മങ്കേഷി ലതയുടെ നാട്
ക്ഷേത്രവഴികളിലൊക്കെ ആവര്‍ത്തിച്ചുകേട്ടപേര് ഇന്ത്യയുടെ വാനമ്പാടി ലതാമങ്കേഷ്‌കറുടെ പേരായിരുന്നു. അതിന് തക്കതായ ഒരു കാരണവുമുണ്ടായിരുന്നു. മങ്കേഷി ഗ്രാമത്തിന്റെ പേരില്‍നിന്ന് പിതൃവഴിയിലാണ് ലതാദീ മങ്കേഷ്‌കര്‍ എന്ന വംശപ്പേരു ലഭിച്ചത്. സംഗീതപ്രേമികള്‍ക്ക് നാദധാരയായിരുന്ന ദേവഗായികയുടെ ശബ്ദം പോലെ മധുരമുള്ള ഒരു കഥയല്ല, അതിനു പിന്നിലുള്ളത്.പതിറ്റാണ്ടുകള്‍ക്കപ്പുറത്ത് ദേവദാസി സമ്പ്രദായം ഗോവയിലെ ചില ഗ്രാമങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു

ഗോവയിലെ ക്ഷേത്ര നിര്‍മ്മിതികളുടെ വാസ്തുശില്പകല പ്രശസ്തമാണ്. വിവിധങ്ങളായ വാസ്തുശാസ്ത്രങ്ങളുടെ സങ്കലനത്തില്‍ തനതായ ഒരു ശില്പസൗന്ദര്യം ആവിഷ്‌കരിക്കുന്ന ഗോവയിലെ വിവിധങ്ങളായ ക്ഷേത്രങ്ങള്‍, സഞ്ചാരികളുടെ സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നവയാണ്. ഐതിഹ്യങ്ങളും കാലപ്പഴക്കവും വിവിധങ്ങളായ ആചാരങ്ങളും വൈവിധ്യങ്ങളുമൊക്കെ ഈ മന്ദിരങ്ങളെ വേറിട്ട കാഴ്ചകളാക്കുന്നു.
നോര്‍ത്ത് ഗോവയില്‍, പോണ്ട താലൂക്കിലെ കോര്‍ട്ടാലിമിലെ മംഗേഷി ഗ്രാമത്തിലാണ് പ്രശസതമായ മംഗേഷിക്ഷേത്രം. ഗോവയിലെ പഴക്കം ചെന്ന ശിവക്ഷേത്രങ്ങളിലൊന്ന്. പോര്‍ച്ചുഗീസ് പടയോട്ടത്തില്‍ പലവട്ടം നശിപ്പിക്കപ്പെട്ട ക്ഷേത്രമാണ് മംഗേഷിയിലേത്. പാനാജിയില്‍ നിന്നും 21 കിലോമീറ്ററും വാസ്‌കോപട്ടണത്തില്‍നിന്നും 37 കിലോമീറ്ററുമാണ് ദൂരം.
ക്ഷേത്രഗോപുര കവാടത്തിലെ ഏഴുനിലകളിലുള്ള ധവളിമയാര്‍ന്ന ദീപഗോപുരം മംഗേഷി ക്ഷേത്രത്തിന്റെ പ്രധാന ആകര്‍ഷണമാണ്. പോര്‍ച്ചുഗീസ് ശൈലിയിലുള്ള വാസ്തുവിദ്യയാണ് ക്ഷേത്രത്തിന്. ഒരു വശത്ത് ജലാശയം പരിസരത്തെ മനോഹരമാക്കുന്നു. ക്ഷേത്രത്തിന്റെ പ്രവേശന വഴികളില്‍ മറ്റേതു ക്ഷേത്രനടവഴികളിലേപ്പോലെ ഇരുവശവും വിവിധ സാധനങ്ങള്‍ വില്‍ക്കുന്ന കടകളാണ്. വിലപേശലും വില്പനയുമൊക്കെ വലിയ ബഹളങ്ങളില്ലാതെ മുറയ്ക്കു നടക്കുന്നു.
മങ്കേഷ്‌കറും മങ്കേഷിയും
ക്ഷേത്രവഴികളിലൊക്കെ ആവര്‍ത്തിച്ചുകേട്ടപേര് ഇന്ത്യയുടെ വാനമ്പാടി ലതാമങ്കേഷ്‌കറുടെ പേരായിരുന്നു. അതിന് തക്കതായ ഒരു കാരണവുമുണ്ടായിരുന്നു. മങ്കേഷി ഗ്രാമത്തിന്റെ പേരില്‍നിന്ന് പിതൃവഴിയിലാണ് ലതാദീക്ക് മങ്കേഷ്‌കര്‍ എന്ന വംശപ്പേരു ലഭിച്ചത്. സംഗീതപ്രേമികള്‍ക്ക് നാദധാരയായിരുന്ന ദേവഗായികയുടെ ശബ്ദം പോലെ മധുരമുള്ള ഒരു കഥയല്ല, അതിനു പിന്നിലുള്ളത്.
പതിറ്റാണ്ടുകള്‍ക്കപ്പുറത്ത് ദേവദാസി സമ്പ്രദായം ഗോവയിലെ ചില ഗ്രാമങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ഇത്തരത്തില്‍ ക്ഷേത്ര ഗ്രാമങ്ങളില്‍ പലതിലും ദേവദാസി സമ്പ്രദായം നിലനിന്നിരുന്നു. ഗോവന്‍ ദേവദാസികളുടെ പാട്ടും, നൃത്തവും ശരീരവും ദൂരെദിക്കുകളില്‍പോലും പ്രസിദ്ധമായിരുന്നു.
മംഗേഷിയിലെ ദേവദാസിയായിരുന്ന യേശുഭായിറാണെയുടേയും ബ്രാഹ്മണ പുരോഹിതനായിരുന്ന ഗണേഷ്ഭട്ട് ഹാര്‍ദികറിന്റേയും മകനായിട്ടായിരുന്നു ദീനനാഥിന്റെ ജനനം. ഗണേഷ്ഭട്ടിന് വേറെ അംഗീകൃത കുടുംബമുള്ളതിനാല്‍ കുടുംബപേരായ ഹാര്‍ദികര്‍ പോലും ഹതഭാഗ്യനായ ദീനാനാഥിന് ദാനമായി കിട്ടിയില്ല.
മറാത്തി നാടകരംഗത്തെ തിളങ്ങുന്ന കലാകാരനായി പേരെടുത്ത ദീനാനാഥ് ജന്മദേശമായ മങ്കേഷിയെ തന്റെ പേരില്‍ ചേര്‍ത്ത് വംശപ്പേരായി അംഗീകരിച്ചു. അങ്ങനെ ദീനനാഥ് മങ്കേഷ്‌കറായി. പില്‍ക്കാലത്ത് ദേവദാസി സമ്പ്രദായം ഗോവയില്‍ ഇല്ലാതായെങ്കിലും ഈ വേരുകളുള്ള പ്രശസ്ത ഗായിക കിശോരി അമോങ്കര്‍ അടക്കമുള്ള രാജ്യാന്തര പ്രശസ്തി നേടിയ ഒരുപാട് കലാകാരന്മാര്‍ ഈ പാരമ്പര്യത്തിന്റെ കണ്ണികളായിരുന്നു.
ദീനനാഥ് മങ്കേഷ്‌കര്‍ ഇന്‍ഡോര്‍ സ്വദേശിനിയായ ശേവന്തിയെ വിവാഹം ചെയ്തു. അദ്ദേഹത്തിന് ശേവന്തിയില്‍ ജനിച്ച മക്കളാണ് ലതാമങ്കേഷ്‌കറും, മറ്റൊരാള്‍ ആശാഭോണ്‍സ്‌ലെയും. ലതയുടെ ആദ്യപേര് ഹേമ എന്നായിരുന്നു. ദീനാനാഥിന്റെ ഒരു പ്രശസ്ത നാടകത്തിലെ കേന്ദ്രകഥാപാത്രമായ ലതിക എന്ന പേരില്‍നിന്ന് ലത എന്ന പേര് സ്വീകരിക്കുകയായിരുന്നു. പിതാവായ ദീനാനാഥിലൂടെയാണ് ലതയുടെ വംശപേരായി മംങ്കേഷ്‌കര്‍ കിട്ടുന്നത്.
ലതയ്ക്ക് പതിമൂന്നു വയസുള്ളപ്പോള്‍ ദീനാനാഥ് അന്തരിച്ചു. കുടുംബപ്രാരാബ്ധങ്ങള്‍ മൂലം ആദ്യം സിനിമാ അഭിനയത്തിലേക്കിറങ്ങിയ ലത ഇന്ത്യന്‍ ചലച്ചിത്ര ലോകത്തെ എക്കാലത്തേയും തിളങ്ങുന്ന ഗായികയായി മാറി. ഏതായാലും മങ്കേഷിഗ്രാമവും, അതിന്റെ പ്രശസ്തിയും ലതാമങ്കേഷ്‌കറോടൊപ്പം ചേര്‍ത്തു വയ്ക്കപ്പെട്ടു. ഇന്ന് വന്‍തോതില്‍ മങ്കേഷിയിലേക്ക് സഞ്ചാരികളെത്തുന്നതിനു പിന്നില്‍ ഈ പേരിന്റെ പെരുമ കൂടിയുണ്ട്.
ശ്രീ മംഗേഷി ക്ഷേത്രത്തിന്റേയും ഐതിഹ്യം കൗതുകമുള്ളതാണ്. പകിടകളിയില്‍ ഭാര്യപാര്‍വ്വതിയോടു പരാജയപ്പെട്ട പരമശിവന്‍ ഹതാശനായി കൈലാസം വിട്ട് തെക്കോട്ട് പാലായനം ചെയ്തു. ഹിമാലയത്തില്‍ കൈലാസത്തിലെ വീടുപോലും ഉപേക്ഷിച്ച് ദക്ഷിണേന്ത്യയിലേക്കുവന്ന് ഗോവയിലെത്തി. അവിടെ താമസിച്ച് ധ്യാനിക്കാന്‍ തീരുമാനിച്ചു. ഏകാന്തതയിലായ പാര്‍വ്വതിയും ശിവനെ അന്വേഷിച്ച് ഗോവയിലെത്തി. കാട്ടിലൂടെ സഞ്ചരിക്കവേ പാര്‍വ്വതി തന്റെ നേര്‍ക്ക് പാഞ്ഞടുത്ത ഒരു കടുവയെക്കണ്ട് ഭയന്നു. പാര്‍വതി ”ത്രഹി മാം ഗ്രിഷാ” എന്ന് ഉറക്കെ പ്രാര്‍ത്ഥിച്ചു. പരമശിവനായിരുന്നു കടുവയുടെ രൂപത്തിലെത്തി പാര്‍വ്വതിയെ കബളിപ്പിച്ചത്. ദൈവമേ രക്ഷിക്കൂ എന്ന പാര്‍വ്വതിയുടെ പ്രാര്‍ത്ഥനകേട്ട ശിവന്‍ സ്വരൂപത്തിലേക്ക് വന്ന് പാര്‍വ്വതിയെ ആശ്വസിപ്പിച്ചു. തുടര്‍ന്ന് ഈ സ്ഥലം ‘മാംഗ്രിഷാ’ എന്ന പദവുമായി ബന്ധപ്പെട്ട് അറിയപ്പെട്ടു. ആ വാക്ക് പരിണമിച്ച് കാലാന്തരത്തില്‍ ആ പ്രദേശം മങ്കേഷി എന്നും അറിയപ്പെട്ടു.
പരമ്പരാഗത ഗോവന്‍ വാസ്തുകലയില്‍ നിര്‍മ്മിച്ച 450 ല്‍ പരം വര്‍ഷത്തെ പഴക്കമുള്ള നിര്‍മ്മിതിയാണ് മങ്കേഷിയിലെ ക്ഷേത്രമന്ദിരം. രൂപകല്പനയില്‍ മനോഹരങ്ങളായ താഴികക്കുടങ്ങളും ജലസംഭരണിയും ഉള്‍പ്പെടുന്നു. ശിവരാത്രി, നവരാത്രി ആഘോഷങ്ങളാണ് പ്രധാനം. ഒരു ഹൈന്ദവക്ഷേത്രം എന്നതിലപ്പുറം ഗോവയുടെ സമ്പന്നമായ സാംസ്‌കാരിക ചരിത്രത്തിന്റേയും സാംസ്‌കാരിക വിനിമയത്തിന്റേയും വാസ്തുവിദ്യാ സവിശേഷതകളുടേയും സങ്കലനമായ നിര്‍മ്മിതിയാണ് പോണ്ടയിലെ മങ്കേഷി ക്ഷേത്രം.
പുരാതനമായ
മഹാലക്ഷ്മിക്ഷേത്രം
പോര്‍ച്ചുഗീസ് കാലത്ത് പോര്‍ച്ചുഗീസ് രാജാവില്‍ നിന്നു നിര്‍മ്മാണാനുമതി ലഭിച്ച ഹൈന്ദവ ക്ഷേത്രമാണ് ശ്രീ മഹാലക്ഷ്മി മന്ദിരം. അക്കാലത്ത് ക്ഷേത്രങ്ങളൊക്കെ ക്ഷയിക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തിരുന്നു. പോര്‍ച്ചുഗീസ് വാഴ്ചയുടെ മൂന്നു നൂറ്റാണ്ടുകള്‍ പിന്നിട്ട കാലത്തെങ്ങോവന്ന ഉദാരനായ ഒരു ഗവര്‍ണറായിരുന്നു ക്ഷേത്രത്തിന് നിര്‍മ്മാണാനുമതി നല്‍കിയത്. നൂറ്റാണ്ടുകള്‍ക്കുശേഷം ഉദയംകൊണ്ട ഹിന്ദുക്ഷേത്രമെന്ന ബഹുമതി പനാജിയിലെ മഹാലക്ഷ്മി ക്ഷേത്രമന്ദിരത്തിനുണ്ടായി. പോര്‍ച്ചുഗീസുകാര്‍ നടപ്പിലാക്കിയ നിര്‍ബന്ധിത മതപരിവര്‍ത്തന നയങ്ങളേയും മതദ്രോഹ വിചാരണകളേയും ഭയന്ന് വര്‍ഷങ്ങളോളം മഹാലക്ഷ്മിക്ഷേത്ര വിഗ്രഹം ഒളിപ്പിച്ചു വച്ചിരുന്നു. ക്ഷേത്രത്തിലേത് ലോഹപ്രതിമയാണ്. കല്ലില്‍ കൊത്തിയ യഥാര്‍ത്ഥ വിഗ്രഹം പരിസരത്തുതന്നെ സൂക്ഷിക്കുന്നു.
ചരിത്രസ്മാരകങ്ങളായ ആരാധനാലയങ്ങള്‍, ജുമാമസ്ജിത്, ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ ചര്‍ച്ച്, മഹാലക്ഷ്മിക്ഷേത്രം എന്നിവ പനാജിയില്‍ ഒറ്റ വഴിയിലാണ്. അത് മതസൗഹാര്‍ദ്ദത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നു. പതിനാറാം നൂറ്റാണ്ടില്‍ ദാനധര്‍മ്മങ്ങളില്‍ വിശ്വസിച്ചിരുന്ന കാര്‍വാര്‍ പ്രദേശങ്ങളിലെ ബ്രാഹ്മണര്‍ മഹാലക്ഷ്മിയെ ആരാധിച്ചിരുന്നു. സഞ്ചാരികളായ അവര്‍ ലക്ഷ്മി വിഗ്രഹവുമായി മണ്‌ഡോവി നദിക്കരയിലെ പനാജിയിലെത്തി. പോര്‍ച്ചുഗീസ് സൈന്യത്തിന്റെ കിരാതവാഴ്ചയെക്കുറിച്ച് അറിഞ്ഞ അവര്‍ വിഗ്രഹം ഒളിപ്പിച്ചു. മഹാലക്ഷ്മി ക്ഷേത്ര നിര്‍മ്മാണത്തോടെ വിഗ്രഹം അവിടെയെത്തിച്ചു.
വിജയദശമി ദിനത്തില്‍ ദേവിയെ തേരിലേറ്റി നഗരപ്രദക്ഷിണം ചെയ്യുന്നത് പ്രധാന ഉത്സവമാണ്. ഇതിനായി മൂന്നു തേരുകള്‍ തയ്യാറാക്കിയിട്ടുണ്ട്. വിഗ്രഹം പ്രധാന തേരിലേറ്റും. മറ്റു രണ്ടു തേരുകള്‍ അകമ്പടി പോകും. ഈ ഘോഷയാത്ര ധാരാളം പേരെ ആകര്‍ഷിക്കുന്ന മഹോത്സവമാണ്.
ക്ഷേത്രമന്ദിരത്തിന്റെ വാസ്തുവിദ്യാസൗന്ദര്യം പനാജി പട്ടണത്തിന്റെ ആകര്‍ഷണങ്ങളില്‍ ഒന്നാണ്. ക്ഷേത്രമന്ദിരത്തിലെ മഹാലക്ഷ്മി വിഗ്രഹത്തെ സമ്പത്തിന്റേയും സമൃദ്ധിയുടേയും ദേവതയായി കണക്കാക്കുന്നു. ഗോവയുടെ ആത്മീയ ജീവിതത്തില്‍ തലസ്ഥാനനഗരിയിലെ മഹാലക്ഷ്മി ക്ഷേത്രത്തിന് സവിശേഷ പങ്കുണ്ട്.
ഗോവയിലെ പോണ്ടയിലെ മറ്റൊരു ക്ഷേത്രമാണ് ശ്രീശാന്താദുര്‍ഗ്ഗക്ഷേത്രം. ശാന്തഭാവത്തിലുള്ള ദുര്‍ഗ്ഗയാണ് ഇവിടുത്തെ പ്രതിഷ്ഠ. വിഷ്ണുവും ശിവനുമായുള്ള സംഘര്‍ഷ പരിഹാരത്തിന് അവതാരമെടുത്ത ദേവിയാണ് ശാന്താദുര്‍ഗ്ഗ. ഒരിക്കല്‍ ശിവനും വിഷ്ണുവും തമ്മിലുള്ള സംഘര്‍ഷം ആരും പരാജയപ്പെടാതെ നീണ്ടപ്പോള്‍ ബ്രഹ്മാവാണ് ജഗദംബയായ ശാന്താദുര്‍ഗ്ഗയെ അവതാരം എടുപ്പിച്ചത്. ദേവിയുടെ ഇടപെടലില്‍ കോപമടങ്ങിയ ശിവ-വിഷ്ണുമാരുടെ ഐതിഹ്യമാണ് ശാന്താദുര്‍ഗ്ഗാ ക്ഷേത്രത്തിനു പിറകില്‍. ഇന്തോ-പോര്‍ച്ചുഗീസ് വാസ്തുകലയില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ശാന്താദുര്‍ഗാക്ഷേത്രം അതിന്റെ രൂപഭംഗിയിലും പ്രശസ്തമാണ്. പിരമിഡ് ആകൃതിയിലുള്ള മിനാരങ്ങളും റോമന്‍ ശൈലിയിലുള്ള ജനാലകളുടെ കമാനങ്ങളും ധവളിമയാര്‍ന്ന ദൃശ്യഭംഗിയും ശ്രദ്ധേയമാണ്. 9387034142






