സോഫിയ ചിറ്റ

ഏറെ നാളത്തെ ആശുപത്രി ജീവിതം മതിയാക്കാനും ഇനി ചികിത്സ വേണ്ട എന്നും തീരുമാനിച്ചത് അച്ഛൻ തന്നെയാണ്. ഡോക്ടർ സലിം അതിനോട് യോജിക്കുകയായിരുന്നു. അത് എന്റെയും ഏട്ടന്റെയും തീരുമാനത്തിന് എതിരായിരുന്നു.

“ചികിത്സ കൊണ്ട് ഫലമില്ല എന്നുറപ്പായാൽ വീട്ടിൽ പ്രിയപ്പെട്ടവരോടൊപ്പം കഴിയാനനുവദിക്കുന്നത് തന്നെയാണ് നല്ലത്. അടുത്തുള്ള പാലിയേറ്റിവ് സെന്ററിൽ അറിയിച്ചോളു. പ്രത്യേകിച്ച് രോഗമൊന്നുമില്ല. പ്രായാധിക്യം കൊണ്ട് ഓരോ അവയവങ്ങളും പണിമുടക്കാൻ ആരംഭിച്ചിരിക്കുന്നു. അച്ഛനെ നിങ്ങൾ സ്നേഹിക്കുന്നുവെങ്കിൽ അദ്ദേഹത്തിന്റെ ആഗ്രഹങ്ങൾ നിറവേറ്റി ശാന്തമായ മനസ്സോടെ ഈ ലോകത്തു നിന്നും പോകാൻ അനുവദിക്കണം. “
ഡോക്ടർ ഒരു തത്വജ്ഞാനിയെപ്പോലെയാണത് പറഞ്ഞത്.
ഒന്നാലോചിച്ചാൽ ശരിയാണ്. അച്ഛന് തൊണ്ണൂറ്റി മൂന്നു വയസ്സായി. ആറുമാസം മുമ്പ് കുളിമുറിയിൽ വഴുതി വീഴും വരെ ആരോഗ്യത്തോടും ഉത്സാഹത്തോടും ഓടി നടന്ന മനുഷ്യനാണ്. മൂന്നു മാസം കഴിഞ്ഞ് കാലിന്റെ പ്ലാസ്റ്ററെടുത്തു കഴിഞ്ഞിട്ടും അച്ഛൻ നടക്കുന്നില്ല.
മനസ്സിന്റെ ബലക്കുറവാണെന്ന് ഏട്ടൻ പറഞ്ഞു.
തന്നെ മരണം തട്ടിയതാണെന്നും അത് തനിക്കിവിടം വിടാറായതിന്റെ സൂചനയാണെന്നും അച്ഛൻ ഉറച്ചു വിശ്വസിച്ചു. ആ വിചാരം മാറ്റുന്നതിനു വേണ്ടിയായിരുന്നു പിന്നീടുള്ള ചികിത്സ.
ഡോക്ടറെ ഞങ്ങൾ പൂർണമായും വിശ്വസിച്ചു.
ഡിസ്ചാർജ്‌ വാങ്ങി വീട്ടിലെത്തിക്കഴിഞ്ഞിട്ടും അച്ഛന്റെ മുഖത്തൊട്ടും തെളിച്ചം കണ്ടില്ല. കഠിനമായ ഏതോ ദുഃഖം അദ്ദേഹത്തെ അലട്ടുന്നുണ്ടെന്നെനിക്ക് തോന്നി. ഇനി മരണ ഭയമാണോ ,അതോ രണ്ടുവർഷം മുമ്പ് മരിച്ചു പോയ അമ്മയെക്കുറിച്ചോർത്താവുമോ ഈവ്യഥ?- ഒന്നും വ്യക്തമല്ല.
കാലത്ത് ചൂടുവെള്ളത്തിൽ മുക്കിപ്പിഴിഞ്ഞതുണി കൊണ്ട് അച്ഛന്റെ ശരീരം തുടച്ചു കൊണ്ടിരിക്കെ അച്ഛൻ സോഫിയ ചിറ്റയെക്കുറിച്ചെന്നോടു തിരക്കി. ദേവു എന്നായിരുന്നു അച്ഛൻ പറഞ്ഞത്. അത് അവരുടെ പഴയ പേരായിരുന്നു.
ചിറ്റ സ്കൂൾ ടീച്ചറായിരുന്നു. വിവാഹം ഉറപ്പിച്ച നേരത്തായിരുന്നു ദേവു ചിറ്റമ്മയുടെ ഒളിച്ചോട്ടം. അതേ സ്കൂളിലെ സേവ്യർ മാഷുമായി വർഷങ്ങൾക്ക് മുമ്പേയുള്ള പ്രണയമായിരുന്നു എന്ന് പിന്നീടറിഞ്ഞു. പ്രണയവിവരം അമ്മക്കറിയാമായിരുന്നെന്നും ഒളിച്ചു വെച്ചതാണെന്നും പറഞ്ഞ് അച്ഛൻ അമ്മയെ അടിക്കുകയും കാല് കൊണ്ട് തൊഴിക്കുകയും ചെയ്ത ഓർമ്മയുണ്ട്. ഞാനന്ന് പ്രൈമറി ക്ലാസിലും ചേട്ടൻ ഹൈസ്കൂളിലുമായിരുന്നു.
അച്ഛനെക്കാൾ പത്തു വയസ്സിന് ഇളയതാണ് ചിറ്റ . നീണ്ടു മെലിഞ്ഞ ചിറ്റ അണിഞ്ഞൊരുങ്ങി നടക്കുന്നതു കാണാൻ നല്ല ചേലാണ്. നീണ്ട മുടിയഴിച്ചിട്ട് മുറ്റത്തു ലാത്തുമ്പോൾ അമ്മ പറയും.
“സന്ധ്യാനേരത്ത് ഇങ്ങനെ നടക്കല്ലേ ദേവൂ വല്ല ഗന്ധർവ്വൻമാരും കണ്ട് മോഹിക്കും”
ഏത് ഗന്ധർവ്വനാണാവോ ചിറ്റയെ അടിച്ചെടുത്തോണ്ട് പോയത് !
പിന്നീട് ചിറ്റയുടെ പേരുച്ചരിക്കുന്നത് വീട്ടിൽ നിഷിദ്ധമായി.
ദേവു എന്ന പേര് മാറ്റി സോഫിയ എന്നാക്കിയതായും ആരൊക്കെയോ എവിടെ വച്ചൊക്കെയോ വച്ച് ചിറ്റയെ കണ്ടു എന്നും അമ്മയോട് സ്വകാര്യമായി പറയുന്നത് ശ്രദ്ധിച്ചിട്ടു മുണ്ട്.
കാലം പോകെ ഞങ്ങൾ ചിറ്റയെ മറന്നു.
അച്ഛൻ വീണ്ടുമിന്നോർമ്മിപ്പിച്ചു.
ചിറ്റ വരുമോ എന്നു ഞാൻ തീർച്ചയായും സംശയിച്ചു.
അച്ഛന്റെ അവസാന ആഗ്രഹമല്ലേ നിറവേറ്റുകതന്നെയെന്ന് ഞങ്ങൾ നിശ്ചയിച്ചു. അടുത്തവരും അകന്ന വരുമായ ബന്ധുക്കളെയും പരിചയക്കാരെയും ഏട്ടൻ ഫോണിൽ ബന്ധപ്പട്ടു. ചിറ്റ മുൻപ് ജോലി ചെയ്തിരുന്ന രണ്ടു മൂന്ന് സ്കൂളുകളും കയറിയിറങ്ങി.
റിട്ടയർ ചെയ്തതിനു ശേഷം മകനൊടൊപ്പം മുംബൈയിലാണെന്നും ഭർത്താവായ സേവ്യർ മാഷ് കുറച്ചു കാലം മുമ്പ് ഒരപകടത്തിൽ മരണപ്പെട്ട കാര്യവും അറിയാൻ കഴിഞ്ഞു.
ഇപ്പോൾ ചിറ്റക്ക് വയസ്സ് എൺപത്തിമൂന്നായിട്ടുണ്ടാവും. വരാൻ സാധിക്കുമോ എന്നൊക്കെയായി പിന്നത്തെ ചിന്ത.
ഏറെ അന്വേഷണത്തിനൊടുവിൽ ഫോൺനമ്പർ കിട്ടി. എല്ലാ വർഷവും തിരുവോണത്തിന് ഗുരുവായൂരിൽ തൊഴി നെത്താറുണ്ടെന്നറിഞ്ഞു. ക്ഷേത്രത്തിനടുത്തായി കുറെക്കാലം ഒരുമിച്ചു ജോലി ചെയ്ത സുകുമാരി ടീച്ചറുടെ വീട്ടിലാണ് താമസിക്കുക. കഴിഞ്ഞ ആണ്ടിലും വന്നിരുന്നു എന്ന് സുകുമാരി ടീച്ചർ പറഞ്ഞത് അല്പം ധൈര്യം നൽകി.
വിളിച്ചു. ഒറ്റ റിങ്ങിൽ തന്നെ ചിറ്റ ഫോണെടുത്തു. കുറച്ചു സമയം വേണ്ടി വന്നു ചിറ്റയോടെന്തെങ്കിലും മിണ്ടാൻ. ചിറ്റക്കും മൗനം തന്നെയായിരുന്നു ഭാഷ. എന്നാൽ രണ്ടു പേർക്കുമിടയിൽ അദൃശ്യമായ ഒരു വിനിമയം നടക്കുന്നുണ്ടായിരുന്നു. അതിന് ഭാഷ ആവശ്യമുണ്ടായിരുന്നില്ല. ഏറെ നേരത്തെ മൗനത്തിനു ശേഷം ശബ്ദമുണ്ടായി.
ഞാൻ വരാം – ഫോൺ കട്ടായി.
എന്നു വരുമെന്നോ എങ്ങനെ വരുമെന്നോ പറഞ്ഞില്ല. അച്ഛൻ പ്രതീക്ഷയോടെ എന്നെ നോക്കിക്കിടക്കുകയായിരുന്നു.
ഞാൻ അച്ഛനെ നോക്കി കണ്ണിറുക്കിക്കാട്ടി.
രണ്ടു ദിവസം കഴിഞ്ഞ് ഉച്ച കഴിഞ്ഞ നേരത്ത് ചിറ്റയെത്തി. എയർപോർ ട്ട് ടാക്സിയിലാണ് വന്നത്. ചെറിയ ട്രോളി ബാഗും വലിച്ച് ഒറ്റക്കാണ് വരവ്.
വടിവുള്ള ചിറ്റയുടെ ശരീരം കണ്ട് എനിക്ക് കൗതുകം തോന്നി. പണ്ടത്തെയത്രനീളമില്ലങ്കിലും മുടി തോളറ്റം വച്ച് വെട്ടി ഷെയിപ്പ് ചെയ്തിട്ടുണ്ട്. ഞൊറിവച്ച പാവാടയും പഫ് കൈയ്യുള്ള ബ്ലൗസും കണ്ട് എനിക്ക് ചിരിവന്നു. ബ്ലൗസിന്റെ പിന്നിൽ നാട കൊണ്ട് കെട്ടിത്തൂക്കിയ അലങ്കാര മുത്തുകൾ . കാതിൽ തൂക്കിയിട്ട ലോലാക്ക് കമ്മൽ. കഴുത്തിൽ പതക്ക മാലയുടെ തിളക്കം .മുത്തു പതിപ്പിച്ച കാപ്പുവള – വിരലിൽ പലനിറത്തിലുള്ള കല്ലുകൾ പതിപ്പിച്ച മോതിരങ്ങൾ. മുടിയും പുരികവും കറുപ്പിച്ചിട്ടുണ്ട്. നെറ്റിയിൽ വലിയ വട്ടപ്പെട്ട് .എനിക്കെത്ര ആലോചിച്ചിട്ടും കാഴ്ചയുമായി പൊരുത്തപ്പെടാൻ കഴിയാതായി. ഞാൻ ചിറ്റയെ സൂക്ഷിച്ചു നോക്കി. വർഷങ്ങൾക്ക് മുമ്പ് വീട്ടിൽ നിന്നിറങ്ങിപ്പോയ പഴയ പെൺകുട്ടി. എൺപത്തിമൂന്നാമത്തെ വയസ്സിലും അതേ പോലെ !
അവർ എന്നെ നോക്കി ചിരിച്ചു.
ഞാനവരെ അച്ഛന്റെ മുറിയിലേക്ക് ക്ഷണിച്ചു.
അച്ഛനും ആദ്യം വിശ്വസിക്കാനായില്ല. അവർ ഒന്നും മിണ്ടാതെ വെറുതെ അച്ഛന്റെ അടുത്തിരുന്നു.
വറ്റിപ്പോയ കിണറിൽ നിന്ന് ഉറവ പൊട്ടുന്നതുപോലെ അച്ഛന്റെ ഉള്ളിൽ സ്നേഹമുറയുന്നത് ഞാനറിഞ്ഞു.
ഞാൻ എന്റെ നരവീണ മുടിയിൽ ഇഴകൾ വേർപെടുത്തിക്കൊണ്ടിരുന്നു. എന്റെ കൊച്ചു മക്കൾ ചിറ്റയെ അത്ഭുതത്തോടെ നോക്കി.
ചിറ്റയെന്നാണ് മടക്കം ?കുറച്ചു നാൾ കാണുമോ ഇവിടെ ?
.”ഇല്യ കുട്ട്യേ എനിക്ക് നാളെ ത്തന്നെ മടങ്ങണം.
രാത്രിയിലാണ് ഫ്ലെറ്റ് “
“സുകുമാരി ടീച്ചറിനെ കാണുന്നില്ലേ?”
“ഇക്കുറി പോണില്യ. ഓണത്തിന് ഇനീം രണ്ടു മാസണ്ടല്ലോ.”
സന്ധ്യയാവാറായി. ഞാൻ വിളക്ക് വച്ച് കുട്ടികളെ പ്രാർത്ഥിക്കാനിരുത്തി. അവരുടെ അമ്മ ബിസിനസ് ടൂറിലാണ്. ഒരാഴ്ച കഴിഞ്ഞേ തിരിച്ചെത്തൂ –
ചിറ്റക്ക് സംസാരം നന്നേ കുറഞ്ഞിരിക്കുന്നു. അളന്നും തൂക്കിയുമുള്ള സംസാരം. വെറുതെ എത്ര നേരം വേണമെങ്കിലും ഒരേ ദിശയിൽ നോക്കിയങ്ങനെ ഇരിക്കും. വടിവൊത്ത ശരീരം മൈലാഞ്ചിയിട്ട് ചുവപ്പിച്ച വിരലുകൾ സ്വപ്നസമാനമായ കണ്ണുകൾ ചിറ്റയെ നോക്കിക്കൊണ്ടിരുന്നു.
സന്ധ്യ മയങ്ങിയപ്പോൾ ഞാൻ ചിറ്റക്കുള്ള മുറി ഒരുക്കിക്കൊടുത്തു. യാത്ര കഴിഞ്ഞു വന്നതല്ലേ വിശ്രമിച്ചോട്ടെ എന്നു കരുതി. ചിറ്റ ആശ്വാസത്തോടെ മുറിയിൽ കടന്ന് കസേരയിൽ ഇരുന്നു. എയർ കണ്ടീഷൻ മുറിയെ തണുപ്പിക്കാൻ തുടങ്ങിയിരുന്നു. അവർ സിസ്റ്റം ഓഫ് ചെയ്തു.
“എനിക്കധികം തണുപ്പ് പറ്റില്ല കുട്ട്യേ .”
അവർ പുറത്തേക്കുള്ള ജനാല തുറന്നു. അവിടെ ബാക്കി വച്ച എന്തോ ഓർമ്മയിൽ കണ്ണു നട്ടു നിന്നു.
മുറ്റത്തെ മൂവാണ്ടന്റെ ഇലകൾ കാറ്റിൽ മെല്ലെയിളകി.
ഇക്കുറി പൂത്തിട്ടില്ല. ഒന്നിടവിട്ടാ പൂക്കണേ –
ചിറ്റ നട്ട മാവാണല്ലേ?
അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.
ചിറ്റ മറുപടി ഒന്നും പറഞ്ഞില്ല.
അല്പനേരം കഴിഞ്ഞ് അവർ കിരീടം പോലെ തലയിൽ നിന്ന് മുടിയഴിച്ചെടുത്ത് ചീകി വെടിപ്പാക്കി ഹാങ്ങറിൽ തൂക്കി വച്ചു. വെള്ളിനാര് അങ്ങിങ്ങ് അവശേഷിക്കുന്ന മൊട്ടത്തല എന്നെ നോക്കി പല്ലിളിച്ചു കാട്ടി.
” ചിറ്റക്ക് ഒറ്റക്ക് കിടക്കാൻ പേടിയുണ്ടോ?”
“അപരിചിതമായ സ്ഥലത്ത് ഞാനൊറ്റക്ക് കഴിയാറില്ല. കുട്ടി കൂടി ഇന്നിവിടെ കിടന്നോളൂ”
ഞാൻ കുട്ടികൾക്ക് ഭക്ഷണം കൊടുത്ത് മുറിയിൽ കിടത്തിയ ശേഷം ചിറ്റക്കുള്ള പാൽ ക്കഞ്ഞിയുമായി മുറിയിലേക്ക് പോയി.
” ഞാനടുക്കളയിലേക്ക് വരാം – കിടപ്പുമുറിയിൽ ഭക്ഷണം പതിവില്ല “
ചിറ്റ എഴുന്നേറ്റ് എന്റ കൂടെ വന്നു.
കുട്ടികൾ ചിറ്റയെ കാണരുതെന്ന് എന്തുകൊണ്ടോ എനിക്ക് തോന്നി.
അല്പം മാത്രം പാൽക്കഞ്ഞി കുടിച്ച ശേഷം ചിറ്റ മുറിയിലെത്തി.
പെട്ടി തുറന്ന് ബൈബിളെടുത്ത് പകുത്ത് വായന തുടങ്ങി. ഒരു മാന്ത്രം പോലെയാണ് അവർ വാക്കുകൾ ഉരുവിടുന്നതെന്ന് ഞാൻ ശ്രദ്ധിച്ചു.
അവർ പുസ്തകം അടച്ചു വച്ച് കിടന്നതിനു ശേഷം ഞാൻ ലൈറ്റണച്ച് കട്ടിലിന്റെ മറ്റേ അറ്റത്ത് അവർക്ക് ബുദ്ധിമുട്ടില്ലാത്ത വിധം കിടന്നു. ചിറ്റ വേഗം ഉറങ്ങി. ഞാനെപ്പോഴോ ഉറക്കത്തിലേക്ക് ആഴ്ന്നു പോയി.
ഉണർന്നു നോക്കുമ്പോൾ മണി അഞ്ചാവുന്നതേയുള്ളു. ചിറ്റ കുളിമുറിയിലാണ്. ഞാൻ കണ്ണ് തുറന്നു കിടന്നു.
എന്നെ വീണ്ടും അത്ഭുതത്തിലാഴ്ത്തി കൊണ്ട് ചിറ്റ മുറി തുറന്നു വന്നു. വടി പോലെയുള്ള ശരീരം.
ചിറ്റ കണ്ണാടിയിൽ മാത്രം ശ്രദ്ധിച്ചു കൊണ്ട് പെട്ടി തുറന്ന് തന്റെ മേക്കപ്പ് സെറ്റ് പുറത്തേക്കെടുത്തു. പല നിറത്തിലും തരത്തിലുമുള്ള ക്രീമുകൾ പുട്ടി പോലെ ശരീരത്തിൽ തേച്ചുപിടിപ്പിച്ചു.കയ്യിലും മുഖത്തുമുള്ള ചുളിവുകൾ മാറി യൗവ്വനം നിറയുന്നത് ഞാൻ കണ്ടു.
മുഖത്തെ വലിയ പൊട്ടും കല്ലുവച്ച മുക്കത്തിയും തിളങ്ങി. ഡപ്പിയിൽ ലായനിയിൽ ഇട്ടുവച്ച നിരയൊത്ത പല്ലുകൾ.
തുടച്ച് വായിൽ ഫിറ്റ് ചെയ്തു കഴിഞ്ഞപ്പോൾ ചിറ്റക്ക് ഇരുപത് വയസ്സേ ആയുള്ളുവെന്നെനിക്ക് തോന്നി.
കാൽ വിരലുകൾ നെയിൽ പോളിഷിൽ തിളങ്ങി.

എനിക്ക് ഭീതിയാണ് തോന്നിയത്. ചിറ്റക്ക് എന്തെങ്കിലും മാനസിക പ്രശ്നമുണ്ടോ എന്നു ഞാൻ സംശയാലുവായി. ഭർത്താവ് മരിച്ചതിനു ശേഷവും വൃദ്ധയായ സ്ത്രീ തന്റെ വാർധക്യത്തെയും ജരാനരകളെയും മാറ്റി നിർത്തി കൃത്രിമ സംവിധാനങ്ങളോടെ യൗവ്വനത്തെ പ്രാപിക്കുന്നതിന്റെ യുക്തി എനിക്ക് എളുപ്പം പിടി കിട്ടുന്നതായിരുന്നില്ല.
ചിറ്റ ഇപ്പോഴും തീരാത്ത പ്രണയത്തിലാണോ? എത്ര ആലോചിച്ചിട്ടും എനിക്കവരുടെ മനോവ്യാപാരങ്ങളെ തിട്ടപ്പെടുത്താനായില്ല.
ചിറ്റ അച്ഛനോട് യാത്ര പറഞ്ഞ് പോയതിന്റെ പിറ്റേ ദിവസം അച്ഛൻ ആരോടും യാത്ര ചോദിക്കാതെ ഒരുച്ച മയക്കത്തിൽ അങ്ങ് പോയ്ക്കളഞ്ഞു
എന്തു ചെയ്യണമെന്നറിയാതെ ഞാനൊരു നിമിഷം സ്തംഭിച്ചു പോയി. അച്ഛന്റെ ചേതനയറ്റ ശരീരം നോക്കി നിശ്ശബ്ദം കണ്ണീരൊഴുക്കി.
പിന്നീടു വന്ന വീണ്ടു വിചാരത്തിൽ ഏട്ടനെയും ഫോൺ നമ്പർ തപ്പിയെടുത്ത്ബന്ധുക്കൾ ഓരോരുത്തരെയായി വിളിച്ചു തുടങ്ങി. അടുത്തുള്ള രണ്ടു മൂന്നു കുടുബങ്ങൾ വന്നു ചേർന്നതോടെ എനിക്കല്പം സമാധാനം തോന്നി. വൈകാതെ ഏട്ടനും ഏട്ടത്തിയും വന്നു. കാര്യങ്ങൾ അവർ കൂടി ഏറ്റെടുത്തപ്പോൾ എനിക്കുറക്കെ കരയണമെന്നു തോന്നി.
ദേവൂനെ അറിയിച്ചോ?
വന്നവരിൽ ആരോ തിരക്കി.
ഞാൻ സോഫിയ എന്ന് സേവ് ചെയ്ത നമ്പറിൽ വിരലമർത്തി. കുറച്ചുനേരം സംഗീതം പൊഴിച്ച് ഫോൺ ഓഫായി. കുറച്ചു കഴിഞ്ഞ് അതേ നമ്പറിൽ നിന്നും വിളി വന്നു. ഫോൺ ചെവിയോട് ചേർത്ത് എന്ത് പറയണമെന്നും എങ്ങനെ തുടങ്ങണമെന്നുമോർത്ത് ഞാൻ വ്യാകുലയായി.
” പോയി അല്ലേ? കാത്ത് വെക്കണ്ട – യാത്ര വയ്യ കുട്ട്യേ – “
ചിറ്റയുടെ ശബ്ദം എന്നെ അക്ഷരാത്ഥത്തിൽ ഞെട്ടിച്ചു.
കാഴ്ചയുടെയും ശബ്ദത്തിന്റെയും ഭ്രമാത്മകതയിൽ നിന്നുണരാൻ കഴിയാതെ ഞാനെന്നോടു തന്നെ ചോദിച്ചു.
സോഫിയ ചിറ്റ യഥാർത്ഥത്തിൽ വന്നിരുന്നുവോ ?അതോ തന്റെ തോന്നലാണോ ?
മരണ വീട് അതിന്റെ ഒച്ച കൾ വീണ്ടെടുത്തു കഴിഞ്ഞിരുന്നു. ചെറു ശബ്ദങ്ങൾ പോലും വീട് ആസ്വദിക്കുന്നുണ്ടെന്ന് തോന്നി. കല്ലും ,മരവും, കഴുക്കോലും എന്തൊക്കെ പറഞ്ഞാലും വീടിന് ജീവനുണ്ടെന്നും അവിടുത്തെ മനുഷ്യരെ അത് കാത്തിരിക്കുന്നുണ്ടെന്നും എനിക്ക് തോന്നി.
മുറ്റത്തെ മൂവാണ്ടന് മഴു വീഴുന്ന ശബ്ദം അച്ഛൻ ഇന്നലെ കേട്ടതായി പറഞ്ഞിരുന്നു. സോഫിയ ചിറ്റ പോയ ഉടനെയാണ് അച്ഛനതു പറഞ്ഞത്. ചിറ്റയും അത് കേട്ടു കാണുമോ?
9947231857

Author

103 Views
Scroll to top
Close
Browse Categories