അയ്യപ്പസംഗമം മാതൃകയാകട്ടെ…

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ളാറ്റിനം ജൂബിലിയോടനുബന്ധിച്ച് ബോർഡും സംസ്ഥാന സർക്കാരും ചേർന്ന് പമ്പയിൽ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമമാണിപ്പോൾ കേരളത്തിൽ ചർച്ചാവിഷയം. മതേതര രാജ്യത്ത് സർക്കാർ മതസമ്മേളനത്തിന് എന്തിന് നേതൃത്വം നൽകുന്നു? യുവതീ പ്രവേശനത്തിന് വേണ്ടി ശ്രമിച്ച സർക്കാരിന് എന്ത് അർഹത? അവിശ്വാസികളായ കമ്മ്യൂണിസ്റ്റുകാർ എന്തിന് അയ്യപ്പസംഗമം നടത്തണം ? തുടങ്ങി പല കോണുകളിൽ നിന്ന് പലവിധ വിമർശനശരങ്ങളാണ് സർക്കാരിനും സി.പി.എമ്മിനും നേരെ വരുന്നത്.

ശബരിമലയും ശ്രീധർമ്മശാസ്താവും പതിനെട്ടാംപടിയും കെട്ടുനിറയും ശരണംവിളിയും വ്രതവിശുദ്ധിയും അയ്യപ്പഭക്തിഗാനങ്ങളും വൃശ്ചികമാസ കുളിരുപോലെ മത, ജാതിഭേദമെന്യേ ഏതൊരു മലയാളിയുടെയും വികാരമാണ്. ശബരിമലയിൽ യുവതീ പ്രവേശനം സംബന്ധിച്ച സംഘർഷകാലം വിശ്വാസികളുടെ മനസുകളിൽ ഏൽപ്പിച്ച മുറിവിന്റെ നീറ്റൽ അത്ര പെട്ടെന്ന് മാറുകയുമില്ല. യഥാർത്ഥ അയ്യപ്പവിശ്വാസികളായ യുവതികൾ ശബരിമലയിലേക്ക് പോകില്ലെന്ന് തന്നെയാണ് അന്നും ഇന്നും എസ്.എൻ.ഡി.പി. യോഗത്തിന്റെ നിലപാട്. ആചാരസംരക്ഷണത്തിന്റെ പേരിൽ പൊലീസിന്റെ തല്ലുകൊള്ളാനും കേസിൽപ്പെട്ട് വലയാനും യോഗം പ്രവർത്തകർ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങില്ലെന്നായിരുന്നു നമ്മുടെ നയം. സുപ്രീം കോടതി വിധി നടപ്പാക്കാനെന്ന പേരിൽ സംസ്ഥാന സർക്കാരിലെയും സി.പി.എമ്മിലെയും ചിലരുടെ തീരുമാനങ്ങൾ പിഴച്ചുപോയെന്ന ആക്ഷേപം ഇന്നും ജനങ്ങൾക്കിടയിൽ നിലനിൽക്കുന്നുണ്ട്. പഴയ നിലപാട് ഇപ്പോൾ സംസ്ഥാന സർക്കാരിനോ പാർട്ടിക്കോ ഇല്ലെന്നാണ് അവരുടെ സമീപനങ്ങളിലൂടെ മനസിലാകുന്നത്.

ശബരിമല ആഗോള തീർത്ഥാടനകേന്ദ്രമാക്കുകയാണ് സംഗമത്തിന്റെ ലക്ഷ്യങ്ങളിലൊന്ന്. നല്ല കാര്യമാണ്. എത്രയോ വർഷങ്ങൾക്ക് മുമ്പ് ചിന്തിക്കേണ്ട വിഷയം ഇപ്പോഴെങ്കിലും ഉയർത്തുന്നത് സ്വാഗതാർഹമാണ്. ലോകത്ത് ഏറ്റവുമധികം പേർ എത്തുന്ന പ്രധാന ആരാധനാലയങ്ങളിൽ ഒന്നാണ് ശബരിമല. ആ പ്രാധാന്യം കേരളത്തിലെ മാറി മാറി വന്ന ഒരു സർക്കാരും പരിഗണിച്ചിട്ടില്ല. നടക്കാത്ത മാസ്റ്റർ പ്ളാനുകളും അശാസ്ത്രീയമായ, ദീർഘദൃഷ്ടിയില്ലാത്ത വികസനപദ്ധതികളും വനമദ്ധ്യത്തിലെ ക്ഷേത്രമെന്ന പരിഗണനയില്ലാതെയുള്ള നടപടികളും കോടിക്കണക്കായ ഭക്തരെ പലരീതിയിൽ ചൂഷണം ചെയ്യലുമാണ് ഇന്നും നടക്കുന്നത്. കേരളത്തിന്റെ സമഗ്രമായ വികസനത്തിന് വലിയ തോതിൽ സഹായിക്കാൻ ശേഷിയുള്ള ആരാധനാലയമാണ് ശബരിമലയെന്ന് തിരിച്ചറിയാൻ സംസ്ഥാനത്തെ ഭരണകൂടങ്ങൾ വൈകിപ്പോയി. ഭാവനാശൂന്യരായ ദേവസ്വം ബോർഡുകളും സർക്കാർ ഭരണകർത്താക്കളും ശബരിമലയെ അർഹിക്കുന്ന പ്രാധാന്യത്തോടെ കണ്ടിട്ടേയില്ല. കേരളത്തിലെ ശബരിമല റൂട്ടുകളിൽ ഒന്നിൽ പോലും അയ്യപ്പന്മാർക്കായി നല്ലൊരു ഇടത്താവളമില്ല. മണ്ഡലകാലത്ത് ദിവസവും ജനലക്ഷങ്ങൾ എത്തുന്ന സന്നിധാനത്ത് വൃത്തിയുള്ള ടോയ്‌ലറ്റില്ല. മാലിന്യസംസ്കരണ സംവിധാനങ്ങളില്ല. ഒരു പ്രൊഫഷണൽ സമീപനവുമില്ല. സർക്കാരിന് നേരിട്ടും ബോർഡുകൾക്കും ഇതൊക്കെ നിഷ്‌പ്രയാസം സാദ്ധ്യമാക്കാൻ സാധിച്ചേനെ. മലയാളികളുടെ ആതിഥ്യ മര്യാദ ലോകത്തെ അറിയിക്കാനുള്ള മാർഗം കൂടിയായിരുന്നു ഇത്. അനന്തസാദ്ധ്യതകൾ മുന്നിലുള്ളപ്പോൾ നിഷ്‌ക്രിയമായി നോക്കിയിരുന്നു കേരളം. ചരിത്രപരമായ കാരണങ്ങളാൽ ക്ഷേത്രഭരണത്തിന് രൂപം കൊണ്ടതാണ് കേരളത്തിലെ സ്വയംഭരണാധികാരമുള്ള അഞ്ച് ദേവസ്വം ബോർഡുകൾ. അവയെല്ലാം തന്നെ ഇന്ന് ദുർഭരണത്തിന്റെയും രാഷ്ട്രീയ അതിപ്രസരത്തിന്റെയും അഴിമതിയുടെയും ഉത്തമ ദൃഷ്ടാന്തങ്ങളുമാണ്. സർക്കാർ നീക്കത്തെ ഭക്തജനങ്ങൾ സംശയത്തോടെ വീക്ഷിച്ചാൽ കുറ്റം പറയാനുമാവില്ല.

1260 ഓളം ക്ഷേത്രങ്ങൾ സ്വന്തമായുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിനെ നിലനിറുത്തുന്നത് ശബരിമലയിലെ വരുമാനമാണ്. ബോർഡിന്റെ ക്ഷേത്രങ്ങളിൽ വിരലിലെണ്ണാവുന്ന ഒഴികെയുള്ളവയ്ക്ക് നിത്യനിദാനത്തിന് പോലും വകയില്ല. കാരണം മാറിമാറിവന്ന ബോർഡുകളുടെ ഭരണപരാജയമാണ്. ഹൈന്ദവ വിശ്വാസികളെ പരിഹസിക്കുന്ന രീതിയിലാണ് പല ക്ഷേത്രങ്ങളുടെയും നടത്തിപ്പ്. ക്ഷേത്രസ്വത്തുക്കളുടെ സംരക്ഷണം ബോർഡുകൾ ചെയ്യുന്നില്ല. ശതകോടികളുടെ ഭൂസ്വത്തുക്കൾ അന്യാധീനപ്പെട്ടുപോയി. ഈ സാഹചര്യത്തിലാണ് ആഗോള അയ്യപ്പസംഗമം ഇടതുസർക്കാർ വിളിച്ചുചേർക്കുന്നത്. നിലവിലെ ദേവസ്വം ക്ഷേത്രങ്ങളുടെ ദു:സ്ഥിതിയും അതിനുപരിയായി ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങളും സ്വാഭാവികമായും ഭക്തരിൽ ആശങ്കയും ആശയക്കുഴപ്പവുമുണ്ടാക്കും. അത് പരിഹരിക്കേണ്ടത് സർക്കാരിന്റെ ചുമതലയുമാണ്. അയ്യപ്പ സംഗമത്തിൽ രാഷ്ട്രീയം കലരാതെയും രാഷ്ട്രീയ കക്ഷികളെ ഉൾപ്പെടുത്താതെയും നോക്കേണ്ടതുണ്ട്. പരാതികൾക്കിടയില്ലാതെ എല്ലാ ഹൈന്ദവസംഘടനകളെയും ഈ സംഗമത്തിന്റെ ഭാഗമാക്കാൻ ശ്രമം വേണം. കേന്ദ്ര സർക്കാരിന്റെയും എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനസർക്കാരുകളുടെയും പ്രാതിനിധ്യം ഉറപ്പാക്കണം.അതോടൊപ്പം തന്നെ അയ്യപ്പവിശ്വാസികളെ വെല്ലുവിളിച്ച വ്യക്തിത്വങ്ങളെ അയ്യപ്പസംഗമത്തിൽ നിന്ന് അകറ്റി നിറുത്തുകയും വേണം. ശബരിമല പ്രക്ഷോഭകാലത്ത് സമരക്കാർക്കെതിരെ കേരള പൊലീസ് രജിസ്റ്റർ ചെയ്ത നൂറുകണക്കിന് കേസുകളിൽപ്പെട്ട് പതിനായിരക്കണക്കിന് പേർ ഇന്നും സംസ്ഥാനത്തെമ്പാടുമുള്ള കോടതികൾ കയറിയിറങ്ങുന്നുണ്ട്. അനവധി യുവാക്കൾക്ക് ഇതുമൂലം ജോലി അവസരങ്ങൾ നഷ്ടമായി. വിദേശയാത്രകൾ വിലക്കപ്പെടുന്നു. ഈ കേസുകൾ പിൻവലിക്കുന്ന കാര്യത്തിൽ സർക്കാർ അടിയന്തരമായ തീരുമാനമെടുക്കുന്നത് ഉചിതമാകും.
സർക്കാർ കൈക്കൊള്ളുന്ന പുതിയ സമീപനത്തെ വിശ്വാസത്തിലെടുത്താണ് എസ്.എൻ.ഡി.പി യോഗം ആഗോള അയ്യപ്പസംഗമത്തെ സ്വാഗതം ചെയ്യുന്നത്. ജാതി, മത, വർഗ,വർണ വ്യത്യാസമില്ലാതെ എല്ലാവരെയും പ്രവേശിപ്പിക്കുന്ന ആരാധനാലയമാണ് ശബരിമല. അങ്ങനെയുള്ള ഇടത്തെ ആരാധനാമൂർത്തിയായ അയ്യപ്പന്റെ പ്രശസ്തിയും പ്രസക്തിയും ലോകത്തെ അറിയിക്കാനുള്ള ആഗോള അയ്യപ്പ സംഗമം വലിയ വിജയമാകാൻ സാദ്ധ്യതയുണ്ട്. അന്യസംസ്ഥാനങ്ങളിൽ നിന്ന് മാത്രമല്ല വിദേശത്ത് നിന്നും സമ്പത്ത് കേരളത്തിലേക്ക് ഒഴുകാനും ശബരിമലയുടെ സമഗ്രമായ വികസനത്തിനും ശബരിമലയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ജനങ്ങളുടെ പുരോഗതിക്കും ഇത് വഴിയൊരുക്കാം. സാമ്പ്രാണിയും കർപ്പൂരവും മാലയും വരെ നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്നവരുടെ ഉൾപ്പടെ എത്രയോ പേരുടെ ജീവിതത്തിന് സൗരഭ്യം പകരാനുമാകും. മണ്ഡലകാലത്ത് അന്യദേശക്കാരായ ഭക്തരിൽ നിന്ന് കേരളത്തിന് ലഭിക്കുന്ന നികുതി വരുമാനവും ശബരിമല യാത്രാപഥങ്ങളിലെ വ്യാപാരികൾക്ക് ലഭിക്കുന്ന കച്ചവടവും ചെറുതല്ല. കൂടുതൽ ഭക്തരെത്തിയാൽ കേരളത്തിന്റെ സമഗ്രമായ പുരോഗതിക്ക് തന്നെയാണ് ശബരിമലയെന്ന തീർത്ഥാടന കേന്ദ്രവും അയ്യപ്പനെന്ന അസാധാരണമായ ദൈവസങ്കല്പവും വഴിയൊരുക്കുക. ഭക്തനെ ഈശ്വരനാക്കി മാറ്റുന്ന അയ്യപ്പസന്നിധിയിൽ അവരെ നെട്ടോട്ടമോടിക്കാതെ മാന്യമായ, സുഖകരമായ ദർശനസൗകര്യം ഒരുക്കാനുള്ള പ്രൊഫഷണൽ സംവിധാനമൊരുക്കലാകട്ടെ അയ്യപ്പസംഗമത്തിന്റെ പ്രധാന അജണ്ടകളിലൊന്ന്. ഹൈന്ദവ വികാരങ്ങളെയും വിശ്വാസങ്ങളെയും ആചാരങ്ങളെയും മാനിച്ചുകൊണ്ട് ആഗോള അയ്യപ്പമഹാസംഗമം നടത്തണമെന്നും നല്ല ആശയങ്ങൾ സമയബന്ധിതമായി സഫലമാക്കണമെന്നും മാത്രമാണ് സർക്കാരിനോടും ദേവസ്വം ബോർഡിനോടും അഭ്യർത്ഥിക്കാനുള്ളത്. ഈ ഉദ്യമത്തിന് എല്ലാ വിജയാശംസകളും നേരുന്നു. സ്വാമി ശരണം….

Author

115 Views
Scroll to top
Close
Browse Categories