കോണ്‍ഗ്രസിന്റെ കൈയിലിരുന്ന്പൊട്ടിയ ബോംബ്
2026ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 100 സീറ്റ് കിട്ടി അധികാരം സ്വന്തമാക്കുന്നത് സ്വപ്നം കണ്ടു നടക്കുന്നവരാണ് കോണ്‍ഗ്രസ് നേതാക്കളെല്ലാം തന്നെ. ആ സ്വപ്നം കൂടം കൊണ്ട് അടിച്ചുതകര്‍ക്കുന്നവരാണ് മാങ്കുട്ടങ്ങള്‍. രണ്ടാം പിണറായി സര്‍ക്കാരിന്റെ അപ്രിയത മുതലെടുത്ത് അധികാരത്തിലേയ്ക്ക് കാലെടുത്തു വെക്കാന്‍ കാത്തിരിക്കുമ്പോഴാണ് മാങ്കുട്ടം കലമുടച്ചത്. കോണ്‍ഗ്രസ് ധര്‍മ്മസങ്കടത്തിലാണ്.

കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പറഞ്ഞത് കേരളം ഞെട്ടുമെന്നാണ്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ബോംബ് പൊട്ടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പറഞ്ഞു. ഞാന്‍ ഇത് എഴുതുന്നതുവരെ കാതോര്‍ത്തിരുന്നു. ബോംബ് പൊട്ടുന്ന ശബ്ദം ഇതുവരെ കേട്ടില്ല. ഇനി ഇത് വായനക്കാരുടെ മുന്നിലെത്തുമ്പോള്‍ ബോംബുകളുടെ കൂട്ടക്കരച്ചില്‍ ചിലപ്പോള്‍ ഉയര്‍ന്നേക്കാം. കാരണം, നമ്മുടെ രാഷ്ട്രീയ മേഖലയില്‍ അധികാരവും പണവും കൂടിക്കലര്‍ന്ന് ലൈംഗിക സാദ്ധ്യതകള്‍ അന്വേഷിക്കുന്ന ഭിക്ഷാംദേഹികളുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. അതിനാല്‍ എന്തു കേള്‍ക്കാന്‍ നാം സന്നദ്ധരായിരിക്കേണ്ടതുണ്ട്.
രാഹുല്‍ മാങ്കൂട്ടം കോണ്‍ഗ്രസ്സിന്റെ കയ്യിലിരുന്ന് പൊട്ടിയ ബോംബാണ്. കുറച്ചുമാസങ്ങളായി കോണ്‍ഗ്രസ്സിലെ ഒരു യുവനേതാവിനെക്കുറിച്ച് ലൈംഗിക ആരോപണങ്ങള്‍ വായുവില്‍ പറന്നു നടക്കാന്‍ തുടങ്ങിയിട്ട്, പക്ഷെ അത് രാഹൂല്‍ മാങ്കൂട്ടമാണെന്ന് സ്ഥിരീകരിക്കപ്പെട്ടിരുന്നില്ല. അപ്പോള്‍ രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞത് ”നമ്മളോ പാലക്കാട്ടുള്ള ജനങ്ങളോ ഇതില്‍ കണ്‍സേണ്‍ അല്ല. ഹൂ കെയേഴ്സ് ” എന്നായിരുന്നു. പട്ടികള്‍ കുരയ്ക്കട്ടെ, സ്വര്ത്ഥവാഹക സംഘം മുന്നോട്ട് എന്നതായിരുന്നു മാങ്കുട്ടത്തിന്റെമനോഭാവം. അതാണ് ഒരു ദിവസം നടിയും മാധ്യമ പ്രവര്‍ത്തകയുമായ റിനി. എന്‍. ജോര്‍ജ്ജ് സാന്ദര്‍ഭികമായി മാധ്യമങ്ങളോട് തുറന്നു പറഞ്ഞത്. പക്ഷെ അവര്‍ പേര് പറഞ്ഞിരുന്നില്ല. അവര്‍ പറഞ്ഞു കോണ്‍ഗ്രസ്സിന്റെ യുവനേതാവും എം.എല്‍.എ.യുമായ ഒരാള്‍ എന്നോടു പറഞ്ഞു. ”ഹോട്ടലില്‍ റൂമെടുക്കാം വരണം” അതിനെക്കുറിച്ച് പരാതിയും പരിഭവവും പിതൃതുല്യനായ ഞാന്‍ സ്നേഹിക്കുന്ന പ്രതിപക്ഷ നേതാവിനോട് പറഞ്ഞു. പക്ഷെ ഒന്നും സംഭവിച്ചില്ല. ഒരു നടപടിയും ഉണ്ടായില്ല.
ഈ വാര്‍ത്ത പൊട്ടിയപ്പോള്‍ അതിന്റെ അനുരണനമായി പിന്നെയും വാര്‍ത്തകളും ചാറ്റുകളും വന്നു. അതിലൊന്നിന് ക്രിമിനല്‍ സ്വഭാവമുണ്ടായിരുന്നു. ”നീ ഗര്‍ഭം അലസിപ്പിക്കണം. അല്ലെങ്കില്‍ എനിക്ക് നിന്നെ കൊല്ലാന്‍ ഒരു നിമിഷം മതി’ മറ്റൊരു പെണ്‍കുട്ടിയും പീഡനപര്‍വ്വത്തിന്റെ കഥ പറഞ്ഞു. അത് കോണ്‍ഗ്രസ്സിലെ ഒരു മുന്‍ എം.പിയുടെ മകളായിരുന്നു. സ്ത്രീകളെ നിരന്തരം ശല്യപ്പെടുത്തുന്ന ഒരാളുടെ റോളിലേയ്ക്ക് രാഹുല്‍ എത്തിച്ചേര്‍ന്നു. ഈ അവസരത്തില്‍ കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറിയുണ്ടായി. ”എനിക്ക് രണ്ട് പെണ്മക്കളാണ്. പടയൊരുക്കമല്ല, കുതികാല് വെട്ടല്ല ഒരച്ഛന്റെ ആശങ്കകള്‍ മാത്രം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. വിഷ്ണു സുനിലിന്റെ പോസ്റ്റ് ഒരു അച്ഛന്റെ ആശങ്കകള്‍ സമൂഹത്തിനു മുന്നില്‍ ചര്‍ച്ചയ്ക്കു വെച്ചു.
രാഹുലിന്റെ രാജി
ആവശ്യപ്പെടുന്നു
തെരഞ്ഞെടുപ്പിന്റെ മുന്നില്‍ നില്ക്കുന്ന കോണ്‍ഗ്രസ്സിന് ഇത് താങ്ങാനാവുന്നതായിരുന്നില്ല. ഒരു ധാര്‍മ്മിക പ്രശ്നത്തിലുപരി കോണ്‍ഗ്രസ്സിന് രാഹുല്‍മാങ്കുട്ടം ഒരു തെരഞ്ഞെടുപ്പ് വെല്ലുവിളിയായി മാറി. കൈയ്യെത്തും ദൂരത്ത് വന്ന് നില്ക്കുന്ന അധികാരം അകന്നു പോകുമോ എന്ന സംശയം ശക്തമായി. കോണ്‍ഗ്രസ്സിന്റെ ഉന്നത നേതൃത്വം മാങ്കുട്ടത്തിന് എതിരായി സഞ്ചരിക്കാന്‍ തുടങ്ങി. രാഹുലിന്റെ ശബ്ദസന്ദേശങ്ങളാണ് നേതൃത്വത്തെ കുടുക്കിലാക്കിയത്. യുവതികളുമായി നടത്തിയ ചാറ്റ് ഷോട്ടുകള്‍ മാങ്കുട്ടത്തിന്റെ അശ്ലീല സഞ്ചാരത്തിന്റെ തെളിവുകളായി.
കോണ്‍ഗ്രസ്സിന്റെ വനിത നേതാക്കള്‍ക്ക് മൗനം പാലിക്കാനായില്ല അവര്‍ സ്ത്രീകളുടെ അന്തസ്സിനു വേണ്ടിയും പ്രസ്ഥാനത്തിന്റെ നിലനില്പിന് വേണ്ടിയും വാദിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ പൊതുരാഷ്ട്രീയത്തില്‍ നിന്നും എം.എല്‍.എ. സ്ഥാനത്തു നിന്നും മാറി നില്‍ക്കുന്നതാണ് ഉചിതമെന്ന് കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗം ഷാനിമോള്‍ ഉസ്മാന് പറഞ്ഞു. സാങ്കേതികത്വത്തിലേയ്ക്ക് പോകാതെ രാജിവെച്ച് മുഖ്യധാരാ രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കുന്നതാണ് പ്രസ്ഥാനത്തിനും നാടിനും ഉചിതമെന്ന് ബിന്ദുകൃഷ്ണ പറഞ്ഞു. രാഹുലിനെക്കുറിച്ച് കേട്ടതെല്ലാം ഞെട്ടലുണ്ടാക്കുന്ന കാര്യമാണെന്നും അതിനാല്‍ ഉടന്‍ രാജി വേണമെന്നും ഉമ തോമസ് എം.എല്‍.എ. ആവശ്യപ്പെട്ടു. രാഹുലിന്റെ നിശബ്ദത അപകടകരമാണ്. മഹിളാ കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ ,കോണ്‍ഗ്രസ് വക്താവ് ഷെമ മുഹമ്മദ് തുടങ്ങിയവര്‍ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി. രമേശ് ചെന്നിത്തലയും വി.ഡി. സതീശനും രാഹുലിന്റെ രാജി ആവശ്യപ്പെട്ടു. ഒടുവില്‍ രാഹുല്‍ മാങ്കൂട്ടത്തിനെ യൂത്ത്കോണ്ഗ്രസ്സിന്റെ അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് കോണ്‍ഗ്രസ് നീക്കി. എം.എല്‍.എ. സ്ഥാനം രാജിവെക്കേണ്ടതില്ല എന്ന് തീരുമാനിച്ചു. അപ്പോഴും രാഹുലിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിധ്വനിച്ചു കൊണ്ടിരുന്നു. സി.പി.എം. എം.എല്‍.എ. എം മുകേഷിനെതിരെ ലൈംഗിക ആരോപണം ഉയര്‍ന്നപ്പോള്‍ യൂത്ത്കോണ്‍ഗ്രസ് തെരുവില്‍ സമരം നടത്തിയിരുന്നു. അന്ന് യൂത്ത്കോണ്ഗ്രസ്സിന്റെ മുദ്രാവാക്യം മുകേഷ് രാജിവെക്കണമെന്നായിരുന്നു. സമരത്തിന് നേതൃത്വം നൽകിയ രാഹുല്‍ പ്രസംഗിച്ചതിങ്ങനെയായിരുന്നു. ”ഒരു ജനപ്രതിനിധി എന്ന നിലയില്‍ നിങ്ങള്‍ ഈ നാട്ടിലെ ജനങ്ങളോട് ഉത്തരവാദിത്വം പറയേണ്ടതുണ്ട്. ഭരണഘടനാ ലംഘനം നടത്തിയ നിങ്ങള്‍ രാജിവെക്കണം. രാജിവെക്കാതെ സ്വതന്ത്രമായി സ്വച്ഛന്ദമായി ഈ നാട്ടില്‍ ഇറങ്ങി നടക്കാമെന്ന തെറ്റിദ്ധാരണ ഒരു കാരണവശാലും എം. മുകേഷേ നിങ്ങള്‍ക്ക് വേണ്ട”. മുകേഷിനെ പുറത്തിറക്കില്ല എന്നായിരുന്നു രാഹുല്‍ മാങ്കൂട്ടം പ്രസ്താവിച്ചത്. ഇത് മുകേഷിനു മാത്രം മതിയോ അതോ രാഹുല്‍ മാങ്കുട്ടത്തിനും വേണോ?
ആരോപണം
പുതിയതല്ല
കേരളത്തിലെ രാഷ്ട്രീയ ചരിത്രത്തില്‍ കോളിളക്കം സൃഷ്ടിച്ചത് പി.ടി. ചാക്കോയ്ക്ക് എതിരെ ഉയര്‍ന്ന വിവാദമായിരുന്നു. വിമോചന സമരത്തിലൂടെ നേതൃപദവിയില്‍ എത്തിയ നക്ഷത്രമായിരുന്നു ഐക്യകേരളത്തിന്റെ ആദ്യത്തെ പ്രതിപക്ഷ നേതാവ് കൂടിയായ പി.ടി. ചാക്കോ. 1960ലെ പട്ടം താണുപിള്ള മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രിയും ആര്. ശങ്കര്‍ മന്ത്രിസഭയിലെ റവന്യൂമന്ത്രിയുമായിരുന്നു. ഒരിക്കല്‍ യാത്രയ്ക്കിടെ തൃശൂരിലെ പീച്ചിയില്‍ വെച്ച് ചാക്കോയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. കാറില്‍ അപ്പോള്‍ അദ്ദേഹത്തിന്റെ കൂടെ ഒരു സ്ത്രീ ഉണ്ടായിരുന്നു. ഈ വാര്‍ത്ത ലൈംഗിക ആരോപണമായി രാഷ്ട്രീയ കേരളത്തില്‍ കൊടുങ്കാറ്റ് ഉയര്‍ത്തി. പി.ടി. ചാക്കോ രാജിവെച്ചു. അതിന്റെ തുടര്‍ ചലനത്തില്‍ കോണ്‍ഗ്രസ് പിളര്‍ന്ന് കേരള കോണ്ഗ്രസ്സുണ്ടായി.
സ്ത്രീ വിഷയം എല്ലാ കാലത്തും ഭൂമികുലുക്കമുണ്ടാക്കാന് പ്രഹര ശേഷിയുള്ളതാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സരിതനായര്‍ സൃഷ്ടിച്ച പ്രശ്നങ്ങള്‍ നിരവധി രാഷ്ട്രീയ നേതാക്കളെ സംശയത്തിന്റെ നിഴലില്‍ ആഴ്ത്തി. അതിന്റെ കൗണ്ടറായി ജോസ് തെറ്റയില്‍ വീണു. ഈ മന്ത്രിസഭയുടെ കാലത്ത് കോണ്‍ഗ്രസ് എം.എല്‍.എ. ജയിലില്‍ ആയി. കോവളം എം.എല്‍.എ. വിന്‍സെന്റ് നിരവധി ദിവസം ജയിലില്‍ കിടന്നു. ലൈംഗിക ആരോപണത്തെ തുടര്‍ന്ന് എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എ. ഒളിവില്‍ പോയി. ശ്രീരാമകൃഷ്ണന് എം.എല്‍.എ.യ്ക്കെതിരെ സ്വപ്ന സുരേഷ് ലൈംഗിക ആരോപണം ഉയര്‍ത്തി. മുകേഷിനെതിരെ എം.എല്‍.എ ആകുന്നതിനും മുമ്പും പിമ്പും ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്നു. മന്ത്രി ഗണേഷിനെതിരെ ലൈംഗിക ആരോപണ വാര്‍ത്തകളുണ്ട്. അതുകൊണ്ടാണ് പ്രതിപക്ഷ നേതാവ് രാഹുലിന് എതിരെ മുഖ്യമന്ത്രി വിരല്‍ ചൂണ്ടിയപ്പോള്‍ ഒരു വിരല്‍ ഞങ്ങള്‍ക്കെതിരെ ചൂണ്ടുമ്പോള്‍ ബാക്കി നാലുവിരലും സ്വന്തം നെഞ്ചിലേക്കാണ് തിരിയുന്നത് എന്ന് പറഞ്ഞത്.

കോണ്‍ഗ്രസിന്റെ ധര്‍മ്മ സങ്കടങ്ങള്‍
2026ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 100 സീറ്റ് കിട്ടി അധികാരം സ്വന്തമാക്കുന്നത് സ്വപ്നം കണ്ടു നടക്കുന്നവരാണ് കോണ്‍ഗ്രസ് നേതാക്കളെല്ലാം തന്നെ. ആ സ്വപ്നം കൂടം കൊണ്ട് അടിച്ചുതകര്‍ക്കുന്നവരാണ് മാങ്കുട്ടങ്ങള്‍. നമ്മുടെ ഒരു തെരഞ്ഞെടുപ്പ് രീതി അഞ്ചു വര്‍ഷത്തില്‍ ഒരിക്കല്‍ എതിര് മുന്നണിയെ അധികാരത്തിലേറ്റുന്നതായിരുന്നു. അഞ്ചുവര്‍ഷം എല്‍.ഡി.എഫ് എങ്കില്‍ അടുത്ത അഞ്ചുവര്‍ഷം യു.ഡി.എഫിനായിരിക്കും. ഇതില്‍ മാറ്റമില്ലായിരുന്നു. പക്ഷെ കോവിഡും പ്രളയവും ശക്തനായ ഒരു ഭരണാധികാരിക്ക് വീണ്ടും മാന്‍ഡേറ്റ് നല്കാന് കേരളം തയ്യാറായി. അങ്ങിനെ പിണറായി വിജയന് രണ്ടാമതും മുഖ്യമന്ത്രിയായി. രണ്ടാം പിണറായി സര്‍ക്കാരിന്റെ അപ്രിയത മുതലെടുത്ത് അധികാരത്തിലേയ്ക്ക് കാലെടുത്തു വെക്കാന്‍ കാത്തിരിക്കുമ്പോഴാണ് മാങ്കുട്ടം കലമുടച്ചത്. കോണ്‍ഗ്രസ്സ് ധര്‍മ്മസങ്കടത്തിലാണ്.
ആരോപണങ്ങള്‍
തുടര്‍ക്കഥയാവുന്നു
സി.പി.എം. നേതാവ് ഗോവിന്ദന് മാസ്റ്ററുടെ പ്രസ്താവന വെല്ലുവിളിക്കപ്പെട്ടത് ലൈംഗിക ആരോപണത്തിന്റെ ഈ സമ്മിശ്ര ചേരുവകളിലാണ്. ”രാഹുല്മാങ്കുട്ടത്തലിനെ വെള്ളപൂശാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുന്നു. ക്രിമിനല്‍ കുറ്റത്തില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ഒത്തുകളി. അങ്ങനെയൊന്നും രക്ഷപെടാനാകില്ല” -എന്ന് ഗോവിന്ദന്‍മാസ്റ്റര്‍ പറഞ്ഞപ്പോള്‍ ഉടനെ മറുപടി പോസ്റ്റു വന്നു. ”കോഴിക്കൂടിന് കാവല്‍ നിന്നിട്ടാണ് ഈ പറച്ചില്. നിങ്ങളും പിണറായിയും വെള്ളപൂശിയെ കുറേ പേര് താങ്കളുടെ കൂടെയുണ്ട്. അതുകൂടി പറ സഖാവേ?” അങ്ങിനെ കൊണ്ടും കൊടുത്തും രംഗം കൊഴുത്തുകൊണ്ടിരിക്കയാണ്.
എം.എല്‍.എ. സ്ഥാനം
രാജിവെക്കണോ?
മുകേഷിനെ രാജിവെപ്പിക്കാത്ത സി.പി.എം ഞങ്ങളുടെ എം.എല്‍.എ യെ രാജിവെപ്പിക്കാന്‍ നടക്കുന്നത് എന്തിനെന്നാണ് പ്രതിപക്ഷ നേതാവ് ചോദിച്ചത്. ഇതിന് ബൈബിള്‍ വചനത്തിന്റെ ടച്ചുണ്ട്. യേശു പറഞ്ഞത് ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ ‘എന്നാണ്. രാഷ്ട്രീയത്തില്‍ അധാര്‍മ്മിക ജീവിതങ്ങള്‍ പെരുകുന്ന കാലമാണ്. അഴിമതി, പെണ്ണുപിടി, മദ്യപാനം, ക്വട്ടേഷന്‍ സംഘങ്ങളെ പോറ്റി വളര്‍ത്തല്‍- ഇതെല്ലാം രാഷ്ട്രീയത്തിന് ഒരു അധോലോക മേക്കപ്പ് നല്‍കുന്നുണ്ട്. ഇതിനെതിരെയുള്ള പോരാട്ടം സമൂഹം ഏറ്റെടുക്കണം. ഒരാള്‍ ലൈംഗിക പീഡനം നടത്തുമ്പോള്‍ അത് നീയും ചെയ്യുന്നില്ലേ എന്ന ന്യായം ഏറ്റവും അപകടം പിടിച്ചതാണ്. അഴിമതി നടത്തിയാല്‍ അതിനും ന്യായം എതിരാളിയുടെ അഴിമതിയാണ്. എന്തിനെയും എന്തും ഉപയോഗിച്ച് ന്യായീകരിക്കുന്ന കാലം രാഷ്ട്രീയത്തെ ചെളിക്കുണ്ടാക്കി മാറ്റിക്കഴിഞ്ഞു. ഇത് തിരിച്ചറിഞ്ഞ് പ്രതിരോധിക്കാന്‍ സമൂഹം തയ്യാറാകേണ്ടതുണ്ട്.
എം.എല്‍.എ. ലൈംഗിക ആരോപണത്തിന് വിധേയമാകുമ്പോള്‍ ഉയരുന്ന പ്രധാനചോദ്യം സ്ത്രീകള്‍ എങ്ങിനെ എം.എല്‍.എ.യുടെ ഓഫീസില്‍ പോകും എന്നതാണ്. ജനപ്രതിനിധിയായി പ്രവര്‍ത്തിക്കുന്ന എം.എല്‍.എ.യുടെ മുന്നില്‍ പലതരം വിഷയവുമായും സ്ത്രീകൾക്കും വിദ്യാര്‍ത്ഥിനികള്‍ക്കും ചെല്ലേണ്ടതുണ്ട്. അവര്‍ എങ്ങിനെ ധൈര്യപ്പെട്ട് അവിടെയേക്ക് പോകും. കോണ്‍ഗ്രസ് നേതാവ് കെ..സി. വേണുഗോപാലിന്റെ ഭാര്യ ഡോക്ടര്‍ ആശ ഫെയ്സ്ബുക്കില്‍ കുറിച്ചത് ഇയാളെക്കുറിച്ച് സ്ത്രീകള്‍ ഭയപ്പാടോടുകൂടിയാണ് ചര്‍ച്ച ചെയ്യുന്നത് എന്നാണ്. ഈ ചോദ്യത്തിന്റെ തുടര്ചലനത്തിലാണ് സിനിമാനടി സീമ ജി. നായര്‍ രാഹുലിനെ ന്യായീകരിക്കാന്‍ വന്നത്. അവരോട് ചോദിച്ചത് സ്വന്തം വീട്ടില്‍ രാഹുലിനെ ഒരു ദിവസം താമസിപ്പിക്കാന്‍ ധൈര്യമുണ്ടോ? എന്നായിരുന്നു. താമസിപ്പിക്കാം എന്നാണ് സീമ പറഞ്ഞത്. സ്വകാര്യമായി ആര്‍ക്കും ആരെയും താമസിപ്പിക്കാം അവിടെ എന്തും നടത്താം. ആര്‍ക്കാണ് പരാതി?
വിഷയം പൊതുപ്രവര്‍ത്തനത്തിന്റേതാണ്. പൊതുപ്രവര്ത്തകന് സുതാര്യമായ ജീവിതം നയിക്കണം. അയാള്‍ പെണ്‍കുട്ടികളെ ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിക്കുന്നത് എന്തിനാണ്? അതിലെ മനോനില തിരിച്ചറിയാന്‍ അധികം ബുദ്ധിമുട്ടേണ്ട. സ്ത്രീകളോട് അതിക്രമം കാണിക്കുന്നത് ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ച് കുറ്റകരമാണ്. അത് സത്യപ്രതിജ്ഞാ ലംഘനമാണ്. അതുകൊണ്ടാണ് രാജി ആവശ്യപ്പെടുന്നത്. അതിന് രാഷ്ട്രീയ നേതൃത്വം നല്കുന്ന ഉത്തരം നാണം കെട്ടതാണ്. ആരോപണങ്ങളുടെ പേരില്‍ രാജിവെച്ച എം.എല്‍.എ.യ്ക്ക് അത് തെറ്റാണെന്ന് തെളിഞ്ഞാല്‍ എം.എല്‍.എ. സ്ഥാനം തിരിച്ചു കൊടുക്കുമോ എന്നാണ് ചോദ്യം. ഈ ചോദ്യമാണ് ഗോവിന്ദന്‍മാസ്റ്റര്‍ മുകേഷിന്റെ രാജിയില്ലായ്മയില് ന്യായമായി പറഞ്ഞത്. രാഹുല്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് ചോദിച്ചതും ഇതു തന്നെ. അങ്ങിനെ മുകേഷും രാഹുലും രാജിയില്ലാതെ തുടരുന്നു.

ഉപതിരഞ്ഞെടുപ്പ്
രാജിക്ക് വിലക്ക്
ഗുരുതരമായ ലൈംഗിക ആരോപണങ്ങള്‍ നേരിട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ. സ്ഥാനം രാജിവെക്കണമെന്നത് കോണ്‍ഗ്രസ്സിലെ മുതിര്‍ന്ന നേതാക്കളുടെ ആവശ്യമായിരുന്നു. പക്ഷെ രാഹുല്‍ രാജിവെക്കാന്‍ തയ്യാറായില്ല. അതോടൊപ്പം രാജിവെച്ചാല്‍ ഉപതിരഞ്ഞെടുപ്പ് വരാനുള്ള സാദ്ധ്യത ഉണ്ട് എന്നത് ഒരു രാഷ്ട്രീയ ഭീഷണിയാണ്. ഉപതിരഞ്ഞെടുപ്പ് നടത്തണമെങ്കില്‍ നിയമസഭയ്ക്ക് ചുരുങ്ങിയത് ഒരു വര്‍ഷം കാലാവധി ബാക്കി വേണമെന്നാണ് ജനപ്രാതിനിധ്യ നിയമത്തിന്റെ സെക്ഷന്‍ 151എ പറയുന്നത് പക്ഷെ അതില്ലാതെയും തെരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്. ഹരിയാനയിലെ കര്‍ണാല്‍ ഉപതിരഞ്ഞെടുപ്പ് കേസില്‍ പഞ്ചാബ്- ഹരിയാന ഹൈക്കോടതി വിധി ഏത് സമയത്തും ഉപതെരഞ്ഞെടുപ്പ് സാധ്യത പ്രസ്താവിക്കുന്നുണ്ട്.
ഈ സാഹചര്യങ്ങള്‍ പരിഗണിച്ചാണ് രാഹുല്‍ മാങ്കുട്ടത്തിനെ യൂത്ത്കോണ്ഗ്രസ്സിന്റെ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയും കൂട്ടത്തില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നും സസ്പെന്‍ഡു ചെയ്തു. കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടിയില്‍ നിന്നും ഒഴിവാക്കി. ഒരിക്കല്‍ ഷാഫിപറമ്പില്‍ എം.എല്‍.എ. സ്ഥാനം രാജിവെച്ചതിന്റെ പേരില്‍ പാലക്കാട് ഉപതെരഞ്ഞെടുപ്പിലേയ്ക്ക് പോയി. സര്‍ക്കാര്‍ ഖജനാവിന് വലിയ നഷ്ടം നേരിട്ടു. ഒപ്പം വോട്ടര്‍മാര്‍ വലിയ പ്രയാസങ്ങള്‍ നേരിട്ടു. ഇനി ഒരിക്കല്‍ കൂടി മാങ്കൂട്ടത്തലിനെ രാജിവെപ്പിച്ച് തെരഞ്ഞെടുപ്പെന്നും പറഞ്ഞ് ജനങ്ങളുടെ മുന്നില്‍ ചെന്നാല്‍ അവര്‍ ചെരിപ്പൂരി അടിക്കാന്‍ സാദ്ധ്യതയുണ്ട്. ഈ സാഹചര്യമാണ് യുഡിഎഫിനെ ഭയപ്പെടുത്തുന്നത്.
അതിവേഗം വളര്‍ന്ന് അതിവേഗം വീണ ഒരു നേതാവാണ് രാഹുല്‍. സമീപകാലത്ത് മറ്റൊരാള്‍ക്കും നേരിടേണ്ടി വരാത്ത വലിയ പതനം അദ്ദേഹത്തിനുണ്ടായി. കെ.എസ്.യു പ്രവര്‍ത്തകനായി രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച രാഹുൽ പതിനേഴ് വര്‍ഷത്തിന് ശേഷം യൂത്ത് കോണ്‍ഗ്രസ്സിന്റെ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. യൂത്ത്കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് എത്തിയപ്പോള്‍ വ്യാജവോട്ട് ചേര്‍ത്തെന്ന ആരോപണമുണ്ടായി. ഇപ്പോള്‍ ചൂരല്‍മലയില്‍ ദുരിതാശ്വാസഫണ്ട് പിരിച്ചതിനെച്ചൊല്ലിയും പാര്‍ട്ടിയില്‍ അഭിപ്രായഭിന്നത രൂക്ഷമാണ്.
രാഹുലിന് എതിരെ പരാതിയില്ല പക്ഷെ അദ്ദേഹത്തിന്റെ ശബ്ദരേഖ അദ്ദേഹത്തിന് കെണിയായി. രാഹുലിന്റേത് എന്ന നിലയില്‍ പുറത്തുവന്ന ശബ്ദരേഖയില്‍ സ്ത്രീകളെ രാഹുല്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്നതിന്റെ വ്യക്തമായ തെളിവുണ്ട്. സ്ത്രീകളെ അദ്ദേഹം ലൈംഗികമായി ചൂഷണം ചെയ്തതിന്റെ സൂചനയുണ്ട്.
കുറച്ചു നാളായി രാഹുലിനെ കേന്ദ്രീകരിച്ച് വ്യക്തിപരമായ ആക്ഷേപങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പെരുകി വരികയായിരുന്നു. അത് ഹൂ കെയേഴ്സ് എന്ന പ്രയോഗത്തില്‍ അമര്‍ന്നു കിടക്കുകയായിരുന്നു. അത് പിളർന്നത് യുവനടി റിനി ആന്‍ ജോര്‍ജ്ജ് തനിക്ക് ദുരനുഭവമുണ്ടായി എന്ന് മാധ്യമങ്ങളോട് തുറന്നു പറയുന്നതോടുകൂടിയാണ്. അത് ഒരു കുരുക്ക് മുറുക്കലായിരുന്നു. തുടര്‍ന്ന് മറ്റൊരു യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ശബ്ദ സന്ദേശം പുറത്ത് വന്നു. രാഹുൽ തനിക്ക് മോശം സന്ദേശം അയച്ചെന്ന ആരോപണവുമായി ട്രാന്‍സ്ജെന്‍ഡര്‍ അവന്തിക മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. ഒപ്പം കോണ്‍ഗ്രസ്സിന്റെ മുന്‍ എം.പി.യുടെ മകള്‍ക്ക് രാഹുലില്‍ നിന്ന് ദുരനുഭവമുണ്ടായെന്ന് വാര്‍ത്തയെത്തി. ഇനി രാഹുലിനെ ചുമക്കാനാവില്ലെന്ന് പറഞ്ഞ് കോണ്‍ഗ്രസ് നേതൃത്വം നടപടിക്ക് ഒരുങ്ങുകയായിരുന്നു.






