന്റണീസ് ടീ ഷോപ്പ്’ എന്ന നാമം ഭക്തികൊണ്ട് ഉണ്ടാവുന്നതല്ല. അതിന്റെ ഉറവ കച്ചവടമാണ്. ശ്രീനാരായണ ഭക്തരെ ആകര്‍ഷിക്കാന്‍ അല്ലെങ്കില്‍ അന്തോണി പുണ്യാളനെ ആരാധിക്കുന്നവരെ ആകര്‍ഷിക്കാന്‍ വേണ്ടി കച്ചവടക്കണ്ണുള്ളവര്‍ ഇട്ട പേരുകളാണ് അവ. ശബരിമല ഏറ്റവും മഹത്തായ ആരാധനാലയമാണ്. ജാതിമത ഭേദമന്യേ ഏവര്‍ക്കും ആരാധന നടത്താന്‍ അവകാശമുള്ള കാനന ക്ഷേത്രം. ലോകത്തിന്റെ നാനാഭാഗത്തു നിന്നും ഭക്തരെത്തുന്നു. ഭക്തര്‍ കാണിക്ക അര്‍പ്പിക്കുന്നു. കോടിക്കണക്കിന് മനുഷ്യര്‍ വരുന്നു ഒപ്പം കോടിക്കണക്കിന് രൂപയും വരുന്നു. സ്വര്‍ണവും മറ്റ് അനേകം സമ്പദ് രൂപങ്ങളും അയ്യപ്പന് അര്‍പ്പിക്കപ്പെടുന്നു. ഈ അസാധാരണമായ സമ്പത്താണ് കൊള്ളക്കാരെയും ശബരിമലയിലേക്ക് ആകര്‍ഷിച്ചത്. അവര്‍. ആസൂത്രിതമായി ശബരിമലയെ കൊള്ളയടിച്ചു.
ആഗോള അയ്യപ്പ സംഗമം
ശബരിമലയില്‍ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ല. കോടിക്കണക്കിന് മനുഷ്യര്‍ തീര്‍ത്ഥാടനം നടത്തുന്ന ശബരിമലയില്‍ വന്നു പോകുന്ന ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ല. വൈദ്യസഹായത്തിന് സംവിധാനമില്ല. ഭക്ഷണ സൗകര്യമില്ല. താമസസൗകര്യമില്ല. ഇതെല്ലാം ആധുനിക കാലത്തിനനുസരിച്ച് വികസിപ്പിക്കപ്പെട്ടിട്ടില്ല. അതിനൊരു പരിഹാരം വര്‍ഷങ്ങളായി ഭക്തര്‍ ആവശ്യപ്പെടുന്ന കാര്യമാണ്. അതോടൊപ്പം ഗൗരവമായി പരിശോധിക്കുകയും പരിഹാരം കാണുകയും ചെയ്യേണ്ട വിഷയമാണ് ക്രൗഡ് മാനേജ്‌മെന്റ്. ശബരിമലയിലെ തിരക്ക് അസാധാരണമാണ്. അത് നിയന്ത്രിക്കാനും ഭക്തര്‍ക്ക് അസൗകര്യമില്ലാത്ത രീതിയില്‍ അത് സജ്ജീകരിക്കാനും ശാസ്ത്രീയമായ സംവിധാനം ഉണ്ടാകണം. ഇതെല്ലാം മുന്നില്‍ കണ്ടുകൊണ്ടാണ് സര്‍ക്കാര്‍ ആഗോള അയ്യപ്പസംഗമം നടത്തുകയും ശബരിമലയിലേക്ക് ആധുനിക സംവിധാനങ്ങളുടെ വികസനം കൊണ്ടുവരുന്നതിനു വേണ്ടി സ്‌പോണ്‍സര്‍മാരെ കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്തത്. എന്നാല്‍ അയ്യപ്പന്റെ മായാമയമായ അദൃശ്യകരങ്ങള്‍ ശബരിമല കൊള്ളയിലേക്ക് ഹൈക്കോടതിയുടെ ശ്രദ്ധ തിരിക്കുകയായിരുന്നു. കേരളത്തെ ഞെട്ടിച്ചുകൊണ്ട് ആ വാര്‍ത്ത വന്നു. 2025 സെപ്തംബര്‍ 17 ന് ശബരിമലയിലെ പീഠങ്ങള്‍ കാണാനില്ലെന്ന് പറഞ്ഞ് ദേവസ്വം സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ പരാതി നല്‍കുന്നു. പിന്നീട് പീഠങ്ങള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വീട്ടില്‍ നിന്ന് കണ്ടെടുക്കുന്നു. അയ്യപ്പന്റെ മുതല്‍ ഒരു പോറ്റിക്ക് അവന്റെ സഹോദരിയുടെ വീട്ടില്‍ കൊണ്ടുവെക്കാനുള്ള വിധം ലൂസായ സ്ട്രക്ച്ചറായിരുന്നു ശബരിമലയിലേതെന്ന് മനസ്സിലാക്കി മലയാളികള്‍ ഞെട്ടി. പിന്നീടാണ് അതിഭീകരമായ കൊള്ളയുടെ വിവരങ്ങള്‍ കുറേശെ കുറേശെ പുറത്തേയ്ക്ക് വരാന്‍ തുടങ്ങുന്നത്.

വിജയ് മല്യ
ശബരിമലയെ സ്വര്‍ണ്ണത്തില്‍ പൊതിയുന്നു
കര്‍ണ്ണാടകത്തിലെ മദ്യവ്യവസായി വിജയ് മല്യ ശബരിമലയെ സ്വര്‍ണത്തില്‍ പൊതിയാന്‍ തീരുമാനിക്കുന്നു. അത് അദ്ദേഹത്തിന്റെ ദൂതന്‍ വഴി ശബരിമല അധികാരികളെ അറിയിക്കുന്നു. 1998 സെപ്തംബര്‍ 4നാണ് ശ്രീകോവിലും ദ്വാരപാലക ശില്പങ്ങളും സ്വര്‍ണം പിടിപ്പിക്കാന്‍ അനുമതി തേടുന്നത്. ദേവസ്വം ബോര്‍ഡ് അതിന് അനുമതി നല്‍കുന്നു. ഇന്ന് പൊലീസ് കസ്റ്റഡിയില്‍ ഉള്ള ഉണ്ണികൃഷ്ണന്‍ പോറ്റി സ്‌പോണ്‍സറുടെ വേഷത്തില്‍ ശബരിമലയില്‍ എത്തുന്നതിന് മുന്നേയാണ് വിജയ് മല്യ ശ്രീകോവിലും ദ്വാരപാലക ശില്പങ്ങളും സ്വര്‍ണംകൊണ്ട് പൊതിഞ്ഞത്. അതായത് പോറ്റി വരുന്നതിന് ഇരുപതുവര്‍ഷം മുമ്പ് തന്നെ ശബരിമല ശ്രീകോവിലും ദ്വാരപാലക ശില്പങ്ങളും സ്വര്‍ണം പൊതിഞ്ഞിരുന്നു. അതിനുവേണ്ടി ധാരാളം സ്വര്‍ണം വ്യവസായിയായ വിജയ് മല്യയുടെ ഏജന്റ്മാര്‍ ശബരിമലയില്‍ എത്തിച്ചിരുന്നു. ഈ സ്വര്‍ണ്ണം ശബരിമലയില്‍ നിന്ന് എടുത്തു കൊണ്ട് പോകുന്നതിന് വേണ്ടിയുള്ള ആസൂത്രണം നിരവധി വര്‍ഷങ്ങളായി നടന്നുവരികയായിരുന്നു. ശബരിമലയില്‍ ഒരു ശാന്തിയുടെ പരികര്‍മ്മിയുടെ വേഷത്തില്‍ എത്തിയ ഉണ്ണികൃഷ്ണന്‍ പോറ്റി അതിനുള്ള ഉപകരണമായി മാറി.
2016 മുതലാണ് ശബരിമലയില്‍ സ്‌പോണ്‍സറായി പോറ്റി എത്തുന്നത്. അതിനു വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് മുതല്‍ ശബരിമലയിലെ അഴിമതിയുടെ രഹസ്യവാതില്‍ തുറക്കാന്‍ പോറ്റി ആരംഭിച്ചിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റി 2004 മുതല്‍ 2008 വരെ ശബരിമല കീ ഴ് ശാന്തിയുടെ പരികര്‍മ്മിയായി ജോലി ചെയ്തിരുന്നു. ഈ പരികര്‍മ്മിക്കാലം ശബരിമലയെ പഠിക്കാനാണ് പോറ്റി ശ്രമിച്ചത്. എങ്ങിനെയാണ് അവിടെ കാര്യങ്ങള്‍ നടക്കുന്നത്. അഴിമതിയും കളവും ഏത് രീതിയിലാണ് നടന്നു പോകുന്നത് എന്ന് പോറ്റി മനസ്സിലാക്കിയത് ഈ കാലയളവിലാണ്. ദ്വാരപാലക ശില്പങ്ങളിലും കട്ടിളയിലും വാതിലിലും ഒക്കെ സ്വര്‍ണ്ണം പൂശുകയല്ല സ്വര്‍ണ്ണം പിടിപ്പിച്ചിരിക്കുകയാണ് എന്ന് പോറ്റി മനസ്സിലാക്കി. വിജയ് മല്യ കൊടുത്ത സ്വര്‍ണ്ണത്തിന്റെ അളവ് അഞ്ച്കിലോയിലധികം ഉണ്ടെന്നതും പോറ്റി മനസ്സിലാക്കിയിരുന്നു. ഇത് മോഷ്ടിച്ചു കൊണ്ടുപോകുന്നതിന് പകരം ദേവസ്വം ബോര്‍ഡിന്റെ അനുമതിയോട് കൂടി എടുത്തു കൊണ്ടു പോകാനുള്ള പദ്ധതിയാണ് പോറ്റി ആസൂത്രണം ചെയ്തത്.
പലരും ഇന്ന് ധരിക്കുന്നതു പോലെ പോറ്റിയും കൂട്ടരും ശബരിമലയില്‍ നിന്ന് സ്വര്‍ണ്ണം മോഷ്ടിച്ചു കൊണ്ടുപോവുകയായിരുന്നില്ല. ദേവസ്വം ബോര്‍ഡിന്റെ അനുമതിയോടുകൂടിയാണ് വിജയ് മല്യ അയ്യപ്പന് നല്‍കിയ സ്വര്‍ണ്ണം പോറ്റിയും കൂട്ടരും സ്വന്തമാക്കിയത്. അന്വേഷണ വേളയില്‍ മനസ്സിലാക്കിയത് പോറ്റിയും കൂട്ടരും ശബരിമലയില്‍ നിന്ന് 4.5 കിലോഗ്രാം സ്വര്‍ണ്ണം സ്വന്തമാക്കിയെന്നാണ്. ഇന്നത്തെ വിപണിവിലയില്‍ ഏകദേശം അഞ്ചരക്കോടി രൂപയുടെ സ്വര്‍ണ്ണം പോറ്റി നേതൃത്വം നല്‍കുന്ന കൊള്ളസംഘം അടിച്ചുകൊണ്ടുപോയി. ഇത് സ്വര്‍ണ്ണം മാത്രം കേന്ദ്രീകരിച്ച പ്രാഥമിക കണക്കാണ്. എന്നാല്‍ ഇതിനോടൊപ്പം നടയില്‍ വരുന്ന കാണിക്കയും അരവണ തുടങ്ങിയ മറ്റ് കാര്യങ്ങളിലും തീര്‍ത്ഥാടനകാലത്ത് ഇവര്‍ നടത്തുന്ന അഴിമതി എത്രയാണെന്ന് തിട്ടപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല.

സ്വര്‍ണ്ണത്തെ ചെമ്പാക്കി
ആസൂത്രിതമായ കൊള്ളയാണ് ശബരിമലയില്‍ നടന്നതെന്ന് ഇതുവരെയുള്ള അന്വേഷണം വ്യക്തമാക്കി കഴിഞ്ഞു. ഹൈക്കോടതി ഏര്‍പ്പെടുത്തിയ എസ്‌ഐടി യുടെ അന്വേഷണത്തില്‍ ഓരോ കാര്യങ്ങളും വെളിച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്. 1998-99 കാലത്ത് വിജയ് മല്യ 31 കി.ഗ്രാം സ്വര്‍ണ്ണം ശബരിമലയിലെ ശ്രീകോവിലും അതിന്റെ മേല്‍പാളികളും ദ്വാരപാലക ശില്പവും കട്ടിളപ്പടിയും സ്വര്‍ണ്ണം പതിക്കാന്‍ നല്‍കിയിരുന്നു എന്നാണ് അന്വേഷണ സംഘം മനസിലാക്കിയത്. അതില്‍ നിന്ന് 4.5 കി.ഗ്രാം ഇപ്പോള്‍ നഷ്ടമായി. അതിന്റെ കുറച്ചു ഭാഗം മാത്രമാണ് അന്വേഷണ സംഘത്തിന് കണ്ടെത്താന്‍ കഴിഞ്ഞത്. ഏതാണ്ട് അര കിലോഗ്രാം. അത് ബാംഗ്ലൂരിലെ സ്വര്‍ണ്ണ വ്യാപാരിയായ ഗോവര്‍ദ്ധന്റെ ജ്വല്ലറിയില്‍ നിന്നാണ്. സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്ന് വേര്‍തിരിച്ചെടുത്ത സ്വര്‍ണ്ണം ഗോവര്‍ദ്ധന്റെ ജ്വല്ലറിയില്‍ എത്തുന്നത് കല്‍പേഷ് വഴിയാണ്. കല്‍പേഷ് സ്വര്‍ണ്ണാഭരണങ്ങള്‍ ജ്വല്ലറികളില്‍ നിന്ന് കൊണ്ടുപോകുന്ന കാരിയര്‍ ഏജന്റാണ്. ചെന്നൈയിലെ വീരപ്പന്‍ സ്ട്രീറ്റിലെ കാളികുഞ്ഞ് ജ്വല്ലറിയിലെ ജീവനക്കാരനായ കല്‍പേഷാണ് സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്ന് അയ്യപ്പന്റെ സ്വര്‍ണ്ണം ബാംഗ്ലൂരിലുള്ള ബെല്ലാരിയിലെ ഗോവര്‍ദ്ധന്റെ ജ്വല്ലറിയില്‍ എത്തിച്ചത്. ഈ സ്വര്‍ണ്ണമാണ് ഇപ്പോള്‍ അന്വേഷണ സംഘം വീണ്ടെടുത്തത്. ഇനി ലഭിക്കേണ്ട നാല് കിലോഗ്രാം സ്വര്‍ണ്ണത്തെക്കുറിച്ച് ഒരു വ്യക്തതയും ഇതുവരെ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല.
ദേവസ്വം ബോര്‍ഡിന്റെ
ഘടന
ക്ഷേത്ര സ്വത്തുക്കള്‍ സുരക്ഷിതമായിരിക്കാന്‍ പറ്റുന്ന തരത്തില്‍ തന്നെയാണ് ദേവസ്വം ബോര്‍ഡിന്റെ അധികാര ഘടന രൂപപ്പെടുത്തിയിരിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ 1256 ക്ഷേത്രങ്ങളാണ് ഉള്ളത്. ഈ ക്ഷേത്രങ്ങളിലെ ഏതൊരു പ്രവര്‍ത്തിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അനുമതിയോടുകൂടി മാത്രമേ ചെയ്യാനാവൂ. ശബരിമലയിലെ ഏതു പ്രവര്‍ത്തിക്കും നാല് ഘട്ടങ്ങളിലെ നടപടിക്രമം പൂര്‍ത്തീകരിച്ചിരിക്കണം. ഒന്നാം ഘട്ടത്തില്‍ ദേവസ്വം ബോര്‍ഡ് കൂടി ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കണം. രണ്ടാമത്തെ ഘട്ടത്തില്‍ അത് ഹൈക്കോടതിയുടെ പ്രതിനിധിയായ സ്‌പെഷ്യല്‍ കമ്മീഷണറെ അറിയിക്കണം. മൂന്നാം ഘട്ടത്തില്‍ ക്ഷേത്രകാര്യങ്ങളില്‍ അന്തിമവാക്കായ തന്ത്രിയുടെ അനുജ്ഞ വാങ്ങണം. നാലാംഘട്ടത്തില്‍ ഹൈക്കോടതിയുടെ സമ്മതം വാങ്ങണം. ഇതൊന്നും കൃത്യമായി നിര്‍വഹിക്കാതെയാണ് ശബരിമലയിലെ കാര്യങ്ങള്‍ നടന്നിട്ടുള്ളത്. 2018 ഡിസംബര്‍ മുതല്‍ 2019 സെപ്തംബര്‍ വരെ നടന്ന പാളി നവീകരണങ്ങള്‍ ഈ നടപടിക്രമം പൂര്‍ത്തീകരിച്ചല്ല നടന്നിട്ടുള്ളത്. കേരള ഹൈക്കോടതി ശബരിമല ഭരണ സംവിധാനത്തിന്റെ ഒരു ഭാഗമാണ്. അതുകൊണ്ട് ഈ വീഴ്ചകളാല്‍ ഹൈക്കോടതി ശക്തമായ നടപടി എടുക്കും. ആരെങ്കിലും പരാതിയോ കേസോ കൊടുത്തതു കൊണ്ടല്ല ഹൈക്കോടതി ശബരിമലയില്‍ ഇടപെടുന്നത്. ഹൈക്കോടതി ശബരിമലയിലുള്ള ഭരണനിര്‍വഹണ സംവിധാനത്തിന്റെ തന്നെ ഭാഗമാണ്. ഹൈക്കോടതി ഇല്ലായിരുന്നെങ്കില്‍ അയ്യപ്പനെ തന്നെ അടിച്ചു മാറ്റിയേനെ എന്ന് സാധാരണക്കാര്‍ പറയുന്നതിന്റെ പൊരുള്‍ ഇതാണ്.

മുരാരി സ്വര്‍ണ്ണം ചെമ്പാക്കിയ
ആല്‍കെമിസ്റ്റ്
ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ രണ്ടാംപ്രതി മുന്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവാണ് സ്വര്‍ണ്ണത്തെ ചെമ്പാക്കി മാറ്റിയത്. അന്ന് സ്വര്‍ണ്ണപാളികള്‍ അഴിച്ചെടുത്തപ്പോള്‍ മഹസറില്‍ ചെമ്പ് എന്ന് എഴുതി രേഖയാക്കിയത് മുരാരി ബാബു ആയിരുന്നു. മുരാരിയെ റാന്നി ഒന്നാം ക്ലാസ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ റിമാന്റ് റിപ്പോര്‍ട്ട് മുരാരിയുടെ പങ്ക് കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. വളരെ സാധാരണ നിലയില്‍ ജീവിച്ചിരുന്ന മുരാരി ബാബു പെരുന്നയില്‍ പുതിയ വീട് നിര്‍മ്മിച്ചപ്പോള്‍ അതിനുവേണ്ടി ഉപയോഗിച്ച പണം പല പ്രമുഖമായ ക്ഷേത്രങ്ങളിലും നിന്ന് കവര്‍ന്നതാകാം എന്ന നിഗമനം അന്വേഷണ സംഘത്തിനുണ്ട്. മുരാരിയുടെ പെരുന്നയിലെ വീട് നിര്‍മ്മിക്കാന്‍ തേക്ക് തടിയാണ് ഉപയോഗിച്ചിട്ടുള്ളത്. ഉണ്ണികൃഷ്ണന്‍ പോറ്റിയും മുരാരി ബാബുവും കൂടാതെ മറ്റ് എട്ട് ഉദ്യോഗസ്ഥരും ഇതില്‍ പ്രതികളാണ് . പൊതുവില്‍ നാം പരിശോധിച്ചാല്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ കള്ളന്മാരുടെ ഒരു കൂട്ടുസംഘമാണ് എന്ന് മനസ്സിലാക്കാവുന്നതാണ്. ദൈവത്തിന്റെ മുതല്‍ കവര്‍ന്നാല്‍ എന്തു സംഭവിക്കും എന്ന് വിചാരിക്കാനുള്ള ധാര്‍മ്മികബോധം പോലും ഇവര്‍ക്ക് നഷ്ടമായി കഴിഞ്ഞിരിക്കുന്നു.

ഇപ്പോള്‍ പ്രതിലിസ്റ്റില്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ മാത്രമാണ് വന്നിരിക്കുന്നത്. ഇനി വരാനിരിക്കുന്നത് ദേവസ്വംബോര്‍ഡ് അംഗങ്ങളാണ്. ഈ കാലയളവില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരായി ഇരുന്ന പ്രമുഖരുടെ പേരുകള്‍ പുറത്തുവരുമ്പോള്‍ ഒരു പക്ഷെ കേരളം ഞെട്ടിപ്പോകും. മുന്‍പ്രസിഡന്റുമാരായ എന്‍. വാസു, അനന്തഗോപന്‍, പത്മകുമാര്‍, ഇപ്പോഴത്തെ പ്രസിഡന്റ് പ്രശാന്ത് തുടങ്ങിയവര്‍ വിചാരണ ചെയ്യപ്പെടും. രാഷ്ട്രീയ നേതാക്കള്‍ കേസില്‍ പ്രതികളായാല്‍ കേരളത്തിന് തീപിടിക്കും.
ദേവസ്വം ബോര്‍ഡ് എല്ലാവരെയും ഇരുട്ടില്‍ നിറുത്തുന്നു.
പുതിയ വാര്‍ത്ത ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അന്വേഷണം ഉന്നതരിലേയ്ക്ക് കടക്കാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ ഒളിച്ചുകളിക്കുന്നു എന്നാണ്. സ്‌പെഷ്യല്‍ അന്വേഷണ സംഘത്തിന് എല്ലാ രേഖകളും കൈമാറാന്‍ ഉദ്യോഗസ്ഥര്‍ വിമുഖത കാണിക്കുന്നു. ഫയലുകള്‍ മുക്കുകയാണ്. വിജയ് മല്യആകെ നല്‍കിയത് 30.3 കിലോ സ്വര്‍ണവും 1900 കിലോ ചെമ്പുമായിരുന്നു. ചെന്നൈ മൈലാപ്പൂര്‍ ജെഎന്‍ആര്‍ ജ്വല്ലറി ഉടമ നാഗരാജിന്റെ നേതൃത്വത്തിലായിരുന്നു ഇതിന്റെ പണി നടന്നത്. ശ്രീകോവിലും മേല്‍ക്കൂരയും ദാരുശില്പവും സ്വര്‍ണ്ണം പൊതിയുകയാണ് ചെയ്തത്. ഇതാണ് കൊള്ളയടിക്കപ്പെട്ടത്.
അമ്പലങ്ങളുടെ സ്വത്ത് മോഷ്ടിക്കാന്‍ എന്തിനാണ് ദേവസ്വം ബോര്‍ഡ്? കേരളത്തിലെ വിവിധ ജാതിയില്‍പ്പെട്ട ഹിന്ദുഭക്തന്മാര്‍ക്ക് വിവേചനം കൂടാതെ ക്ഷേത്ര പ്രവേശനത്തിനും ആരാധനയ്ക്കും വേണ്ടിയാണ് ദേവസ്വം ബോര്‍ഡ് പ്രവര്‍ത്തിക്കേണ്ടത്. അതിനു പകരം ക്ഷേത്രസ്വത്തുക്കള്‍ കട്ടു തിന്നാനാണ് ഇവര്‍ ഭരിക്കാന്‍ കയറുന്നതെങ്കില്‍ ഇവരെ ആളുകള്‍ തെരുവില്‍ കൈകാര്യം ചെയ്യുന്ന കാലം വിദൂരമല്ല.






