പഴയ ഗോവയെന്ന തുറന്നമ്യൂസിയം

ബോംജീസസിലെ ഉണ്ണിയേശുവിന്റെ രൂപത്തിനു മുമ്പില്‍ കുറച്ചു കന്യാസ്ത്രീകള്‍ മുട്ടുകുത്തി നിന്നു പ്രാര്‍ത്ഥിക്കുന്നു. അവര്‍ക്കു ചുറ്റുമായി വലിയൊരു കൂട്ടം രൂപപ്പെട്ടിട്ടുണ്ട്. ഞങ്ങള്‍ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുശരീരം കാണുവാനുള്ള വരിയിലായിരുന്നു. ഉദ്വേഗത്തോടെ വരിനിന്ന് തിരുശരീരം സൂക്ഷിക്കുന്ന പേടകത്തിനടുത്തെത്തി. അവിടെയത്തി ഫ്രാന്‍സിസ് സേവ്യറുടെ തിരുശരീരം കാണുമ്പോള്‍ അടുത്തിടെ വായിച്ച ഒരു കഥയാണ് ഓര്‍മ്മയിലേക്ക്‌വന്നത്. അതിലെ വൃദ്ധയെപ്പോലെ ആര്‍ത്തലയ്ക്കാനാണ് എനിക്കു തോന്നിയത്.

ഗോവന്‍ സര്‍ക്കാരിന്റെ പൊതുഗതാഗത സംവിധാനമായ കദംബ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ കുടുസുവണ്ടിയില്‍ രാവിലെ വെല്‍ഹ ഗോവയെന്ന പഴയ ഗോവയില്‍ ചെന്നിറങ്ങുമ്പോള്‍ ഗ്രാമീണബാലികയുടെ കൈ പിടിച്ചുനില്‍ക്കുന്ന മനോഹരമായ വലിയ ഗാന്ധിപ്രതിമയാണ് വരവേറ്റത്. നിഷ്‌കളങ്കമായ ബാലികയെ അനുതാപത്തോടെ നോക്കുന്ന ഗാന്ധിജിയുടെ ദൃശ്യം മനോഹര ശില്പമാണ്.
15-ാം നൂറ്റാണ്ടില്‍ ആദില്‍ഷായുടെ സൈന്യത്തെ പരാജയപ്പെടുത്തി പോര്‍ച്ചുഗീസുകാര്‍ ബീജാപ്പൂര്‍ സുല്‍ത്താനേറ്റ് പിടിച്ചടക്കുന്നതുവരെ ഓള്‍ഡ് ഗോവയായിരുന്നു തലസ്ഥാനം. പതിനേഴും പതിനെട്ടും നൂറ്റാണ്ടുകളില്‍ കോളറയും മലേറിയയും ഗോവയെ തളര്‍ത്തുന്നതുവരെ സമ്പന്നമായ തലസ്ഥാനമായി ഈ പൈതൃകനഗരം പരിലസിച്ചിരുന്നു. ‘കിഴക്കിന്റെ റോം’ എന്ന വിളിപ്പേരിലാണ് പശ്ചാത്യ വൃത്തങ്ങളില്‍ പോലും, ഓള്‍ഡ്‌ഗോവ പട്ടണം അക്കാലത്ത് അറിയപ്പെട്ടിരുന്നത്.
പതിനെട്ടാംനൂറ്റാണ്ടിന്റെ മധ്യത്തില്‍ മാരകമായ പകര്‍ച്ചവ്യാധി പിടിപെട്ടതോടെയാണ് വെല്‍ഹ ഗോവ എന്ന ഓള്‍ഡ് ഗോവ ഉപേക്ഷിക്കപ്പെട്ട നഗരമായി ചരിത്രത്തില്‍ ശേഷിച്ചത്. ആര്‍ക്കിയോളജിക്കന്‍ സര്‍വ്വേയുടെ കണക്കനുസരിച്ച് ഇന്ന് ഈ പ്രദേശത്ത് പതിനെട്ടോളം ഇടങ്ങള്‍ ലോകപൈതൃകസ്ഥലങ്ങളുടെ പട്ടികയിലിടം പിടിച്ചിട്ടുണ്ട്.
ഗാന്ധിസ്‌ക്വയറില്‍ നിന്നും നടന്നത് ഓള്‍ഡ് ഗോവയിലെ ഏറ്റവും പ്രശസ്തമായ പൈതൃകസ്മാരകമായ ബോംജീസസ് ബസലിക്കയിലേക്കാണ്. ബോംജീസസ് എന്നാല്‍ ഉണ്ണിയേശുവാണ്. പ്രാദേശികമായി ലഭിക്കുന്ന ചുവന്ന നിറത്തിലുള്ള ലാറ്ററൈറ്റ് കല്ലുകള്‍ കൊണ്ടാണ് ശില്പവേലകളാല്‍ സമ്പന്നമായ കൂറ്റന്‍ പള്ളി നിര്‍മ്മിച്ചിരിക്കുന്നത്.
പുറത്ത് സാരിതറ്റുടുത്ത ഗോവന്‍സ്ത്രീകള്‍ പൂക്കളും മെഴുകുതിരികളും വില്പനയ്ക്കായി നിരത്തിയിരിക്കുന്നു. പ്രധാനകവാടം കടക്കുമ്പോള്‍ പടര്‍ന്നുപന്തലിച്ച നീല്‍മോഹര്‍ മരം. ആകാശത്തില്‍ നിന്നെന്ന പോലെ നീല പുഷ്പങ്ങള്‍ അനസ്യൂതം പൊഴിച്ചു പുഷ്പവൃഷ്ടി നടത്തുന്ന നീല്‍മോഹറിന്റെ തണലില്‍ നിന്ന് ബസലിക്കയെ കാണുന്നത് അപൂര്‍വ്വമായ ദൃശ്യാനുഭവമാണ്.
റോമന്‍പള്ളി പോലെ പണിഞ്ഞിരിക്കുന്ന ക്രിസ്ത്യന്‍ പള്ളികളുടെ വിളിപ്പേരാണ് ബസലിക്ക. മതപരമായ തിരുശേഷിപ്പുകള്‍ ബസിലിക്കകളുടെ പ്രത്യേകതകളാണ്. ഓള്‍ഡ് ഗോവയിലെ ബോംജീസസ് ബസലിക്കയില്‍ സ്പാനിഷ് ജെസ്യൂട്ട് സെന്റ് ഫ്രാന്‍സിസ് സേവ്യറിന്റെ ഭൗതികശരീരമാണ് സൂക്ഷിച്ചിരിക്കുന്നത്.
വളരെ വിചിത്രമായ കഥകളും സെന്റ് ഫ്രാന്‍സിസിന്റെ തിരുശേഷിപ്പുകളെപ്പറ്റി പ്രചരിക്കുന്നു. 1552 ല്‍ ചൈനയിലെ സാന്‍സിയാ ദ്വീപില്‍ രോഗബാധിതനായി മരിച്ച ഫ്രാന്‍സിസ് സേവ്യറിനെ ചൈനയിലെ ഒരു ദ്വീപിലാണ് സംസ്‌കരിച്ചത്. ഒരു വര്‍ഷം കഴിഞ്ഞ് മൃതദേഹം പോര്‍ച്ചുഗീസ് മലാക്കയിലേക്ക് കൊണ്ടുപോയി. അതേ വര്‍ഷം തന്നെ ഗോവയിലേക്ക് തിരികെ കൊണ്ടു വന്നു. ഫ്രാന്‍സിസ് സേവ്യറിന്റെ ഭൗതിക ശരീരം ആദ്യം സൂക്ഷിച്ചിരുന്നത് ഓള്‍ഡ് ഗോവയിലെ സാവോപോളോകോളേജിലായിരുന്നു. പിന്നെ വിശുദ്ധനായി പ്രഖ്യാപിച്ചു. അതിനായി അദ്ദേഹത്തിന്റെ ഭൗതിക ശരീരത്തില്‍ നിന്ന് വലതു കൈ വേര്‍പെടുത്തി ആരാധനയ്ക്കായി റോമിലേക്ക് കൊണ്ടുപോയതായും പറയുന്നു. 1624 ല്‍ സാഘോഷമായി വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ ഭൗതികശരീരം ബോംജീസസ് ബസിലിക്കയിലേക്ക് മാറ്റി . തുടര്‍ന്നും വിശുദ്ധന്റെ പേരില്‍ പലരും അവകാശവാദങ്ങള്‍ ഉന്നയിച്ചു.
”കേടുപാടുകളില്ലാതെ” കാണപ്പെട്ട ദിവ്യാത്ഭുതമായി പരിഗണിക്കപ്പെട്ട ഭൗതികശരീരം അങ്ങനെ അവസാനം ബോംജീസസ് ബസിലിക്കയിലെത്തി. ഫ്രാന്‍സിസ് സേവ്യറിന്റെ പൗരോ ഹിത്യജീവിതത്തില്‍ ഏറിയ പങ്കും ചെലവഴിച്ച ഇടം എന്നതായിരുന്നു ആ പരിഗണന. ഇപ്പോള്‍ ആകൃതിയാകെ മാറിപ്പോയ ‘തിരുശരീരം’ ദൂരെ നിന്ന് തീര്‍ത്ഥാടകര്‍ക്ക് കാണാം.
ഇന്ന് ഗോവയില്‍ ഏറ്റവും അധികം സഞ്ചാരികളെത്തുന്ന ഇടമാണ് ബോംജീസസ് പള്ളി. ബറോക്ക്-പോര്‍ച്ചുഗീസ് വാസ്തുവിദ്യാശൈലിയിലുള്ള പള്ളിയുടെ രൂപകല്‍പ്പന സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഒരു ആര്‍ട്ട്ഗാലറിയും ബസിലിക്കയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. ഇവിടുത്തെ ചുവര്‍ ചിത്രങ്ങളും പ്രസിദ്ധമാണ്. ലയോളയിലെ ഇഗ്നേഷ്യസിന്റെ പ്രതിമ പള്ളിയുടെ ആകര്‍ഷണങ്ങളിലൊന്നാണ്. പള്ളിച്ചുമരുകളിലേയും മേല്‍ക്കൂരകളിലേയും കൊത്തുപണികള്‍ മനോഹരമായ വാസ്തുവിദ്യാവൈദഗ്ധ്യം വിളിച്ചു പറയുന്നു. ഓള്‍ഡുഗോവയിലെ മറ്റൊരാകര്‍ഷണമായിരുന്ന പോര്‍ച്ചുഗീസ് മഹാകവിയായിരുന്ന കമയോണ്‍സിന്റെ കൂറ്റന്‍ വെങ്കലപ്രതിമ ഇപ്പോള്‍ ബസിലിക്കയുടെ ഭാഗമായ മ്യൂസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്.
ഗോവയിലെ മതപരിവര്‍ത്തനത്തിനു നേതൃത്വം വഹിച്ച പുരോഹിതനായാണ് ജെസ്യൂട്ട് സഭയിലെ പ്രധാനിയായ ഫ്രാന്‍സിസ് സേവ്യറിനെ കണക്കാക്കുന്നത്. തീവ്രമായ വംശീയത ഉയര്‍ത്തി പറങ്കികള്‍ മതപരിവര്‍ത്തനം നടത്തിയതും പ്രധാനമായും ഫ്രാന്‍സിസ് സേവ്യറിന്റെ നേതൃത്വത്തിലായിരുന്നു. പോര്‍ച്ചുഗീസ് അധിനിവേശമുള്ള ഏഷ്യാവന്‍കരയിലെ മറ്റ് കോളനി പ്രദേശങ്ങളിലെ മതദ്രോഹവിചാരണകള്‍ പോലും അക്കാലത്ത് ഗോവയിലാണ് നടപ്പിലാക്കിയിരുന്നത്. ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടവര്‍ അവരുടെ മുന്‍മതാചാരങ്ങള്‍ പിന്തുടരുന്നത് കണ്ടുപിടിച്ച് ശിക്ഷിക്കുവാനായിരുന്നു പ്രധാനമായും മതദ്രോഹവിചാരണകളെന്ന് വെള്ള പൂശിയ, പ്രാകൃതനിയമങ്ങള്‍ നടപ്പിലാക്കിയത്. പരിവര്‍ത്തനത്തിനുശേഷവും ഹിന്ദു-മുസ്ലീം മതാചാരങ്ങളെ പിന്തുടരുന്നവരെ കണ്ടെത്തി ശിക്ഷിക്കുക എന്ന ഗൂഢോദ്ദേശത്തോടെ നടത്തിയിരുന്ന വിചാരണകള്‍ക്ക് ഫ്രാന്‍സിസ് സേവ്യര്‍ നേതൃത്വം നല്കിയതായി വിശ്വസിക്കപ്പെടുന്നു.
ബസലിക്കയിലേക്കുള്ള പ്രധാനകവാടത്തില്‍ തീര്‍ത്ഥാടകരുടെ തിരക്കായിത്തുടങ്ങിയിട്ടുണ്ട്. മുന്‍പ് പലപ്രാവശ്യം ഇവിടെ എത്തിയിട്ടുണ്ട്. ഇത്തവണ സുഹൃത്ത് ജിത്ത്‌ലാലും ഒപ്പമുണ്ട്. ഈ പള്ളിമുറ്റത്തെത്തുമ്പോള്‍ പ്രാചീനമായ ഒരു സ്ഥലത്ത് എത്തപ്പെട്ട പ്രതീതിയാണുണ്ടാവുക. പുരാതനമായ ഒരു ഗന്ധം പോലും നമ്മെ പൊതിഞ്ഞു നില്‍ക്കും.
തീര്‍ത്ഥാടകരുടെ വരി മുന്നോട്ടു നിങ്ങാത്തതിനു കാരണം തദ്ദേശീയരായ സ്ത്രീകളുടെ ഒരു സംഘം വലതുവശത്ത് പ്രദര്‍ശിപ്പിച്ചിട്ടുള്ള തിരുശേഷിപ്പുകള്‍ സൂക്ഷിക്കുന്ന സ്ഫടികപേടകത്തിനു മുമ്പില്‍ വഴിയടച്ചു നിന്ന് പ്രാര്‍ത്ഥിക്കുന്നതുകൊണ്ടായിരുന്നു. ഗോവന്‍ രീതിയില്‍ തട്ടുടുത്ത സാരിയും ബ്ലൗസും ധരിച്ച അവരുടെ പ്രാര്‍ത്ഥനകള്‍ കൊങ്കണിയിലായിരുന്നു എന്നത് കൗതുകമായി.
ബോംജീസസിലെ ഉണ്ണിയേശുവിന്റെ രൂപത്തിനു മുമ്പില്‍ കുറച്ചു കന്യാസ്ത്രീകള്‍ മുട്ടുകുത്തി നിന്നു പ്രാര്‍ത്ഥിക്കുന്നു. അവര്‍ക്കു ചുറ്റുമായി വലിയൊരു കൂട്ടം രൂപപ്പെട്ടിട്ടുണ്ട്. ഞങ്ങള്‍ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുശരീരം കാണുവാനുള്ള വരിയിലായിരുന്നു. ഉദ്വേഗത്തോടെ വരിനിന്ന് തിരുശരീരം സൂക്ഷിക്കുന്ന പേടകത്തിനടുത്തെത്തി. അവിടെയത്തി ഫ്രാന്‍സിസ് സേവ്യറുടെ തിരുശരീരം കാണുമ്പോള്‍ അടുത്തിടെ വായിച്ച ഒരു കഥയാണ് ഓര്‍മ്മയിലേക്ക്‌വന്നത്. അതിലെ വൃദ്ധയെപ്പോലെ ആര്‍ത്തലയ്ക്കാനാണ് എനിക്കു തോന്നിയത്.
പി.എഫ്.മാത്യുസിന്റെ ആ കഥയുടെ അവസാനം ഏതാണ്ട് ഇങ്ങനെയായിരുന്നു. എഴുപത്തിനാലാം പിറന്നാളാഘോഷിക്കുന്ന വൃദ്ധയായ എമിലിയുടെ ആഗ്രഹപ്രകാരം മകന്റെ പ്രായമുള്ള എബിച്ചന്‍ പിറന്നാള്‍ ദിനത്തില്‍ പ്രാര്‍ത്ഥനയ്ക്കായി പഴയ ഗോവയിലെ ബോംജീസസ് പള്ളിയിലെ ഫ്രാന്‍സിസ് സേവ്യറുടെ വിശുദ്ധശരീരത്തിനടുത്തേക്ക് വൃദ്ധയുടെ കൈപിടിച്ച് എത്തുന്നു. പെട്ടെന്ന് അവിടുത്തെ കനത്ത നിശബ്ദതകളേയും മൗനപ്രാര്‍ത്ഥനകളേയും ഉടച്ച് ഒരു പൊട്ടിച്ചിരി മുഴങ്ങി. വെള്ളിമുടികളുള്ള അമ്മൂമ്മ കൈയടിച്ച് ആര്‍ത്തലച്ച് ചിരിക്കുകയാണ്. എബിച്ചന്‍ വൃദ്ധയെ ബലമായിപ്പിടിച്ച് പുറത്തേക്ക് കൊണ്ടു പോയി. അവിടെ കഥ അവസാനിക്കുന്നു.
കൂടെയുള്ള ജിത്ത്‌ലാല്‍ ഒരുവേള ഇടറിയ, എന്നേയും ബലമായി പുറത്തേക്ക് പിടിച്ചുവലിച്ചു.

വൈസ്രോയി ആര്‍ച്ച്
മഹാത്മാഗാന്ധി സര്‍ക്കിളില്‍ നിന്ന് ചെറിയദൂരമേയുള്ളൂ ദിവാര്‍ ദ്വീപിലേക്ക് ഫെറികള്‍ പോകുന്ന കടവിലെത്താന്‍. ദ്വീപിലേക്കുള്ള വഴിയവസാനിക്കുന്നതിനു മുന്‍പാണ് ചരിത്രം സ്പന്ദിക്കുന്ന
വൈസ്രോയികമാനം. വാസ്‌കോഡഗാമയുടെ പ്രതിമ ഉള്‍പ്പെടുന്ന പ്രാചീനമായ കമാനം പോര്‍ച്ചുഗീസുകാരുടെ ഗോവന്‍ അധിനിവേശത്തിന്റെ അടയാളമാണ്. ഇന്ത്യയിലേക്ക് കൊളോണിയലിസം കടന്നു വന്ന ‘ചരിത്രവഴി’ പിന്നീട് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് ഇന്‍ഡ്യയിലേക്കുള്ള കവാടമായി.
ഓരോ വൈസ്രോയിമാരും തന്റെ പദവി ഏറ്റെടുക്കുന്നതിനു മുന്‍പ് ഈ കവാടത്തിലൂടെ കടന്നു പോകേണ്ടതുണ്ട്. കവാടത്തിനു മുകളില്‍ സെന്റ് കാതറീന്‍ പ്രതിമയും ദ്വീപിന് അഭിമുഖമായ ഭാഗത്ത് വാസ്‌കോ ഡ ഗാമയുടെ പ്രതിമയും കാണാം. ചരിത്രത്തിന്റെ സ്പന്ദനങ്ങള്‍ ഏറെ കണ്ട പൗരാണിക കമാനം കാലത്തിന്റെ നിതാന്ത കാവല്‍ക്കാരനെപ്പോലെ ഓള്‍ഡ് ഗോവയില്‍ മണ്‌ഡോവിതീരത്ത് സ്ഥിതി ചെയ്യുന്നു.
പഴയബീജാപ്പൂര്‍ രാജാവായിരുന്ന യൂസഫ് ആദില്‍ഷായുടെ കൊട്ടാരത്തിന്റെ ഭാഗമായി കരുതുന്ന ഒരു ചെറിയകവാടവും സെന്റ് കജതന്‍ പള്ളിയും വൈസ്രോയി ആര്‍ച്ചിനു സമീപത്തുള്ള ചരിത്രശേഷിപ്പുകളാണ്. പഴയഗോവയില്‍ അവശേഷിക്കുന്ന ഇറ്റാലിയല്‍ വാസ്തുവിദ്യ രീതിയിലുള്ള നിര്‍മ്മിതിയാണ് കജെതന്‍ പള്ളി. വൈസ്രോയി ആര്‍ച്ചിലേക്കുള്ള കമാനപാത അവസാനിക്കുന്നത് ദിവാര്‍ ദ്വീപിലേക്കുള്ള ഫെറിടെര്‍മിനലിലാണ്.
9387034142

Author

92 Views
Scroll to top
Close
Browse Categories