മറ്റൊരു യാത്രാമൊഴി

യാത്രയാകുന്നൂ പ്രിയവസുധേ, അടങ്ങാത്ത
ശോകമെന്നകക്കാമ്പില്‍ തളംകെട്ടി നില്‍ക്കവേ
ഇല്ലിനിവരില്ല ഞാനീവഴിയൊരിക്കലും
വേണ്ടിനിയൊരു ജന്മം മറ്റൊരു ‘ഗിനിപ്പിഗാ’യ്.
അറിയുന്നു ഞാന്‍, ഇതെന്നന്ത്യഭോജനമെന്നും,
നാളത്തെ സൂര്യോദയമെനിക്കായല്ലെന്നതും.
എനിക്കായൊരുതുള്ളി മിഴിനീരൊഴുക്കീടാന്‍
ഉറ്റവരുടയോരില്ലേവരും മുമ്പേപോയി
ജീവിതരണഭൂവിലൊന്നൊന്നായ് കൊഴിഞ്ഞവര്‍
വംശനാശത്തിന്നൊരു ചിത്രമായ് മാറാന്‍മാത്രം.

ഉന്നതങ്ങളില്‍ മേഘക്കാടുകള്‍ക്കുള്ളില്‍ ഞങ്ങള്‍-
ക്കാവാസമൊരുക്കിയ ‘കരുതല്‍’ കാണുന്നു ഞാന്‍.
ആര്‍ദ്രമാമിളംമണ്ണും തരുശാഖികളുടെ
മേലാപ്പും, മൂടല്‍മഞ്ഞും സുന്ദരം സുഖകരം
ഇരയായ്, വേട്ടക്കാരായ് ഇരുദൗത്യവുംപേറി
ജൈവവൈവിധ്യം കാത്തു ഞങ്ങളാലാവുംവിധം.

എങ്കിലും സ്രഷ്ടാവിനോടൊന്നുഞാന്‍ ചോദിച്ചോട്ടേ,
എന്തിനു സൃഷ്ടിച്ചിത്രഭംഗിയിലീഞങ്ങളെ?
ഹ്രസ്വജീവിതത്തിനായെന്തിത്രയഴകേകി?
‘മേഘജ്യോതിസ്സുതന്‍ ക്ഷണികജീവിത’ മെന്നപോലെ.
ഭൂമിയിലേതോകോണില്‍ അത്യപൂര്‍വമാംകാട്ടില്‍
ആരോരുമറിയാതെ വന്നുപോകാന്‍ മാത്രമോ?
സ്വര്‍ണവര്‍ണ്ണവും രൂപകാന്തിയും മാത്രം കൊണ്ട്,
ജീവനമെളുതാണോ ചൂഷകര്‍ക്കൊപ്പം ഭൂവില്‍?
നനവല്പമേറിയാല്‍, താപമല്പംമാറിയാല്‍,
ശിശിരം വൈകിപ്പോയാല്‍ ആധിയായ് ഞങ്ങള്‍ക്കെല്ലാം

ആഗോളതാപംകൂടി, കാലാവസ്ഥയോ മാറി
ജൈവവൈവിധ്യം മാഞ്ഞു ജീവികളന്യംനിന്നു.
ഇരകള്‍ കുറയുന്നു, വേട്ടക്കാര്‍ പെരുകുന്നു
ഒന്നൊന്നായില്ലാതായെന്‍ വംശവുംവേരറ്റിതോ?
ആയിരം നൂറായ് പിന്നെ പത്തായി രണ്ടായ് ഒന്നായ്,
എന്റെയൂഴവുംകൊണ്ടീയന്ത്യയാമവുമെത്തി.
ആരോട് വിട ചൊല്ലാന്‍, എന്തിനു വിട ചൊല്ലാന്‍
വംശവുമെന്നോടോപ്പം മായുന്നിതെന്‍ ദുര്‍വിധി.
കേവലം പരീക്ഷണ സൃഷ്ടിയായിരുന്നുവോ?
സര്‍ഗ്ഗവൈഭവംകാട്ടാന്‍ സ്രഷ്ടാവിന്‍ പൊടിക്കൈയോ?
നിങ്ങള്‍ക്ക് മനോഹരം തനിത്തങ്കമീ സൃഷ്ടി,
ഞങ്ങള്‍ക്ക് പക്ഷേയിതു മുജ്ജന്മ പാപപ്പിഴ!.

അഴലില്‍കേഴുമ്പോഴും, അറിയുന്നുഞാന്‍ സത്യം,
നശ്വരമെല്ലാം ഭൂവില്‍, എന്തിനു കണ്ണീര്‍ വൃഥാ!
വേണ്ടിനിയൊരുജന്മം കൂടിയീധരിത്രിയില്‍
തെറ്റുകള്‍ക്കെല്ലാം മാപ്പ്, തന്നതിനെല്ലാം നന്ദി.

(സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‌സിലിന്റെ മുന്‍ എക്‌സിക്യൂട്ടീവ് വൈസ്പ്രസിഡന്റും UNO/OPCW രാസായുധ പരിശോധനാ വിഭാഗത്തിന്റെ മുന്‍ ചീഫ് ഇന്‍സ്‌പെക്ടറും ആണ്. ഫോണ്‍: 9847193695 . )

Author

62 Views
Scroll to top
Close
Browse Categories