ചോറും മീന്‍കറിയുമാണ് താരം
ഗോവയിലെ കല്ക്കരിഖനികള് ഇന്ന് കടല്‍ത്തീരങ്ങള്‍ക്കും നദികള്‍ക്കും ഭീഷണിയാണ്. . ഉപജീവനം അസാദ്ധ്യമാക്കുന്ന കല്‍ക്കരി ഖനനങ്ങള്‍ക്കെതിരെ മത്സ്യത്തൊഴിലാളികള്‍ സംഘടിച്ചു തുടങ്ങിയിട്ടുണ്ട്. എണ്ണച്ചോര്‍ച്ചയും, കപ്പല്ചേതങ്ങളുമൊക്കെ വന്‍തോതിലാണ് മത്സ്യസമ്പത്ത് ഇല്ലാതാക്കുന്നത്. മീന്‍പിടുത്ത രംഗത്തെ കടുത്ത യന്ത്രവല്‍ക്കരണവും, ആഴക്കടല്മത്സ്യബന്ധനവും മത്സ്യസമ്പത്തിനെ ആവോളം ഊറ്റുന്നു.

ഒരു നാടിനെ അറിയണമെങ്കില്‍ അവിടുത്തെ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കണം. അവരുടെ ജീവിതത്തേയും ഭക്ഷണത്തേയും അറിയണം. ഗോവയുടെ ചന്തം നിറഞ്ഞ നാട്ടുവഴികളിലൂടെ ഒരു ഇരുചക്രവാഹനത്തില്‍ ചുറ്റിയടിക്കുന്നതിന്റെ വൈബ് ഉള്ളുതൊടുന്ന യാത്രാനുഭവങ്ങളാണ്.
കേരളത്തിന്റെ ഒരു ഉള്‍ഗ്രാമത്തിലൂടെ സഞ്ചരിക്കുന്നതുപോലെ, കുറച്ചു കൂടി ഒതുക്കമുള്ള ശാന്തമായ ഭൂപ്രകൃതികള്‍, മതില്‍ക്കെട്ടുകള്‍ പണിയാതെ മനോഹരങ്ങളായി ചെങ്കല്ലുകളില്‍ പണിഞ്ഞ വീടുനിരകള്, നിങ്ങളെ ആകര്‍ഷിക്കും, അവിടെയുള്ള ശാന്തരായ ആള്ക്കാര് നമ്മുടെ മനസിനെ കീഴടക്കും.
ചിലപ്പോള്‍ പാതനീളുന്നത് വിളഞ്ഞു മദിച്ച നെല്പ്പടങ്ങളിലൂടെയാകും , നിരന്നു നില്ക്കുന്ന തെങ്ങിന്‍തോപ്പുകളും കവുങ്ങിന് പാടങ്ങളും യാത്രാമംഗളങ്ങള്‍ നേരും. പടര്‍ന്നു പന്തലിച്ച മാവുകളും കുലകുത്തിയ വാഴകളുമൊക്കെ ധാരാളമായി കാണാം. മണ്ഡോവി കനിഞ്ഞനുഗ്രഹിച്ച പ്രകൃതിഭംഗികള്‍, വഴിയരുകിലെ പൂമരത്തിനു കീഴില്‍ തണലുകൊള്ളുന്ന നിങ്ങളെ മരം പൂക്കള്‍ പൊഴിച്ച് വരവേല്‍ക്കും. തിരിയിട്ടു കത്തിച്ച വിളക്കുകള്‍ പോലെ വീട്ടുമുറ്റങ്ങളില്‍ പൂച്ചെടികള്‍ പൂത്തുലഞ്ഞു നില്ക്കും. അവിടങ്ങളിലേക്ക് കല്ലുപാകിയ നടവഴികള്‍ മാടിവിളിക്കുന്നു.
ചിലയിടങ്ങളില്‍ ഗ്രാമത്തിന്റെ കൗമാരചാരുതകളില് യൗവ്വനത്തിന്റെ രാഗലേപനം പോലെ നഗരലക്ഷണങ്ങള് നിറമണിഞ്ഞ് നാമ്പിട്ട് നില്ക്കും. വിടരാന്‍ വെമ്പുന്ന ഒരു നഗരം പോലെ എന്നാലും നാട്ടിന്‍പുറത്തിന്റെ നന്മകള് കൈവിടാതെ.
ചൊണക്കും ബാംഗടാച്ചെ
ഹ്യൂമനും
മണ്ഡോവിയില് ചേരുന്ന ഒരു അരുവിയുടെ ഓരത്ത് അപ്പോള്‍ പിടിച്ചു കൊണ്ടുവന്ന മീനുമായി യുവദമ്പതികള്‍ കച്ചവടത്തിനിരിക്കുന്നു. അവരുടെ കൊതുമ്പുവള്ളം കരയിലേക്ക് കയറ്റിവച്ച് അതിലാണ് മത്സ്യങ്ങള്‍ നിരത്തിയിരിക്കുന്നത്. അന്വേഷിച്ചപ്പോള്‍ ഗോവയിലെ മീനുകളില്‍ പ്രതാപിയായ ചൊണക് മീനുകളാണ്. സാമാന്യം വലിപ്പമുള്ള പിടയ്ക്കുന്ന മീനുകള്‍. നമ്മുടെ നാട്ടിലിവന് കാളാഞ്ചിയാണ്. കിലോയ്ക്ക് 500 രൂപയാണ് പറയുന്നത്. അവര്‍ക്ക് കച്ചവടത്തിന്റെ ബഹളങ്ങളില്ല, വാങ്ങണമെന്നുള്ള നിര്‍ബന്ധങ്ങളുമില്ല. യാത്രികരായ ഞങ്ങളെ സംബന്ധിച്ച് വാങ്ങലും വയ്ക്കലും സാദ്ധ്യവുമല്ല.
ക്ഷമയുടെ പരീക്ഷണമായ ചൂണ്ടയിടല്‍ ഇവിടങ്ങളിലെ ചെറുപ്പക്കാരുടെ ഒരു ഹോബിയാണ്. മീന്‍ പിടുത്തം ഗോവക്കാർക്ക് രക്തത്തിലലിഞ്ഞ ഒരു വിനോദമാണ്. ശാന്തമായ നദികളും ബീച്ചുകളും മീന്‍പിടുത്തത്തിന്റെ വിനോദസഞ്ചാര കേന്ദ്രങ്ങളുമാണ്.
പടങ്ങളെടുത്ത് അവിടെ നിന്നും കടന്നു. അവര്‍ പോസു ചെയ്ത് സന്തോഷം പ്രകടിപ്പിച്ചു. പക്ഷെ ചൊണക് മീനെന്ന ഹാങ്ഓവര്‍ മായുന്നില്ല. മീന്‍ വിഭവങ്ങള്‍ എല്ലാം തന്നെ ഗോവന്‍ ജനതയ്ക്ക് പ്രിയപ്പെട്ടതാണ്. ഗോവയുടെ രുചിക്കൂട്ടില്‍ രാജാവാണ് ചൊണക് മീനുകള്‍. പൂച്ചെടികള്‍ അതിരിട്ട ഒരു വില്ലേജ് റെസ്റ്റോറന്റിന്റെ മുന്നില്‍ വണ്ടി നിന്നു. മധുശാലയും ചേരുന്ന ഇത്തരം ഗ്രാമീണ ഭക്ഷണശാലകളിലേക്കാണ് മീന്‍ കൊതിയന്മാര് അഭയം തേടുന്നത്. അവിടെ കറുത്ത ബോര്‍ഡില്‍ എഴുതി പ്രദര്‍ശിപ്പിച്ച മെനുവില്‍ ഇന്നത്തെ സ്പെഷ്യലായി ചൊണക്കിന്റെ പലവിഭവങ്ങള്‍. നോക്കിയിട്ട് അമിതവിലയുമില്ല. ബാംഗ്ദാചെ ഹ്യുമാനാണ് മറ്റൊരു വിഭവം. പറഞ്ഞു വന്നപ്പോള്‍ പാവം അയിലക്കറിയാണ്. തേങ്ങാപ്പാലില്‍ പ്രത്യേകം തയ്യാര്‍ ചെയ്തത്. ഒരു ചൊണാക്ക് റവഫ്രൈ പറഞ്ഞു. അസാദ്ധ്യമായ രുചിയനുഭവങ്ങളോടെ ചൊണാക് പിന്നെയും ഹൃദയം കവര്‍ന്നു.
തട്ടുകടകളെന്ന തെരുവുഭക്ഷണശാലകള്‍ ഭക്ഷണ വൈവിദ്ധ്യങ്ങളുടെ രുചിയിടമാണ്. രാത്രി ജീവിതത്തില്‍ സജീവമാകുന്ന തെരുവുകളില്‍ താരം, നോണ്‍ വെജ് ഭക്ഷണവൈവിദ്ധ്യം തന്നെ. നീണ്ടകാലത്തെ കൊളോണിയല്‍ അധിനിവേശം ഭക്ഷണങ്ങളുടെ മെനുവില്‍ മാംസാഹരങ്ങളുടെ വേലിയേറ്റം ഉണ്ടാക്കി. പന്നിയിറച്ചിയും ഉരുളക്കിഴങ്ങും സുഗന്ധ വ്യജ്ഞനങ്ങളും ചേരുവകളാകുന്ന പോര്‍ക്ക് വിന്ദാലു തെരുവുഭക്ഷണശാലകളിലെ ഒരു പൊതുവിഭവമാണ്.
തീവ്രമായ രുചികള്‍ പകരുന്ന, സുഗന്ധ വ്യഞ്ജനങ്ങള്‍ കൊഴുപ്പിക്കുന്ന ബീഫും, പന്നിയിറച്ചിയും, കടല്‍ മത്സ്യവിഭവങ്ങളുമൊക്കെ പോര്‍ച്ചുഗീസ് സ്വാധീനത്തിന്റെ ബാക്കിപത്രങ്ങളാണ്. അധിനിവേശം ഭക്ഷണസംസ്കാരത്തേയും എങ്ങനെ ബാധിക്കുമെന്നതിന്റെ സാക്ഷ്യങ്ങളാണ്. ഗോവന്‍ പാനീയങ്ങളും തനത് രുചികള്‍ക്ക് പേരെടുത്തതാണ്. വേനല്‍ക്കാലത്ത് ഉപയോഗിക്കുന്ന ജനപ്രിയപാനീയമായ സോല്ക്കാദി സുഖദമായ ഒരു രുചിക്കൂട്ടാണ്. രുചികരമായ തേങ്ങാപ്പാലില്‍ കൂട്ടുന്ന പിങ്ക് നിറത്തിലുള്ള സോള്ക്കാദി വേനലിന്റെ കാഠിന്യങ്ങളെ കുടഞ്ഞെറിയും.
ഉള്ളിയും പച്ചക്കറികളുപയോഗിച്ച് പന്നിയിറച്ചിയില്ത്തന്നെ തയ്യാറാക്കുന്ന ചോറിസോ എന്ന പ്രാദേശികമായി വിളിക്കുന്ന പോര്‍ക്ക് സോസേജുകളാണ് മറ്റൊന്ന്. പോര്‍ച്ചുഗീസ് പാചകരീതികളുടെ ഭാഗമായ ചോറിസോ എന്ന സോസേജുകള്‍ ഒരു ജനപ്രിയ ലഘു ഭക്ഷണമാണ്. സോസേജുകള്‍ ബ്രഡും ചേര്‍ത്ത് വിളമ്പും. ചെറുതീയില്‍ ധാരാളമായി കിടന്നു വേവുന്ന ഗ്രില്‍ ചെയ്ത ചോപ്സുകള് മൃദുവായതും രുചികരവുമായ മറ്റൊരു ഭക്ഷണമാണ്.
ഗോവയിലെ തീരദേശമേഖലയിലെ ബീച്ച് റെസ്റ്റോറന്റുകള്‍ ഉത്തരേന്ത്യന്‍ വെസ്റ്റേണ്‍ വിഭവങ്ങള്‍ക്കൊപ്പം തനതു വിഭവമായ ചോറും മീന്‍കറിയുടെ രുചിക്കൂട്ടും വിളമ്പണമെന്ന് ടൂറിസം വകുപ്പിന്റെ നിര്‍ദ്ദേശമുണ്ട്. മാത്രമല്ല അത് പ്രദര്‍ശിപ്പിക്കുകയും വേണം. ഗോവയുടെ ഭക്ഷണസമ്പന്നത വിനോദസഞ്ചാരികള്‍ അറിയണം. തേങ്ങാപ്പാലില്‍ ആറാടുന്ന, എരിയും പുളിയുമേറിയ ഗോവയുടെ തനതു മീന്‍കറികള്‍ നാടിന്റെ പരമ്പരാഗത ഭക്ഷണങ്ങള്‍ തേടിയെത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്നു. കാളാഞ്ചിയും അയലയും നെയ്മീനുമൊക്കെയായി രുചിപ്പെരുമ നിറയ്ക്കുന്ന മീന്‍ വൈവിദ്ധ്യങ്ങളുടെ പട്ടിക നീളുകയാണ്.
കേവലം സമ്പത്ത് വ്യവസ്ഥയുടെ ഭാഗം മാത്രമല്ല പാരമ്പര്യമായി ഒരു പ്രദേശത്തിന്റെ സാംസ്കാരിക സ്വത്വത്തെത്തെന്നെ രൂപപ്പെടുത്തുന്ന തലമുറകളുടെ ചരിത്ര പശ്ചാത്തലമായാണ് ഗോവന്‍ ജനത മത്സ്യബന്ധനത്തെ കാണുന്നത്. പാരമ്പര്യവും ഉപജീവനമെന്ന അതിജീവനവും ഇടകലരുന്ന സവിശേഷമായ ജീവിതരീതിയാണ് അതവര്‍ക്ക്.
ഗോവയിലെ കല്ക്കരിഖനികള് ഇന്ന് കടല്‍ത്തീരങ്ങള്‍ക്കും നദികള്‍ക്കും ഭീഷണിയാണ്. മത്സ്യങ്ങളുടെ പ്രജനനത്തേയും ആവാസ വ്യവസ്ഥയേയും തകരാറിലാക്കുന്ന വിധത്തില്‍ ഉണ്ടാകുന്ന കണ്ടല്‍ക്കാടുകളുടേയും മണല്ത്തടങ്ങളുടേയും നാശം മത്സ്യസമ്പത്തിനേയും വലിയതോതില്‍ ബാധിക്കുന്നു. ഉപജീവനം അസാദ്ധ്യമാക്കുന്ന കല്‍ക്കരി ഖനനങ്ങള്‍ക്കെതിരെ മത്സ്യത്തൊഴിലാളികള്‍ സംഘടിച്ചു തുടങ്ങിയിട്ടുണ്ട്. എണ്ണച്ചോര്‍ച്ചയും, കപ്പല്ചേതങ്ങളുമൊക്കെ വന്‍തോതിലാണ് മത്സ്യസമ്പത്ത് ഇല്ലാതാക്കുന്നത്. മീന്‍പിടുത്ത രംഗത്തെ കടുത്ത യന്ത്രവല്‍ക്കരണവും, ആഴക്കടല്മത്സ്യബന്ധനവും മത്സ്യസമ്പത്തിനെ ആവോളം ഊറ്റുന്നു.
കേരളത്തിലെപ്പോലെ മത്സ്യങ്ങളുടെ പ്രജനനകാലത്തെ മത്സ്യബന്ധനനിരോധനം കര്‍ശനമാക്കിയതിലൂടെ പരിസ്ഥിതി സംരക്ഷണം സന്തുലിതമാക്കാനുള്ള ശാസ്ത്രീയ നീക്കങ്ങളും നടപ്പിലാക്കുന്നു.
(തുടരും)






