ഓണപ്പാട്ട്

മാവേലി നാടുവാണീടും കാലം
മനുഷ്യരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ല താനും
കള്ളവുമില്ല ചതിവുമില്ല –
എള്ളോളമില്ല പൊളിവചനം
തീണ്ടലുമില്ല തൊടീലുമില്ല –
വേണ്ടാതനങ്ങള്‍ മറ്റൊന്നുമില്ല
ചോറുകള്‍വച്ചുള്ള പൂജയില്ല –
ജീവിയെക്കൊല്ലുന്ന യാഗമില്ല
ദല്ലാള്‍വഴിക്കീശ സേവയില്ല
വല്ലാത്ത ദൈവങ്ങളൊന്നുമില്ല
സാധുധനികവിഭാഗമില്ല –
മൂലധനത്തിന്‍ ഞെരുക്കലില്ല
ആവതവരവര്‍ ചെയ്തുനാട്ടില്‍ –
ഭൂതി വളര്‍ത്താന്‍ ജനം ശ്രമിച്ചു
വിദ്യപഠിക്കാന്‍ വഴിയേവര്‍ക്കും –
സിദ്ധിച്ചു മാബലി വാഴും കാലം
സ്ത്രീക്കും പുരുഷനും തുല്ല്യമായി-
വാച്ചു സ്വതന്ത്രതയെന്തു ഭാഗ്യം
കാലിക്കുകൂടി ചികിത്സ ചെയ്യാന്‍ –
ആലയം സ്ഥാപിച്ചിതന്നു മര്‍ത്യര്‍
സൗഗതരേവം പരിഷ്‌കൃതരായ്
സര്‍വ്വം ജയിച്ചു ഭരിച്ചു പോന്നോര്‍
ബ്രാഹ്‌മണര്‍ക്കീര്‍ഷ്യ വളര്‍ന്നു വന്നി-
ഭൂതി കെടുക്കാനവര്‍ തുനിഞ്ഞു
കൗശല മാര്‍ന്നൊരു വാമനനെ –
വിട്ടുചതിച്ചവര്‍ മാബലിയെ
ദാനം കൊടുത്ത സുമതി തന്റെ –

ശീര്‍ഷം ചവിട്ടിയായാചകനും
അന്നുതൊട്ടിന്ത്യയധ: പതിച്ചു –
മന്നിലധര്‍മ്മം സ്ഥലം പിടിച്ചു.
ദല്ലാള്‍ മതങ്ങള്‍ നിറഞ്ഞു കഷ്ടം
ക്കൊല്ലുന്ന ക്രൂര മതവുമെത്തി
വര്‍ണ്ണവിഭാഗ വ്യവസ്ഥ വന്നു –
മന്നിടം തന്നെ നരകമാക്കി
മര്‍ത്യനെ മര്‍ത്യനശുദ്ധനാക്കും –
മയ്ത്തപ്പിശാചും കടന്നുകൂടി
തന്നിലശക്തന്റെ മേലില്‍കേറി –
തന്നില്‍ബലിഷ്ടന്റെ കാലുതാങ്ങും
സ്‌നേഹവും നാണവും കെട്ടരീതി-
മാനവര്‍ക്കേകമാം ധര്‍മ്മമായി.
സാധുജനത്തിന്‍ വിയര്‍പ്പുഞെക്കി-
നക്കിക്കുടിച്ചു മടിയര്‍വീര്‍ത്തു
നന്ദിയും ദീനകരുണതാനും –
തിന്നുകൊഴുത്തി വര്‍ക്കേതുമില്ല
സാധുക്കളക്ഷരം ചൊല്ലിയെങ്കില്‍ –
ഗര്‍വ്വിഷ്ട രീദുഷ്ടര്‍ നാക്കറുത്തൂ
സ്ത്രീകളിവര്‍ക്കുകളിപ്പാനുള്ള
പാവകളെന്നു വരുത്തിവെച്ചു
ആന്ധ്യമസൂയയും മൂത്തു പാരം –
സ്വാന്തബലം പോയ് ജനങ്ങളെല്ലാം
കഷ്ടമേ, കഷ്ടം പുറത്തു നിന്നു –
മെത്തിയോര്‍ക്കൊക്കെ യടിമപ്പെട്ടു

എത്രനൂറ്റാണ്ടുകള്‍ നമ്മളേവം
ബുദ്ധിമുട്ടുന്നു സഹോദരരേ
നമ്മെയുയര്‍ത്തുവാന്‍ നമ്മളെല്ലാ-
മൊന്നിച്ചുണരണം കേള്‍ക്ക നിങ്ങള്‍
ബ്രാഹ്‌മണോപജ്ഞമാം കെട്ട മതം
സേവിപ്പവരെ ചവിട്ടും മതം
നമ്മളെത്തമ്മിലകറ്റും മതം
നമ്മള്‍ വെടിയണം നന്മ വരാന്‍
സത്യവും ധര്‍മ്മവും മാത്രമല്ലൊ
സിദ്ധി വരുത്തുന്ന ശുദ്ധമതം
ധ്യാനത്തിനാലെ പ്രബുദ്ധരായ
ദിവ്യരാല്‍ നിര്‍ദ്ദിഷ്ടമായ മതം.
ആ മതത്തിന്നായ് ശ്രമിച്ചിടേണം
ആ മതത്തിന്നു നാം ചത്തിടേണം
വാമനാദര്‍ശം വെടിഞ്ഞിടേണം
മാബലി വാഴ്ചവരുത്തിടേണം
ഓണം നമുക്കിനി നിത്യമെങ്കില്‍
ഊനം വരാതെയിരുന്നുകൊള്ളും .

Author

104 Views
Scroll to top
Close
Browse Categories