നൂറ്റാണ്ടിന്റെ സന്ദേശവുമായൊരു ഗുരു ജയന്തി
കൈകാലുകള്‍ കൊണ്ട് അറിയാതെ പോലും ഒരു തെറ്റും ചെയ്യരുതെന്ന ഉപദേശം നല്‍കാനും, ആലസ്യമൊഴിച്ച് പരബോധം തരണമെന്ന് പ്രാര്‍ത്ഥിക്കാനും പഠിപ്പിച്ച ആ അവതാര പിറവിയുടെ 171-ാ മത് ജയന്തി വര്‍ഷമാണ് ചിങ്ങമാസത്തിലെ ചതയദിനം.പല മതസാരവുമേകം എന്ന സര്‍വധര്‍മ്മ സമഭാവനയുടെ ഉപദേശത്തിന് നൂറു വയസ്സു കഴിഞ്ഞു.ശുദ്ധിപഞ്ചകം, പഞ്ചമഹായജ്ഞം, ധര്‍മ്മപഞ്ചകം എന്നിവ ഉദ്ഘോഷിക്കുന്ന ശ്രീനാരായണ ധര്‍മ്മത്തിന്റെയും, മാനവ ലോകത്തിന്റെ ശ്രേയസിനും പ്രേയസിനുമായി പ്രാര്‍ത്ഥിക്കുന്ന ഹോമ മന്ത്രത്തിന്റെയും ശതാബ്ദി വര്‍ഷമാണ് 2025.

സത്യധര്‍മ്മങ്ങള്‍ മുറിവേറ്റു വീഴുമ്പോള്‍ ഏകതയുടെ സന്ദേശമായ തത്ത്വമസിയുടെ വിത്തു വിതക്കാന്‍ ഈ മണ്ണില്‍ അവതാരങ്ങള്‍ ഉണ്ടാകുമെന്നാണ് കലിയുഗാരംഭത്തില്‍ ഭഗവാന് ഭഗവത് ഗീതയില്‍ പാടിയത്. ഭാരതത്തിന്റെ തെക്കേയറ്റത്ത് പത്തൊന്‍പത് ഇരുപത് നൂറ്റാണ്ടുകളിലായി ജീവിച്ചിരുന്ന കാരുണ്യത്തിന്റെ അവതാരമായിരുന്ന ശ്രീനാരായണ ഗുരു (1855-1928) ഭഗവാന് പറഞ്ഞത് അന്വര്‍ത്ഥമാക്കുന്നതാണ്. മാനവ ലോകത്തിന് നേരാംവഴി കാണിക്കാനും, കൈകാലുകള്‍ കൊണ്ട് അറിയാതെ പോലും ഒരു തെറ്റും ചെയ്യരുതെന്ന ഉപദേശം നല്‍കാനും, ആലസ്യമൊഴിച്ച് പരബോധം തരണമെന്ന് പ്രാര്‍ത്ഥിക്കാനും പഠിപ്പിച്ച ആ അവതാര പിറവിയുടെ 171-ാ മത് ജയന്തി വര്‍ഷമാണ് ചിങ്ങമാസത്തിലെ ചതയദിനം.
ഗുരുവെന്ന സൗഭാഗ്യത്തെ അനുഭവിച്ച മനസുകളില്‍ ‘ദൈവത്തിന്റെ സ്വന്തം നാടെന്ന്’ പറയുമ്പോള്‍ കേരളം ഗുരുദേവന് വാഴുന്ന ക്ഷേത്രമായാണ് തെളിയുന്നത് .
ഒരു ജാതി ഒരു മതം ഒരു ദൈവമെന്നൊരു,
തിരുക്കുറള്‍ പാടിയ ഗുരുദേവ!
നിന് തിരുനാമം ജയിക്കട്ടെ !
നിന്റെ വെളിച്ചം നയിക്കട്ടെ !
പുതിയൊരു ധര്‍മ്മം പുലരട്ടെ !..
മതമേതായാലും മനുഷ്യന് നന്നാവാന്‍
ഉപദേശം നല്കിയ ഗുരുദേവ,
നിന് തിരുമൊഴികള്‍ ജയിക്കട്ടെ!
നിന്റെ വെളിച്ചം നയിക്കട്ടെ !
പുതിയൊരു ധര്‍മ്മം
പുലരട്ടെ!.

വയലാര്‍ എഴുതിയ ഈ വരികള്‍ ഭക്തിപൂര്‍വ്വം ഇന്നും ഏവരുടെയും മനസ്സില്‍ ഇടം പിടിക്കാനും കാരണമിതാണ്. മനുഷ്യന് നന്നായാല്‍ എല്ലാം ശരിയാകുമെന്ന പുതിയ ധര്‍മ്മത്തിന്റെ കാഹളം കാലം ചെല്ലുന്തോറും പ്രതീക്ഷ നല്‍കുന്നതാണ് .ഭാരതത്തിന്റെ ആത്മീയ പൈതൃകത്തെ ഉള്‍ക്കൊണ്ട കാലാതീതമായ ശക്തിയാണ് ഗുരുദര്‍ശനത്തിന് ഉള്ളതെന്ന ബോധ്യമാണ് ജനങ്ങള്‍ക്ക് ഇതിലൂടെ ഉണ്ടായത് . ഗുരുദേവ ഭക്തന്മാരാകട്ടെ ഇതെല്ലാം അങ്ങേയറ്റം ആവേശത്തോടും അഭിമാനത്തോടുമാണ് നെഞ്ചേറ്റിയതും. തീര്‍ച്ചയായും വരും കാലങ്ങളില്‍ വിദ്യാഭ്യാസം, ലോകസമാധാനം , മതസൗഹാര്‍ദം, അന്തര്‍ദേശീയ ധാരണ, കൃഷി, പരിസ്ഥിതി, കച്ചവടം, ശുചിത്വം തുടങ്ങിയ രംഗങ്ങളിലുള്ള പ്രതിസന്ധികള്‍ പരിഹരിക്കാന്‍ ഗുരുവിചാരം ആധാരമാകും എന്ന കാര്യത്തില്‍ സംശയമില്ല . ഇക്കാരണത്താല്‍ തന്നെ ജയന്തി ആഘോഷത്തിനിടയില്‍ മറന്നു പോകാതെ ചര്‍ച്ച ചെയ്യേണ്ടതാണ് മേല്‍ പറഞ്ഞ വിഷയങ്ങള്‍ എന്ന് ഓര്‍മ്മപ്പെടുത്തുന്നു.
പല മതസാരവുമേകം എന്ന സര്‍വധര്‍മ്മ സമഭാവനയുടെ ഉപദേശത്തിന് നൂറു വയസ്സു കഴിഞ്ഞു. ശുദ്ധിപഞ്ചകം, പഞ്ചമഹായജ്ഞം, ധര്‍മ്മപഞ്ചകം എന്നിവ ഉദ്ഘോഷിക്കുന്ന ശ്രീനാരായണ ധര്‍മ്മത്തിന്റെയും, മാനവ ലോകത്തിന്റെ ശ്രേയസിനും പ്രേയസിനുമായി പ്രാര്‍ത്ഥിക്കുന്ന ഹോമ മന്ത്രത്തിന്റെയും ശതാബ്ദി വര്‍ഷമാണ് 2025. ഇവയോരോന്നും നല്കുന്ന സന്ദേശം മനുഷ്യന് നിലനില്‍ക്കുന്നിടത്തോളം പ്രസക്തവുമാണ്. അതിന് ജാതിയോ മതമോ, പ്രദേശമോ, ഭാഷയോ സമ്പത്തോ മറ്റൊന്നും തടസ്സമല്ല. ഇക്കാര്യങ്ങള്‍ ഉപദേശിച്ചിട്ട് നൂറ്റാണ്ട് പിന്നിട്ട സ്ഥിതിക്ക് ഇനി നാം ചിന്തിക്കേണ്ടത് ഗുരു ദര്‍ശനങ്ങള്‍ ജനജീവിതത്തിലേക്ക് എങ്ങനെ പകര്‍ന്ന് നല്‍കാം എന്നതാണ്. ഈ സത്കര്‍മ്മത്തിന് യോഗ്യതയുള്ളവരായി നാമോരോരുത്തരും മാറുകയാണ് ആദ്യം വേണ്ടത്.
കഷ്ടതകളും, പ്രതിസന്ധികളും ജീവിതത്തിന്റെ ഭാഗമാണ്. അങ്ങനെയുള്ള പ്രതിസന്ധികള്‍ ഫലപ്രദമായി എങ്ങനെ പരിഹരിക്കാം എന്ന് ഉപദേശിക്കുകയും, എങ്ങനെ ഫലപ്രദമായി നടപ്പിലാക്കാമെന്നും ഗുരു കാണിച്ചുതന്നിട്ടുണ്ട്. അത് ജീവിതാനുഭവവും മാതൃകയുമാണ്.
അതുകൊണ്ടാണ് അക്രമവും അശാന്തിയും നടമാടുന്ന അവസരങ്ങളില്‍ പോലും ഗുരുവചനങ്ങള്‍ ആശ്വാസമായി ഏവര്‍ക്കും കാണാന്‍ കഴിയുന്നത്. മതതീവ്രവാദം കേരളത്തെ വിഴുങ്ങിയ കെട്ട കാലത്താണല്ലോ ആലുവ അദ്വൈതാശ്രമത്തില്‍ സര്‍വ്വമത സമ്മേളനത്തിന്( 1924) വേദിയൊരുക്കിയത്. വാദിക്കാനും ജയിക്കാനുമല്ല ,അറിയാനും അറിയിക്കാനുമാണ് ഏവരും ശ്രമിക്കേണ്ടത്. ഗുരു നല്കിയ ഈ മാര്‍ഗനിര്‍ദേശം ഉള്‍ക്കൊണ്ട് മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബൗദ്ധ മതങ്ങളെ പ്രതിനിധാനം ചെയ്ത് അന്നവിടെ പങ്കെടുത്തു സംസാരിച്ച പ്രമുഖരുടെ അഭിപ്രായങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഒന്നായിരുന്നു . അവയെല്ലാം ക്രോഡീകരിച്ചാണ് ഗുരു പറഞ്ഞത് ‘പല മതസാരവുമേകം’ എന്ന് . ഈ അമൃതവചനം ഏവരും ഭക്തിപൂര്‍വ്വമാണ് സ്വീകരിച്ചത്. ആരുടേയും വിശ്വാസം മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കരുത്. ഓരോരുത്തരുടേയും മതത്തിലെ സത്യദര്‍ശനത്തെ തിരിച്ചറിഞ്ഞ് മുന്നോട്ട് പോകണം . അതിന് പ്രായോഗികമായ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുക. അങ്ങനെ വന്നാല്‍ മാനവരാശി നേരിടുന്ന ഗുരുതരമായ പല പ്രശ്നങ്ങള്‍ക്കും പരിഹാരമാണ്. ഇതാണ് ഗുരു സോദാഹരണം ലോകത്തിന് കാണിച്ചു കൊടുത്തത്.
സര്‍വ്വമത പൊയ് മുഖങ്ങളും നീക്കി സത്യമാം തേജസിന്റെ ഉറവ തേടി ആലുവ പുഴയുടെ തീരത്ത് അന്നവിടെ ജ്വലിപ്പിച്ച ഏകതയുടെ ദീപശിഖ തലമുറകളിലേക്ക് കൈമാറേണ്ട ബാധ്യതയാണ് ഇന്നത്തെ സമൂഹത്തിനുള്ളത്. അതിനുള്ള പ്രായോഗിക പദ്ധതികള്‍ മെനയാന്‍ ”പ്രബുദ്ധ കേരളത്തിന്” ഇന്നോളം കഴിഞ്ഞില്ല എന്ന കാര്യം ആത്മവിമര്‍ശനത്തോടെ കാണേണ്ട സംഗതിയാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍, സമുദായ സംഘടനകള്‍, ഭരണാധികാരികള്‍ തുടങ്ങി ഇവിടുത്തെ സാമൂഹിക സാംസ്കാരിക പ്രസ്ഥാനങ്ങള്‍ക്കൊക്കെ ഇതില്‍ പങ്കുണ്ട്!
എല്ലാ മതങ്ങളുടെയും അടിസ്ഥാനം സത്യവും ധര്മ്മവുമാണെന്ന ഗുരുവിന്റെ സന്ദേശം സൗഹാര്‍ദ്ദത്തിനും ലോകശാന്തിക്കും മാര്‍ഗദീപമാണ്. ലോകത്തുണ്ടായിട്ടുള്ള കലഹങ്ങള്‍ പലതും മതത്തിന്റെ പേരിലായിരുന്നു എന്നത് ചരിത്ര വസ്തുതയാണ്. എല്ലാവരുടേയും ശരികള്‍ തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ഉണ്ടായ യുദ്ധങ്ങള്‍ മാനവരാശിക്ക് സംഭവിച്ചത് പരിഹാരിക്കാനാവാത്ത നഷ്ടങ്ങളായിരുന്നു. അത്തരം പ്രതിസന്ധികളെ നേരിടുന്നതിനുള്ള ഉപായങ്ങളാണ് ഗുരുവിന്റെ ഉപദേശങ്ങളില്‍ നിറഞ്ഞിരിക്കുന്നത്.
”വൈവിധ്യങ്ങളില്‍ ഏകതയെ കണ്ടെത്തുക” എന്നതായിരുന്നു അതില്‍ പ്രധാനം. കേള്‍ക്കുമ്പോള്‍ ലളിതം എന്ന് തോന്നുമെങ്കിലും പ്രയോഗത്തില്‍ വരുത്തുവാന്‍ ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിന് കാരണമുണ്ട്. കച്ചവടത്തിനു വന്നവര്‍ ഇവിടുത്തെ ഭരണം കയ്യാളി. കാണുന്നത് മാത്രം സത്യം കാണാത്തത് അസത്യം. ആത്മീയത അന്ധവിശ്വാസവും ഭൗതികത ശാസ്ത്രവുമാണ്. എല്ലാവരുടേയും ഭാഷയും ഭാവവും വ്യത്യസ്തമാണ്. എല്ലാവരും പല സ്ഥലങ്ങളില്‍ നിന്നായി ഈ നാട്ടില്‍ വന്നു ചേര്‍ന്നവരാണ്. സകല ജീവികളെയും മനുഷ്യന്റെ ഉപയോഗത്തിനാണ് സൃഷ്ടിച്ചത്. ഇങ്ങനെ ഭരണം നിലനിര്‍ത്താന്‍ അവരുണ്ടാക്കിയ പാഠങ്ങള്‍ പഠിച്ചു. അത് പലതരത്തില്‍ ജീവിതത്തിന്റെ ഭാഗമായി തീര്‍ന്നു. അതിലൂടെ നഷ്ടമായത് മാനവികതയുടെ നന്മയാണ്. വിവിധമായി വിലസുന്നതിന്റെ വിത്ത് ഒന്നാണ്. നല്ലതല്ലൊരുവന്‍ ചെയ്ത നല്ല കാര്യം മറപ്പത്. നര ജാതിയിലുള്ളതെല്ലാം ഒരു ജാതി. സത്യസ്വരൂപനെ അറിയാനും സേവിക്കാനുമാണ് വിദ്യാഭ്യാസം. എല്ലാവരും ആത്മസഹോദരര്‍. പുരോഗമനത്തിന്റെ പേരില്‍ ഇത്തരം നന്മകളാണ് കൈമോശം വന്നത്.
ഈ സംസ്കാരം വീണ്ടെടുത്താല്‍ മാത്രമേ നാനാത്വത്തില്‍ ഏകത്വത്തെ ദര്‍ശിക്കുന്ന നല്ല മനുഷ്യനാകാന്‍ ഒരുവന് സാധിക്കു. അതില്ലെങ്കില്‍ ജാതിമതങ്ങള്‍ക്കെതിരെ പോരാടുന്നവര്‍ മറ്റൊരു ജാതിവാദിയും മതവാദിയുമായി അധ:പതിക്കും. വിദ്യാഭ്യാസത്തിലൂടെ സേവന മനോഭാവവും, ഭക്തിയിലൂടെ ആത്മബോധവും . കുടുംബ ജീവിതത്തില്‍ നിന്നും സംസ്ക്കാരവും നേടേണ്ടതുണ്ട്. കുടുംബത്തില്‍ നിന്നുമാണ് ഇത്തരം നല്ല സംസ്കാരങ്ങള്‍ ആര്‍ജിക്കേണ്ടത് എന്ന് പ്രത്യേകം പറയേണ്ടല്ലോ. ഭാര്യാധര്‍മ്മം, ഭര്‍ത്തൃധര്‍മ്മം, പിതൃ ധര്‍മ്മം പുത്ര ധര്‍മ്മം എന്നീ കാര്യങ്ങള്‍ ഗൃഹസ്ഥധര്‍മ്മത്തിന്റെ ആധാരശിലയാണ്. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ഒരു മാംസപിണ്ഡമായി ഇരിക്കുന്ന കാലം മുതല്ക്കാണ് ഈ സംസ്കാരം തുടങ്ങുന്നത് എന്നാണ് ഗുരു വിശദീകരിക്കുന്നത്.
വിവിധ കാലങ്ങളില്‍ ഉദയം ചെയ്ത ധര്‍മ്മശാസ്ത്രങ്ങളിലാണ് ഇക്കാര്യങ്ങള്‍ വിവരിക്കുന്നത്. ധാര്‍മികമായ ജീവിതവും ത്യാഗപൂര്‍ണ്ണമായ സമര്‍പ്പണവും സമൂഹജീവിതത്തിന്റെ ഭാഗമായെങ്കില്‍ മാത്രമേ മനുഷ്യനെന്ന നിലയിലുള്ള ഉയര്‍ച്ച നമുക്ക് ഉണ്ടാകു.

ജീവിതത്തില്‍ ധര്‍മ്മമാണ് എല്ലാവരും അറിയേണ്ടതും അനുഷ്ഠിക്കേണ്ടതും. കാരണം ധര്‍മ്മമാണ് ലോകത്തെ നിലനിര്‍ത്തുന്നതും നയിക്കുന്നതും. നാം കാണുന്ന സര്‍വവും ധര്‍മ്മസ്വരൂപത്തില്‍ നിന്നുണ്ടായി, നിലനിന്ന് അതില്‍തന്നെ ലയിക്കുന്നു. അതുകൊണ്ട് ഒരുവന് നേടേണ്ട ഏറ്റവും വലിയ ധനം ധര്‍മ്മമാണ്. ഇതാണ് ഓരോ കാലത്തും ആചാര്യന്മാര് ഉപദേശിച്ചത്. ധര്‍മ്മചക്ര പ്രവര്‍ത്തനം എന്ന് ഭഗവാന് ശ്രീബുദ്ധന് ഉപദേശിച്ചത് ഇതുതന്നെ. ഇപ്രകാരമുള്ള ശ്രീനാരായണ ഗുരുവിന്റെ ധര്‍മ്മോപദേശങ്ങള്‍ അടങ്ങിയ കൃതിയാണ് ശ്രീനാരായണ ധര്‍മ്മം. വേദാഗമങ്ങളുടെ സാരമാണത്.
ഭാരതത്തില്‍ ഉദയം ചെയ്ത ജ്ഞാന കര്‍മ്മ ,ഭക്തി, യോഗമാര്‍ഗ്ഗങ്ങള്‍ . ശൈവ ശാക്തേയ വൈഷ്ണവ സമ്പ്രദായങ്ങള്‍ എന്നിവ പലതും നശിച്ചു പോയി . അതെല്ലാം സംക്ഷേപിച്ച് നിനക്ക് ഞാന്‍ ഉപദേശിക്കാം എന്ന് ഭഗവത്ഗീതയില്‍ ഭഗവാന് ശ്രീകൃഷ്ണന് അര്ജുനനോട് പറയുന്നുണ്ട് . ഇതുപോലെ
ബോധാനന്ദ സ്വാമിയെ പോലുള്ള ശിഷ്യന്മാരെ മുന്‍നിര്‍ത്തി ഗുരു ഉപദേശിച്ച ധാര്‍മ്മിക വിജ്ഞാനമാണ് ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം ആത്മാനന്ദ സ്വാമി സംസ്കൃത ഭാഷയില്‍ ‘ശ്രീനാരായണ ധര്‍മ്മം ‘ എന്ന പേരില്‍ രചിച്ചത് . ധര്‍മ്മാധര്‍മ്മ വിവേചനം , ജാതി, മത, ദൈവവിചാരം, , ഗര്‍ഭശുശ്രൂഷാ, ബാലപരിചരണം, വിദ്യാരംഭം, വിവാഹം തുടങ്ങി അന്ത്യേഷ്ഠി വരേയുള്ള സംസ്കാരങ്ങളാണ് ഇതിലെ പ്രധാന പ്രതിപാദ്യം.
ഓരോ കുഞ്ഞിനേയും ഗര്‍ഭത്തില്‍ ധരിക്കുമ്പോള്‍ അമ്മ കഴിക്കേണ്ട ഭക്ഷണവും കേള്‍ക്കേണ്ട വിഷയങ്ങളും, സമൂഹത്തില്‍ കാണുന്ന പലതരത്തിലുള്ള അനാചാരങ്ങളും അന്ധവിശ്വാസങ്ങള്‍ക്കും കലഹത്തിനും കാരണമായ തെറ്റായ ജാതി മതം ദൈവം എന്നിവയുടെ ശരിയായ അര്‍ത്ഥവും അതില്‍ വിശദീകരിക്കുന്നുണ്ട്. മനുഷ്യത്വമാണ് ജാതി, സത്യദര്‍ശനമാണ് മതം, അന്നവസ്ത്രാദി തന്ന് രക്ഷിച്ച തമ്പുരാനാണ് ദൈവം. ഇങ്ങനെ ജീവിതത്തിലുടനീളം നേര്‍വഴി കാട്ടിയ ഗുരുവിനെയാണ് ഇന്ന് ലോകം തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നത്.
മനുഷ്യനായി ജീവിക്കുക, മനുഷ്യനെ മനുഷ്യനായി കാണുക” – ഇതാണ് ഗുരുവിന്റെ പ്രാഥമിക തലത്തിലുള്ള സന്ദേശം. ഓരോരുത്തരും മനുഷ്യ ബോധമുള്ള ആത്മസ്വരൂപികളാണ്! ഇക്കാര്യം ബോധ്യപ്പെട്ടാല്‍ കാണുന്ന കാഴ്ചകള്‍ ഓരോന്നും ആത്മീയതയുടെ ആവിഷ്കാരമായി മാറും. അപ്പോള്‍ ദൈവത്തില്‍ മനുഷ്യനേയും, മനുഷ്യനില്‍ ദൈവത്തേയും കാണാനാകും. ദൈവമാവട്ടെ! മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും നിറഞ്ഞും മറഞ്ഞുമിരിക്കുന്ന ആദിമഹസാണ്! കാണപ്പെടുന്നതൊക്കെയും പരമാത്മാവില്‍ നിന്നുണ്ടാകുന്നു. പരമാത്മാവല്ലാതെ വേറൊന്നും ഇല്ല. ഇത്തരം ഒരവസ്ഥ മനുഷ്യ സാധ്യതയുടെ ഏറ്റവും ഉയര്‍ന്ന പടിയാണ്. ആത്മോപദേശം നല്‍കിയും , ദര്‍ശനങ്ങളുടെ മാലതീര്ത്തും, തേവാരം പാടിയും പറഞ്ഞതിന്റെ രത്നച്ചുരുക്കം ഇതാണ്. ശ്രീനാരായണ ഗുരുവിന്റെ ജീവിതവും സന്ദേശവും മനുഷ്യകുലത്തിന്റെ ശാശ്വത പൈതൃകമാണ്. കയ്യിലിരിക്കുന്നത് കല്പകവൃക്ഷ കനിയാണ്! അത് തട്ടിക്കളഞ്ഞ് വിഷം നിറഞ്ഞ കാഞ്ഞിരക്കനി ഭക്ഷിക്കാന്‍ ശ്രമിക്കരുത്.
9447380373






