ഊന്നുവടി

ചൂടുള്ള പാൽപ്പായസം കുറെശ്ശയായി നുണഞ്ഞിറക്കുന്നതിനിടയിൽ ഇന്നെന്താ വിശേഷമെന്ന് ബാലകൃഷ്ണൻ മാഷ് പലവട്ടം ആലോചിച്ചു.
കൊച്ചു മക്കളുടെ ആരുടെയെങ്കിലും നൂലുകെട്ടോ പിറന്നാളോ ആയിരിയ്ക്കുമോ.? ഒന്നുമറിയില്ല.

പണ്ടൊക്കെ എല്ലാം മനസ്സിൽ കുറിച്ചിട്ടിരുന്നു. ഏതു പാതിരാത്രിയിൽ വിളിച്ചു ചോദിച്ചാലും ഓരോരുത്തരുടെയും, പേരും നാളും, ആണ്ടു മാസതീയതിയും കൃത്യമായി പറയുമായിരുന്നു. ഇപ്പോൾ മനസ്സിന് അത്രയ്ക്കു ശേഷി പോരാ.
പക്ഷേ എന്തോ വിശേഷമുണ്ടെന്നു മാഷിനു മനസ്സിലായി. ഇല്ലെങ്കിൽ പായസം വെയ്ക്കേണ്ടകാര്യമെന്താ? രാവിലെ കുളി കഴിഞ്ഞപ്പോൾ ദക്ഷിണ മോൾ നെറ്റിയിൽ ചന്ദനം തൊട്ടു തന്നു. അതും പതിവുള്ളതല്ല.
കാദംബരിയുണ്ടായിരുന്നപ്പോൾ വരാൻ പോകുന്ന വിശേഷങ്ങളൊക്കെ ഓർമ്മപ്പെടുത്തുമായിരുന്നു. അവൾപോയതോടെയാണു മനസ്സാകെ താളം തെറ്റിയത്. ഒന്നും കൃത്യമായി ഓർത്തു വെയ്ക്കാൻ കഴിയാതായത്. തനിക്കു ശേഷമേ അവൾ പോകാവുവെന്ന് ആഗ്രഹിച്ചിരുന്നു.
അതു പക്ഷേ തമ്പുരാൻ കേട്ടില്ല.
മുന്നറിയിപ്പില്ലാതെയാണല്ലോ മരണത്തിന്റെ വരവ്.തലേന്നു രാത്രി വരെ ഒരു ഏനക്കേടുമില്ലായിരുന്നു. സന്ധ്യയ്ക്കുനിലവിളക്കിനു മുന്നിലിരുന്ന് കൊച്ചുമക്കളോടൊപ്പം നാമം ചൊല്ലി. മുറിയിൽ അടുത്തടുത്ത കട്ടിലുകളിൽ കിടന്ന് ഉറക്കം വരുന്നതുവരെ പലതും പറഞ്ഞു കിടക്കും. അതാണ് പതിവ്.
രാവിലെ പതിവുനേരഞ്ഞ് ഉണർന്നെണീറ്റില്ല. കാപ്പിയുമായി ഗിരിജചെന്നു വിളിച്ചപ്പോൾ വിറകുകൊള്ളി പോലെ ചലനമറ്റു കിടക്കുന്നു.
രാത്രിയിൽ എപ്പോഴോ മരിച്ചു.
സൈലന്റ് അറ്റാക്കെന്നാണുഡോക്ടർ പറഞ്ഞത്. അവസാന നിമിഷം ആ ചുണ്ടത്ത് ഒരു തുള്ളി വെള്ളം ഇറ്റിച്ചു കൊടുക്കാൻ മക്കൾക്കോ കൊച്ചുമക്കൾക്കോ ഭാഗുമുണ്ടായില്ല. എന്തിന്?അടുത്തുകിടന്നുറങ്ങിയതാൻ പോലുമറിഞ്ഞില്ലല്ലോ അവൾ പോയത്.
അത്യാവശ്യം അകത്തും പുറത്തുമൊക്കെനടന്നിരുന്ന തനിക്ക് അവൾ പോയതോടെ പാതി ശേഷി നഷ്ടപ്പെട്ടു.
എഴുന്നേല്ക്കാൻ അല്പമൊരു ബുദ്ധിമുട്ടുണ്ടായാൽ, നടക്കുമ്പോൾ കാലൊന്നിടറിയാൽ ആ നിമിഷം എങ്ങുനിന്നെന്നറിയാതെ കാദംബരിയുടെ കൈകൾ താങ്ങായി എത്തിയിരുന്നു. അവളുടെ ഒരുകണ്ണ് എപ്പോഴും തന്റെ മേലുണ്ടായിരുന്നു.
അവൾ പോയതിനുശേഷമാണ് ഊന്നുവടി ഉപയോഗിക്കാൻ തുടങ്ങിയത്. മുറിയുടെ കോണിൽ ചാരി വെച്ചിരിയ്ക്കുന്ന ഊന്നുവടിയിലേക്കു ബാലകൃഷ്ണൻ മാഷിന്റെ മിഴികൾ നീണ്ടു. ‘
രണ്ടാമത്തെ മകൻ ജഗദീശൻവാങ്ങി തന്നതാണ് വെളളി കെട്ടിയ മനോഹരമായ ഊന്നുവടി.ഇപ്പോൾ തന്റെ ജീവിതത്തിൽ കാദംബരിയുടെ സ്ഥാനമാണതിന്. അമ്പത്തിയഞ്ചുവർഷങ്ങൾ നീണ്ടു നിന്ന ദാമ്പത്യ ജീവിതത്തിൽ നിന്നും അവൾപടിയിറങ്ങി പോയിട്ട് അഞ്ചു വർഷമാകുന്നു.
ലോകത്തിലെ ഏറ്റവും അത്ഭുതകരവും, ശക്തവുമായ ബന്ധം ഭാര്യാഭർത്തൃ ബന്ധമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. തോന്നലല്ല .സത്യം അതാണ്. മുമ്പൊരിയ്ക്കലും തമ്മിൽ കണ്ടിട്ടില്ലാത്ത ഒരാണുംപെണ്ണും,പെണ്ണുകാണൽ ചടങ്ങിലൂടെ കണ്ട് പരസ്പരം ഇഷ്ടപ്പെട്ട്,താലിചരടിൽ മനസ്സും ശരീരവും ബന്ധിപ്പിച്ച് ഒരാത്മാവും, രണ്ടു ശരീരവുമായി ജീവിയ്ക്കുന്നു.
പരസ്പരംവിശ്വസിക്കുന്നു –
സ്നേഹിയ്ക്കുന്നു..
സുഖദുഃഖങ്ങൾ പങ്കുവെയ്ക്കുന്നു. അതാണു ദാമ്പത്യം. തെറ്റും തിരുത്തും വൃത്തവും, അലങ്കാരവുമെല്ലാമുളൊരു മഹാകാവ്യം. എല്ലാം പങ്കുവെയ്ക്കാൻ ഒരാണുംപെണ്ണും ഒരു മനസ്സോടെ തയ്യാറായാൽ ദാമ്പത്യം ഒരിയ്ക്കലും മടുക്കുകയില്ല. മന്വന്തരങ്ങളോളം ജീവിച്ചാലും ജരാനരകൾ ബാധിയ്ക്കില്ല.
മുത്തച്ഛനെന്താ ആലോചിയ്ക്കുന്നതന്നു ഞാൻ പറയട്ടെയെന്ന ചോദ്യവുമായി ചെറുമകൾ അടുത്തെത്തിയപ്പോൾ കൈയ്യിലിരുന്ന പാൽപായസത്തിലേക്കു നോക്കിക്കൊണ്ടു ബാലകൃഷ്ണൻ മാഷ് സമ്മതം മൂളി.
ഇന്നെന്താ വിശേഷമെന്നല്ലേ?
കറക്ട്.- അദ്ദേഹം അത്ഭുതത്തോടെ ദക്ഷിണമോളുടെ പ്രസരിപ്പാർന്ന മുഖത്തേയ്ക്കുനോക്കി.
ഇന്ന് ഇവിടെയൊരാൾ ആയിരം പൂർണ്ണ ചന്ദ്രൻമാരെ കണ്ട ദിവസമാ .
അതാര്? എന്ന ഭാവത്തിൽ ബാലകൃഷ്ണൻ മാഷ് അത്ഭുതം കൂറി. അന്നേരം ദക്ഷിണ മോൾ പറഞ്ഞു. ചിറ്റേടത്ത് റിട്ടയേർഡ് ഹൈസ്ക്കൂൾ ഹെഡ്മാസ്റ്റർ ബാലകൃഷ്ണൻ മാഷ് എന്ന എന്റെ പ്രിയപ്പെട്ട മുത്തഛൻ.
താൻ ശതാഭിക്ഷിക്തനായോയെന്ന് ബാലകൃഷ്ണൻ മാഷ് അത്ഭുതത്തോടെയോർത്തു. കാലം ഒരു മഴവെള്ളപ്പാച്ചിൽ പോലെയാണ്. എത്ര പെട്ടെന്നാണ് കുതറി തുള്ളി കുതിച്ചു പാഞ്ഞ് എവിടെയോ മറയുന്നത്. ?
സഹപ്രവർത്തകരും,പി.ടി.എയും വിദ്യാർത്ഥികളും ചേർന്ന് നല്കിയ അതിഗംഭീരമായ യാത്രയയപ്പ് രംഗം അദ്ദേഹത്തിന്റെ ഓർമ്മയിൽ തെളിഞ്ഞു വന്നു. മാതൃകാ അദ്ധ്യാപകനുള്ള അവാർഡ് നേടിയ തന്നെ സഹപ്രവർത്തകരും പി.ടി.എ. ഭാരവാഹികളും വാനോളം പുകഴ്ത്തി. റിട്ടയർമെൻ്റു ജീവീതം ആനന്ദകരമായിരിയ്ക്കട്ടെയെന്ന് ആശംസിച്ചപ്പോൾ താൻ മനസ്സിൽ പറഞ്ഞു.
അതിനെന്താ സംശയം.?
ഉദ്യോഗത്തിൽ നിന്നും സാധാരണ വിരമിയ്ക്കുന്നവരൊക്കെ ഒരു നഷ്ട ബോധഞ്ഞോടെയായിരിയ്ക്കും അതുവരെ ജോലിചെയ്ത സ്ഥാപനത്തിന്റെ പടിയിറങ്ങുക. പക്ഷേ തന്റെ മനസ്സുനിറയെ സന്തോഷമായിരുന്നു. ഇനിയുള്ള കാലം തന്റെ പ്രിയപ്പെട്ടവളായ കാദംബരിയോടും, മക്കളോടും കൊച്ചു മക്കളോടു മൊപ്പം ചിലവഴിയ്ക്കാമല്ലോയെന്നുള്ള സന്തോഷം. –
പക്ഷേ തന്റെ ആഗ്രഹങ്ങൾക്കും, പ്രതീക്ഷകൾക്കും ഒപ്പം നില്ക്കാതെ കാദംബരി പോയി. അൻമ്പത്തിയഞ്ചു വർഷത്തെ ദാമ്പത്യ ജീവിതത്തിനിടയിൽ ഒരു കാര്യത്തിലുഒരിക്കൽ പോലും തന്നോടുനീതി കേടുകാണിച്ചിട്ടില്ലാത്ത കാദംബരി ഈ ഒരു കാര്യത്തിൽ മാത്രംതന്നെ ചതിച്ചുകളഞ്ഞു.
ഒരു വാക്കു പറയാക്കെ, ഒരു നോക്കുകാണാതെ ഇരുട്ടിന്റെ കയത്തിലൂടെ എവിടേയ്ക്കോ നീന്തിപൊയ്ക്കളഞ്ഞില്ലേ.?
ബന്ധുമിത്രാദികളും , മക്കളും, മരുമക്കളും, ചെറുമക്കളുമെല്ലാം വീട്ടിൽ ഒത്തുകൂടി. – തന്റെ ശതാഭിക്ഷേകം എല്ലാവരും ചേർന്ന് ഒരാഘോഷമാക്കി. തന്നോടൊപ്പമിരുന്ന് എല്ലാവരും സദ്യയുണ്ടു.
അതോടെബാലകൃഷ്ണൻ മാഷ് പ്രായം മറന്നു. ചെറുപ്പത്തിന്റെ ആവേശവും, ഉന്മേഷവും മനസ്സിൽ വന്നുനിറഞ്ഞു.
അച്ചന്റെ ശതാഭിക്ഷേകം പ്രമാണിച്ച് ഞങ്ങൾ ഒരു വൺഡേ ടൂർ അറേഞ്ചു ചെയ്തിട്ടുണ്ടെന്നും എങ്ങോട്ടു വേണമെന്ന് അഛനുതീ രുമാനിയ്ക്കാമെന്നും ഇളയമകൾ നവനീത പറഞ്ഞപ്പോൾ രണ്ടു സ്ഥലങ്ങളാണു മനസ്സിൽ വന്നത്.
ഗുരുവായൂരപ്പനേയും, വടക്കുംനാഥനേയും തൊഴുതാൽ കൊള്ളാമെന്നുള്ള തന്റെ ആഗ്രഹമനുസരിച്ച് പിറ്റേന്നു വെളുപ്പിനു തന്നെ യാത്രതിരിച്ചു. വടക്കും നാഥനെ കുറിച്ചു ചിന്തിയ്ക്കുമ്പോഴൊക്കെ മനസ്സിൽ വരുന്നൊരു സംഭവമുണ്ട്. വർഷങ്ങൾക്കു മുമ്പ് താനും കാദംബരിയും കൂടി തൃശൂരിൽ ഒരു ബന്ധുവിന്റെ മകളുടെ വിവാഹത്തിനു പോയി. വടക്കുംനാഥനെ തൊഴണമെന്നുള്ള കാദംബരിയുടെ ആഗ്രഹം മാനിച്ച് രാവിലെ ക്ഷേത്രത്തിൽ പോയി.
തൊഴുതു വലം വെയ്ക്കുന്നതിനിടയിൽ ഊട്ടുപുരയുടെ ഒരു ഭാഗത്തിരുന്ന് ദേവസ്വം ജീവന ക്കാരായ ചിലർ അപ്പം പൊതിയുന്നതു കാദംബരിയുടെ ശ്രദ്ധയിൽപെട്ടു. ചോദിച്ചാൽ ഒരു പൊതി അപ്പം കിട്ടുമോയെന്ന് അവൾതന്നോട് അഭിപ്രായം ചോദിച്ചപ്പോൾ താൻ വിലക്കി. ഏതെങ്കിലും പ്രത്യേക വഴിപാടിനുള്ള പ്രസാദമായിരിയ്ക്കും അതെന്ന് താൻ അഭിപ്രായപ്പെട്ടു.
അത്ഭുതം അതല്ല.
തൊഴുതു വലംവെച്ചു പടിഞ്ഞാറെ ഗോപുരത്തിലൂടെ പുറത്തേയ്ക്കിറങ്ങുമ്പോൾ ഭക്തർക്കിടയിലൂടെ ഒരാൾ പിന്നാലെ വന്നു ചോദിച്ചു.
അപ്പം വേണമെന്നു പറഞ്ഞിരുന്നു അല്ല.? ഇതാ. –
ഒരു പൊതികാദംബരിയുടെ കൈയ്യിൽ കൊടുത്തിട്ട് അയാൾ ആൾക്കൂട്ടത്തിലലിഞ്ഞു. ഒരു നിമിഷം സ്തബ്ധരായി നിന്നതാനും കാദംബരിയും പിന്നെ അയാളെ തിരഞ്ഞിട്ട് അവിടെയെങ്ങും കണ്ടില്ല.
അതു വടക്കും നാഥനായിരുന്നെന്ന് കാദംബരിയ്ക്ക് ഉറപ്പായിരുന്നു. ആ കാര്യത്തിൽതനിക്കും സംശയമുണ്ടായില്ല. ഇന്നും അതോർക്കുമ്പോൾ രോമാഞ്ചമുണ്ടാകും.
കാദംബരിയുടെ മറ്റൊരു വിനോദമായിരുന്നു സിനിമ ‘ റിട്ടയർമെൻ്റുകഴിഞ്ഞ ഒരു സമയത്ത് ” നമുക്കു പാർക്കാൻ മുന്തിരി തോപ്പുകൾ” എന്ന സി നിമ കാണാൻമോഹൻലാലിന്റെ ആരാധികയായ കാദംബരി ആഗ്രഹം പ്രകടിപ്പിച്ചു.
അഗ്നിസാക്ഷിയായി കൂടെ കുട്ടിയവളെ വേദനിപ്പിച്ചു കൂടാ.മാത്രമെല്ല മാനിയ്ക്കുകയും വേണം. ദാമ്പത്യജീവിതത്തിൽ പുരുഷൻ പാലിയ്ക്കേണ്ടൊരു ശപഥമാണത്. കാരണം സ്ത്രീ ഒരു പുരുഷന്റെ ഭാര്യയാകുന്നത് വലിയൊരു പരിത്യാഗത്തിലൂടെയാണ്. പോറ്റി വളർത്തിയ മാതാപിതാക്കന്മാരേയും , സ്നേഹനിധികളായ സഹോദരങ്ങളേയും വിട്ട് ഭർത്താവെന്ന പുരുഷനിൽ സർവ്വാർപ്പണം നടത്തുകയാണവൾ.
പിന്നെ അവളുടെ ലോകം ഭർത്താവാണ്. ജീവിതം ഭർത്താവിലാണ്. സുഖ ദുഃഖങ്ങൾ പങ്കുവെയ്ക്കുന്നതു ഭർത്താവിനൊപ്പമാണ്.
ഭർത്താവു നഷ്ടപ്പെട്ട സ്ത്രീ കൂടുനഷ്ടപ്പെട്ട കിളിയെപ്പോലെയാണ്. അനന്തമായ ആകാശത്തിലൂടെ ചിറകു തളരുന്നതുവരെ പറക്കും. ഒടുവിൽ നാങ്ങാനാളില്ലാതെ എവിടെയെങ്കിലും തളർ ന്നുവീഴും. മറ്റെന്തെല്ലാം സാധ്യതകളുണ്ടെങ്കിലും സ്ത്രീയുടെ പൂർണ്ണത ഭർത്താവിലാണ്.
ദക്ഷിണ മോൾ തോളിൽ തൊട്ടുവിളിച്ചപ്പോൾ ബാലകൃഷ്ണൻ മാഷ് ചിന്തയിൽ നിന്നുണർന്നു.
ആരായിരുന്നു സ്വപ്നത്തിലെ നായിക?അവൾ പരിഹസിച്ചു ചോദിച്ചു.
ബാലകൃഷ്ണൻ മാഷിന്റെ ചുണ്ടിൽ വിഷാദാത്മകമായൊരു പുഞ്ചിരി വിടർന്നു. കൺകോണുകളിൽ നീർമുത്തുകൾ ഉതിർന്നു അയാൾ മനസ്സിൽ മെല്ലെ മന്ത്രിച്ചു.
എന്റെ കാദംബരി –
അവധി കഴിഞ്ഞു മക്കളും, കുടുംബവും യാത്ര പറഞ്ഞപ്പോൾ കുറെ നാളുകൾക്കു ശേഷം ബാലകൃഷ്ണൻ മാഷ് ഒറ്റപ്പെടലിന്റെ നൊമ്പരമറിഞ്ഞു.
ഇത്രയും നാൾ എന്തിനും ഏതിനും കൊച്ചുമക്കളുണ്ടായിരുന്നു. രാവിലെയും വൈകുന്നേരങ്ങളിലും കൈപിടിച്ചു നടത്താൻ അവരുണ്ടായിരുന്നു. കഥകൾ പറഞ്ഞും കവിതകൾ ചൊല്ലിയും നേരം പോകുന്നതറിഞ്ഞതേയില്ല. വെള്ളി കെട്ടിയ ഊന്നുവടിയുടെ കാര്യം ബാലകൃഷ്ണൻ മാഷ് മറന്നു. മുറിയുടെ മൂലയിലിരുന്ന ഊന്നുവടി ഒരു ദിവസം ദക്ഷിണ മോളെടുത്തു പുറത്തുവെച്ചു .ഇനിയും മുത്തഛൻ ഊന്നുവടികുത്തി നടക്കണ്ട. മുത്തഛനെ വൃദ്ധനാക്കിയതിന്റെ ഒരു പ്രധാന പങ്ക് ഈ ഊന്നുവടിയ്ക്കാണ്. – അവൾ പറഞ്ഞു.
അതുശരിയാണെന്നുബാലകൃഷ്ണൻ മാഷിനും തോന്നി.
മക്കൾ ഏർപ്പാടാക്കിയ ഹോം നേഴ്സ് നല്ലവളായിരുന്നു. ബാലകൃഷ്ണൻ മാഷിന് ആവശ്യമായ സ്നേഹവും പരിചരണവും അവൾനല്കി.
മുറിയ്ക്കകത്തിരുന്നു മുഷിഞ്ഞപ്പോൾ പുറത്തിറങ്ങികുറച്ചു നേരം നടക്കണമെന്നു ബാലകൃഷ്ണൻ മാഷിനു തോന്നി. അദ്ദേഹം അപ്പോൾ ഹോം നേഴ്സിനെ വിളിച്ച് ഊന്നു വടിയെടുത്തു കൊടുക്കാൻ ആവശ്യപ്പെട്ടു. ജോലിയൊതുങ്ങിയിട്ടു താൻ വന്നു കൈയ്യിൽ പിടിച്ചു നടത്താമെന്നു ഹോം നേഴ്സ് പറഞ്ഞിട്ട് ബാലകൃഷ്ണൻ മാഷ് വഴങ്ങിയില്ല .ഇത്രയും കാലം ആ ഊന്നുവടിയായിരുന്നല്ലോ തന്റെ സഹായി.
ഹോം നേഴ്സ് വരാന്തയിൽ നോക്കിയിട്ട് ഊന്നുവടി കാണുന്നില്ല.
അതെവിടെ പോയി?
ബാലകൃഷ്ണൻ മാഷ് മെല്ലെ നടന്നു വരാന്തയിലേക്കു ചെന്നു. തന്റെ ഊന്നുവടി എവിടെപ്പോയി. ? ആരെങ്കിലും കൊണ്ടു പോയതാകുമോ.?
ആരും കൊണ്ടു പോയില്ല. ഞാൻ ഇവിടെയുണ്ട്. – ഊന്നുവടി റേറ്റുകടന്നു പോയി..
ദേഹം വെടിഞ്ഞിട്ടും ഈ കാലമത്രയും ഈ വീട്ടൽ ചുറ്റിപ്പറ്റി നിന്ന കാദംബരിയുടെ ആത്മാവാണ് ഊന്നുവടിയുടെ രൂപത്തിൽ ഗേറ്റു കടന്നു പോകുന്നതെന്ന് ബാലകൃഷ്ണൻ മാഷിനു തോന്നി.
ശരിയാണ്. മക്കളും കൊച്ചുമക്കളും വന്നപ്പോൾ താൻ എല്ലാം മറന്നു.
കാഴ്ചയെ മറച്ച കണ്ണിരൊപ്പി കൊണ്ട് അരുതേ പോകരുതേയെന്നു പറഞ്ഞുഊന്നുവടിയെതിരികെ വിളിക്കാൻ ശ്രമിച്ചെങ്കിലും ഗേറ്റിനരികിൽ ഊന്നുവടിയുണ്ടായിരുന്നില്ല. അതെങ്ങോ പോയ്മറഞ്ഞിരുന്നു.ബാലകൃഷ്ണൻ മാഷ് നിറമിഴികളോടെ ശൂന്യതയിലേക്കും നോക്കി നിന്നു.
9605419148

Author

84 Views
Scroll to top
Close
Browse Categories