പരീക്ഷിത്തിന്റെ ജീവിതം പുതുകാലനിറവില്‍ പുനഃസൃഷ്ടിക്കുമ്പോള്‍…
ജീവിതം, ആയുര്‍ആസക്തി, മരണസൂചന, മരണഭയം, അതിജീവനശ്രമങ്ങള്‍, മരണാവബോധം, മരണം, അതിനോടുളള മനോഭാവത്തിലെ പരിണാമം, ഒരു ശ്രേഷ്ഠവിതാനത്തിലേക്കുളള എത്തിപ്പെടല്‍… എന്നിങ്ങനെ കേന്ദ്രകഥാപാത്രത്തിന്റെ ജീവിതചക്രത്തിനിടയിലെ സ്വാഭാവികമായ പരിണാമങ്ങളിലൂടെ സഞ്ചരിച്ച് പൂര്‍ണ്ണമാവുകയും മനുഷ്യജീവിതത്തെ സംബന്ധിച്ച് എക്കാലവും പ്രസക്തവും സംഗതവുമായ ഒരു യാഥാര്‍ത്ഥ്യത്തെ ഫാന്റസിയുടെ വിതാനങ്ങളിലുടെ ആഖ്യാനം ചെയ്ത് അസാധാരണമായ ഒരു കലാനുഭവം പ്രദാനം ചെയ്തു എന്നത് തന്നെയാണ് പരമപദം എന്ന നോവലിനെ അനന്യമാക്കുന്നത്.

പരീക്ഷിത്ത് മഹാരാജാവിന്റെ ജീവിതത്തെ സ്വകീയമായ വീക്ഷണകോണില്‍ അവതരിപ്പിക്കുന്ന പരമപദം ഒരു പൗരാണിക കഥയെ പുനരാഖ്യാനം ചെയ്യുക എന്ന കേവലദൗത്യത്തിനപ്പുറം പ്രസക്തമായ ഒരു ജീവിതസത്യം ആലേഖനം ചെയ്യാനായി പരീക്ഷിത്ത് എന്ന കഥാപാത്രത്തെ ഒരു ഉപകരണമാക്കുന്നു.
മനുഷ്യന്റെ അദമ്യമായ ജീവിതാസക്തിയും അമരത്വം പ്രാപിക്കാനുളള ത്വരയും ഒടുവില്‍ അനിവാര്യമായ മരണത്തിന് കീഴടങ്ങാന്‍ ബാധ്യസ്ഥനായിത്തീരുന്നതിന്റെ നിസ്സഹായതയും അടയാളപ്പെടുത്തുന്ന കൃതിയാണ് പരമപദം. മരണം എന്ന ശാശ്വതസത്യത്തെ പ്രതിരോധിക്കാന്‍ വൃഥാ ശ്രമം നടത്തുന്ന അധികാര സംവിധാനങ്ങള്‍ പരമപദം എന്ന നോവലില്‍ കടന്നു വരുന്നു. ഏത് സുരക്ഷാക്രമീകരണത്തിനും അപ്പുറമാണ് പ്രകൃതിയുടെ വിളികളും അതിന്റെ നിയമങ്ങളുമെന്ന് ഈ നോവല്‍ പറയാതെ പറയുന്നു.
തന്റെ മരണം അടുത്തു എന്ന് ഉറപ്പായ ഘട്ടത്തില്‍ അതിനെ അമിതമായി ഭയന്ന് ഏത് വിധേനയും അതിജീവിക്കാന്‍ ശ്രമിക്കുന്ന പരീക്ഷിത്തിന് ആദ്ധ്യാത്മികമായ ഉള്‍ക്കാഴ്ച ലഭിക്കുന്നു. മരണം ഏതൊരു ജീവിതാവസ്ഥയും പോലെ സ്വാഭാവികവും അപ്രതിരോധ്യവുമാണെന്നും അതിനെ മറികടക്കുക സാധ്യമല്ലെന്ന ആഴമേറിയ തിരിച്ചറിവിലെത്തുന്ന പരീക്ഷിത്തിന് ക്രമേണ മരണഭയം അകലുന്നു. പക്വമായ മനസോടെ നിറപുഞ്ചിരിയോടെ അദ്ദേഹം തന്റെ മരണത്തെ നേരിടുന്നു.
ഇതൊക്കെയാണെങ്കിലൂം മരണത്തോട് അടുക്കുന്ന ഘട്ടത്തില്‍ ജീവിതത്തിന്റെ സൗന്ദര്യം കുറച്ച് കാലം കൂടി നീട്ടിക്കിട്ടിയിരുന്നെങ്കില്‍ എന്ന് ഒരു നിമിഷം കൊതിച്ചു പോകുന്ന പരീക്ഷിത്തിന്റെ ദൈന്യചിത്രം ഈ നോവലിലെ ഏറ്റവും സവിശേഷ മുഹൂര്‍ത്തമാണ്.
ജനനം, ജീവിതം, മരണം എന്നിങ്ങനെ മൂന്ന് സംജ്ഞകളെ മുന്‍നിര്‍ത്തി മനുഷ്യാവസ്ഥയെ ദാര്‍ശനികമായ ഉള്‍ക്കാഴ്ചയോടെ നോക്കി കാണാനും ആവിഷ്‌കരിക്കാനുമുളള ശ്രമമാണ് പരമപദം എന്ന നോവല്‍.
മഹാഭാരതത്തിലെ സവിശേഷമായ ഒരു ഖണ്ഡം മാത്രമെടുത്ത് കാവ്യാത്മകമായ ആവിഷ്‌കാരം നല്‍കി ഈ തരത്തില്‍ ഒരു നോവല്‍ രൂപപ്പെടുത്തുക എന്ന ശ്രമം കലാത്മകവും ഭാവസുന്ദരവുമായി നിര്‍വഹിക്കാന്‍ സജില്‍ശ്രീധറിന് കഴിഞ്ഞിട്ടുണ്ട്.
മരണാവബോധം സിദ്ധിക്കുന്ന
പരീക്ഷിത്ത്
പൗരാണികതയുടെ നിറവും ഗുണവും ഭംഗിയുമെല്ലാം സമന്വയിക്കുന്ന സവിശേഷമായ താളലയങ്ങള്‍ ഉള്‍ക്കൊളളുന്ന ഭാഷാനിര്‍മ്മിതിക്കൊപ്പം ധ്വനനഭംഗിയുടെ കലാസാധ്യതകള്‍ ഏതാണ്ട് പരിപൂര്‍ണ്ണമായി തന്നെ ഉപയോഗപ്പെടുത്തിയിരിക്കുന്നു. പറയാനുളളത് സുഘടിതമായി ശില്‍പ്പഭദ്രതയോടെ ഒതുക്കി പറയു ന്നത് നോവലിന് മുറുക്കവും ഇഴയടുപ്പവും സൗന്ദര്യവും പ്രദാനം ചെയ്യുന്നു.ആവിഷ്‌കരിക്കാന്‍ ഉദ്ദേശിക്കുന്ന വിഷയത്തില്‍ പരമാവധി ഫോക്കസ്ഡായിരിക്കുന്നു.
പരമപദം അപഗ്രഥിക്കാന്‍ ശ്രമിക്കുന്ന വിഷയം ആത്യന്തികമായും അടിസ്ഥാനപരമായും മരണം തന്നെയാണ്. അമിതമായ ജീവിതാസക്തി സൂക്ഷിക്കുന്ന പരീക്ഷിത്തിനെ അവിചാരിതമായ ചില കാരണങ്ങളാല്‍ ചെറുപ്രായത്തില്‍ തന്നെ മരണം പിന്‍തുടരുന്നു. പ്രതിരോധിക്കാനുളള എല്ലാ ശ്രമങ്ങളും വിജയിക്കുമോ പരാജയപ്പെടുമോ എന്ന് ഉറപ്പില്ലാത്ത ഒരു ഘട്ടത്തില്‍ ജ്ഞാനികളുമായുളള സമ്പര്‍ക്കത്താല്‍ മരണം ഏതൊരു ജീവിതസന്ധിയും പോലെ സാധാരണവും സ്വാഭാവികവും അനിവാര്യവും ജൈവികവുമായ ഒരു പ്രക്രിയയാണെന്നും ജനനം പോലെ നിര്‍മ്മമതയോടെ അതിനെ അഭിമുഖീകരിക്കുകയാണ് അഭിലഷണീയമെന്നും പരമപദം എന്ന നോവല്‍ പറഞ്ഞു വയ്ക്കുന്നു.
ജീവിതത്തെയും മരണത്തെയും സംബന്ധിച്ച് അവഗാഢമായ ചിന്താസരണികള്‍ പങ്ക് വയ്ക്കുന്ന കൃതി അതിനായി തെരഞ്ഞടുത്തിരിക്കുന്ന ഭാഷ പോലും ലളിതമാണ്. എന്നാല്‍ ഈ ലാളിത്യം കൃതിയുടെ ആന്തരഗൗരവവും ഭംഗിയും നഷ്ടപ്പെടുത്താത്ത വിധം ഉന്നതനിലവാരം പുലര്‍ത്തുന്നു എന്നതും ശ്രദ്ധേയം.
അതിസൂക്ഷ്മമായി ആഖ്യാനം നിര്‍വഹിക്കുമ്പോഴും കുറഞ്ഞ പദാവലികള്‍ കൊണ്ട് ആശയങ്ങള്‍ അഭിവ്യഞ്ജിപ്പിക്കാനും മിതത്വം നിലനിര്‍ത്താനും ശ്രമിക്കുമ്പോഴും എഴുത്തുകാരന്‍ നടത്തുന്ന ഏകാഗ്രതാപൂര്‍ണ്ണമായ ശ്രമം ശ്ലാഘനീയമാണ്. ഒരിടത്തും കഥാഗതി ചിതറിപോകുന്നില്ല. നിര്‍ദ്ദിഷ്ടവിഷയത്തില്‍ നിന്ന് അകലുന്നില്ല.
നോവല്‍ മുന്നോട്ട് വയ്ക്കുന്ന ദര്‍ശനത്തെ അതിന്റെ സമഗ്രതയിലും പുര്‍ണ്ണതയിലും ആഴത്തിലും ആവിഷ്‌കരിക്കാനുളള ശ്രമം.
വാക്കുകള്‍കൊണ്ട്
ചിത്രം വരയ്ക്കുമ്പോള്‍…
നോവല്‍ മുന്നോട്ട് വയ്ക്കുന്ന ദര്‍ശനത്തെ കഥയുടെ ആന്തരികതയിലേക്ക് അതിവിദഗ്ദ്ധമായി നിഗൂഹനം ചെയ്യുന്നത് കാണാം. പരസ്പരം ഇഴപിരിക്കാനാവാത്ത വിധം കഥയുടെ നൂലും (സ്റ്റോറി ലൈന്‍) ആശയതലവും (ഐഡിയ) തമ്മിലുളള പാരസ്പര്യം ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നോവലിസ്റ്റിന്റെ കല എന്ന കൃതിയില്‍ ഓര്‍ഹന്‍ പാമുക്ക് ഊന്നിപ്പറയുന്നുണ്ട്. പാമുക്ക് സൂചിപ്പിക്കുന്ന മറ്റൊരു സവിശേഷതയും പരമപദത്തില്‍ പ്രകടമായി കാണാം.
നാം ജീവിക്കുന്നത് ദൃശ്യമാധ്യമങ്ങളുടെ അതിപ്രസരവും അതിസ്വാധീനവും നിലനില്‍ക്കുന്ന ഒരു കാലത്താണ്. കഥയെ ദൃശ്യാത്മകമായി അവതരിപ്പിക്കുക എന്നത് ചെറിയ കാര്യമല്ല.വാക്കുകളെ ദൃശ്യബിംബങ്ങളാക്കി പരിവര്‍ത്തിപ്പിക്കുക എന്ന കലാവിദ്യ പരമപദത്തില്‍ വളരെ മൂര്‍ത്തമായി തന്നെ കാണാം.വാങ്മയചിത്രങ്ങളിലൂടെ ആഖ്യാനം നിര്‍വഹിക്കപ്പെടുന്ന പരമപദത്തില്‍ പെയിന്റിംഗുകളെ അനുസ്മരിപ്പിക്കുന്ന വാചകങ്ങള്‍ ഫലപ്രദമായി സന്നിവേശിപ്പിച്ചിരിക്കുന്നു. എഴുത്തുകാരന്റെ വിഷ്വല്‍ സെന്‍സ് ആണ് ഇത്തരമൊരു സമീപനത്തിന്റെ പ്രചോദനഘടകം.
ചലച്ചിത്രമാധ്യമത്തിന്റെയും ചിത്രകലയുടെയും ഗുണപരമായ അംശങ്ങളെ നോവലിലേക്ക് സംക്രമിപ്പിക്കുക എന്നത് മ്യൂസിയം ഓഫ് ഇന്നസന്‍സ്, മൈ നെയിം ഈസ് റെഡ് എന്നീ കൃതികളില്‍ പാമുക്ക് പരീക്ഷിക്കുന്നുണ്ട്.
അതുപോലെ ഉന്നതമായ ഒരു ആശയം അനുവാചകനിലേക്ക് എത്തിക്കാന്‍ ശ്രമിക്കുമ്പോഴും അത് സാധ്യമാക്കുന്ന അനുഭവതലവും സവിശേഷമാണ്.
ഈ നോവലിന്റെ പല ഘട്ടങ്ങളില്‍ വൈകാരികാംശത്തെ സമര്‍ത്ഥമായി സംസ്‌കരിച്ചെടുത്ത് എഴുത്തുകാരന്‍ വിന്ന്യസിക്കുന്ന കാഴ്ച കാണാം.
മരണത്തിന് ചുറ്റും
ഭ്രമണം ചെയ്യുന്ന മനുഷ്യര്‍
ഒരു വിഷയത്തെ തന്നെ പലര്‍ കാണുന്നത് പല തരത്തിലും തലത്തിലുമാണ്. ഇത് ആ വ്യക്തിയുടെ ജൈവികമായ മാനസികഘടനയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു.
പരീക്ഷിത്തിന്റെ മരണം പല കഥാപാത്രങ്ങളെ എങ്ങനെ വ്യത്യസ്തമായ തലത്തില്‍ സ്വാധീനിക്കുന്നു എന്ന് നോക്കാം. ജീവിതത്തോടും ആയൂര്‍ ദൈര്‍ഘ്യത്തോടും ചിരഞ്ജിവി സങ്കല്‍പ്പത്തോടും പ്രതിപത്തി പുലര്‍ത്തുന്ന പരീക്ഷിത്തിന്റെ മനസില്‍ മരണം എന്ന സങ്കല്‍പ്പത്തിനുപോലും സ്ഥാനമില്ല. അതിനെ ഒരു അനിവാര്യ യാഥാര്‍ത്ഥ്യമായി കാണാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല.
മകന്റെ ദുരവസ്ഥ അമ്മ ഉത്തരയെ ആകുലതകളുടെ പാരമ്യതയിലേക്കാണ് നയിക്കുന്നത്.നന്നേ ചെറുപ്പത്തില്‍ തന്നെ വൈധവ്യം സ്വീകരിക്കേണ്ടി വന്ന അവരുടെ സ്വപ്‌നവും സത്യവും പ്രതീക്ഷയും എല്ലാം മകനാണ്. മകന്‍ നഷ്ടപ്പെട്ടാല്‍ പിന്നെ അവര്‍ക്ക് ജീവിതമില്ല. മൃതിതുല്യമായ അവസ്ഥയിലേക്കാവും അവര്‍ ചെന്ന് പതിക്കുക. അവിചാരിതമായി ഭര്‍ത്താവിനെ തേടി വന്ന ദുരന്തത്തിന്റെ മരവിപ്പിലാണ് പരീക്ഷിത്തിന്റെ ഭാര്യ മാദ്രി. മകന്‍ ജനമേജയനാകട്ടെ അനിവാര്യമായ ദുരന്തത്തിന്റെ ഭീകരതയെയോ ആഘാതത്തെയോ സംബന്ധിച്ച് വേണ്ടത്ര അവബോധമില്ല.
തക്ഷകനാവട്ടെ ദശകങ്ങളായി തുടരുന്ന കടുത്ത പകയുടെ ഭാഗമെന്നോണം മരണം സംഭവിക്കണമെന്ന തീവ്രമായ ആഗ്രഹത്തോടെയാണ് അതിനായി ശ്രമിക്കുന്നത്.
ഇന്നേക്ക് ഏഴാം നാള്‍ സര്‍പ്പദംശനമേറ്റ് മരിക്കട്ടെ എന്ന് ശപിക്കുന്ന ശമീകമഹര്‍ഷി
പുത്രനായ ശൃംഗി വൈരനിര്യാതനബുദ്ധിയോടെ ബോധപൂര്‍വം ചെയ്യുന്നതല്ല അത്.
തന്റെ പിതാവിനെ അപമാനിച്ച ഒരാളോടുളള വികാരക്ഷോഭം നിയന്ത്രിക്കാനാവാതെ ശപിച്ചു പോയതാണ്. പിന്നീട് പിതാവ് തന്റെ തെറ്റ് ചൂണ്ടികാട്ടുമ്പോള്‍ ശൃംഗിക്ക് പശ്ചാത്താപവുമുണ്ട്. എന്നാല്‍ തന്റെ വാക്കുകള്‍ പിന്‍വലിക്കാന്‍ അദ്ദേഹം അശക്തനാണ് താനും. മരണത്തില്‍ നിന്ന് പരീക്ഷിത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന മുനികുമാരന്‍ നിര്‍വ്യാജമായ മനുഷ്യസ്‌നേഹത്തിന്റെ പ്രതീകമാണ്. അയാള്‍ക്ക് വൈയക്തിമായ ഒരു താത്പര്യങ്ങളും ഇക്കാര്യത്തിലില്ല.
മുനിയുടെ ദേഹത്ത് ചത്തപാമ്പിനെ ചാര്‍ത്തിയ പരീക്ഷിത്തില്‍ ഒരേ സമയം വിവിധ മാനസിക ഭാവങ്ങളുളളതായി കാണാം.
ഒന്ന് നിര്‍ദ്ദോഷമായ ഒരു തമാശ. മറ്റൊന്ന് മഹാരാജാവായ താന്‍ വന്നിട്ടും തപസ്സില്‍ നിന്ന് ഉണരാത്തതിന്റെ ഈര്‍ഷ്യ തീര്‍ക്കാന്‍ മുനിയെ മനപുര്‍വം അപമാനിക്കുന്നത്.
പരീക്ഷിത്തിന്റെ അധികാരനുബന്ധിയായ ആധിപത്യമനോഭാവത്തിന്റെയും മേധാവിത്വത്തിന്റെയും പരിണിതഫലം കൂടിയാണ് ആ പ്രവൃത്തി.
എന്ത് തന്നെയായാലും പരീക്ഷിത്തിന്റെ പ്രവൃത്തി അദ്ദേഹത്തിന്റെ അന്ത്യം സംഭവിക്കാന്‍ ഒരു നിമിത്തമായി തീരുകയാണ്. മരണം ഒഴിവക്കി തരാം എന്ന പേരില്‍ രാജാവിന്റെ ദൗര്‍ബല്യത്തെ ചൂഷണം ചെയ്യാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് കശ്യപ മഹര്‍ഷി. മരണം പോലും വിലപേശലിന്റെയും ചൂഷണവ്യവസ്ഥയുടെയും ഉപോത്പന്നമാക്കി മാറ്റാനുളള അദ്ദേഹത്തിന്റെ വ്യഗ്രത അത്ഭുതകരമാണ്. ഒരു ഋഷിവര്യനാണെന്നത് പോലും ധനത്തോടുളള ദുര മൂലം അദ്ദേഹം മറക്കുന്നു.
അങ്ങനെ ഈ നോവലിലെ പരശ്ശതം കഥാപാത്രങ്ങളും മരണവക്‌ത്രത്തിന് ചുറ്റും കറങ്ങുന്ന നിസ്സഹായരായ മനുഷ്യരായി മാറുന്നു. ഏതോ പൂര്‍വനിശ്ചിതമായ യാഥാര്‍ത്ഥ്യമാണ് ഒരര്‍ത്ഥത്തില്‍ മരണം. അഗ്‌നിക്ക് മുന്നില്‍ ആകര്‍ഷിക്കപ്പെടുന്ന ഈയലുകള്‍ക്ക് സമാനമായി മരണം എന്ന അനിഷേധ്യ സത്യത്തിന് ചുറ്റും ഭ്രമണം ചെയ്യുന്ന മനുഷ്യരിലുടെ ജീവിതാസക്തിയും മരണതുല്യശാപവും മരണപ്രതിരോധവും കടന്ന് മരണാവബോധം സിദ്ധിച്ച് ഒടുവില്‍ ഒരു തൂമന്ദഹാസത്തോടെ പക്വമായ സന്തോഷത്തോടെ മൃത്യൂവിനെ വരിക്കുന്ന പരീക്ഷിത്തില്‍ പര്യവസാനിക്കുന്നു പരമപദം എന്ന നോവല്‍.
നോവലിന്റെ
രാഷ്‌ട്രീയം
സ്വന്തം ആയുര്‍ദൈര്‍ഘ്യം അനന്തമാക്കാന്‍ തത്രപ്പെടുകയും അങ്ങനെ ദീര്‍ഘകാലം അധികാരപ്രമത്തതയില്‍ അഭിരമിച്ച് കഴിയാന്‍ വെമ്പല്‍ കൊളളുന്ന അധികാരരാഷ് ട്രീയാഭിമുഖ്യമുളള ഭരണാധികാരി തന്നെയാണ് പരീക്ഷിത്ത്. അതേസമയം പ്രജാക്ഷേമ തത്പരനായ അദ്ദേഹം ഏറ്റവും മികച്ച ഭരണം കാഴ്ചവയ്ക്കുന്നതായും മികച്ച ആസൂത്രണവൈഭവവും പ്രായോഗിക വീക്ഷണവും ഇച്ഛാശക്തിയുമുളള നല്ല ഭരണാധികാരിയാണെന്ന് നോവല്‍ വ്യക്തമായി പറയുന്നു.
എന്നാല്‍ എല്ലാ അധികാരമോഹികളെ എല്ലാം ഭരിക്കുന്ന സൂപ്പര്‍ഈഗോയില്‍ നിന്ന് പരീക്ഷിത്തും മോചിതനല്ല. ധ്യാനത്തില്‍ മുഴുകിയിരുന്ന മുനിയുടെ മൗനം പോലും അയാള്‍ക്ക് അസഹനീയമാവുന്നതും തന്നെ ആദരിക്കുന്നില്ല എന്ന തോന്നല്‍ ഉളവായതും അതിന്റെ പേരില്‍ ഹീനമായ തരത്തില്‍ മുനിയെ അപമാനിക്കാന്‍ ഒരുമ്പെടുന്നതും മറ്റും ഈ അധികാരാനുബന്ധ ഔദ്ധത്യത്തിന്റെ അനന്തരഫലമാണ്.
സിംഹാസനത്തിന്റെ പിന്‍ബലം കൊണ്ട് മരണം പോലെ അപ്രതിരോധ്യമായ ഒരു അവസ്ഥയെ നേരിടാം എന്ന അതിര് കടന്ന ആത്മവിശ്വാസം പോലും അധികാരം ജനിമൃതികള്‍ പോലുളള ജൈവികമായ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ക്ക് മേലെയാണെന്ന ധ്വനി ഉണര്‍ത്തുന്നുണ്ട്. എന്നാല്‍ അതെല്ലാം വ്യര്‍ത്ഥമാണെന്ന തിരിച്ചറിവിലേക്ക് അനുഭവം അയാളെ എത്തിക്കുകയും ചെയ്യുന്നു.
ദര്‍ശനത്തെ സാധൂകരിക്കുന്ന
ഫാന്റസി
ഖാണ്ഡവ വനം ദഹിപ്പിക്കുന്നതിനിടയില്‍ അര്‍ജുനന്‍ തന്റെ പ്രിയപ്പെട്ടവരെ അഗ്‌നിക്കിരയാക്കിയതിന്റെ പകതീര്‍ക്കാന്‍ ദശകങ്ങള്‍ക്ക് ശേഷം കാത്തിരുന്ന് തക്ഷകന്‍ അദ്ദേഹത്തിന്റെ പൗത്രന്‍ പരീക്ഷിത്തിന് ദുര്‍ബുദ്ധി തോന്നിക്കുകയും അയാളെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്ന പുരാണകഥാസംബന്ധിയായ മിത്ത് നോവല്‍ മുന്നോട്ട് വയ്ക്കുന്ന യാഥാര്‍ത്ഥ്യങ്ങളിലുന്നിയ സമീപനങ്ങളുമായി പൊരുത്തപ്പെടുന്നില്ല. എന്നാല്‍ പൗരാണിക കഥാംശത്തോട് പരമാവധി നീതിപുലര്‍ത്തുകയും കാതലായ ഘടകങ്ങളെ നിരാകരിക്കാതെ ഫാന്റസി അടക്കമുളളവയെ ദാര്‍ശനിക ഔന്നത്യം പുലര്‍ത്തുന്ന ഒരു നോവലിന്റെ സാക്ഷാത്കാരത്തിനായി സമര്‍ത്ഥമായി ഉപയോഗപ്പെടുത്തിയിരിക്കുന്നു എഴുത്തുകാരന്‍. തക്ഷകന്‍ ആകാശത്തോളം വളരുന്നതും പുഴുവായി ചുരുങ്ങുന്നതുമെല്ലാം ഈ തരത്തില്‍ ഒരു മാജിക്കല്‍ സിറ്റ്വേഷനായി മാത്രമേ കാണേണ്ടതുളളു എന്ന് നോവലിസ്റ്റ് തന്നെ ആമുഖത്തില്‍ പറയുന്നുണ്ട്.






