വിഎസ് :ഇതുപോലൊരാള്‍ ഇനിയെന്ന്?
ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ മാസംതോറും കൂടുന്ന അവലോകനയോഗങ്ങളില്‍ എത്രമാത്രം ആഴത്തിലും വ്യാപ്തിയിലും കാര്യങ്ങള്‍ പഠിച്ചശേഷമാണ് മുഖ്യമന്ത്രി എന്നനിലയില്‍ അദ്ദേഹം പങ്കെടുത്തിരുന്നതും നിര്‍ദേശങ്ങള്‍ തന്നിരുന്നതും എന്നതിന് എത്രയോ ഉദാഹരണങ്ങള്‍!

ഏതാണ്ട് 40 വര്‍ഷം നീണ്ട എന്റെ ഔ
ദ്യോഗിക ജീവിതത്തിലെ ഏറ്റവും അഭിമാനവും സംതൃപ്തിയും തോന്നിയ കാലഘട്ടമാണ് വി.എസ്. അച്യുതാനന്ദന്‍ എന്ന മുഖ്യമന്ത്രിയോടൊപ്പം പ്രവര്‍ത്തിച്ച മൂന്ന് വര്‍ഷം. വളരെ യാദൃച്ഛികമായാണ് അത് സംഭവിച്ചത്. 1995 മുതല്‍ വിവിധ രാജ്യങ്ങളിലെ രാസായുധങ്ങള്‍ പരിശോധിക്കുന്നതിനും നശിപ്പിക്കുന്നതിനും UNO-OPCW നിയമിച്ച സാങ്കേതിക വിദഗ്ദ്ധ സംഘത്തിന്റെ തലവനായി നെതര്‍ലന്‍ഡ്‌സിലെ ഹേഗിലും മറ്റുപല വിദേശരാജ്യങ്ങളിലുമാണ് ഞാന്‍ ജോലി ചെയ്തിരുന്നത്. 2006 സെപ്റ്റംബര്‍ മാസത്തില്‍ ഒരു ദിവസം വിഎസ്സിന്റെ ഏറെ വിശ്വസ്തനെന്നു ഞാന്‍ പിന്നീട് മനസ്സിലാക്കിയ ഒരാള്‍ എന്നെ ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗമാകാന്‍ താല്പര്യമുണ്ടോ എന്ന് ചോദിച്ചു. മുഖ്യമന്ത്രി നേരിട്ട് ചുമതല വഹിക്കുന്ന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായി പരിഗണിക്കാന്‍ വേണ്ടിയാണെന്നും പറഞ്ഞു. UN -ല്‍ നിന്നും ഉയര്‍ന്ന ഒരു പദവി ഉപേക്ഷിച്ചു വരാന്‍ എനിക്ക് താല്പര്യം ഉണ്ടായിരുന്നില്ല. മാത്രമല്ല, ചില പ്രധാന പ്രൊജെക്ടുകള്‍ എനിക്ക് പൂര്‍ത്തിയാക്കേണ്ടിയുമിരുന്നു. ഏതാനും ആഴ്ചകള്‍ കഴിഞ്ഞ് മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാനപ്പെട്ട ഒരാള്‍ എന്നെ വിളിച്ച് കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കുകയും നാട്ടില്‍വരുമ്പോള്‍ മുഖ്യമന്ത്രിക്ക് കാണാന്‍ താല്പര്യമുണ്ടെന്ന് അറിയിക്കുകയും ചെയ്തു.

നാട്ടിലെത്തിയപ്പോള്‍ ഞാന്‍ മുഖ്യമന്ത്രിയെ കണ്ടു. ആദ്യമായാണ് ഞാന്‍ അദ്ദേഹത്തെ നേരില്‍ കാണുന്നത്. ഒരു കമ്മ്യൂണിസ്റ്റ് ആയിരുന്ന എന്റെ അച്ഛന്റെ ആരാധനാ മൂര്‍ത്തിയായിരുന്നു സഖാവ് വി.എസ്. ആ ആരാധന ഒരു പരിധിവരെ എനിക്കും പകര്‍ന്നു കിട്ടിയിരുന്നു. ബനിയനും ലുങ്കിയും ധരിച്ച, ലാളിത്യത്തിന്റെ പ്രതിരൂപമായ ആ മഹാന്റെ മുന്നില്‍ ഇരിക്കുമ്പോള്‍ തോന്നിയ ഭയഭക്തിബഹുമാനങ്ങള്‍ വാക്കുകള്‍കൊണ്ട് പ്രകടിപ്പിക്കാന്‍ ഞാന്‍ ഇന്നും അശക്തനാണ്. ഏല്പിക്കാന്‍ ഉദ്ദേശിക്കുന്ന ഉത്തരവാദിത്തവുമായി ബന്ധപ്പെട്ട പല പ്രസക്തമായ കാര്യങ്ങളും ഒരു അഭിമുഖത്തിലെന്ന പോലെ അദ്ദേഹം ചോദിക്കുന്നത് കേട്ട് ഞാന്‍ അത്ഭുതപ്പെട്ടുപോയി. പിന്നീട് ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായി ചുമതലയേറ്റു. മാസംതോറും കൂടുന്ന അവലോകനയോഗങ്ങളില്‍ എത്രമാത്രം ആഴത്തിലും വ്യാപ്തിയിലും കാര്യങ്ങള്‍ പഠിച്ചശേഷമാണ് മുഖ്യമന്ത്രി എന്നനിലയില്‍ അദ്ദേഹം പങ്കെടുത്തിരുന്നതും നിര്‍ദേശങ്ങള്‍ തന്നിരുന്നതും എന്നതിന് എത്രയോ ഉദാഹരണങ്ങള്‍! വിസ്താരഭയത്താല്‍ അതിലേക്കു കടക്കുന്നില്ല.
സംസ്ഥാന ശാസ്ത്രസാങ്കേതിക വകുപ്പ് പലരും കരുതുന്നതുപോലെ ഒരു ചെറിയ വകുപ്പല്ല. പത്തോളം അന്തര്‍ദേശീയ നിലവാരമുള്ള ഗവേഷണ പഠന സ്ഥാപനങ്ങള്‍, കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ അനേകം പ്രൊജെക്ടുകള്‍, അന്തര്‍ദേശീയ തലത്തില്‍ ഏറ്റെടുക്കുന്ന/ഏല്പിക്കപ്പെടുന്ന ഗവേഷണ പഠനങ്ങള്‍, ഏതാണ്ട് 3000 -ത്തിനടുത്ത് ജീവനക്കാര്‍, അവരില്‍ 60% ത്തിലധികം ദേശീയ അന്തര്‍ദേശിയ തലത്തില്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ശാസ്ത്രസാങ്കേതിക വിദഗ്ദ്ധര്‍, പരോക്ഷമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് വിദ്യാര്‍ത്ഥികളും അധ്യാപകരും ഗവേഷകരും, സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍; സംസ്ഥാന തീരദേശ സംരക്ഷണ അതോറിറ്റി, ബയോ ടെക്‌നോളജി കമ്മിഷന്‍ എല്ലാം വകുപ്പിന്റെ ഭാഗമാണ്. കൂടാതെ, സര്‍ക്കാരിനും അനുബന്ധ സ്ഥാപനങ്ങള്‍ക്കും വിവിധ പദ്ധതികള്‍ക്കും ശാസ്ത്രസാങ്കേതിക പാരിസ്ഥിതിക വിഷയങ്ങളില്‍ വേണ്ട നിര്‍ദേശങ്ങളും ഉപദേശങ്ങളും നല്‍കുന്ന ഉത്തരവാദിത്തം.; ഇവയെല്ലാം കാര്യക്ഷമമായി നടത്താനും പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യപ്രാപ്തിയിലെത്തിയെന്ന് ഉറപ്പു വരുത്താനും പരമോന്നത സമിതിയായ ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍.സ്വയംഭരണ സ്ഥാപനങ്ങളെന്ന നിലയില്‍ ഇവയിലെല്ലാം വര്‍ഷംതോറും ഡയറക്ടര്‍മാര്‍ മുതല്‍ താഴേക്ക് അനവധി പുതിയ നിയമനങ്ങള്‍…
ഏതു രാഷ്ട്രീയ പാര്‍ട്ടി അധികാരത്തില്‍ വന്നാലും, മുകളില്‍ പറഞ്ഞ കാരണങ്ങള്‍ കൊണ്ട് ഈ സ്ഥാപനങ്ങളുടെ ഭരണത്തില്‍ ഇടപെടാന്‍ വ്യഗ്രത ഉണ്ടാവുക സ്വാഭാവികം. അങ്ങനെയാണ് കണ്ടുവരുന്നതും. ഇവിടെയാണ് വി.എസ്. അച്യുതാനന്ദന്‍ എന്ന മഹാനായ ഭരണാധികാരി വ്യത്യസ്തനാകുന്നത്. എത്രയോ കോടി ബജറ്റ് ഉള്ള,എത്രയോ നിയമനങ്ങള്‍ വര്‍ഷാവര്‍ഷം നടക്കുന്ന സ്ഥാപനങ്ങള്‍! എന്റെ മൂന്നു വര്‍ഷത്തെ പ്രവര്‍ത്തന കാലഘട്ടത്തില്‍ ഒരിക്കല്‍ പോലും മുഖ്യമന്ത്രി എന്ന നിലയിലോ വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയെന്ന നിലയിലോ ഒരു കാര്യത്തിലും അദ്ദേഹം അനധികൃതമായി ഇടപെട്ടിട്ടില്ല. എത്രയോപേരെ ഏതെല്ലാം ഉന്നത പദവികളില്‍ നിയമിക്കാന്‍ അധികാരമുള്ളയാള്‍. ഒരു ക്ലാസ് 4 ജീവനക്കാരനെ പോലും അനധികൃതമായി നിയമിക്കുകയോ അതിനായി ശുപാര്‍ശ പോലും ചെയ്യാത്തയാള്‍.
എല്ലാ ആഴ്ചകളിലും കൃത്യമായി ഒരു തവണയെങ്കിലും അദ്ദേഹത്തെ നേരില്‍ കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കുകയും പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയും പതിവായിരുന്നു. പരിസ്ഥിതി സംരക്ഷണത്തിലും സാധാരണ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ കൂടുതല്‍ സക്രിയമായി പ്രവര്‍ത്തിക്കണമെന്ന പ്രത്യേകമായ താല്പര്യം അദ്ദേഹത്തിനുണ്ടായിരുന്നു. ഈ വകുപ്പിന്റെ കീഴിലായിരുന്ന തീരദേശ സംരക്ഷണ അതോറിറ്റി (രൂപീകരിക്കുന്നത് കേന്ദ്രസര്‍ക്കാരാണ്) അനധികൃത നിര്‍മാണങ്ങള്‍ക്കെതിരേ ശക്തമായ നടപടികള്‍ തുടരണം എന്ന് നിര്‍ദേശിച്ചപ്പോള്‍തന്നെ, പാവപ്പെട്ടവര്‍ക്ക് വീട് വെക്കാന്‍ അനുമതി നല്‍കുന്ന കാര്യത്തില്‍ പ്രത്യേക ഇളവിനായി നിയമം ഭേദഗതി ചെയ്യുന്നതിനെപ്പറ്റി സമഗ്രമായി പഠിച്ചു കേന്ദ്രത്തെ സമീപിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. സംസ്ഥാനത്തിന്റെ തനതായ ധാതുസമ്പത്തും മറ്റ് അസംസ്‌കൃത വസ്തുക്കളും പരിസ്ഥിതിക്ക് അനുയോജ്യമായ തരത്തില്‍ എങ്ങനെ ഉപയോഗിക്കാം?, തീരദേശ വികസനവും സംരക്ഷണവും സമുദ്ര വിഭവങ്ങളുടെ ഫലപ്രദമായ ഉപയോഗവും എങ്ങനെ സമന്വയിപ്പിക്കാം?, പശ്ചിമഘട്ട സംരക്ഷണം ഉറപ്പുവരുത്തുന്നതോടൊപ്പം ആമേഖലയിലെ ജനങ്ങളുടെ ജീവിത നിലവാരവും സുരക്ഷയും എങ്ങനെ മെച്ചപ്പെടുത്താം? ജനിക്കുകയും പുനര്‍ജ്ജനിക്കുകയും ചെയ്യുന്ന പകര്‍ച്ചവ്യാധികളെ എങ്ങനെ പ്രതിരോധിക്കുകയും നിയന്ത്രണ വിധേയമാക്കുകയും ചെയ്യാം?തുടങ്ങി കേരളത്തിന്റെ സമഗ്ര വികസനത്തിനായുള്ള പഠനങ്ങള്‍ക്ക് കൂടുതല്‍ ഗവേഷണ കേന്ദ്രങ്ങള്‍ ആരംഭിക്കാനും അദ്ദേഹം ആഗ്രഹിച്ചിരുന്നു. അതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രസാങ്കേതിക വകുപ്പ് ആരംഭിച്ചെങ്കിലും അധികം മുന്നോട്ടു പോയില്ല. കാരണങ്ങള്‍ ഇവിടെ വിശദീകരിക്കുന്നില്ല.

അതിശക്തനായ രാഷ്ട്രീയ നേതാവായിരുന്നപ്പോഴും മുഖ്യഭരണാധികാരി ആയിരുന്നപ്പോഴും വി.എസ്സിന്റെ പ്രതിബദ്ധത എപ്പോഴും നാടിനോടും നാട്ടുകാരോടും പ്രത്യേകിച്ച് സാധാരണജനങ്ങളോടുമായിരുന്നു. ഒരിക്കലും അദ്ദേഹം അധികാരത്തില്‍ അഭിരമിച്ചിരുന്നില്ല. അത് അദ്ദേഹത്തിന്റെ ജീവിതശൈലിയില്‍ ഒരു മാറ്റവും വരുത്തിയില്ല. മുഖ്യമന്ത്രിയായിരുന്നപ്പോഴും യാത്ര ഒരു സാധാരണ അംബാസിഡര്‍ കാറില്‍. സാധാരണ ജനങ്ങളുടെ മധ്യത്തില്‍ അവരിലൊരാളായി നില്‍ക്കുമ്പോഴുള്ള വി.എസ്സിന്റെ ആവേശവും സന്തോഷവും കാണേണ്ടതുതന്നെയാണ്! ലാളിത്യത്തിന്റെ ആള്‍രൂപമായ കേരളം കണ്ട ഏറ്റവും ജനകീയനായ, ഈ മഹാനായ നേതാവിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് അഭിമാനമാണ്. ഭാഗ്യമാണ്. അദ്ദേഹത്തിന്റെ വേര്‍പാടില്‍ ദുഃഖിക്കുന്ന, അനുശോചിക്കുന്ന ലക്ഷോപലക്ഷം ജനങ്ങളോടൊപ്പം ഞാനും പങ്കുചേരുന്നു.
(സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ മുന്‍എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും UNO/OPCW രാസായുധ പരിശോധനാ വിഭാഗത്തിന്റെ മുന്‍ ചീഫ് ഇന്‍സ്‌പെക്ടറും CUSAT മുന്‍ പ്രൊഫസറുമാണ് ലേഖകന്‍)






