ക്രെഡിറ്റ് ഗ്യാരണ്ടി :ഇപ്പോൾ 10 കോടി വരെ ഈടില്ലാ വായ്പ
വ്യവസായ മേഖല ഉറ്റു നോക്കുന്ന ഒരു പ്രധാന പദ്ധതിയാണ് ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതി. ഇതിന് വലിയ പ്രാധാന്യമാണ് സർക്കാരുകൾ നൽകി വരുന്നത്. സൂക്ഷ്മ, ചെറുകിട ഇടത്തരം, വ്യവസായങ്ങളുടെ നിർവചനത്തിൽ വരുത്തിയിട്ടുള്ള മാറ്റങ്ങൾ കൂടി പരിഗണിച്ചുകൊണ്ടാണ് ക്രെഡിറ്റ് ഗ്യാരണ്ടി തുക വർധിപ്പിക്കുന്നത്.

വലിയ വർദ്ധനവാണ് ഈ പദ്ധതിയിൽ ഇപ്പോൾ വരുത്തിയിരിക്കുന്നത്.2025- 26 വർഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി നിർമല സീതാരാമനാണ് ക്രെഡിറ്റ് ഗ്യാരണ്ടിയിലെ വർദ്ധനവ് പ്രഖ്യാപിച്ചത്. അതനുസരിച്ചുള്ള ക്രെഡിറ്റ് ഗ്യാരണ്ടി കവറേജ് ഇപ്പോൾ 10 കോടി രൂപ വരെയാണ്. 2025 ഏപ്രിൽ ഒന്നു മുതൽ പുതിയ ഗ്യാരണ്ടി വായ്പ ആനുകൂല്യം സംരംഭകർക്ക് ലഭ്യമാകുന്നുണ്ട്. ഇതിന് സംരംഭകർക്ക് വരുന്ന കുറഞ്ഞ ഗ്യാരണ്ടി ചാർജ് തുടരുകയും ചെയ്തിട്ടുണ്ട്.
ചെറുകിട വ്യവസായ മേഖല ഏറ്റവും ശക്തമായ ഒരു തൊഴിൽ മേഖലയാണ്.വായ്പ ലഭിക്കാത്തതിന്റെ പേരിൽ ഈ സംരംഭ മേഖലയ്ക്ക് തളർച്ച ഉണ്ടാവാൻ പാടില്ല.വായ്പയ്ക്ക് കൊലാറ്ററൽ സെക്യൂരിറ്റി തടസ്സമാകാൻ പാടില്ല.
10 കോടി രൂപ വരെ സർക്കാർ ഗ്യാരണ്ടി.
പരമാവധി 5 കോടി രൂപ വരെ ആയിരുന്ന ക്രെഡിറ്റ് ഗ്യാരണ്ടി വായ്പ തുക ഇപ്പോൾ അത് 10 കോടിയായി ഉയർത്തിയിരിക്കുന്നു. കെട്ടിടവും ഭൂമിയും മറ്റു ആസ്തികളും സെക്യൂരിറ്റിയായി നൽകാൻ കഴിയാത്ത സംരംഭകർക്ക് ആശ്വാസം പകരുന്ന പദ്ധതിയാണ് ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതി അഥവാ CGTMSE. എല്ലാത്തരം സംരംഭങ്ങൾക്കും ഇപ്പോൾ ക്രെഡിറ്റ് ഗ്യാരണ്ടി വായ്പ ലഭിക്കും. വ്യവസായം വാണിജ്യം, കച്ചവടം, സേവനം എന്നീ മേഖലകൾക്കെല്ലാം തന്നെ ഇപ്പോൾ ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതി പ്രകാരം ഉള്ള ആനുകൂല്യം ലഭിക്കും. സൂക്ഷ്മ ചെറുകിട സംരംഭങ്ങളുടെ നിർവചനത്തിൽ വാണിജ്യ മേഖലയെ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു. സ്ഥിര ആസ്തികൾ സമ്പാദിക്കുന്നതിനുള്ള സമയ വായ്പയ്ക്കും അതുപോലെ തന്നെ പ്രവർത്തന മൂലധന വായ്പയ്ക്കും ഇത് പ്രകാരമുള്ള ആനുകൂല്യം ലഭിക്കും. സംയുക്ത വായ്പയായും ലഭിക്കും.

ഗ്യാരണ്ടി ഫീസ് കുറച്ചു
സംരംഭകർക്ക് ഏറെ ആശ്വാസം പകരുന്ന ഒന്നാണ് ഈ തീരുമാനം. ഗ്യാരണ്ടി ഫീസ് ഗണ്യമായതോതിൽ കുറവ് വരുത്തിയിട്ടുണ്ട്. 2023 ഏപ്രിൽ ഒന്നിനുശേഷം ഈ സൗകര്യം ഉപയോഗിച്ച് വായ്പയെടുക്കുന്ന സംരംഭങ്ങൾക്ക് താഴെപ്പറയുന്ന ഗ്യാരണ്ടി ഫീസ് മാത്രം നൽകിയാൽ മതിയാകും.
10 ലക്ഷം വരെ – 0.37 %
10- 50 – 0.55%
50 – 100 – 0.60 %
100 – 200 – 1.20 %
200-1000 – 1.25%
ഇതിനു മുകളിലുള്ള വായ്പയ്ക്ക് 1.35 %ഗ്യാരണ്ടി ഫീസ് ആണ് നൽകേണ്ടത്. 2% വരെ ഉണ്ടായിരുന്ന ഗ്യാരണ്ടി ഫീസ് ആണ് ഈ രീതിയിൽ കുറച്ചത്.ഓരോ വർഷവും തിരിച്ചടയ്ക്കാൻ ബാക്കി നിൽക്കുന്ന തുകയ്ക്ക് ഇതേ നിരക്കിലാണ് ഫീസ് നൽകേണ്ടത്.കൈവശമുള്ള ആസ്തികൾ ഈടായി കൊടുക്കുകയും ബാക്കിവരുന്ന തുകയ്ക്ക് ഗ്യാരണ്ടി സ്വീകരിക്കുകയും ചെയ്യുന്ന രീതിയിൽ വായ്പ സ്വീകരിക്കാം എന്ന സവിശേഷതയും ഉണ്ട് .

85% വരെ ഗ്യാരണ്ടി കവറേജ്
ഈ പദ്ധതി പ്രകാരം എടുക്കുന്ന വായ്പയുടെ 85 ശതമാനം വരെ ഗ്യാരണ്ടി ലഭിക്കുന്നതാണ്. 5 ലക്ഷം രൂപ വരെയുള്ള മൈക്രോ സംരംഭങ്ങൾക്കുള്ള വായ്പക്കും, വനിതകൾ, എസ് സി /എസ് ടി സംരംഭകർ പിന്നോക്ക ജില്ലാ ക്കാർ, അംഗപരിമിത വിഭാഗത്തിൽ പെടുന്നവർ, ഇസഡ് സർട്ടിഫിക്കേഷൻ നേടിയവർ, കർഷക സംരംഭങ്ങൾ എന്നിവർക്ക് 85% വരെ ഗ്യാരണ്ടി കവറേജ് ലഭിക്കും. മറ്റുള്ളവർക്ക് 75% തുകയ്ക്കാണ് ഗ്യാരണ്ടി കവറേജ് ലഭിക്കുക. പിന്നാക്ക ജില്ലകളിലെയും നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലെയും സംരംഭങ്ങൾക്ക് 80 ശതമാനം ഗ്യാരണ്ടി ലഭിക്കും. 50 ലക്ഷത്തിന് മുകളിൽ എടുക്കുന്ന വായ്പയുടെ 75% ആണ് ഗ്യാരണ്ടിയായി ലഭിക്കുക.
സിഡ്ബിയുടെ കീഴിൽ രൂപീകരിക്കപ്പെട്ട ഗ്യാരന്റി ട്രസ്റ്റ് ആണ് പദ്ധതി നടപ്പാക്കുന്നത്.ഇനിമേൽ സ്വകാര്യ / ദേശസാൽകൃത ബാങ്കുകളിൽ നിന്നും എടുക്കുന്ന 10 കോടി രൂപ വരെയുള്ള വായ്പക്ക് പ്രത്യേക ഈട് നൽകേണ്ടതില്ല. ഇതിൽ അംഗങ്ങളായ നോൺ ബാങ്കിംഗ് കമ്പനികൾക്കും. ഇത് ബാധകമാണ്. വിശദവിവരങ്ങൾക്ക് www.cgtmse.in സന്ദർശിക്കുക.
9447509915






