നമ്മുടെഎഡിറ്റോറിയലുകളും കവർസ്റ്റോറികളും കൊണ്ട്( ആർക്ക്)എന്തു പ്രയോജനം ?

ഒരു പത്രാധിപരുടെ മുമ്പിലുള്ള വിഷയങ്ങളുടെ തിരഞ്ഞെടുപ്പ് ഒരു വലിയ ചതിക്കുഴിയാണ്. അവിടെ വാക്കുകളുടെ ധൂർത്തിനേക്കാൾ ചിലപ്പോൾ പ്രസക്തമായിത്തീരുന്നത് ദീർഘനാളത്തേയ്ക്ക് ചിന്തിക്കാൻ കരുതിവയ്ക്കുന്ന ചില ദർശനങ്ങളാണ്. Paris Review ന്റെ ഏറ്റവും ഒടുവിലത്തെ ലക്കത്തിൽ യൂജിൻ ഒസ്റ്റാഷെവ്സ്കിയുടെ ഒരു കുറിപ്പിൽ ഇങ്ങനെ എഴുതിയിട്ടുണ്ട് – ” കല ഉചിതമായ വാക്കാലുളള ബന്ധങ്ങളിലാണ് കലാശിക്കേണ്ടത്. ” Appropriate എന്ന ഇംഗ്ലീഷ് പദമാണ് അതിനുപയോഗിച്ചിരിക്കുന്നത്. എന്തും പരപ്പിൽ പറഞ്ഞ് മടുപ്പിക്കുന്ന നമ്മുടെ പത്രാധിപൻമാർ ഗൗരവമേറിയ വിഷയങ്ങളെ കൈകാര്യം ചെയ്യുമ്പോൾ അതിനുളളിലെ പ്രാധാന്യമേറിയ കൗതുകത്തിന്റെ ആഴത്തെ തളർത്തിക്കളയുന്നതു കാണാം

നമ്മുടെ ജീവിതവീക്ഷണത്തിന്റെ നിഴലാട്ടമാണ് എഡിറ്റോറിയലുകളിലും കവർസ്റ്റോറികളിലും ഉള്ളതെങ്കിൽ എന്ത് ഒറിജിനാലിറ്റിയാണ് അതിന് ജീവൻ നൽകിയ ജീനിയസ്സിന്റെ വീക്ഷണത്തിലുള്ളത് എന്ന ചോദ്യത്തിന് പ്രസക്തിയേറുന്നു. തികച്ചും വ്യക്തിപരവും അപൂർവ്വവുമായ ഒരു വീക്ഷണമുള്ള എഡിറ്ററിന് സാധാരണ എഡിറ്റർമാരേക്കാൾ വ്യക്തമായും കൂടുതലായും സമകാലിക ജീവിതത്തെ കാണാൻ കഴിയും. ഈ പ്രത്യേക വീക്ഷണത്തിന്റെ ആവിഷ്കരണമാണ് Granta പോലെയുളള അന്തർദേശീയ ജേർണലുകളെ ശ്രദ്ധിപ്പിക്കുന്നത്. Granta ഓരോ ലക്കവും ഓരോ രാജ്യത്തെയാണ് ഫോക്കസ് ചെയ്യുന്നത്. അങ്ങനെ വരുമ്പോൾ അതിലെ കഥയോ കവിതയോ ഒക്കെ എഡിറ്റോറിയലിനും കവർസ്റ്റോറിക്കും തത്തുല്യമായ സ്റ്റാറ്റസ് ആർജ്ജിക്കുന്നതു കാണാം. സമകാലിക പ്രശ്നങ്ങളുടെ ഒരു കഷണം വാർത്തെടുക്കാൻ കഴിവുള്ളവൻ കള്ളചരിത്രത്തിന്റെ അർത്ഥഭേദങ്ങൾ തല്ലിപ്പരത്താൻ കഴിവ് നേടിയവനായിരിക്കും. എപ്പോഴും മൗനം കനത്ത ചിന്തയുടെ ഗർഭഗൃഹമാകില്ലായെന്ന് ബോദ്ധ്യമുളള ചിലരെങ്കിലും ഇന്നും ഇവിടെയുണ്ട്.
ഒരു പത്രാധിപരുടെ മുമ്പിലുള്ള വിഷയങ്ങളുടെ തിരഞ്ഞെടുപ്പ് ഒരു വലിയ ചതിക്കുഴിയാണ്. അവിടെ വാക്കുകളുടെ ധൂർത്തിനേക്കാൾ ചിലപ്പോൾ പ്രസക്തമായിത്തീരുന്നത് ദീർഘനാളത്തേയ്ക്ക് ചിന്തിക്കാൻ കരുതിവയ്ക്കുന്ന ചില ദർശനങ്ങളാണ്. Paris Review ന്റെ ഏറ്റവും ഒടുവിലത്തെ ലക്കത്തിൽ യൂജിൻ ഒസ്റ്റാഷെവ്സ്കിയുടെ ഒരു കുറിപ്പിൽ ഇങ്ങനെ എഴുതിയിട്ടുണ്ട് – ” കല ഉചിതമായ വാക്കാലുളള ബന്ധങ്ങളിലാണ് കലാശിക്കേണ്ടത്. ” Appropriate എന്ന ഇംഗ്ലീഷ് പദമാണ് അതിനുപയോഗിച്ചിരിക്കുന്നത്. എന്തും പരപ്പിൽ പറഞ്ഞ് മടുപ്പിക്കുന്ന നമ്മുടെ പത്രാധിപൻമാർ ഗൗരവമേറിയ വിഷയങ്ങളെ കൈകാര്യം ചെയ്യുമ്പോൾ അതിനുളളിലെ പ്രാധാന്യമേറിയ കൗതുകത്തിന്റെ ആഴത്തെ തളർത്തിക്കളയുന്നതു കാണാം. സമീപകാലത്ത് ഒരു ശരാശരി മലയാളി ആവശ്യപ്പെടുന്ന എഡിറ്റോറിയലുകൾ കുറിച്ചിട്ടുള്ളത് മലയാളത്തിലെ പത്രാധിപ സിംഹങ്ങളൊന്നുമല്ല. വെള്ളാപ്പള്ളി നടേശൻ പത്രാധിപരായിരിക്കുന്ന ഇതേ ദ്വൈവാരികയുടെ സമീപകാല എഡിറ്റോറിയലുകളെ ഈയാഴ്ചയിലെ പുസ്തകം എന്ന സെഗ്മെന്റിൽ വിചാരണയ്ക്ക് വിധേയമാക്കുന്നുണ്ട്. കാരണം അവയൊന്നും ബാലിശവിചാരങ്ങളുടെ വെറും പ്രദർശനശാലകളല്ല.
സമകാലിക മലയാളം വാരികയുടെ പത്രാധിപർ സജി ജെയിംസ്’ കർഷകരുടെ മരണനിലം ‘ (07 ജൂലൈ 2025 ) എന്ന പത്രാധിപ കുറിപ്പിൽ മഹാരാഷ്ട്രയിലെ കർഷകരുടെ ദുരിതങ്ങളെയും നിലവിലുള്ള ആത്മഹത്യാനിരക്കിനെയും പുറത്തുവിടുന്നുണ്ട്. സുഭാഷ് ചന്ദ്രന്റെ വാതിൽ എന്ന എഡിറ്റോറിയലിൽ ( മാതൃഭൂമി ആഴ്ചപ്പതിപ്പ് 2025 ജൂലായ് 13 ) ഇങ്ങനെ എഴുതുന്നു – ” മലയാളി സമൂഹത്തിൽ നിന്ന് ചില മഹാവൃക്ഷങ്ങളെ കാലം സെലക്ഷൻ ഫെല്ലിങ്ങിലൂടെ വെട്ടിനീക്കുന്നത് നാം കണ്ടുനിൽക്കുന്നു. ഒറ്റനോട്ടത്തിൽ വലിയ വ്യത്യാസമൊന്നും തോന്നിക്കാതെ സമൂഹം എന്ന നിലയ്ക്ക് നാം അറിഞ്ഞുതന്നെ. പിന്നെയും കാണപ്പെടുന്നുണ്ടാകാം. എന്നാൽ ചില സ്വരങ്ങൾ എല്ലാ കാലത്തേക്കുമായി ഇല്ലാതാവുന്നുണ്ട്- ആർജ്ജവത്തിന്റെ , ചങ്കൂറ്റത്തിന്റെ സ്വരങ്ങൾ. ഇത്തരം അനിവാര്യതകളെ ചുരുക്കം ചില എഡിറ്റോറിയലുകളും കവർസ്റ്റോറികളുമേ പ്രത്യക്ഷമാക്കാറുള്ളു എന്നതാണ് യാഥാർത്ഥ്യം.

ഫിക്ഷനും
കവർസ്റ്റോറിയും !
സൃഷ്ടിയുടെ പഴമയെ അട്ടിമറിക്കാൻ ശ്രമിച്ച ചില പത്രാധിപൻമാരുണ്ട്. അവർക്ക് കഥ എഡിറ്റോറിയലും കവർസ്റ്റോറിയുമൊക്കെയായി തീർന്നിട്ടുണ്ട്. രാഷ്ട്രീയം കഥയ്ക്കപ്പുറം തോന്നുന്ന അർത്ഥമാണെന്ന് വ്യഞ്ജിപ്പിച്ച പത്രാധിപരായിരുന്നു കമൽറാം സജീവ് അതുകൊണ്ടുതന്നെ ക്രമേണ അദ്ദേഹം ” കവർറാം സജീവ് ” എന്നറിയപ്പെട്ടിരുന്നു. ഇതിനെ തിന്മയുടെ തിളയ്ക്കുന്ന അഭിനിവേശമായി ചിലർ വിലയിരുത്തുകയുണ്ടായി. മലയാളിയുടെ കാപട്യത്തിന്റെ ആഴങ്ങളും വഴികളും ഭദ്രമായി ആവിഷ്ക്കരിക്കണമെങ്കിൽ ചിലർ ബലിയാടുകളായി തീരേണ്ടതുണ്ട്. നല്ല പത്രാധിപരുടെ പീഡിതസത്തകളാണ് നല്ല എഡിറ്റോറിയലുകളും കവർസ്റ്റോറികളുമായി നമുക്കുമുമ്പിലെത്തിയിട്ടുള്ളത്. ഭാഷയുടെ മിനുസമേറിയ ബാഹ്യതലങ്ങൾക്കു താഴെ വികാരസംഘർഷങ്ങളുടെ ഭീഷണമായ നിവേദനങ്ങൾ സംഭരിച്ചുവച്ചിരിക്കുന്നതിനെ പുറത്തെത്തിക്കാൻ നല്ല പത്രാധിപൻമാർ ഇന്ന് വിരളമാണ്. നല്ലതിനെ ഒഴിവാക്കാൻ അയാളിലെ ഹിപ്പോക്രിറ്റ് പുതിയ ഒഴിവുകഴിവുകൾ കണ്ടെത്തുന്നു. അതുകൊണ്ടുതന്നെ പ്രതിരോധത്തിന്റെ കൂർത്തു വളഞ്ഞ പല്ലുകൾ കരുതിവെച്ചിട്ടുള്ള പൊളിറ്റിക്കൽ റൈറ്റേഴ്‌സിനെ എന്നതിനേക്കാൾ ദാരിദ്ര്യം പുരട്ടിയ, നനവിനേക്കാൾ കടുപ്പത്തിൽ കുഴഞ്ഞുമറിഞ്ഞ കഥാപരിസരങ്ങളെ ചില പത്രാധിപൻമാർ കവർസ്റ്റോറികളാക്കുന്നതു കാണാം. അപ്പോൾ കാപട്യം തിന്മയല്ലാതായി തീരുന്നു. നമ്മുടെ കാലഘട്ടത്തിലെ മനുഷ്യസഹജമായ വികാരം എന്നു കമ്യു വിളിച്ചത് ഈ കാപട്യത്തെയാണ്. നമ്മുടെ ചില കഥാകാരൻമാരെ ബ്രാന്റ് ചെയ്തത് കവർറാം സജീവാണ്. ഫ്രാൻസിസ് നൊറോണയുടെ ‘കക്കുകളി’ , വിനോയ് തോമസിന്റെ ‘ആനന്ദ ബ്രാന്റൻ ‘ , യമയുടെ ‘ പാലം കടക്കുമ്പോൾ പെണ്ണുങ്ങൾ മാത്രം കാണുന്നത് ‘, ലാസർ ഷൈന്റെ ‘ ഡ്രൈവിങ്ങ് സ്കൂൾ’, എസ്. ഹരീഷിന്റെ ‘മോദസ്ഥിതനായങ്ങു വസിപ്പു മലപോലെ ‘ തുടങ്ങിയ കഥകൾ ഒരുപക്ഷെ കവർസ്റ്റോറിക്കും എഡിറ്റോറിയലിനും സദൃശമായ സർഗാത്മക ഉല്പന്നങ്ങളായിട്ടാണ് പ്രത്യക്ഷപ്പെട്ടത്. മലയാളത്തിലെ പ്രധാനപ്പെട്ട രണ്ട് രുചിയാഖ്യാനങ്ങളായിരുന്നു ‘ബിരിയാണിയും ‘ ‘ വാഴക്കൂമ്പും ‘. ബിരിയാണിയെഴുതിയ സന്തോഷ് ഏച്ചിക്കാനം കവർഫാക്ടറായി. പക്ഷെ വാഴക്കൂമ്പെഴുതിയ ബി. മുരളി വാരികയുടെ ഉൾക്കാട്ടിലെവിടെയോ ഒളിപ്പിക്കപ്പെടുകയായിരുന്നു. ഇവരിൽ കവർ പ്രൊജക്ഷൻ ലഭിച്ച യമ എന്ന കഥാകാരി പക്ഷെ ഒരു നിർമ്മിത കഥായന്ത്രമാണ്. നവജേർണലിസത്തിന്റെ പാഠരൂപങ്ങൾ മാത്രം കൈമുതലായുളള ഈ എഴുത്തുകാരി പന്ത്രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന മഹാകുംഭമേളയുടെ കാലാവധിക്കുള്ളിൽ എന്ന ഗതിയിൽ പടച്ചുവിടുന്ന കഥകൾക്ക് വലിയ പൂരപ്രബന്ധങ്ങൾ എഴുതാൻ കരുണാകരനെ പോലെയുള്ളവർ കാത്തിരിപ്പുണ്ട്. പത്രാധിപൻമാർക്ക് സ്വതന്ത്രമായ ആഭ്യന്തരനയങ്ങൾ ഉള്ളതു നല്ലതുതന്നെ. പക്ഷെ അർഹിക്കാത്തവർക്കു ഇടമൊരുക്കുകയും അർഹിക്കുന്നവരെ പുറത്താക്കുന്നതും നല്ല പത്രാധിപത്യത്തിന്റെ ലക്ഷണങ്ങളല്ല. ജെനറ്റിന്റെ ഒരു പ്രസ്താവന ശ്രദ്ധേയമാണ് – ” Appearance is more real than reality. ” പ്രത്യക്ഷമാകലാണ് യാഥാർത്ഥ്യം എന്നു വിശ്വസിക്കുന്നിടത്താണ് മോശം ചെറുകിട ചരക്കുകളെ പോലും വിശാലമായ മാനവികതയുടെ മുഖമായി ( ഇപ്പോൾ ) നാം എഡിറ്റോറിയലുകളിലേക്കും കവർ മാറ്ററിലേക്കും പകർത്തിക്കാട്ടുന്നത്.

പൊയട്രിയും
കവർസ്റ്റോറിയും !
സ്വന്തം ചിന്തയുടെ തുലാസ്സിൽവെച്ച് ജീവിതത്തിന്റെ ഭാരത്തെ തൂക്കിനോക്കുവാൻ ശ്രമിച്ച ഒരുപാട് കവികൾ നമുക്കുണ്ടായിരുന്നു. Use of poetry and use of criticism എന്ന കൃതിയിൽ ഒരേ സമയം കവിതയേയും വിമർശനത്തെയും താലോലിച്ചതിനെ കുറിച്ച് ടി.എസ്. എലിയട്ട് എഴുതിയിട്ടുണ്ട്. അത് ഇത്തരം ജീവിതഗന്ധിയായ കവിതകളുടെ ചൈതന്യത്തെയാണ് പ്രകീർത്തിക്കുന്നത്. ജീവിതത്തിന്റെ ദു:ഖങ്ങളെ മീട്ടി പാടുവാൻ കഴിവുണ്ടായിരുന്ന ഒരാൾ , മൃണ്മയമായ സ്വന്തം ഉടലിൽ നിന്നു ജീവത്തായ ഒരു കവിതയെ അല്ലെങ്കിൽ നിലനിൽക്കുന്ന ഒരു വേദനയെ ആവാഹിച്ചെടുത്ത ആളായിരുന്നു എ. അയ്യപ്പൻ. പക്ഷെ നിരന്തരമായ എഡിറ്റോറിയലുകൾക്കും കവർസ്റ്റോറികൾക്കും അയ്യപ്പൻ പാത്രീഭവിച്ചില്ല. മലയാളത്തിലെ പരിചയസമ്പന്നരായ വായനക്കാർക്ക് വിസ്തരിച്ചുള്ള ചിരിക്കു വക നൽകിയ ഈ കവിയാണ് ഏറ്റവും അധികം എഡിറ്റോറിയലുകൾക്കും കവർസ്റ്റോറികൾക്കും ഉള്ളടക്കമായി തീർന്ന പവിത്രൻ തീക്കുനിയുടെ ” കത്തുന്ന പച്ചമരങ്ങൾക്കിടയിൽ ” എന്ന കാവ്യപുസ്തകം പ്രമുക്തി വേദിയിൽ അയ്യപ്പപ്പണിക്കരിൽ നിന്നും ആദ്യപ്രതി സ്വീകരിച്ചത്. അയ്യപ്പനും പവിത്രനും കവിതയ്ക്ക് ജീവിതം കിട്ടാൻ വേണ്ടി പ്രയത്നിച്ചവരാണ്. എണ്ണമറ്റ എഡിറ്റോറിയലുകളിലൂടെയും കവർസ്റ്റോറികളിലൂടെയും ആഘോഷിക്കപ്പെട്ട പവിത്രൻ പക്ഷെ ഇന്നു കേരളത്തിന്റെ മനസ്സാക്ഷിയിൽ ജീവിക്കുന്നില്ല എന്നതാണ് സത്യം. കാവ്യാസ്വാദകർക്കിടയിലെ സഹാനുഭൂതിലോലുപന്മാർ ഈ യാഥാർത്ഥ്യത്തെ അംഗീകരിക്കാൻ സമയമെടുക്കും. നമ്മുടെ കൺമുമ്പിൽ വെച്ച് എത്ര ലാഘവത്തോടെയാണ് ഈ കവിയെ വിസ്മൃതി റാഞ്ചിക്കൊണ്ടുപോയത്. അതുകൊണ്ടുതന്നെ സീസണൽ എഡിറ്റോറിയലുകൾ, കവർസ്റ്റോറികൾ തുടങ്ങിയ സഹാനുഭൂതികളിൽ ഒരു കഴമ്പുമില്ല. ഇത് ഭാവിയിലെ എഴുത്തുകാരെ വളരെ സൂക്ഷിച്ചു വേണം പത്രാധിപൻമാർ തെരഞ്ഞെടുക്കേണ്ടത് എന്ന താക്കീതിന് തടമിടുന്നു. കവിതയിൽ ആന്തരികദാർഢ്യമുണ്ടായിരുന്ന എ. അയ്യപ്പൻ പക്ഷെ ഇന്നും നമ്മുടെ സംഭാഷണങ്ങളിലേക്ക് വഴുതി തള്ളിവരാറുണ്ട്. എഡിറ്റോറിയലുകളുടെയും കവർസ്റ്റോറികളുടെയും ആശീർവാദം കൊണ്ടുമാത്രം ഒരെഴുത്തുകാരന് ഭാഷയുടെ നെഞ്ചിലെ നിത്യസ്ഥാനക്കാരനാവാൻ കഴിയില്ലായെന്നതിന്റെ ഉദാഹരണമാണ് പവിത്രൻ തീക്കുനി.ഈ കവി ഇന്നും കവിതകൾ എഴുതുന്നുണ്ട്. പക്ഷെ ഇനി ചർച്ചയ്ക്ക് സ്കോപ്പില്ല. കാരണം അയാൾ ഇപ്പോൾ ദാരിദ്ര്യം പറയുന്നില്ല. ഏറ്റവും പുതിയ കവിതകളിൽ ചിലത് ചൂണ്ടിക്കാട്ടാം :

മറവിയുടെ
ഗർഭപാത്രങ്ങൾ
കാറ്റിനോട്
വഴി ചോദിക്കുന്നുണ്ടാവാം.
( കടൽ / ഇരുട്ട് / നീ )

എത്ര നൊന്തതാണച്ഛൻ
നിന്നെയീ
കണ്ണാടിത്തിളക്കത്തിലേക്കെത്തിക്കുവാൻ ?
എത്ര വെന്തതാണച്ഛൻ
നിന്നെയീ
സ്വപ്നഗോപുരത്തിലേക്കുയർത്തുവാൻ ?
( മണ്ണ് )

കടൽ / ഇരുട്ട് / നീ , മണ്ണ്, ഒറ്റപ്പെടുമ്പോൾ, ആശംസകൾ , ഇപ്പോൾ, മടക്കം തുടങ്ങിയ ഒടുവിലത്തെ കവിതകളും എഡിറ്റോറിയൽ , കവർസ്റ്റോറികൾ ആയ കാലത്തിലെ കവിതകളും തമ്മിൽ വലിയ അന്തരമില്ല. പക്ഷെ പത്രാധിപൻമാർക്കും കവർമാറ്ററുകാർക്കും ആവശ്യം ആ പഴയ ദാരിദ്ര്യം തന്നെ.

ഈയാഴ്ചയിലെ
പുസ്തകം
മുഖപ്രസംഗങ്ങൾ/
വെള്ളാപ്പള്ളി നടേശൻ
( യോഗനാദം ദ്വൈവാരിക)

പത്രാധിപരുടെ വ്യക്തിത്വം എന്നു പറയുന്നത് അയാളുടെ അഭിരുചിയും അയാൾക്കു കിട്ടിയ സൗന്ദര്യശിക്ഷണവും ഉൾച്ചേർന്ന ഒന്നാണ്. അതുകൊണ്ട് ആ അഭിരുചിയുടെയും സൗന്ദര്യശിക്ഷണത്തിന്റേയും പ്രതിഫലനം മുഖപ്രസംഗങ്ങളിൽ കാണും. സമകാലിക വിശദാംശങ്ങളിലേക്ക് കടക്കുന്ന ചിന്തയുണ്ടാകുമ്പോൾ പലരും അകന്നുമറയാനുള്ള സാധ്യതകൾ ഏറെയാണ്. പക്ഷെ അതൊന്നും കണക്കാക്കാതെ ചരിത്രത്തെ പുനർമൂല്യനിർണ്ണയം നടത്താൻ ശ്രമിക്കുന്ന നിരവധി മുഖപ്രസംഗങ്ങൾ സമീപകാലത്തായി വെള്ളാപ്പള്ളി നടേശൻ എഴുതുന്നുണ്ട്. ഈ അയഞ്ഞകാലത്തിൽ സൗമ്യസരസ്വതി കൊണ്ട് കാര്യമില്ലെന്ന് ഈ പത്രാധിപർ തിരിച്ചറിയുന്നു. അതുകൊണ്ടുതന്നെ തന്റെ എഡിറ്റോറിയലുകൾ കൊണ്ട് സാമൂഹിക ബഹളമുണ്ടാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഇവിടുത്തെ ദൃശ്യമാധ്യമങ്ങൾ പോലും ഏറ്റെടുക്കുന്ന പത്രാധിപക്കുറിപ്പുകളാണ് വെള്ളാപ്പള്ളി നടേശന്റേതായി പുറത്തുവന്നിട്ടുള്ളത്. ഈ മുഖപ്രസംഗങ്ങളിലെല്ലാം മലയാളികളായ വായനക്കാരെ വൈകാരികമായി വേട്ടയാടുന്ന ഗാലോസ് ഹ്യൂമർ അഥവാ തൂക്കുമരഫലിതങ്ങൾ അതിന്റെ കരുത്തുറ്റ സ്വഭാവസ്വാദുകൾ പ്രകടിപ്പിക്കുന്നതു കാണാം. നമ്മുടെ സമൂഹത്തെ ബാധിച്ചിരിക്കുന്ന കഠിനമായ ആകുലതകളെ യാഥാർത്ഥ്യവും ഫലിതവും പരസ്പരം ലയിപ്പിച്ചുണ്ടാക്കുന്ന ഒരു ആശയ സംവേദനത്തിലൂടെ എത്തിച്ചുതരുന്നതിനെ ചെറുതായി കണ്ടുകൂടാ. അതിവേഗം സഞ്ചരിക്കുന്ന ഒരു കാലത്തിലെ പ്രായോഗിക ചിന്താദാരിദ്ര്യത്തെ വ്യസനകരമായ ചിരികളിലൂടെ ഒരു പത്രാധിപർ മറികടന്നതിന്റെ ചില സാക്ഷ്യങ്ങൾ നിരത്താം. വേടൻ എന്നത് ഒരു പ്രതിരോധ സംസ്കാരമായി തീർന്നിട്ടുണ്ട്. ജാതീയതയ്ക്കെതിരെ ഒറ്റയ്ക്ക് പൊരുതുന്ന ആശയശരീരം എന്ന നിലയിൽ എഡിറ്റോറിയലും കവർസ്റ്റോറിയുമായി യോഗനാദത്തിൽ വേടൻ പ്രത്യക്ഷപ്പെട്ടത് ജൂൺ 2025 , 1-15 ലക്കത്തിലാണ്. ‘ വേടൻ പാടട്ടെ ‘ എന്ന വെള്ളാപ്പള്ളി നടേശന്റെ മുഖപ്രസംഗം മലയാളികൾ ചർച്ച ചെയ്തതാണ്. ആ എഡിറ്റോറിയലിന്റെ ഉള്ളടക്കം സമകാലിക ജാതിബോധത്തിനെതിരെയുള്ള ശബ്ദമായി മാറുകയാണ് – ” ചാട്ടുളി പോലത്തെ വരികളും പരുക്കൻ ശബ്ദവുമായി കേരളത്തിലെ കൗമാരക്കാരിലേക്കും യുവാക്കളിലേക്കും കുറഞ്ഞകാലം കൊണ്ട് പടർന്നു കയറിയ ഗായകനാണ് വേടൻ. തൃശൂർ നഗരമദ്ധ്യത്തിലെ ദളിതരും ദരിദ്രരുമായവർ വസിക്കുന്ന സ്വപ്നഭൂമി കോളനിയുടെ സന്തതിയാണ് വേടൻ. ജാതിവിവേചനങ്ങളെ നേരിട്ട ഒരു കലാകാരൻ വെള്ളാപ്പള്ളി നടേശന്റെ എഡിറ്റോറിയലാകുന്നത് സമകാലിക ജാതിബോധത്തിനെതിരെയുളള പ്രഹരം തന്നെയാണ്. മറ്റൊരു മുഖപ്രസംഗത്തിൽ അദ്ദേഹം എഴുതുന്നുണ്ട് – ഇവിടെ ജാതി സെൻസസ് മാത്രം പോരാ മറിച്ച് സാമൂഹ്യ സാമ്പത്തിക സർവ്വേയും നടപ്പിലാക്കണമെന്ന്. ഏറ്റവും ഒടുവിലായി കേരളത്തിൽ ഏറെ വിവാദം സൃഷ്ടിച്ച സുംബ ഡാൻസിനെയും ” സൂംബ ഡാൻസും മഹാ പണ്ഡിതരും ” എന്ന കുറിപ്പിലൂടെ അതിനെതിരെ ഉയർന്ന എതിർപ്പ് ബാലിശമാണെന്ന് പ്രഖ്യാപിക്കുകയാണ്. ഇവയൊക്കെയും സമകാലിക ജീവിതത്തിന്റെ ഗാഢപാരായണങ്ങളാണ്. ചിന്താപരമായ പക്വതയാണ്.

ഈയാഴ്ചയിലെ
ഇലസ്ട്രേഷൻ
എല്ലാ പത്രങ്ങളും വാർത്തകളുടെ ചരക്കുവൽക്കരണമാണ് എന്നത് യാഥാർത്ഥ്യമാണ്. പക്ഷെ അതതുദിനത്തിന്റെ അസാമാന്യമായ രാഷ്ട്രീയ ഇണക്കങ്ങളെ ( പിണക്കങ്ങളെയും ) ചില സ്ട്രിപ്പുകളിലൂടെ നമ്മിലേക്കെത്തിക്കുന്ന ശ്രമങ്ങൾ കാണാം. നാം ജീവിക്കുന്ന ഏറ്റവും സമീപകാലത്തെ ചലനസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും ഉളള ഭാഷയാക്കുന്ന അത്തരം ഒരു ന്യൂസ് റീൽ പരിശ്രമമാണ് മലയാള മനോരമ ദിനപത്രത്തിലെ കുഞ്ചുക്കുറുപ്പ്. ആശയത്തിന്റെ ആധിപത്യം കൊണ്ട് പുരുഷ ദൃഷ്ടി നിർമ്മിച്ചെടുത്ത ഈ പ്രതിഷേധവീര്യത്തെ ആരാണ് ഉണ്ടാക്കിവിടുന്നത് എന്ന് ഇപ്പോഴും അറിയില്ല. 1881 ൽ ജനിക്കുകയും 1970 ൽ മരണമടയുകയും ചെയ്ത പ്രശസ്ത കഥകളി നടനും ഗുരുനാഥനുമായിരുന്ന കുഞ്ചു കുറുപ്പിനെ എല്ലാ ദിവസവും ഓർമ്മിപ്പിക്കുന്ന ഒരു സ്ട്രിപ്പ് എന്ന നിലയിലല്ല പക്ഷെ നാം അതിനെ പാരായണവിധേയമാക്കുന്നത്. കാരണം അത് ചിലപ്പോൾ എങ്കിലും എഡിറ്റോറിയലിന്റെയോ കവർസ്റ്റോറിയുടെ യോ കർത്തവ്യഭാരം ഏറ്റെടുക്കാറുണ്ട്.
പത്രാ(പുരുഷാ) ധിപത്യത്തിൽ ഉറക്കൂടിയ ആക്രമോത്സുകത നമ്മുടെ പത്രബോധത്തെ തന്നെ മനശ്ശാസ്ത്രപരമായി സ്വാധീനിക്കുന്നതെങ്ങനെയെന്നറിയാൻ ഇതിന്റെ വരികൾക്കിടയിലെയും വരകൾക്കിടയിലെയും വായന സാധ്യമാക്കും. നമ്മുടെ രാഷ്ട്രീയബോധത്തിലെ ബൗദ്ധിക കാമനകൾ തുറക്കണമെങ്കിൽ ഇത്തരം പൊളിറ്റിക്കൽ സ്ട്രിപ്പുകൾ അനിവാര്യമാണിന്ന്. രാഷ്ട്രീയം പലപ്പോഴും വട്ടമിടുന്നത് നായികമാരെയെന്നതിനേക്കാൾ രാഷ്ട്രീയ നായകൻമാരെ കേന്ദ്രീകരിച്ചാണ്. മലയാളിയുടെ ദൈനംദിന ജീവിതത്തിൽ നോട്ടത്തിന്റെയും കാഴ്ചയുടെയും പ്രവർത്തനത്തെ നോട്ടപ്പുറം എന്ന ഈയൊരൊറ്റ പ്രെമിസിലേക്ക് കൊണ്ട് പാർപ്പിക്കുന്നതിന്റെ രാഷ്ട്രീയം മനസ്സിലാക്കാൻ ചിലത് ഉദ്ധരിക്കുക മാത്രം ചെയ്യാം.

ഒന്ന്
കേരള സർവ്വകലാശാലയിൽ
ഫയൽ നീക്കം നിലച്ചു.

പോടാ ഫയലേ എന്ന്
പരസ്പരം പറയുന്നുണ്ടാവും.

രണ്ട്
കെ.പി. സി.സി ഭാരവാഹികളുടെ
എണ്ണം കൂടും.

മുഖ്യമന്ത്രി ഒന്നുമതിയെന്നാണ്
സർവ്വേയിൽ കാണുന്നത്.

കാർട്ടൂണിന് സദൃശമായ ഈ പ്രദർശനം കാണുന്ന മാന്യസമൂഹത്തിന്റെ കണ്ണിൽ നിന്നും അബോധപൂർവമായി ഒരു വെറുപ്പും അകൽച്ചയും ഉണരുന്നുണ്ടാവും. ഒരുപക്ഷെ കുഞ്ചുക്കുറുപ്പിന്റെ വിജയവും അതു തന്നെയായിരിക്കും.

ഈയാഴ്ചയിലെ
അഫോറിസം
മുൻവിധിയില്ലാത്ത
വിധിനിഷേധമാണ് എഡിറ്റോറിയൽ.
കാലത്തിന്റെ ശ്മശാന തുല്യതയെ
മറികടക്കലാണ് കവർമാറ്ററുകൾ

Author

82 Views
Scroll to top
Close
Browse Categories